Saturday 24 September 2022 02:07 PM IST

ഭക്തർക്കും ഭക്ഷണപ്രിയർക്കും ഒരുപോലെ അനുഗ്രഹം പകരുന്ന മധുര; ‘രുചി വിസ്മയ’ത്തിന് കടുകു വറക്കുന്ന തെരുവുകൾ

Vijeesh Gopinath

Senior Sub Editor

madhura445ghjkkk ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മധുരയിൽ നിന്നുള്ള മടക്ക ട്രെയിനിലിരിക്കുമ്പോൾ കിട്ടാതെ പോയ രുചിയുമ്മകളുടെ കണക്കെടുത്തു നോക്കി. പരുത്തിപ്പാൽ കുടിക്കാൻ പറ്റിയില്ലല്ലോ, മുതലിയാര്‍ ഇഡ്ഡലിക്കടയിലും പോയില്ല. ഒാംലറ്റ് വെറൈറ്റിയും പിടിക്കാൻ കഴിഞ്ഞില്ല. പലതവണ കഴിച്ചു രുചി പിടിച്ചു പോയ തലപ്പാക്കട്ടി ബിരിയാണിയും ഉണ്ടായിരുന്നു, അതും െതാട്ടില്ല. പറഞ്ഞിട്ടു കാര്യമല്ല. വയർ ഒന്നല്ലേയുള്ളൂ. എല്ലാത്തിനും ഒരു പരിധിയില്ലേഡേയ്...‌

കഥകളിൽ കേട്ട മധുരയ്ക്ക് ഭക്തിയുടെ ഭസ്മഗന്ധമായിരുന്നു. ആകാശത്തിന് പ്രാർഥനയുടെ കുങ്കുമ നിറവും. വൈഗ നദിക്കരിയിൽ, െഎശ്വര്യ ഗോപുരമായി മധുരമീനാക്ഷി. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ക്ഷേത്ര നഗരികളിലൊന്ന്. ആകാശം മുട്ടുന്ന ഗോപുരങ്ങളും ആയിരം കാൽമണ്ഡപവും എണ്ണിയാൽ തീരാത്ത ശിൽപഭംഗികളും. പിന്നെ, കാപ്പിമണമുള്ള പുലരിയും സാമ്പാർമണമുള്ള ഉച്ചകളും തൈരുസാദത്തിന്റെ പുളിരസവും നെയ്ദോശക്കുപ്പായത്തിലൊളിച്ചിരിക്കുന്ന മസാലക്കൂട്ടും...

പക്ഷേ, ഇതൊന്നുമല്ലാത്ത മറ്റൊരു മധുരയുണ്ട്. ഭക്തർക്കു മാത്രമല്ല ഭക്ഷണപ്രിയർക്കും ഒരുപോലെ അനുഗ്രഹം പകരുന്ന മധുര. നാട്ടിൻപുറത്തെ കുട്ടി ഹോസ്റ്റലിലെത്തുമ്പോൾ ആറാടുന്ന പോലെ ‘രുചി വിസ്മയ’ത്തിന് കടുകു വറക്കുന്ന തെരുവുകൾ. നോൺ വിഭവങ്ങൾക്ക് ലൈക് കൊടുക്കുന്നവർ ധൈര്യമായി പട്ടിണി കിടന്നിട്ടു കഴിക്കാനിറങ്ങുന്ന സ്വാദിന്റെ കൊട്ടാരങ്ങളായ കുഞ്ഞു കടകൾ.

തേനിയില്‍ നിന്നു പുറപ്പെട്ട തീവണ്ടി മധുരയിലെത്തുമ്പോൾ രാത്രി ‘പായ വിരിച്ചു’ കഴിഞ്ഞു. ഉറങ്ങാൻ പോകുന്ന കുഞ്ഞിനെ പോലെ പാതി മയക്കത്തിലാണ് നഗരം. ആൾത്തിരക്കു മാഞ്ഞ്  ക്ഷേത്രത്തിലേക്കുള്ള വഴികൾ. വഴി യരികിൽ കീറപ്പുതപ്പിനുള്ളിൽ ഉറക്കത്തെ കെട്ടിപ്പിടിച്ചു കിടക്കുന്നവർ.

രാവിലെ തുടങ്ങാം, ഫൂഡ് ട്രക്കിങ്. കഴിക്കാൻ മോഹമുള്ള െഎറ്റംസ് എണ്ണമെടുത്തു നോക്കി. പത്തു വിരലും കടന്നു പോയി. ഒറ്റ ദിവസത്തിനുള്ളിൽ കഴിച്ചു തീർക്കാൻ ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ മൂഡിൽ ഇറങ്ങേണ്ടി വരും. അതിനിടയിൽ വയറു നിറഞ്ഞ് റൺ ഔട്ട് ആകല്ലേയെന്ന പ്രാർഥനയോടെ കിടന്നുറങ്ങി.

_DSC5029

മധുര മധുര മീനാക്ഷീ അനുഗ്രഹിക്കൂ...  

വഴിയരികിലെ മഞ്ഞവെളിച്ചം മാഞ്ഞു തുടങ്ങുന്നേയുള്ളൂ. മധുരയിലെത്തിയാൽ നാവിലാദ്യം തൊടേണ്ടത് പ്രസാദ മധുരമാണ്. ദേവിയെ കണ്ടു വണങ്ങി രുചിയാത്ര തുടങ്ങാം.

മധുരയിലെ എല്ലാ വഴികളും ഒഴുകുന്നത് ക്ഷേത്ര മുറ്റത്തേക്കാണ്. ആകാശത്തെ താങ്ങി നിർത്തിയ ഗോപുരമാണ് ആദ്യം കണ്‍മുന്നിൽ വന്നത്. ശിൽപ കവിതകൾ കണ്ട് ക്ഷേത്രത്തിനുള്ളിലേക്കു നടന്നു. അരികിൽ ‘പൊൻതാമരക്കുളം.’ ജലശയ്യയിലേക്ക് ഇറങ്ങി ചെല്ലുന്ന പടികൾ.

തിരക്കിലൂടെ നടന്ന് ദേവിക്ക് മുന്നിൽ കൈകൾ കൂപ്പി  നിന്നു. മനസ്സിൽ തൊടാൻ ഒരു നുള്ളു കുങ്കുമം കിട്ടി. പുറത്തേക്കിറങ്ങിയപ്പോൾ പ്രസാദമായി  ലഡുവും െപാങ്കലും. മധുരയിലെ ആദ്യ രുചി മധുരം. പാലും നെയ്യും നിറഞ്ഞ ലഡുവിന്റെ മധുരത്തിനിടയിൽ ഒരു കുഞ്ഞു കൽക്കണ്ടം കടിച്ചു. മനസ്സിൽ സൂക്ഷിക്കാൻ കിട്ടിയ മധുരത്തുണ്ട്.

ഇനി ക്ഷേത്രത്തിനു പുറത്തെ എരിവിന്റെ ലോകത്തേക്ക് കടക്കാം. മധുരയുെട രുചിപ്പെരുമ വിദേശത്തു വരെ എത്തിച്ച മുരുകന്‍ ഇഡ്ഡലിക്കടയായിരുന്നു ലക്ഷ്യം. അ ന്‍പതു വര്‍ഷം മുന്‍പ് കാപ്പിയും സ്നാക്സും വില്‍ക്കാന്‍ മധുരയില്‍ ഒറ്റമുറിയില്‍ തുടങ്ങിയ മുരുകന്‍ േകാഫി നിലയമാണ് പിന്നീട് ഇഡ്ഡലിക്കടയായി ആവി പറത്തിയത്. സിംഗപ്പൂരിലും യുകെയിലും വരെ ഇഡ്ഡലി വിളമ്പുന്ന ശൃം ഖലയായി അതു വളര്‍ന്നു.

ഈ ലോകത്തെ ഏറ്റവും തല്ലിപ്പൊളി ഫൂഡ് ഇഡ്ഡലിയെന്നും അതല്ല, ഏറ്റവും മികച്ച പ്രാതല്‍വിഭവമാണെന്നും വാദിക്കുന്നവരുണ്ട്. ആദ്യത്തെ വാദത്തിനാണ് ലൈക്. ഇ ലയിലായാലും പ്ലേറ്റിലായാലും ഒരു വികാരവും ഇല്ലാതെ വെളുക്കനെ ചിരിച്ചൊരു കിടപ്പാണ്. ചിലപ്പോൾ നെഞ്ചിനുള്ളിൽ കല്ല് വച്ച പോലെ, മറ്റു ചിലപ്പോൾ‌ തൊട്ടാൽ‌ വിരലിൽ‌ ഒട്ടി ഒപ്പം പോരും. ഇനി ഇഡ്ഡലി നന്നായിട്ടും കാര്യമില്ല, ഒപ്പമെത്തുന്ന സാമ്പാറിന്റെ മുഖം കരിഞ്ഞാൽ, ചമ്മന്തിയൊന്ന് ‘വെള്ളത്തിലായാൽ’ അതോടെ തീർന്നു. മറ്റുള്ളവന്റെ കാലിലേക്ക് സ്വന്തം ജീവിതത്തെ തട്ടിക്കളിക്കാനിട്ടു കൊടുക്കുന്ന പാവത്താനല്ലേ, സത്യത്തിൽ ഇഡ്ഡലി.  

പക്ഷേ, മുരുകൻസിലെ സീൻ വേറെയാണ്. ഇഡ്ഡലിയിൽ ഇവിടെ ‘മേക്കപ്പിട്ടതും’ ‘നാചുറൽ ബ്യൂട്ടിയും’ ഉണ്ട്. അതായത് നല്ലെണ്ണയില്‍ കുഴച്ച ചട്നിപ്പൊടി പുരട്ടിയ ‘പൊടി ഇഡ്ഡലി’യും വെളുവെളുത്ത സാദാ ഇഡ്ഡലിയും. ഒപ്പം നാലു നിറത്തിലുള്ള ചട്നിക്കൂട്ടുകാരും.

രണ്ട് ഇഡ്ഡലി എങ്ങും എത്തിയില്ല, വിശപ്പു ബാക്കിയാണ്. ഒരു ഊത്തപ്പം കൂടി വന്നെങ്കിലും ‘ആവി’യായി പോയി... ആവേശം വേണ്ട, ഇനിയും പോകാനുണ്ട് ഒരുപാടു ദൂരം.

_DSC5048

ജിഗർ ജിഗർ താൻ, സൂപ്പർ ജിഗറുതാൻ

വെയിലിൽ നഗരം തിളച്ചു തുടങ്ങി. ഇനി ഗൂഗിള്‍മാപ് േനാക്കി കടകളിലേക്കു പോയാല്‍ മതി. അല്ലെങ്കില്‍ ചോദിച്ചു ചോദിച്ചു പോകാം. മിക്ക രുചിയിടങ്ങളും ആറു കിലോമീ റ്റർ ചുറ്റളവിലാണ്. ഒാട്ടോയില്‍ കയറുമ്പോള്‍ ഒന്നോർക്കണം, ഒാട്ടോ ചാര്‍ജ് ചോദിക്കുമ്പോൾ ചിലർ പറയുന്നത് വണ്ടിയുടെ വിലയാണോ എന്നു സംശയം തോന്നാം.

‘തേടിയ രുചി നാവിൽ തട്ടി’യെന്നു പറഞ്ഞതു പോലെയാണ് ആ കടയുെട മുന്നിലെത്തിയത്. മധുരയ്ക്ക് ടിക്കറ്റെടുത്തപ്പോഴേ കേട്ട വിഭവമാണ് ജിഗർത്തണ്ട.‘ഫെയ്മസും’ ‘ഹനീഫ’യുമാണ് പ്രധാന ജിഗർത്തണ്ട കടകള്‍.

മുന്നിൽ നിരത്തി വച്ച ഗ്ലാസ്സുകളില്‍ നിറയെ ഇളം തവിട്ടുനിറമുള്ള പാനീയം. അതിന്‍റെ മുകളിലേക്ക് ഒറ്റ സ്കൂപ് െഎസ്ക്രീം വീണുരുണ്ടു. ഒരു സ്പൂൺ കുടിച്ചു നോക്കി. പാലിന് പഞ്ചസാരയിലുണ്ടായ കുഞ്ഞാണ് ജിഗർത്തണ്ട എന്നു തോന്നി. മധുരത്തിന്റെ മാലപ്പടക്കം വായിൽ‌ പൊട്ടുകയാണ്. ന്യൂജെൻ പാലടപ്രഥമനെന്നു വിളിക്കാവുന്ന ടേസ്റ്റ്. ഒപ്പം െഎസ്ക്രീമിന്റെ തണുപ്പും. ചൂടാറ്റാൻ പറ്റിയ സംഭവം തന്നെ.

അടുക്കളയില്‍ വലിയ പാത്രത്തിൽ ജിഗർത്തണ്ടയെ ചട്ടുകമിട്ട് ഇളക്കുന്നതിനിടയില്‍ അബ്ദുള്ള ‘ഫെയ്മസ്’ ജിഗർത്തണ്ഡയുടെ കഥ പറ‍ഞ്ഞു. ‘‘തിരുനെൽവേലിയിൽ നിന്ന് അരനൂറ്റാണ്ട് മുന്‍പ് മധുരയിലെത്തിയ ഷെയ്ഖ് മീരാൻ ഇവിടെ െഎസ്ക്രീം കച്ചവടം തുടങ്ങി. െഎസ്ക്രീം ചെറിയ പാത്രത്തിലാക്കി വീടുകൾ തോറും കൊണ്ടു നടന്നു വിറ്റാണ് കുടുംബം പുലർത്തിയത്.  നാലു മക്കളും ബാപ്പയുടെ പാത പിന്തുടർന്നു. ഉന്തുവണ്ടിയിൽ കച്ചവടം തുടങ്ങി. അതിൽ നിന്നാണ് ജിഗർത്തണ്ട തുടങ്ങുന്നത്. പാലും നന്നാറി സർബത്തും െഎസ്ക്രീമും ഒക്കെ ചേർന്നതാണിത്. 1970 കളിലാണ് ഈ കട തുടങ്ങിയത്. തുടക്കത്തിൽ പേരൊന്നും ഉണ്ടായിരുന്നില്ല. പാനീയം ഫെയ്മസ് ആയപ്പോള്‍ നാട്ടുകാര്‍ കടയ്ക്കും ആ പേരിട്ടു, ഫെയ്മസ്.’’

ജിഗര്‍ത്തണ്ട കൂടാതെ ബസുന്തിയുമുണ്ട്. പേരു കണ്ടപ്പോൾ ഒരിഷ്ടം. ഒരു കവിള്‍ കുടിച്ചതേ ഒാർമയുള്ളൂ. പാൽ ‘കുറുകിക്കുറുകിക്കുറുകി’ ഉണ്ടായ സംഭവമാണ്. പോരെങ്കിൽ കട്ടിയുള്ള പാൽപ്പാട കഷണങ്ങളും അതിലുണ്ട്.   മധുരം ‘തലയിൽ കയറി.’ എരിവു കഴിച്ചേ പറ്റൂ. ഉച്ചയൂണിനുള്ള സമയമായി.

maddd545h

സൂപ്പർസ്റ്റാർ മീൻകറിയും കൂട്ടി...

ഉച്ചയ്ക്ക് രണ്ട് ഒപ്ഷനുണ്ട്. ഊണും ബിരിയാണിയും. രണ്ടും വേണം. ആദ്യം ഏതു വേണമെന്നേ സംശയമുള്ളൂ.

ശരാശരി മലയാളിയുടെ മനസ്സ് മീൻ വിഭവങ്ങളിലേക്ക് പാളുന്നതിൽ തെറ്റു പറയാനാകില്ലല്ലോ. അങ്ങനെയാണ് ‘െഎരമീന്‍’ എന്ന കുഞ്ഞുമീനിൽ കണ്ണുടക്കിയത്. ശുദ്ധജലത്തിൽ മാത്രം കാണുന്ന ടീം. ഈ മീൻ പിടിക്കുന്നതു മുതൽ വിളമ്പുന്നതു വരെ വൻ സംഭവമാണ്.

വിവാഹദിവസം സ്പെഷലായി വിളമ്പുന്ന വിഭവമാണ് െഎരമീൻ കുളമ്പ്. കാഴ്ചയിൽ നത്തോലി പോലെ ഇരിക്കുമെങ്കിലും വിലയുടെ കാര്യത്തിൽ നമ്മടെ നെയ്മീനിനുപോലും ഇത്തിരി കുഞ്ഞന്റെ മുന്നിൽ മുട്ടിടിക്കും. കിലോയ്ക്ക് ആയിരത്തി അഞ്ഞൂറിനു മേലെയാണ് വില.

പൊൻമേനി ബൈപാസ് റോഡിലുള്ള കുമാർ മെസ്സിലേക്കു വച്ചു പിടിച്ചു. ഉത്സവത്തിനുള്ള തിരക്കുണ്ട് അവിടെ. ജിഗർത്തണ്ടയുടെ മധുരപ്പിടിയിലായതു കൊണ്ട് അധികം വിശപ്പില്ല. എങ്കിലും ‘മീല്‍സ് വിത് െഎരമീൻ കറി’ പറഞ്ഞു.  

ഊണിനൊപ്പം വന്ന മട്ടൻ ബോൾ ആണ് ആദ്യം തട്ടിയത്. മധുരത്തിന്റെ തലയ്ക്കിട്ട് മട്ടൻ ഒരു കൊട്ടു കൊടുത്തു. ചെറിയൊരു പാത്രത്തിൽ ‘െഎര മീൻ’ കറിയെത്തി. അല്‍പം േചാറില്‍ മീന്‍ചാറൊഴിച്ച്, രണ്ടു െഎരമീനുകളും േചര്‍ത്തു കുഴച്ച് വായിലേക്കു വച്ചു. കണ്ണടച്ച്, പതിയെ രുചിച്ചു നോക്കി. എരിവുണ്ട്. പക്ഷേ... സൂപ്പർസ്റ്റാർ പടത്തിന് ആദ്യ ദിവസം ആദ്യഷോ കാണാൻ കയറുമ്പോഴുള്ള മ നസ്സോടെയാണ് മീൻകറിക്ക് കാത്തിരുന്നത്. പക്ഷേ, ‘പടം’ പൊളിഞ്ഞു.

മധുരക്കാരുടെ ഇഷ്ടവിഭവമാണെങ്കിലും ഗ്ലാമർ താരമാണെങ്കിലും ബില്ലിലെ വില കൂടി കണ്ടപ്പോൾ‌ മീൻകറി ‘അത്ര പോരെന്നു’ തോന്നി. തമിഴ്നാട് സ്റ്റൈലിലുള്ള മസാലക്കുളമ്പാണ്. മീനിന് നമ്മുടെ നത്തോലിയുടെ സ്വാദും. പക്ഷേ, മട്ടൻചുക്കയും കറിയുമെല്ലാം കട്ടയ്ക്ക് കൂടെ നിന്നതു കൊണ്ട് ഊണ് ‘ഭേഷാ’യീന്ന് പറയാം.

ഒരു ഹാഫ് ബിരിയാണി കഴിക്കാനുള്ള സ്ഥലം ബാക്കിയിട്ടിട്ടുണ്ട്. ഇത് ‘സാദാ’ അല്ല, കഥയുള്ള ഒരു ബിരിയാണിയാണ്. ന്യൂമാഹാളിപ്പട്ടിയിലാണ് സംഭവം. ഊണിന്‍റെ ക്ഷീണം അവിടെ തീർക്കാം.

_DSC5117

പനമരമുണ്ടാക്കിയ ബിരിയാണി

നാട്ടിലൊരു വന്‍ പനമരമുണ്ടായിരുന്നു. അതിനോടു ചേര്‍ന്ന് ഒരു കുഞ്ഞ് ഹോട്ടലും. 95 വർഷം മുൻപുള്ള കഥയാണ്. ഉച്ചയാകുമ്പോഴേക്കും ഹോട്ടലില്‍ നിന്ന് നല്ല മട്ടന്‍ക റിയുടെ മണം തെരുവിലേക്ക് പരന്നൊഴുകി തുടങ്ങും. ദൂരെ നിന്നു പോലും ആ രുചി ആസ്വദിക്കാന്‍ ആള്‍ക്കാരെത്തും. പേരില്ലാത്ത ഹോട്ടലിന് നാട്ടുകാർ പേരിട്ടു. പനമരച്ചോട്ടിലെ ബിരിയാണിക്കട – പനൈമരുത് ബിരിയാണിക്കട.

തലമുറകൾ മാറി. ഹോട്ടൽ തുടങ്ങിയ ബാലയ്യർ മക്കളോടു പറഞ്ഞിരുന്നു, ‘കാലം എത്ര കഴിഞ്ഞാലും രണ്ടു കാര്യം ശ്രദ്ധിക്കണം. ഹോട്ടലിന് മോടി കൂട്ടരുത്.  മായം ചേർക്കരുത്.’ പനമരം ഇടിവെട്ടി മണ്ട നശിച്ച്, ഒരു കറുത്ത തൂ ണ് പോലെയായി. പക്ഷേ, ഹോട്ടൽ ഇപ്പോഴും അതുപോലെ തന്നെയുണ്ട്. രുചിയ്ക്കും രൂപത്തിനും ഒരു കൂട്ടിച്ചേർക്കലും നടത്തിയിട്ടില്ല.

ഉച്ച ആറിത്തുടങ്ങിയപ്പോഴാണ് പനൈമരുത് കടയിലെത്തിയത്. അടുത്ത റൗണ്ട് ബിരിയാണി ചെമ്പ് പൊട്ടിച്ചിട്ടേയുള്ളൂ. മട്ടൻ പായ കിടന്ന് തിളയ്ക്കുന്നുണ്ട്. പൊറോട്ടയുടെ ഇടിതാളം കേട്ടു തുടങ്ങി. കഴിക്കാനെന്തുണ്ടെന്നു ചോദിച്ചപ്പോഴേക്കും ലിസ്റ്റ് മുന്നിലേക്കു വന്നു – ബിരിയാണി, മട്ടൻ പായ, മട്ടൻ ചുക്ക, മട്ടൻ ലിവർ ഗ്രേവി, മട്ടൻ കുടൽ ഗ്രേവി, ആട്ടുകാൽ പായ, മട്ടൻ ബിരിയാണി, സാദാ പൊറോട്ട, ബൺ പൊറോട്ട... കൊതിയുടെ കിളി പാറി. പക്ഷേ, വയറിനെ പരിഗണിക്കണമല്ലോ. തൽക്കാലം ആട്ടുംകാൽ പായയും മട്ടൻ  ബിരിയാണിയും മുന്നിലേക്ക് വലിച്ചു വച്ചു. ആ വിഭവങ്ങളെക്കുറിച്ച് ഉടമ വാസുദേവൻ പറഞ്ഞു, ‘‘ആട്ടുകാൽ പായ ഒരുതരം സൂപ്പാണ്. അടുത്തുള്ള ആശുപത്രികളിൽ നിന്നു പോലും ആളുകൾ സൂപ്പും തേടി വരാറുണ്ട്. കാലുവേദനയ്ക്കും എല്ലുപൊട്ടിയതിനുമൊക്കെ ഇത് ഒൗഷധമാണ്. പത്ത് ആടിന്റെ കാലാണ് ഒരു ദിവസം സൂപ്പിനായി എടുക്കുന്നത്. അത് ഒരുക്കിയെടുക്കാൻ തന്നെ വലിയ പ്രയാസമാണ്. നാൽപതു വയസ്സിലൊക്കെ ആട്ടുകാല്‍പായ  ഇടയ്ക്കിടെ കുടിച്ചാൽ എൺപതാം വയസ്സിലും കുതിരയെ പോലെ ചാടി നടക്കാം.’ വാസുദേവന്റെ പൊട്ടിച്ചിരി ഹോട്ടല്‍ മുറി നിറയെ മുഴങ്ങി.  

ഒരു വിഭവം കൂടി രുചിച്ചു നോക്കിയിട്ട് ഒന്നുറങ്ങണം.സിമ്മയ്ക്കലിലെ കൊണാർ കടയിൽ ഒരു ദോശയുണ്ട്. നാട്ടിൽ കിട്ടുന്ന സീറോ സൈസ് നെയ്റോസ്റ്റല്ല കക്ഷി. അൽപം ‘സെക്സി’ ആണ്, േപര് കറിദോശ.

കറിേദാശ ഒരുക്കുന്നതു തന്നെ വേറിട്ട കാഴ്ചയാണ്. തട്ടു ദോശ േപാലെ മാവ് പരത്തുന്നു. അതിനു മുകളിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കും. പിന്നെ കുറുകിയ മട്ടൻകറി മുകളില്‍ പൊത്തിവച്ച് ചൂടാക്കും. തിരിച്ചും മറിച്ചും ഇടും. ഒരുവശം നന്നായി കരിഞ്ഞ പരുവത്തിലെത്തും. പിന്നെ തീന്‍മേശയിലേക്ക്....

ഒരു കഷണം മുറിച്ചെടുത്തു വായില്‍വച്ചു. എരിവിന് ഹാലിളകി. നാട്ടിലെ പാവം ദോശ ഇവിടെ ‘ഹോട്ട്’ ആണ്. കറിയിൽ മുങ്ങിയ മട്ടനും മുട്ടയും കൂടി ദോശയെ വേറെ ലെവലിലാണ് എത്തിച്ചിരിക്കുന്നത്. രക്ഷയില്ല ഇനി ഒരുച്ചയുറക്കമാവാം.

_DSC5246

പാൽ, ഡിക്കോഷനെ പ്രണയിക്കും പോലെ

വൈകുന്നരം ഒരു കാപ്പി കുടിക്കാൻ ഇറങ്ങിയതാണ്. മൂക്ക് പറയും വഴി നടന്നാൽ മതി, നല്ല കാപ്പിക്കടയിലേക്കെത്തും. കാപ്പി മുറുകിയ ഡിക്കോഷൻ. തിളച്ചു കൊണ്ടേയിരിക്കുന്ന പാലിലേക്ക് ചേരുന്നു. ചൂട് ഒന്നൂതി കളഞ്ഞ് ഗ്ലാസ്സിലേക്ക് ചുണ്ടു ചേർത്തു. ആദ്യ കവിൾ, അതൊരു അനുഭവമാണ്. ‘ഡിക്കോഷൻ പാലിനെ സ്നേഹിക്കും പോലെ നിനക്കെന്നെ പ്രണയിച്ചു കൂടെ’‌ എന്ന് കാപ്പിപ്രേമികൾ ഉറപ്പായും പരസ്പരം പറഞ്ഞിരിക്കും.

പെരിയാർ‌ ബസ് സ്റ്റാന്‍ഡിനടുത്തുള്ള കെപിഎസ് കോഫിഷോപ്പില്‍ വിവിധതരം ബജികളും ബോണ്ടയും മിനിയേച്ചർ ഉഴുന്നുവടയും പരിപ്പുവടയും സുഖിയനും ചുരുട്ടും മുതൽ പലതരം വറപൊരി പലഹാരങ്ങൾ ചിരിക്കുന്നുണ്ട്. പക്ഷേ, നാവിൽ നിന്നു കാപ്പിയുടെ രുചിയെ പറഞ്ഞയക്കാൻ ഒരു മടി. അതുകൊണ്ട് വറപൊരി കൈവെടിഞ്ഞ് തെരുവിലേക്ക് ഇറങ്ങി.  

റോഡിന്റെ ഒാരങ്ങളില്‍ രുചിെെവവിധ്യങ്ങളുടെ ‘ബിഗ് ഷോ’ നടക്കുകയാണ്. ഉന്തുവണ്ടിയിലെ കണ്ണാടിക്കൂട്ടിൽ അഴകുള്ള ചക്കച്ചുളകൾ നിരന്നിരിക്കുന്നു. ഇരുപതെണ്ണത്തിന് പത്തു രൂപ. മറ്റൊരു വഴിയോരക്കടയില്‍ മുറുക്കുകളുെട പൂരമാണ്. മറ്റൊരിടത്ത് അരിനെല്ലിക്ക, കുക്കുമ്പർ, പച്ചമാങ്ങ, കാരറ്റ്, പേരയ്ക്ക തുടങ്ങിയവ അരിഞ്ഞ് മസാലയിട്ടു വച്ചിരിക്കുന്നു.

ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സീതാരാമന്റെ ഉന്തുവണ്ടിയില്‍ നിലക്കടല, ചോളം, പയർ, കപ്പ, ബീൻസ്, വൻപയർ, ചെറുപയര്‍ തുടങ്ങി പുഴുങ്ങിത്തട്ടാവുന്ന ഒരുവിധം സാധനങ്ങളൊക്കെ വട്ടപാത്രത്തിൽ നിരത്തിയിട്ടുണ്ട്. കുനുകുനാ അരിഞ്ഞ കാരറ്റും സവാളയും മല്ലിയിലയും ഒക്കെയിട്ട് അലങ്കരിച്ചാണ് വില്‍പന. ഇരുപത്തഞ്ചു വർഷമായി സീതാരാമനും ഉന്തുവണ്ടിയും മധുരയിൽ ഉരുണ്ടു തുടങ്ങിയിട്ട്. ചോളം പുഴുങ്ങിയതു കഴിച്ചു നോക്കാൻ സീതാരാമൻ നിർബന്ധിച്ചു. പക്ഷേ, രണ്ട് വിഭവങ്ങൾക്കായി വയർ ഡെഡിക്കേറ്റ് ചെയ്തു വച്ചതു കൊണ്ട് കടലപുഴുങ്ങിയതു മാത്രം വാങ്ങി.

തെങ്ങിൻകുരലാണ് മറ്റൊരു കൗതുകം. തെങ്ങിൻ പൂക്കുലയുെട കാമ്പാണ് സംഭവം. വട്ടത്തില്‍ െചറിയ കഷണങ്ങളായി മുറിച്ചു തരും. പത്തു രൂപയ്ക്ക് അഞ്ചു കഷണം കിട്ടി. മധുരത്തോടെയും മസാലയിട്ടും രണ്ട് രുചിയിൽ കഴിക്കാം.

ഇനി ഇങ്ങനെ കറങ്ങി നിന്നാല്‍ രക്ഷയില്ല. രുചിയുടെ രണ്ടു സൂപ്പർ താരങ്ങൾക്ക് കൈ കൊടുക്കാനുള്ളതാണ്.    ആരെയെങ്കിലും ഒരാളെ മിസ് ചെയ്താൽ അതിന് വലിയ വില കൊടുക്കേണ്ടി വരും.

_DSC5141

ഭക്ഷണ തെരുവിലെ ബിഗ് ‘ബ’ കൾ...

രുചി തെരുവിലെ രണ്ട് ‘ബ’ കളെ കാണാനാണ് പോകുന്നത്. ‘ബ’ർമ ഇടിയപ്പവും ‘ബ’ൺ പൊറോട്ടയും.    

വലിയ പാത്രത്തിൽ നിരത്തിയിട്ടിരിക്കുന്ന ഇടിയപ്പം ക ണ്ടാൽ ഒറ്റ നോട്ടത്തിൽ പറയാം, എന്നാ ഗ്ലാമറാണെന്നേ... ഒരേ അഴകളവിലുള്ള ആയിരക്കണക്കിന് ഇടിയപ്പങ്ങളാണ് എല്ലാ ദിവസവും ഇവിടെ നിന്നിറങ്ങി പോവുന്നത്. ഇ വിടെ ഇരുന്നു കഴിക്കാൻ പറ്റില്ല. പാഴ്സൽ മാത്രമേ കിട്ടൂ. അല്ലെങ്കിൽ റോഡരികിൽ നിന്നു കഴിക്കാം.

‘‘അച്ഛനും അമ്മയും വർഷങ്ങൾക്കു മുന്നേ ബർമയി ൽ നിന്ന് വന്നവരാണ്. ഞങ്ങൾ പത്തു മക്കൾ. മക്കളെ വളർത്താൻ അമ്മ ഇടിയപ്പം ഉണ്ടാക്കി വിൽപന നടത്തി.’’ ഇടിയപ്പത്തിനു ബർ‌മ എന്ന പേരു വന്ന കഥ ഉടമ പത്മ പറഞ്ഞു. ‘‘1969 ലാണ് അമ്മ ഈ കട തുടങ്ങുന്നത്. ബർമയില്‍ നിന്നു വന്ന പേച്ചിയമ്മ നടത്തിയ ഇടിയപ്പക്കട അങ്ങനെ ബർമ ഇടിയപ്പക്കടയായി. ഇപ്പോൾ മൂന്നാം തലമുറ. അവധി ദിവസങ്ങളില്‍ മുപ്പതു കിലോ അരിയുടെ ഇടിയപ്പം വരെ വില്‍ക്കാറുണ്ട്.’’

പത്മയുടെ രണ്ടു മക്കളും എൻജിനീയർമാരാണ്. ഒരാൾ അമേരിക്കയിൽ. രണ്ടാമത്തെയാൾ ബെംഗളൂരുവിൽ. ഈ പ്രായത്തിലും ഇങ്ങനെ അധ്വാനിക്കണോ എന്ന് ചോദിച്ചപ്പോൾ പത്മം ഇടിയപ്പത്തിനു മേൽ വിതറിയ പഞ്ചസാരപോലെ പുഞ്ചിരിച്ചു. അധ്വാനിച്ച് ജീവിതം തിരിച്ചു പിടിച്ച ഒരമ്മയുടെ കരുത്തുള്ള പുഞ്ചിരി. പിന്നെ, കഴിക്കെന്നു പറഞ്ഞ് വാഴയിലയിലേക്ക് രണ്ട് ഇടിയപ്പം എടുത്തിട്ടു. അതിനു മീതേ തേങ്ങാപ്പാലും ഒരു പിടി പഞ്ചസാരയും. നാവിൽ അലിഞ്ഞു പോകുന്ന ഇടിയപ്പത്തിന് ഏത് ദുഷ്ടനാണാവോ ‘ഇടി’ അപ്പം എന്ന് പേരിട്ടത്.  

ഇനി കഴിക്കേണ്ടത്, താരനിശകളിൽ ഏറ്റവും അവസാനമെത്തുന്ന സൂപ്പർസ്റ്റാറിനെ പോലെ സൂപ്പറായ വിഭവമാണ്. അതു കഴിച്ച് മധുരൈ രുചിയാത്രയോട് ബൈ പറയണം. അതാണ് ബൺ പൊറോട്ട.  

_DSC5227

കെ.കെ.നഗറിലെ വഴിയോരത്ത് ഒരു തട്ടുകടയിലാണ് ബൺ പൊറോട്ടയുെട ജനനം. ഈ രുചി തേടി ഇപ്പോള്‍ വിേദശത്തു നിന്നു പോലും ആളെത്തുന്നു. കല്ലില്‍ കിടന്നു െമാരിയുന്ന ബൺ പൊറോട്ടയോടൊപ്പം െസല്‍ഫിയെടുത്ത് വയറും മനസ്സും നിറച്ചു മടങ്ങുന്നു.

ഇതളുകളായി അഴിഞ്ഞു പോരുന്ന മലബാർ പൊറോട്ട വീശിയടിച്ചു ചുരുട്ടി പരത്തിയുണ്ടാക്കുന്നതു കാണുമ്പോഴേ കമലദളത്തിൽ ലാലേട്ടൻ നൃത്തത്തെക്കുറിച്ചു പറഞ്ഞത്  ഒാര്‍മ വരും.‘യഥോ ഹസ്ത സ്ഥതോ ദൃഷ്ടി, യഥോ ദൃഷ്ടി സ്ഥതോ മനഃ...’ കൈയെത്തുന്നിടത്തു കണ്ണും കണ്ണെത്തുന്നിടത്ത് മനസ്സും ഉണ്ടായാലേ നല്ല പൊറോട്ട പിറക്കൂ.   

പക്ഷേ, ആ പൊറോട്ടയിൽ നിന്ന് ബൺ പൊറോട്ടയ്ക്ക് ഒരു പ്രധാന വ്യത്യാസമുണ്ട്. ‌അതൊരു മാജിക് ആണ്. അടിച്ചു പരത്തി വലിച്ചു കീറി വിരൽ വച്ച് ചുറ്റുന്ന മലയാളി ചുവടുകൾ മധുരയിലെത്തുമ്പോൾ‌ മാറുന്നു. ഇവിടെ മടക്കിയൊരു ചുരുട്ടാണ്. ആ ചുരുട്ടിയെടുത്ത് വയ്ക്കുമ്പോൾ ഒരു മാജിക് പോലെ മുകൾവശം വീർത്തു വരുന്നു. ഒന്നുറങ്ങാൻ വച്ചിട്ട് എടുത്തിട്ട് ‘അലക്കാറില്ല.’ ചെറുതൊയൊന്ന് അടിക്കുമെന്ന് മാത്രം.

 പിന്നെ, വലിയ ഇരുമ്പുകല്ലിലേക്ക് എടുത്തിടും എണ്ണ കോരിയൊഴിക്കും. അതിൽ കിടന്ന് ബ്രൗൺനിറത്തിലുള്ള തുടുത്ത കവിളുമായി ബൺപൊറോട്ട പാത്രത്തിലേക്ക് വരും.

അതിനു മുകളിലേക്ക് മട്ടന്റെ ചാറൊഴിച്ച് ഒന്ന് അലിയിക്കണം. പിന്നെ, ഒറ്റ കഷണം മട്ടനും ബൺപൊറോട്ടയും ചേർത്ത് ഒരു നിമിഷം പിടിക്കണം. രണ്ടും ഒന്നു സ്നേഹിക്കട്ടെ. പിന്നെ നേരെ വായിലേക്ക്.  ബാക്കി നാവു പറയും.

∙∙∙

പാലക്കാട് എത്തി. മധുര മനസ്സിൽ നിന്ന് പോകുന്നില്ല. ബാഗ് തുറന്നു. നാഗപട്ടണം ഹൽവയുടെ പാക്കറ്റ് തുറന്നു. ഒരു കഷണം വായിലിട്ടു. മധുരയുടെ മധുരം.

നാവിലലിയുന്ന മധുരം

ചരിത്രമുറങ്ങുന്ന ഒരു മധുരം മധുരയിലുണ്ട്. നൂറ്റാണ്ടിനു മുന്‍പ് തുടങ്ങിയ നാഗപട്ടണം ഹല്‍വക്കട. ക്ഷേത്രഗോപുരത്തിനു പുറമേയുള്ള പ്രദക്ഷിണവഴിയില്‍ സൂക്ഷിച്ചു േനാക്കിനടന്നാലേ കട കാണൂ. കട തുടങ്ങിയ വി. അനന്തനാരായണന്റെ ചിത്രം േബാര്‍ഡിൽത്തന്നെയുണ്ട്. ആരംഭവർഷം കണ്ട് ഒ ന്നു ഞെട്ടി, 1901. അന്തം വിട്ടു നിൽക്കുകയാണെന്ന് മനസ്സിലായപ്പോൾ കടയിലെ വിശ്വനാഥഅയ്യർ പറഞ്ഞു,‘‘സംശയിക്കണ്ട, സ്വാതന്ത്ര്യം കിട്ടുന്നതിനും വളരെ മുൻപേ തുടങ്ങിയതാണ്. കേരളത്തില്‍ പലതരം ഹൽവകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതു വേറെ ടേസ്റ്റാണ്. പാലും നെയ്യും കൂടുതലാണ്.’’

മന്ദാരത്തിന്റെ ഇലയിൽ കുഞ്ഞുകഷണങ്ങൾ‌ കഴിക്കാൻ കൊടുക്കുന്നുണ്ട്. നാവിലലിയുന്ന മധുരം.  ദിവസങ്ങളോളം േകടാകാതെയിരിക്കുമെന്ന് ഉറപ്പു പറഞ്ഞതിനാല്‍ ഒരു കിലോ വാങ്ങി.

Tags:
  • Pachakam