Wednesday 01 July 2020 11:39 AM IST : By സ്വന്തം ലേഖകൻ

ആരോഗ്യദായകം ഈ റൈസ് റെസിപ്പീസ്; ബീഫ് വെജിറ്റബിൾ റൈസും ചീര റൈസും!

Rice

ബീഫ് എന്നാൽ കൊളസ്‌ട്രോൾ എന്നാണ് ആദ്യം ചിന്തിക്കുക, അതിനുമപ്പുറം ഒരുപാടു വൈറ്റമിൻസിന്റെയും മിനറൽസിന്റെയും കലവറയാണ് എന്നു പലപ്പോഴും നാം മറന്നുപോകുന്നു. വൈറ്റമിൻ ബി, അയൺ, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ബീഫ് രക്ത‌ം ഉണ്ടാകുന്നതിനും വിളർച്ച മാറുന്നതിനും വളരെ നല്ലതാണ്. ചീരയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ! ഇതാ അവകൊണ്ടു രണ്ട് റൈസ് റെസിപ്പീസ്!

ബീഫ് വെജിറ്റബിൾ റൈസ്

1.ബീഫ് – അരക്കിലോ ചെറിയ ചതുരക്കഷണങ്ങളാക്കിയത്

ഉപ്പ് – പാകത്തിന്

കുരുമുളക‍ുപൊടി – ഒരു ചെറിയ സ്പൂൺ

2.എണ്ണ – വറുക്കാൻ ആവശ്യത്തിന്

3.വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് ചെറുതായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

സവാള – മൂന്ന് വലുത് ചെറുതായി അരിഞ്ഞത്

4.തക്കാളി – നാല്, തിളച്ച വെള്ളത്തിലിട്ടു തൊലി കളഞ്ഞ് അരച്ചെടുത്തത്

ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

ബീഫ് സ്‌റ്റോക്ക് – രണ്ടരക്കപ്പ്

‌ ഉപ്പ് – പാകത്തിന്

5.ബസ്മതി റൈസ് – രണ്ടു കപ്പ്

6.കാരറ്റ് – ഒന്ന്, കഷണങ്ങളാക്കിയത്

കാപ്സിക്കം – ഒരു വലുത്, കഷണങ്ങളാക്കിയത്

ഗ്രീൻപീസ് – അരക്കപ്പ്

കൂൺ നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

7.മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

ബീഫിൽ ഉപ്പും കുരുമുളകുപൊടിയും പുരട്ടി അരമണിക്കൂർ വയ്ക്കുക. എണ്ണ ചൂടാക്കി പുരട്ടിവച്ചിരിക്കുന്ന ബീഫ് ചേർത്തു നല്ല ബ്രൗൺനിറത്തിൽ വറുത്തുകോരുക. വറുത്ത ബീഫ് കുക്കറിലാക്കി നാലു കപ്പ് വെള്ളമൊഴിച്ച് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. വെന്തശേഷം ഇതിൽ നിന്നു രണ്ടരക്കപ്പ് സറ്റോക്ക് ഊറ്റി മാറ്റിവയ്ക്കുക. ബീഫ് വറുത്ത എണ്ണയിൽ നിന്നു രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ ചേർത്തു വഴറ്റുക. സവാളയുടെ നിറം മാറിത്തുടങ്ങുമ്പോൾ തക്കാളി അരച്ചത്, ടുമാറ്റോ സോസ്, വറുത്തു വച്ചിരിക്കുന്ന ബീഫ്, മാറ്റിവച്ചിരിക്കുന്നു സറ്റോക്ക് എന്നിവ ചേർത്തു തിളപ്പിക്കുക. പാകത്തിന് ഉപ്പും കഴുകിവച്ചിരിക്കുന്ന അരിയും ചേർത്തു ചെറുതീയിൽ അടച്ചുവച്ചു വേവിച്ചശേഷം അടപ്പുമാറ്റി മെല്ലേ ഇളക്കുക. അരി മുക്കാൽ വേവാകുമ്പോൾ കാരറ്റ്, കാപ്സിക്കം, ഗ്രീൻപീസ്, കൂൺ എന്നിവയും ചേർത്തു വേവിക്കുക. എല്ലാ ചേരുവകളും പാകത്തിനു വെന്തു വെള്ളം വറ്റുമ്പോൾ മല്ലിയിലയും ചേർത്തിളക്കി വാങ്ങുക. ചൂടോടെ വിളമ്പാം.

കടപ്പാട്

ഡോ. ലക്ഷ്മി നായർ

beef and vegetable rice

ചീര റൈസ്

1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

2.കടുക് – അര ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളക് – ഒന്ന്, കഷണങ്ങളാക്കിയത്

3.ചുവന്നുള്ളി – നാല്, കനം കുറച്ചരിഞ്ഞത്

4.ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

5.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

6.ചുവന്ന ചീര പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

7.ബസ്മതി അരി വേവിച്ചത് – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിക്കുക. ഇതിലേക്കു ചുവന്നുള്ളി അരിഞ്ഞതു ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കിയശേഷം മുളകുപൊടിയും ഉപ്പും ചേർത്തിളക്കണം. ഇതിൽ ചീര അരിഞ്ഞതും ചേർത്തിളക്കി കുഴഞ്ഞു പോകാതെ വഴറ്റിയശേഷം ചോറു ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

കടപ്പാട്

രാജീവ് മേനോൻ

Cheera rice