Saturday 13 July 2019 02:40 PM IST

രോഗിയെ കാണാൻ പോകുമ്പോഴും ദമ്മിട്ട മട്ടൺ ബിരിയാണിയും ഉന്നക്കായും കരുതും; ‘മ്മ്ടെ സ്വന്തം തലശ്ശേരിന്റെ’ രുചിയുടെ താവളങ്ങൾ തേടി...

Tency Jacob

Sub Editor

thalassery7776545
ഫോട്ടോ: അരുൺ പയ്യടിമീത്തൽ

ജീവിതത്തിലെ മൊത്തം കാര്യങ്ങളെ രുചിയുമായി കൂട്ടിക്കെട്ടുന്നതിൽ മേന്മ കേട്ടവരാണ് തലശ്ശേരിക്കാർ. ആശുപത്രിയിൽ രോഗിയെ കാണാൻ പോകുമ്പോഴും ദമ്മിട്ട മട്ടൺ ബിരിയാണിയും  ഉന്നക്കായും കരുതും.  ഇത്തിരിപ്പോന്ന സ്ഥലത്തിരുന്ന് സൊറയും ബിരിയാണിപ്പാത്രവും തുറന്ന് അവിടമാകെ ‘മംഗലപ്പൊര’യാക്കും. അത്രയ്ക്ക് കലശലാണ് അവിടുത്തെ ഭക്ഷണപ്രേമം.

രുചികൾ കടലു പോലെ പരന്നും  ഓളംവെട്ടിയും കിടക്കുകയാണ്. എവിടെനിന്നു തുടങ്ങണമെന്ന് എടങ്ങേറായപ്പോഴാണ് കടൽപാലത്തിലേക്ക് വച്ചു പിടിച്ചത്. പണ്ട് പുറംകടലിൽ നങ്കൂരമിട്ട പത്തേമാരികളിൽനിന്നും ചരക്കുകൾ കൊണ്ടുപോകാനായി പണികഴിപ്പിച്ചതാണ് തലശ്ശേരിയിലെ കടൽപ്പാലം.

 കടലിലേക്ക് ഇറങ്ങിച്ചെല്ലാൻ വെമ്പുന്ന പോലെയുള്ള നാലഞ്ച് മൊട്ടക്കുന്നുകൾ. അവയുടെ പ്രാന്തപ്രദേശത്തു വളർന്നുവന്ന പട്ടണമാണ് തലശ്ശേരി. ഒരു തീരദേശ ഗ്രാമമായി മാറാമായിരുന്ന നാടിന്റെ തലക്കുറി മാറ്റിയത് കോട്ട കെട്ടാൻ വന്നെത്തിയ ഈസ്റ്റ്ഇന്ത്യ കമ്പനിയാണ്. പിന്നീട് വിദേശികൾ വ ന്നും പോയും അതൊരു തുറമുഖമായി, തലശ്ശേരി തുറമുഖപട്ടണമായി.

നേരം വെളുക്കുന്നേരം വലവീശാൻ പോയല്ലോ

ബഹറിന്റെ മീതെ എൻ വാപ്പ

ഉരുകുന്നെന്റെ ഉമ്മാനേയും അരുമക്കിടാങ്ങളേയും

ഓർക്കുന്നാക്കടലിൽ നിന്നും വാപ്പാ....

ഊക്കോടെ വല വീശി കാത്തിരിക്കുന്നതിനിടെ നേരം പോക്കിനു പാടുന്നതാകണം. കറിക്കുള്ള മീൻ പിടിക്കാൻ എത്തിയതാണ് ബഷീർ. പല സ്ഥലത്തായി പലവട്ടം വലവീശി നാല് കൂരിയും രണ്ട് ചെമ്മീനും ഒരു ഞണ്ടിൻ കുഞ്ഞിനെയുമല്ലാതെ മറ്റൊന്നും കിട്ടിയില്ല. ‘‘കറി വയ്ക്കാനുള്ളത് കിട്ടിയാൽ പൊരേ പൂവാർന്നു. മാപ്പിളപ്പാട്ടിന്റെ രാജാവ് എരഞ്ഞോളി മൂസാക്കേന്റെ അടുത്തന്നെയാണ് ഞങ്ങളുടെയും കുടി. മുൻപ് കടലിൽ പണിക്കു പോകാറുണ്ട്. ഇപ്പോ മക്കൾക്കൊക്കെ ജോലിയായി.’’ അടുത്തു കൂടിയപ്പോൾ ബഷീർ പായാരം പറച്ചിൽ തുടങ്ങി. ‘‘വലയിട്ട് പിടിച്ചതിൽ കറിക്കുള്ളത് എടുത്തിട്ട് ബാക്കി ഇവിടെത്തന്നെ വിറ്റിട്ടു പോകും. നൂറുകൊല്ലത്തിലധികം പഴക്കമുള്ള ഈ കടൽപാലം ഗവൺമെന്റ് പൊളിച്ചു കളയാൻ നോക്കിയതാണ്. ഞങ്ങളുണ്ടോ സമ്മയിക്ക്ണൂ. ഉഷ്ണം കൂടുമ്പോൾ പലരുടെയും കിടപ്പ് ഈ കടൽപാലത്തിലാണ്.’’ ഇനി ചായകുടിച്ചിട്ടാകാം വർത്തമാനം എന്നു പറഞ്ഞ് നടപ്പു തുടങ്ങിയിട്ടെത്തി ചേർന്നത് ബോംബെ ഹോട്ടലിൽ.

thalassery777654412

‘കൊണ്ടുപോ’ പുളിവാരൽ

‘‘പണ്ടേയുള്ളതാണ് ബോംബെ ഹോട്ടൽ. കടലിൽ പണിക്കു പോകുന്നവര് ഇവിടന്നാണ് കഴിക്കുക. കട്ടിപ്പണിക്ക് പോണതല്ലേ കട്ടിയായിട്ട് കിടക്കേണ്ടേ. അവിടത്തെ ഇറച്ചിച്ചോറ് അതിന് ബെസ്റ്റാ. ’’ പ്രൗഢി വിളിച്ചോതുന്ന  ഗോഡൗണുകളുടെയിടയിൽ ഒരു ചെറിയ ഹോട്ടൽ. പലഹാരക്കൂട്ടിലെ നീളത്തിലൊരു പലഹാരത്തിന് കണ്ടമട്ടില്ല. സൂക്ഷിച്ചു നോക്കുന്നതു കണ്ടാണ് കടയുടമ പരിചയപ്പെടുത്തി തന്നത്. ‘‘ ഇത് നമ്മുടെ പുളിവാരലാണ്’’ മൈദയും മധുരവും ചേർത്ത് കൈകൊണ്ട് തയാറാക്കും.’’ പണ്ട് ചായയും  ഇറച്ചിച്ചോറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോ കുറച്ച് പുതുക്കിയിട്ടുണ്ട്. ന്യൂ ബോംബെ ഹോട്ടൽ എന്ന് പേരുമാറ്റുക മാത്രമല്ല ചൈനീസ് വിഭവങ്ങളും കൂട്ടിച്ചേർത്തു. അല്ലാതെ പിടിച്ചു നിൽക്കാൻ കഴിയൂല’’ കാഴ്ചയിൽ ബിരിയാണിയുടെ ചേലില്ലെങ്കിലും രുചിയിൽ വമ്പനാണ് ഇറച്ചിച്ചോറ്.

ഇറച്ചിച്ചോറുണ്ട ആലസ്യത്തിൽ നടക്കുമ്പോഴാണ് പ്രൈവറ്റ് ബസ്റ്റാൻഡിന്റെ വഴിയിൽ ഒരു കട കണ്ടത്. ‘ കൊണ്ടു പോ’. ‘ഇതെന്തൊരു പേരാണ്!’ എന്ന് മൂക്കത്തും വിരൽവെച്ച് നിൽക്കുന്നത്കണ്ടാകണം കടയുടമ വിളിച്ചു കയറ്റിയത്. ‘‘ആദ്യം ങ്ളൊരു നാരങ്ങ പൊട്ടിത്തെറിച്ചത് കുടിക്കീൻന്ന്. ഒ ന്നുശാറാവട്ടെ’’ എന്നു പറഞ്ഞ് മുഹമ്മദ് ഫസൽ കസേര നീക്കിയിട്ടു തന്നു.‘‘ ‘ടേക്ക് എവേ’ എന്നതിന്റെ തലശ്ശേരി മലയാളമാണ് ‘കൊണ്ടു പോ.’ ചിക്കൻ പൊട്ടിത്തെറിച്ചതും ചീറിപാഞ്ഞതുമല്ലേ ഇപ്പോഴത്തെ ഫാഷൻ. ഞങ്ങളുടെ വക സ്പെഷലാണ് ഈ ജ്യൂസ്.’’ ആമാശയത്തിലെത്തിയപ്പോൾ മനസ്സിലായി ശരിക്കും ഇതൊരു ഒന്നൊന്നര പൊട്ടിത്തെറി തന്നെ. കാന്താരിയുടെ എരിവും മധുരവും കൈതച്ചക്കയുടെ മധുരമനോജ്ഞ മണവും. സൊയമ്പൻ ജ്യൂസ്. അത്രതന്നെ.  

 ഉച്ചതിരിഞ്ഞു വരും നേരം തലശ്ശേരിയിലാകെ പലഹാരങ്ങളുടെ മണമാണ്. നല്ല മൊഹബ്ബത്തുള്ള മണം പിടിച്ചെത്തിയത് ചിറക്കരയിലുള്ള ഷബൂം വീടിന്റെ മുറ്റത്തേക്കാണ്. ചില്ലുക്കൂട്ടിലെ പലഹാരങ്ങളിരുന്ന് കലപില കൂട്ടുന്നു. കണ്ണെത്താ ദൂരത്തെ കടലുപോലെതന്നെയാണ് തലശ്ശേരിയിലെ പലഹാരങ്ങളും. എണ്ണിയാലൊടുങ്ങില്ല.

 ‘‘ഉപ്പയുടെ ഉമ്മയെ ഞങ്ങൾ ഉപ്പുമ്മാ എന്നാണു വിളിച്ചിരുന്നത്. ഉപ്പുമ്മായുടെ പലഹാരങ്ങൾക്ക് കുറച്ച് മൊഞ്ച് കൂടും. അത്രയ്ക്കു രുചിയാണ്. കടയെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ‘ ഉപ്പുമ്മാന്റെ ചായക്കട’ എന്ന േപര് എല്ലാവരും കൈയ്യടിച്ച് അംഗീകരിച്ചു.’’ റസീന   നസീഫ് പലഹാരങ്ങൾ എടുത്തുകൊടുക്കുന്ന തിരക്കിലാണ്.

 ‘‘വട്ടിപ്പത്തിരി, ചട്ടിപ്പത്തിരി, കായ്കൃത, ഉന്നക്കായി,  ഇറച്ചിപ്പത്തിൽ,തുർക്കിപ്പത്തിൽ, പെട്ടിപ്പത്തിൽ, കാരറ്റ് പോള, മീനട, മുട്ടമാല. ഏതു വേണം?’’  കൂട്ടു പാർട്നറായ തൗഹിദ നസീർ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.  ‘‘ഇന്നുള്ള അപ്പങ്ങളായിരിക്കില്ല നാളെ, എന്നും കാണും പത്തിരുപതു വിഭവങ്ങൾ’’. ഉച്ചയ്ക്ക് ഇരുപതു ബിരിയാണിയും നെയ്ച്ചോറും  പൊതി കെട്ടി വെച്ചത് ഒരു മണിക്കൂറിൽത്തന്നെ കാലിയാകും. മൂന്നുമണിയാകുമ്പോഴേക്കും പലഹാരങ്ങൾ ചൂടോടെ എത്തും. ചായയും സുലൈമാനിയും പലതരം ജ്യൂസുകളുമുണ്ട്. അപ്പത്തരങ്ങൾ ക ഴിയുമ്പോൾ കടയ്ക്ക് ഷട്ടറിടും.’’ പടങ്ങളിൽ പോലും ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത പലഹാരം കണ്ടമാത്രയിൽ തന്നെ വെറുതേ കൊതിപ്പിച്ചു. ‘ധൃതംഗിതപുളകിത’ പോലൊരു പലഹാരം. വായിൽ വച്ചപ്പോൾ പശുവിൻ നെയ്യും മധുരവും പഴവും ചേർന്നൊരു രുചിക്കൂട്ട് നാവിലൂടെ അലിഞ്ഞു പോയി.

thalassery7776546

ഞമ്മ്ടെ കോയീന്റെ കാല്

ബീച്ചിനടുത്തുള്ള തട്ടുകടയിൽ നിന്നാണ് ആ മണം മുട്ടി വിളി ച്ചത്. നോക്കിയപ്പോൾ കല്ലുമ്മക്കായയാണ്. വലിയ വറചട്ടിയിൽ ചുവന്ന ഉടുപ്പിട്ട ഇത്തിരിക്കുഞ്ഞൻമാരെപ്പോലെ മിടുക്കരായി എണ്ണയിൽ മൊരിഞ്ഞു വരുന്നു. ആ മണം മൂക്കിലടിച്ചാലുണ്ടല്ലോ സാറേ, പിന്നെ നമ്മളത് തിന്നാതെ പോവൂല. അത്രക്ക് സ്വാദാണ് ആ മണത്തിനു പോലും. കല്ലുമ്മക്കായ കഴുകി വൃത്തിയാക്കി മസാല പുരട്ടിയത് ജീരകമിട്ടരച്ച അരിമാവിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കും. വീണ്ടും മസാലയിൽ പുരട്ടി പൊരിച്ചെടുക്കും. മസാലയുടെ എരിവും അരിയുടെ തരുതരുപ്പും കല്ലുമ്മക്കായുടെ രുചിയും. ഒന്നല്ല മിനിമം നാലെണ്ണം തിന്നും. പുഴുങ്ങിയ മുട്ട മസാല പുരട്ടി വറുത്തതും കോഴിക്കാലുമുണ്ട്. കപ്പ നീളനെ അരിഞ്ഞ് ഒരു പിടിയെടുത്ത് മസാലയിൽ മുക്കി വറുത്തെടുക്കുന്നതാണ് ഈ കോഴിക്കാല്. ‘ അപ്പോ ശരിക്കും കോഴിക്കാലിനെ എന്തു പറയും?’ ‘‘ അത് ഞമ്മടെ കോയീന്റെ കാല്...’’ കടയുടമ നവാസിന്റെ ആ ചിരിക്ക് മേമ്പൊടിയായി ചുറ്റുവട്ടത്തുള്ളവരുടെയും ചിരി തിരമാലകളുടെ കാറ്റിലൂടെ പാറിപ്പോയി.  

‘‘വാപ്പയ്ക്ക് തേങ്ങക്കച്ചവടമായിരുന്നു. എനിക്കെന്തോ അ തിനോട് താൽപര്യമുണ്ടായില്ല. ആദ്യം ചെറിയ രീതിയിലാണ് തുടങ്ങിയത്. ഇപ്പോൾ ഞാനും എന്റെ സഹോദരൻ ഹാരിസും ചേർന്നാണ് ഇത് നടത്തുന്നത്.’’ എവികെ നായർ റോഡിലുള്ള റാറാവിസ് ഹോട്ടലിന്റെ ഉടമ ഹാഷിം ഹോട്ടലു വച്ച കഥ പറഞ്ഞു തുടങ്ങി. 23 കൊല്ലമായി കൊടുക്കുന്ന ഭക്ഷണത്തിന്റെ മേന്മ കൊണ്ടാകാം  ഉയർന്നു പോയിട്ടേയുള്ളൂ, പിന്നെ അല്ലാഹുവിന്റെ അനുഗ്രഹവും. ഉമ്മയുടെ കയ്യിൽനിന്ന് കിട്ടിയ റെസിപ്പിയാണ് ചിക്ക ൻ കൊണ്ടാട്ടം. മറ്റെവിടെയും കിട്ടുന്ന ചിക്കൻ കൊണ്ടാട്ടമല്ലിത്.’’ നാക്കെടുത്തു വായിലിട്ടപ്പോഴേക്കും ചിക്കൻകൊണ്ടാട്ടവും നെയ്പത്തലും മുന്നിലെത്തി. ചിക്കൻ ഇഷ്ടമില്ലാത്തവർ പോലും ചിക്കന്റെ ആരാധകരാകുന്ന അപൂർവ പ്രതിഭാസമാണ് ഈ ചിക്കൻ കൊണ്ടാട്ടം. കുറുകിയ ഗ്രേവിയിൽ പാകത്തിന് മസാലയും രുചിയും കൂടി ഉലർന്നത്.   

thalassery7776549

ആദ്യം ഉണരുന്ന കട

തലശ്ശേരിയിൽ ആദ്യം തുറക്കുന്ന കട ഏതായിരിക്കും. അതിലാർക്കും സംശയമില്ല. ‘‘അത് നമ്മടെ നായനാർ റോഡിലെ ആണ്ടിയേട്ടന്റെ ചായക്കട. പുലർച്ചേ മൂന്നരയാകുമ്പോഴേക്കും ചായക്കുള്ള വെള്ളം സമോവറിൽ കേറ്റും. ഇല്ലേൽ ചെന്നു നോക്കിക്കോ!’’

മിന്നം വെളിച്ചാവുന്നതിനു മുൻപേ പോയിനോക്കിയപ്പോഴുണ്ട് ആണ്ടിയേട്ടൻ ചായ ആറ്റി ഇരിക്കുന്നു. സാവിത്രിയേച്ചി അടുക്കളയിലാണ്. പുട്ടു നനച്ച പാത്രവും അപ്പത്തിന്റെ മാവ് കലക്കിയ പാത്രവും പകുതി കാലിയായിട്ടുണ്ട്. ആളുകൾ പലരും ചായ കുടിച്ച് പുട്ടും കഴിച്ച് പോയെന്നർഥം.

‘‘അറുപതു കൊല്ലത്തിനടുത്തായി പീടിക തുടങ്ങീറ്റ്. പുട്ടിനു നനയ്ക്കുന്നതും അപ്പത്തിനു മാവു കലക്കുന്നതും ഞാൻ തന്നെയാ. കറികളായി സ്റ്റ്യൂവും കടലക്കറിയുമുണ്ടാവും. അ ഞ്ചെട്ടു കിലോ പച്ചരിയുടെ പുട്ടും അപ്പവും കഴിഞ്ഞ് കാലത്ത് എട്ടു മണിയാകുമ്പോഴേക്കും കട പൂട്ടും.’’ ആണ്ടിയേട്ടന്റെ കൂടെ ഫോട്ടോയെടുക്കാൻ മുന്നിലേക്കു വിളിച്ചപ്പോൾ സാവിത്രിയേടത്തി സിക്സറടിച്ചു. ‘ ഓര് വേണേൽ അടുക്കളയിൽ വന്നോട്ടെ’ ചായക്കും പലഹാരങ്ങൾക്കും എവിടത്തേക്കാളും പൈസ കുറവാണ്. പക്ഷേ, രുചിക്കൊട്ടും കുറവില്ലാന്ന് കഴിച്ചവളുടെ സാക്ഷ്യം.

പണ്ടത്തെ ടെലച്ചേറി ബ്രിട്ടിഷുകാരുടെ കോട്ടയായിരുന്നു. വഴിയിലുടനീളം അതിന്റെ അവശേഷിപ്പുകൾ അടയാളങ്ങളായി തീർന്നിരിക്കുന്നു. അക്കാലത്തെ ജഡ്ജി ബംഗ്ലാവാണ് ഇന്നത്തെ ‘അയിഷാ മൻസിൽ’ എന്ന ഹോംസ്േറ്റ. വിദേശികളാണ് കൂടുതലും വരുന്നത്. ഇപ്പോൾ സീസണല്ലാത്തതുകൊണ്ട് മിനുക്കു പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്.

‘‘തലശ്ശേരിക്കാർ പ്രാതലുതൊട്ടേ നോ ൺവെജ് ഉപയോഗിക്കുന്നവരാണ്. പ്രാതലിനു തന്നെ മൂന്നു കൂട്ടം വിഭവങ്ങളെങ്കിലുമുണ്ടാകും. അപ്പോൾ പിന്നത്തെ കാര്യം പറയേണ്ടല്ലോ. ദിവസേനെ ബിരിയാണി കഴിക്കാനുള്ള ഒരവസരവും വെറുതെ കളയില്ല.’’ അയിഷാ മൻസിൽ ഉടമ സി.പി മൂസയും ഭാര്യ ഫായിസ മൂസയും തലശ്ശേരി പുതുമകൾ പറഞ്ഞുവെച്ചു.

എണറു കിട്ടാൻ വേം കീയണം

thalassery777654411

കോടതി റോഡിലുള്ള നാഷനൽ ഹോട്ടലിൽ ആട്ടിൻതല തുടങ്ങി എളമ്പക്ക വരെ സുലഭം. അവിടെ ഒരു ഗ്യാങ് ഫ്രീക്കന്മാരിരുന്ന് പുട്ടടിക്കുന്നു. ആ പാത്രങ്ങളിൽ കണ്ണുപാളി നോക്കിയപ്പോൾ ഒരാൾക്ക് പുട്ടും മീൻ വറുത്തതും അടുത്തയാൾക്ക് പുട്ടും മീൻതലക്കറിയും പിന്നൊരാളുടെ പാത്രത്തിൽ പുട്ടും ആട്ടിൻതലക്കറിയും. കണ്ണ് ബൾബാകുന്നത് കണ്ടാകണം അവര്‘യോയോ’ ചിരി. ‘പുട്ടിന്റെ കൂടെ എന്തും പോവും.’ കോറസ് കേട്ടെത്തിയ ചേട്ടൻ ചോദിച്ചതു കേട്ട് വീണ്ടും ഞെട്ടി. ‘‘പുട്ടും ആട്ടിൻതലച്ചോർ വറുത്തതുമെടുക്കട്ടെ?’’

പച്ചിലയെടുത്ത് മുകളിലേക്കിട്ടു. പച്ചപ്പുറം വീണാൽ എ ണർ, മറുപുറം വീണാൽ ബിരിയാണി. എണർ എന്താണെന്ന് പിടികിട്ടിയില്ലലോല്ലേ! കേരളത്തിൽ ആദ്യം ബിരിയാണിച്ചെമ്പു പൊട്ടിച്ച പാരീസിലെ മട്ടൺ ബിരിയാണി കഴിക്കണോ അതോ മോഡേൺ ഹോട്ടലിലെ എണർ എന്നു തലശ്ശേരിക്കാ ർ വിളിക്കുന്ന മത്തീന്റെ മുട്ട കഴിക്കണോ? പാരീസിലെ ബിരിയാണി കഴിക്കാത്ത ബിരിയാണി പ്രേമികളുണ്ടോ ഈ ദുനിയാവില്!

വേഗം കീഞ്ഞു  എംജി റോഡിലെ മോഡേണിലേക്ക്. എ ണർ വിളമ്പുന്നത് മൂന്നുമണി നേരത്താണ്. വേഗം പോയില്ലെങ്കിൽ കിട്ടില്ല. ചെന്നപ്പോൾ ഭാഗ്യം, എണർ കാത്തിരിപ്പുണ്ട്. ബ്രിട്ടിഷുകാരുടെ ബട‌്ലറായിരുന്ന കുഞ്ഞിക്കണ്ണൻ തുടങ്ങിയതാണ് മോഡേൺ ഹോട്ടൽ. തൊണ്ണൂറു കൊല്ലത്തിലധികമായിട്ടുണ്ട്.‘‘അന്നിതൊരു ചെറിയ പീടികയാണ്. പിന്നീട് അച്ഛനാണ് ഇത്തരത്തിലാക്കുന്നത്.’’  ഇപ്പോഴത്തെ ഉടമ പുഷ്പമിത്രനും മുരളീധരനും തിരക്കിലാണ്. ദിവസേനെ ആയിരത്തഞ്ഞൂറ് ആളുകൾ വന്നു കഴിച്ചു പോകുന്നയിടം. മട്ടൺ ചാപ്സാണ് പ്രശസ്തം. ദിവസം മുഴുവൻ ചോറു കിട്ടുന്ന വേറൊരു ഹോട്ടലില്ല തലശ്ശേരിയിൽ.

ഒരു നാനോ കാർ. ‍‍ഡിക്കിയുടെ ഭാഗം തുറന്നുവച്ചിട്ടുണ്ട്. ഉള്ളിൽ നിറയെ അമ്മായി അപ്പത്തരങ്ങളാണ്. ‘‘ഭാര്യ വീട്ടിൽ നിന്ന് ആക്കിത്തരുന്നതാണ്. നാലു തുണിക്കടയുണ്ടായിരുന്നു. നാലും പൊട്ടി. എങ്ങനെയെങ്കിലും ജീവിച്ചു പോണ്ടെ. ദാ, ഇക്കാണുന്നതൊക്കെ ഇപ്പം തീരും. ഇഷ്ടമുള്ളതെടുത്ത് കഴിച്ചോളീൻ. ’’ കഥ പറയുന്നതിന്നിടയിലും സൽക്കരിക്കാൻ നാസർ മറന്നില്ല. ‘ഫ്ലവർപോട്ടെ’ന്നൊരു പലഹാരം വേഗം കൈക്കലാക്കി.

മൂന്നു ‘C’ കളുടെ നാടു കൂടിയാണ് തലശ്ശേരി. ക്രിക്കറ്റ്, സർക്കസ്, കേക്ക്. രുചിയാത്ര അവസാന ഓവറിലാണ്.കണ്ണൂരെ പ്രശസ്തമായ മിക്സഡ് കുടിക്കാതെങ്ങനെ തലശ്ശേരിയിൽ നിന്നു യാത്ര പറയും. കാരറ്റു വേവിച്ചതും പപ്പായയും പാലും ഐസ്ക്രീമും ചേർത്ത് നന്നായടിച്ച് അതിൽ മാതളനാരങ്ങ അല്ലികളും ബദാം നുറുക്കിയതും ചേർത്ത് ചൂടിനെ ആറ്റിത്തണുപ്പിക്കാനുള്ള ഒരസ്സൽ തലശ്ശേരി ഷേക്കാണ് മിക്സഡ്.

thalassery7776547

ബ്രൗൺ സായിവിന്റെ കേക്ക്

ബ്രൗൺ സായിവ് ആ കേക്കുംകൊണ്ട് മമ്പള്ളിൽ ബാപ്പുവിന്റെ അടുത്തെത്തുമ്പോൾ ബാപ്പു അത്തരമൊരു അപ്പം ആദ്യമായി കാണുകയായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉ ദ്യോഗസ്ഥനായി തലശ്ശേരിയിലെത്തിയ ബ്രൗൺ സായിവ് പറഞ്ഞാ ൽ ബാപ്പുവിന് ‘ശരി’ എന്നേ ഉത്തരമുള്ളൂ. കേരളത്തിലെ കേക്കിന്റെ ചരിത്രം തുടങ്ങുന്നതവിടെ വച്ചാണ്. 1880 ൽ കേരളത്തിലെ ആദ്യത്തെ ബേക്കറിയായ റോയൽ ബിസ്ക്കറ്റ് ഫാക്ടറി തുറക്കുന്നത് ബാപ്പുവാണ്. പിന്നീട് മൂന്നു കൊല്ലങ്ങൾക്കുശേഷമാണ് കേക്കുണ്ടാക്കുന്നത്. അതിലുപയോഗിച്ച സുഗന്ധദ്രവ്യങ്ങളും പഴങ്ങൾ കുതിർക്കാൻ ഉപയോഗിച്ച ദ്രാവകമെല്ലാം തനി കേരളീയം. പിന്നീടങ്ങോട്ട് കേരളത്തിൽ കേക്കിന്റെ പെരുന്നാളായിരുന്നു.

‘‘ എന്റെ മുത്തച്ഛന്റെ അച്ഛനായിരുന്നു മമ്പള്ളിൽ ബാപ്പു. കുട്ടികൾക്കു വേണ്ടി കൂവപ്പൊടി കൊണ്ടുണ്ടാക്കിയ മിൽക്ക് ബിസ്കറ്റ്, വയസ്സായവർക്കു വേണ്ടിയുള്ള ബാർലി ബിസ്കറ്റെല്ലാം ഇപ്പോഴും അതേ ചേരുവകൾകൊണ്ടാണ് തയാറാക്കുന്നത്. കേക്കിനും റൊട്ടിക്കുമെല്ലാം ഇപ്പോഴും ആവശ്യക്കാരുണ്ട്. എനിക്കുശേഷം ആരും  ഇത് നടത്താനില്ലെന്നതാണ് വെല്ലുവിളി.’’ മമ്പള്ളിൽ ബേക്കറിയുടെ ഇപ്പോഴത്തെ ഉടമ പ്രകാശന്റെ വേവലാതി. ഒരു ദിവസം പഴകിയ റൊട്ടിയായിരുന്നു ബ്രീട്ടീഷുകാർക്ക് പ്രിയം. എങ്കിലും അപ്പോൾ വന്നെത്തിയ ചൂടാറാത്ത റൊട്ടിയുടെ ഹൃദ്യമായ മണം അവിടെ തങ്ങിനിന്നു. കാലത്തിന്റെ ബാക്കിവയ്പ് പോലെ...

കായ്കൃത

thalassery777654410

രണ്ട് ഏത്തപ്പഴം ചെറുതായി അരിയുക. ഒരു മുട്ട നന്നായി അടിച്ച് പതപ്പിക്കുക. ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ നല്ല പശുവിൻ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പഴം അരിഞ്ഞത്, മുട്ട, കശുവണ്ടി പരിപ്പ് നുറുക്കിയത്, കുറച്ചു കിസ്മിസ്, ആവശ്യത്തിനു പ‍ഞ്ചസാര എന്നിവ ചേർത്ത് ഇളക്കി വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ തേങ്ങ ചിരവിയതു ചേർക്കാം.

thalassery777654414

നാരങ്ങ പൊട്ടിത്തെറിച്ചത്

ഒരു ചെറുനാരങ്ങ നാലായി നുറുക്കിയതും ഒരു ചെറിയ കഷണം പൈനാപ്പിളും ഒരു കാന്താരി മുളകും ഒരു നുള്ള് ഉപ്പും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിക്കുക. ശേഷം അരിച്ചെടുക്കുക. ആവശ്യമുള്ളവർക്ക് ചെറിയ കഷണം ഇ‍ഞ്ചി ചേർക്കാം.

thalassery7776548

എണർ പൊരിച്ചത്

എണർ ചെറുതായൊന്നു കഴുകി വെള്ളം  വാലാൻ വയ്ക്കുക. സവാളയും പച്ചമുളകും കുറച്ച് ഇഞ്ചിയും ചെറുതായ രിഞ്ഞ് എണ്ണയിൽ മൂപ്പിച്ചതിലേക്ക് വറ്റൽമുളകരച്ചതും  മ ഞ്ഞൾ പൊടിയും എണറും ചേർത്ത് അടച്ചുവച്ച് വേവിക്കുക. വെള്ളം വലിഞ്ഞു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും കുറച്ച് കുരുമുളകുപൊടിയും കറിവേപ്പിലയുമിട്ട് ചെറുതീയിൽ നന്നായി ഇളക്കി മൊരിച്ചെടുക്കണം. എണർ മുളകും മ  ഞ്ഞളും ഉപ്പും ചേർത്ത മസാല പുരട്ടിയും വറുത്തെടുക്കാം.

thalassery777654413

സാവിത്രിയേച്ചീന്റെ പുട്ട്

പച്ചരിയല്ല, പുഴുങ്ങലരിയെടുത്ത് രണ്ടുമൂന്നുവട്ടം കഴുകണം. അപ്പോൾത്തന്നെ അരി ചെറുതായി കുതിർന്നിട്ടുണ്ടാകും. അതു പൊടിച്ചെടുക്കാം. എന്നിട്ട് ചെറുതായി വെ ള്ളം കുടഞ്ഞ് നനച്ചെടുക്കുക. കുറച്ചുനേരം തട്ടിെപ്പാത്തി വെയ്ക്കാം. ഉണ്ടാക്കുന്നതിനു മുൻപ് കുറച്ച് നാളികേരം വിതറി ഒന്നുകൂടി കുഴയ്ക്കാം. ഒരു കുഞ്ഞിച്ചിരട്ട അളവുപാത്രമായെടുത്ത് പുട്ടുംകണയിൽ ഒരു ചിരട്ട നിറയെ പൊടിയിടുക. വാഴത്തണ്ടുകൊണ്ട് ഒന്ന് നിരപ്പാക്കി കുറച്ചു തേങ്ങ വിതറുക. വീണ്ടും ഒരു ചിരട്ടയളവ് അരിപ്പൊടി. പിന്നേം തേങ്ങ. നല്ല പോലെ ആവി വരുന്നതുവരെ വേവിച്ചെടുക്കുക.

Tags:
  • Pachakam