Sunday 19 April 2020 04:25 PM IST

മുത്തശ്ശിമാർ ഉണ്ടാക്കിയിരുന്ന തനി നാടൻ രുചി വേണോ, ന്യൂ ജെൻ പിള്ളേരുടെ നാടൻ ട്വിസ്റ്റ് ഉള്ള വിഭവങ്ങൾ വേണോ? വിഡിയോ കാണാം.

Ammu Joas

Sub Editor

suresh

‘വറ്റൽമുളകും ചുവന്നുള്ളിയും ഞെരടിയതിൽ വാളൻപുളി ഒഴിച്ചെടുത്ത് ചോറും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ... എന്റെ സാറേ ഇങ്ങ് ലണ്ടനിലായാലും ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ലാ...’ ലണ്ടനിൽ ലോക്കായെങ്കിലും നാടൻ വിഭവങ്ങൾ പരീക്ഷിച്ചും രുചിച്ചും പങ്കുവച്ചും രസകരമാക്കുകയാണ് റാവിസ് ഗ്രൂപ് കളിനറി ഡയറക്ടർ സുരേഷ് പിള്ള.

   നാലു ചേരുവ കൊണ്ടൊരു മുളകു ചമ്മന്തി... റൈത്തയിൽ  പച്ചടിക്കുണ്ടായ ഈസി ഉള്ളി തക്കാളി പച്ചടി... ബീഫ്, ചിക്കൻ, പോർക്ക് എന്നു വേണ്ട സോയ ചങ്സ് ഉപയോഗിച്ചുവരെ തയാറാക്കാവുന്ന വിന്താലൂ... ഷെഫുമാര്‍ വീട്ടിൽ ലോക്കായാൽ ഇതല്ല ഇതിലപ്പുറവും ചെയ്യും. 

‘‘മാർച്ച് നാലിന് ഒരു പേഴ്സണൽ ആവശ്യത്തിനാണ് ലണ്ടനിലേക്ക് വന്നത്. മാർച്ച് 13ന് മടങ്ങാന്‍ ടിക്കറ്റും ബുക്ക് ചെയ്ത് ബാഗും പാക്ക് ചെയ്തിരുന്നപ്പോഴാണ് ലോക് ഡൗൺ. വീട്ടിലിരിക്കുമ്പോൾ, അതിപ്പോൾ നാട്ടിലായാലും, കുക്കിങ് തന്നെ വിനോദം. 

ലണ്ടനിൽ ഞാൻ താമസിക്കുന്നത് മലയാളികൾ ഏറെ താമസിക്കുന്ന ക്രോയിഡൻ എന്ന സഥലത്താണ്. അതുകൊണ്ടു തന്നെ നാടൻ ചേരുവകളെല്ലാം ഇവിടെ കിട്ടും, തനതു രുചിയിൽ തന്നെ. പിന്നെ, രണ്ടാതൊന്ന് ചിന്തിച്ചില്ല, കുക്കിങ് പൊടിപൊടിച്ചു. വീട്ടിലെ അടുക്കളയിൽ എളുപ്പത്തിൽ തയാറാക്കുന്ന വിഭവങ്ങളാണ് ഇതെല്ലാം. വില കൂടിയ ചേരുവകളൊന്നും ചേർത്തിട്ടില്ല. എല്ലാം തന്നെ വീട്ടിലും ചുറ്റുപാടും ലഭിക്കുന്നവയാണ്. ഇൻസ്റ്റഗ്രാമിൽ

ആദ്യം ഫോട്ടോസ് മാത്രമായിരുന്നു അപ്‌ലോഡ് ചെയ്തിരുന്നത്. വിഡിയോ ആയാൽ കുറച്ചു കൂടി ഉപകാരപ്രദമാകുമല്ലോ എന്ന ചിന്തയിലാണ് ചെറിയ വിഡിയോ ക്ലിപ് കൂടി ഇട്ടു തുടങ്ങിയത്.’’ അങ്ങനെ ഇൻസ്റ്റഗ്രാം പേജിന് 100K ഫോളോവേഴ്സിനെ നേടിയ ആദ്യ മലയാളി ഷെഫ് എന്നു ടൈറ്റിലും ഈ ലോക്ഡൗൺ സമയത്ത് സുരേഷ് പിള്ള സ്വന്തമാക്കി. 

‘‘ലോക് ഡൗൺ മൂലം മിക്കവരും വീട്ടിൽ തന്നെയാണല്ലോ... പാചകത്തിനും പരീക്ഷണത്തിനും ഏറെ സമയവുമുണ്ട്. അതുകൊണ്ടാകാം നിരവധി പേർ ഇൻസ്റ്റഗ്രാമിൽ ഞാൻ പോസ്റ്റ് ചെയ്യുന്ന വിഭവങ്ങൾ തയാറാക്കുകയും അവയുടെ ഫോട്ടോ എടുത്തയയ്ക്കുകയും ചെയ്യുന്നുണ്ട്.’’ സുരേഷ് പിള്ള സന്തോഷത്തോടെ പറയുന്നു. 

‘‘ഇവിടെ ഇപ്പോൾ, നാട്ടിലേതു പോലെ തന്നെയാണ്. അവശ്യ സാധനങ്ങള്‍ വാങ്ങാൻ പുറത്തുപോകാം. മറ്റ് ആളുകളുമായി ഒന്നര മീറ്റർ അകലം പാലിക്കണം എന്നു മാത്രം. സ്ഥിതി മോശമായാൽ ഇനിയും കർക്കശമാകാൻ ഇടയുണ്ട്. നാട്ടിലേക്ക് എന്നു മടങ്ങാനാകുമെന്ന് അറിയില്ല. എവിടെയാണെങ്കിലും സുരക്ഷിതമായിരിക്കുക എന്നതാണല്ലോ പ്രധാനം. അതുവരെ റെസിപ്പികൾ തുടരും; അതു കഴിഞ്ഞും’’ 

ഈ ലോക് ഡൗൺ കാലത്ത് പരീക്ഷിക്കാനിതാ 10 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. വിഡിയോയും കാണാം 

1. മുളകുച്ചമ്മന്തി 

ഒരു പാനിൽ ആറു വറ്റൽമുളകും എട്ടു ചുവന്നുള്ളിയും ചെറുതീയിൽ മൂപ്പിച്ച് ചതച്ചെടുക്കുക. ഇതിലേക്ക് വാളൻ പുളി പിഴിഞ്ഞതും പാകത്തിന് ഉപ്പും അല്പം വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക.

2. ഉള്ളി തക്കാളി പച്ചടി 

ഒരു സവാള നീളത്തിൽ അരിഞ്ഞത്, ഒരു തക്കാളി നീളത്തിലരിഞ്ഞത്, രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞത്, അൽപം കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ഒരു ബൗളിലാക്കി കൈകൊണ്ട് ഞെരടി യോജിപ്പിക്കുക. ഇതിലേക്ക് 200 മില്ലിലിറ്റർ കട്ടത്തൈര് കൂടി ഒഴിച്ച് മാറ്റി വയ്ക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക് മൂപ്പിക്കുക. മൂന്നു ചുവന്നുള്ളി വട്ടത്തിലരിഞ്ഞതും രണ്ടു വറ്റൽ മുളക് രണ്ടാക്കിയതും അൽപം കറിവേപ്പിലയും അര ചെറിയ സ്പൂൺ കായംപൊടിയും ചേർത്ത് മൂപ്പിച്ച് ഉള്ളി - തൈര് മിശ്രിതത്തിൽ ചേർത്ത് യോജിപ്പിക്കുക.

ഒരുപാട് ജോലിഭാരമില്ലാത്ത ഒരുഗ്രൻ കടുക് താളിച്ച ഉള്ളി തക്കാളി പച്ചടിയാണിത്. അധികം കറികളില്ലാത്ത ദിവസം ഇതൊരു മുതൽക്കുട്ടാണ്. ബിരിയാണിക്കും ചോറിനും ഒപ്പം വിളമ്പാം.

3. ബീഫ് വിന്താലു 

ഒരു കിലോ ബീഫ് കഷണങ്ങളാക്കിയതിൽ ഒന്നര വലിയ സ്പൂൺ കശ്മീരി മുളകുപൊടിയും അര ചെറിയ സ്പൂൺ മഞ്ഞൾപൊടിയും ഒന്നര വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പാകത്തിന്  ഉപ്പും പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.

    വിന്താലു പേസ്റ്റ് തയാറാക്കാൻ 10 വെളുത്തുള്ളി അല്ലി, ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, ആറു ചുവന്നുള്ളി, 10-20 കശ്മീരി മുളക്, രണ്ടു ചെറിയ സ്പൂൺ വീതം കടുക്, ജീരകം, മല്ലി, നാലു ഗ്രാമ്പൂ, മൂന്ന് ഏലയ്ക്ക, ഒരു ചെറിയ കഷണം കറുവാപ്പട്ട, ഒരു ചെറിയ സ്പൂൺ കുരുമുളക് എന്നിവ 150 മല്ലി വിനാഗിരി ചേർത്ത് വയ്ക്കുക. ഇതിലേക്ക് ചെറുചൂടുവെള്ളം നികക്കെ ഒഴിച്ച് 12-18 മണിക്കൂർ കുതിർക്കണം. പിന്നീട് മയത്തിൽ അരച്ചെടുക്കുക.

      ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി നാലു സവാള പൊടിയായി അരിഞ്ഞതും മൂന്നു കറുവയിലയും ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ബീഫ് ചേർത്തു പത്ത് മിനിറ്റ് വഴറ്റിയശേഷം അരച്ചു വച്ചിരിക്കുന്ന വിന്താലു പേസ്റ്റ് ചേർത്ത് ഇളക്കുക. രണ്ട് തക്കാളി അരച്ചതും ഒരു വലിയ സ്പൂൺ ടുമാറ്റോ പേസ്റ്റും കൂടി ചേർത്ത് നന്നായി ഇളക്കി പ്രഷർകുക്കർ മൂടിവച്ച് ബീഫ് വേവിക്കുക. വെന്ത ബീഫിലേക്ക് ഒരു ചെറിയ സ്പൂൺ ബ്രൗൺ ഷുഗറോ ശർക്കര പൊടിച്ചതോ ചേർത്ത് ചാറു കുറുകി വരുന്ന പാകത്തിൽ ചൂടോടെ വിളമ്പാം. 

എരിവും പുളിയും മധുരവും, ഇത് മൂന്നും ഇറച്ചിയുമായി ഒത്തുചേർന്നാൽ വിന്താലുവായി.. വിനാഗിരിയും വെളുത്തുള്ളിയും എന്നതിൽ നിന്നാണ് ഈ പേര് വന്നത്. അല്ലാതെ പലരും കരുതുന്നപോലെ ഉരുളക്കിഴങ്ങുമായി ഈ വിഭവത്തിന് യാതൊരു ബന്ധവുമില്ല.

4. മട്ടൻ എലുമ്പ് കൊളമ്പ് 

എല്ലോടു കൂടിയ ഒന്നരക്കിലോ മട്ടൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. 

   ഒരു പാനിൽ 10-15 കശ്മീരി മുളക്, രണ്ടു വലിയ സ്പൂൺ മല്ലി, രണ്ടു വലിയ സ്പൂൺ കുരുമുളക്, മൂന്ന് ഏലയ്ക്ക, അര ചെറിയ സ്പൂൺ പെരുംജീരകം, ഒരു ചെറിയ കഷണം കറുവാപ്പട്ട, നാലു ഗ്രാമ്പൂ, കാൽ കപ്പ് തേങ്ങ, പത്തു ചുവന്നുള്ളി, അഞ്ച് വെളുത്തുള്ളി അല്ലി എന്നിവ ചെറുതീയിൽ മൂപ്പിക്കുക. ചൂടാറിയ ശേഷം അരച്ച് മാറ്റി വയ്ക്കുക.

   ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി രണ്ടു കറുവയിലയും രണ്ടു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. ഇതിലേക്ക് അര ചെറിയ സ്പൂൺ മഞ്ഞൾപൊടി, രണ്ടു വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത്  ഒന്നിളക്കിയ ശേഷം മട്ടനും രണ്ടു തക്കാളി പൊടിയായി അരിഞ്ഞതും രണ്ടു പച്ചമുളക് അരിഞ്ഞതും ചേർത്ത് ഇളക്കുക. മട്ടനിൽ നിന്ന് വെള്ളം ഊറി വരുന്ന പാകത്തിൽ അരച്ചുവച്ച മസാല കൂട്ട് ചേർക്കാം. പാകത്തിന് വെള്ളവും ഉപ്പും കറിവേപ്പിലയും ചേർത്ത് മട്ടൻ വേവിക്കുക. 

എല്ലോട് കൂടിയ ആട്ടിറച്ചി കൊങ്ങനാട് രീതിയിൽ വറുത്തരച്ച കറിയാണിത്. എരിവ് കൂടുതലാണെങ്കിൽ അൽപ്പം തേങ്ങാപ്പാൽ ചേർക്കാം.

5. മുളക് അരച്ച മീൻ കറി 

ഒരു കിലോ മീൻ കഴുകി വൃത്തിയാക്കി കഷണങ്ങൾ ആക്കി വയ്ക്കുക. 

ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ ഉലുവ മൂപ്പിക്കുക. ഇതിലേക്ക് രണ്ടു വലിയ സ്പൂൺ വീതം ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ നാലു-അഞ്ചു വലിയ സ്പൂൺ കശ്മീരി മുളകുപൊടി, ഒരു വലിയ സ്പൂൺ മല്ലിപ്പൊടി, ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി എന്നിവ അല്പം വെള്ളത്തിൽ കുഴച്ചത് ചേർക്കുക. പച്ച മണം മാറിയശേഷം രണ്ട് തക്കാളി അരച്ചത് ചേർത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ കറിവേപ്പിലയും മൂന്നു പച്ചമുളക് അരിഞ്ഞതും വെള്ളത്തിൽ കുതിർത്ത അഞ്ചു കുടംപുളി കഷണവും (പകരം വാളൻപുളിയും ഉപയോഗിക്കാം) പാകത്തിന് വെള്ളവും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക.

ഇനി മീൻ കഷണങ്ങളും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും  ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് കറിയിൽ ചേർത്തു വിളമ്പാം.

 ഈ മുളകിട്ട മീൻ കറിയും കപ്പയും അസാധ്യ കോമ്പിനേഷനാണ്. മീൻ കറി മൂന്നു മണിക്കൂറെങ്കിലും വച്ചിരുന്ന ശേഷം കഴിക്കുന്നതാണ് രുചികരം.

6. പോച്ഡ് എഗ് റോസ്റ്റ് 

ചുവടു കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി നാലു വെളുത്തുള്ളി ചതച്ചതും ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു കിലോ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയ ശേഷം മൂന്നു തക്കാളി പൊടിയായി അരിഞ്ഞതും ഒരു ചെറിയ സ്പൂൺ ടുമറ്റോ കെച്ചപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് അര  ചെറിയ സ്പൂൺ മഞ്ഞൾപൊടി, രണ്ടു വലിയ സ്പൂൺ കശ്മീരി മുളകുപൊടി, അര ചെറിയ സ്പൂൺ കുരുമുളകുപൊടി, ഒരു നുള്ള് പെരുംജീരകം എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. സവാള മിശ്രിതം നന്നായി വരണ്ടു വരുന്ന പാകത്തിൽ കറിവേപ്പിലയും രണ്ടു പച്ചമുളക് അരിഞ്ഞതും ചേർക്കുക. ഗരം മസാലപ്പൊടിയും മല്ലിയില അരിഞ്ഞതും ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങാം.

പോച്ഡ് എഗ്ഗ് തയ്യാറാക്കാൻ ഒരു പാത്രത്തിൽ അൽപം വിനാഗിരി ചേർത്തു വെള്ളം തിളപ്പിക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് മുട്ടവെള്ള കട്ടിയാകുന്ന പരുവത്തിൽ (1-2 മിനിറ്റ്) സ്പൂൺ ഉപയോഗിച്ച് കോരിയെടുക്കാം. തയ്യാറാക്കിയ ഉള്ളിറോസ്റ്റിനു മുകളിൽ ഓരോ മുട്ട വീതം വച്ച് ഇടിയപ്പത്തിനൊപ്പം വിളമ്പാം.

കോഴിമുട്ടയെക്കാൾ താറാവിന്റെ മുട്ടയാണ് ഈ വിഭവം തയ്യാറാക്കാൻ നല്ലത്. ഗ്രേവി വേണമെങ്കിൽ അൽപം വെള്ളം കൂടി ചേർക്കാം.

 

7. തേങ്ങ അരച്ച മീൻകറി 

1b7dad69-d222-428d-9289-0d24f38d1683

ഒരു കിലോ മീൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. 

  മൂന്നു വലിയ സ്പൂൺ കശ്മീരി മുളകുപൊടി, ഒന്നര വലിയ സ്പൂൺ മല്ലിപ്പൊടി, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, അര ചെറിയ സ്പൂൺ ഉലുവ പൊടിച്ചത് എന്നിവ ഒരു പാനിലാക്കി ചെറുതീയിൽ രണ്ടു മിനിറ്റ് മൂപ്പിക്കുക. ഇത് അര മുറി തേങ്ങ ചുരണ്ടിയതും നാലു ചുവന്നുള്ളിയും ചേർത്ത് മയത്തിൽ അരച്ച് വയ്ക്കുക.

  ഒരു മൺചട്ടിയിൽ ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും നാലു പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും വെള്ളത്തിൽ കുതിർത്ത നാലു കുടംപുളി കഷണവും അരച്ചു വച്ച മസാലയും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. ഇതിലേക്ക് മീൻ കഷണങ്ങളും ഒരു തക്കാളി നാലായി മുറിച്ചതും ഉപ്പും ചേർക്കുക. മീൻ വെന്തു ചാറു കുറുകി വരുന്ന പാകത്തിൽ അടുപ്പിൽ നിന്ന് വാങ്ങാം. എണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ച് മീൻകറിയിൽ താളിച്ചൊഴിച്ച് വിളമ്പാം.

തേങ്ങയരച്ച് കലക്കിയ ഒരു നാടൻ മീൻ കറി. ഏതു മീനും ഈ രീതിയിൽ തയ്യാറാക്കിയാൽ രുചികരമായിരിക്കും.

 

8. ഏത്തയ്ക്ക കുറുക്കു കാളൻ 

2ddbe392-6cb9-4b5d-a8aa-092d4ebb8581

ഒരു മൺചട്ടിയിൽ രണ്ട് പച്ചക്കായ ചതുരക്കഷണങ്ങളാക്കിയത്, ഒരു ഗ്രീൻ ആപ്പിൾ കഷണങ്ങളാക്കിയത് (ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി), ഒന്നര വലിയ സ്പൂൺ കശ്മീരി മുളകുപൊടി, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ചെറിയ സ്പൂൺ ശർക്കര പൊടിച്ചത്, പാകത്തിന് ഉപ്പ്, ഒരു ചെറിയ സ്പൂൺ നെയ്യ് എന്നിവ നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. കഷ്ണങ്ങൾ വെന്ത ശേഷം ഒരു തടി സ്പൂൺ ഉപയോഗിച്ച് മെല്ലെ ഉടച്ചു വയ്ക്കുക. ഇതിലേക്ക് ഒരു  പകുതി തേങ്ങ ചുരണ്ടിയത്, ഒരു ചെറിയ സ്പൂൺ ജീരകം, മുക്കാൽ ചെറിയ സ്പൂൺ കുരുമുളക്, രണ്ട് പച്ചമുളക് എന്നിവ വെള്ളം ചേർത്ത് മയത്തിൽ അരച്ചത് ചേർക്കുക. ചെറുതീയിൽ തുടരെയിളക്കി 10-15 മിനിറ്റ് പാകം ചെയ്യുക. വെള്ളം വറ്റിവരണം.

ഇതിലേക്ക് ഒരു ലിറ്റർ പുളിയുള്ള തൈര് ചേർത്ത് ഉടൻതന്നെ അടുപ്പിൽ നിന്നു വാങ്ങുക.

   ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഉലുവ, വറ്റൽ മുളക്, കറിവേപ്പില, കായം പൊടി, അല്പം കാശ്മീരി മുളകുപൊടി എന്നിവ മൂപ്പിച്ച് കാളനിൽ താളിച്ചൊഴിച്ചു വിളമ്പാം.

വടക്കൻ സദ്യയിലെ പ്രമാണിയാണ് കുറുക്ക് കാളൻ. ചേന ചേർത്തും കാളൻ തയ്യാറാക്കാം. ഇതിനൊപ്പം ഒരു ആപ്പിൾ (പച്ചയായാൽ നല്ലത്) ചേർത്താൽ വ്യത്യസ്ത രുചിയാണ്.

 

9. നാടൻ കോഴിക്കറി

8f1675b1-04d3-4640-89ae-bbe88a319fd6

ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ചെറിയ സ്പൂൺ കുരുമുളക് ചതച്ചത്, ഒരു വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു നാരങ്ങയുടെ നീര്, ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.

ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചതച്ചതും ഒരുപിടി തേങ്ങാക്കൊത്തും ഒരു ചെറിയ സ്പൂൺ പെരുംജീരകവും ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് മൂന്നു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക. മൂന്നു വലിയ സ്പൂൺ കശ്മീരി മുളകുപൊടിയും രണ്ടു വലിയ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് പച്ചമണം മാറുംവരെ മൂപ്പിക്കുക.

ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് പാകം ചെയ്യുക. ഒരു തക്കാളി പൊടിയായി അരിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത്, ഗരംമസാലപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് തക്കാളി വെന്തുടയും വരെ പാകം ചെയ്യുക. ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് ചിക്കൻ വേവിക്കുക. 

വെള്ളത്തിനു പകരം ചിക്കൻ സ്റ്റോക്കും ചേർക്കാം. രണ്ടു കപ്പ് വെള്ളത്തിൽ കോഴിയുടെ കഴുത്തും മറ്റ് എല്ലുഭാഗങ്ങളും ഇട്ട് അല്പം മഞ്ഞൾപ്പൊടിയും കറിവേപ്പിലയും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ചെറുതീയിൽ 20 മിനിറ്റ് പാകം പാകം ചെയ്തെടുത്താൽ സ്റ്റോക്ക് റെഡി.

 

10. പുട്ടിന് കൂട്ടാൻ ചെറുപയർ കറി

കാൽ കിലോ ചെറുപയർ 30-40 മിനിറ്റ് കുതിർക്കുക.

അരമുറി തേങ്ങ ചുരണ്ടിയതിന്റെ പകുതിയും അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ടു പച്ചമുളകും ഒരു ചെറിയ സ്പൂൺ ജീരകവും ഉപ്പും മിക്സിയിൽ നന്നായി അരച്ചെടുക്കുക.

ഒരു പാത്രത്തിലോ പ്രഷർകുക്കറിലോ ഉപ്പു ചേർത്ത് ചെറുപയർ വേവിക്കുക. വേവിച്ച ചെറുപയറിലേക്ക് അരപ്പ് ചേർത്ത് തിളപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങാം. വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ച് ചെറുപയർ കറിയിൽ താളിച്ചൊഴിച്ച് വിളമ്പാം. 

പുട്ടും പയറും പപ്പടവും, രുചിയും ആരോഗ്യവും ഒന്നിച്ചു തരുന്ന കോമ്പിനേഷനാണ്. മലബാറുകാരുടെ സ്വന്തം വിഭവമായ ഈ ചെറുപയർ കറിയിൽ അല്പം നെയ്യ് കൂടി ചേർത്താൽ ആഹാ...!

വിഡിയോ കാണാം