Thursday 18 January 2024 03:10 PM IST : By സ്വന്തം ലേഖകൻ

സ്വാദിഷ്ടമായ വൈറ്റ് ഫലൂഡ; കിടിലന്‍ റെസിപ്പി

Falooda തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: നെജിയ ഷീജിഷ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: നെജിയ ഷീജിഷ്, എറണാകുളം

1. പാൽ – ഒരു ലീറ്റർ

കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

കോൺഫ്ളോര്‍ – മൂന്നു വലിയ സ്പൂൺ

2. കരിക്കിൻ വെള്ളം – ഒരു കപ്പ്

പഞ്ചസാര – കാൽ കപ്പ്

ജെലറ്റിൻ – രണ്ടു വലിയ സ്പൂൺ, ഒന്നര ചെറിയ സ്പൂൺ വെള്ളത്തിൽ കുതിർത്തത്

3. റൈസ് വെർമിസെല്ലി വേവിച്ചത് – ഒരു കപ്പ്

ബേസിൽ സീഡ്സ് കുതിർത്തത് – അരക്കപ്പ്

നട്സ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കരിക്ക് പൊടിയായി അരിഞ്ഞത്, ആപ്പിൾ, പഴം, കുരു കളഞ്ഞ സീതപ്പഴം, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ വെള്ള നിറത്തിലുള്ള പഴങ്ങൾ – അരക്കപ്പ് വീതം

വനില ഐസ്ക്രീം – നാല്–അഞ്ച് സ്കൂപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു വലിയ പാനിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു തുടരെയിളക്കണം.

∙ നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കണം. ചൂടാറിയ ശേഷം ഈ കസ്റ്റഡ് ഫ്രിജിൽ‌ വച്ചു തണുപ്പിക്കുക.

∙ ജെല്ലി തയാറാക്കാൻ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ച്, ജെലറ്റിൻ ഉരുകുമ്പോൾ ഒരു പരന്ന പ്ലേറ്റിലേക്ക് ഒഴിക്കണം. ഫ്രിജിൽ വച്ചു സെറ്റ് ചെയ്യുക. സെറ്റായ ശേഷം അരയിഞ്ചു വലുപ്പമുള്ള ചതുരക്കഷണങ്ങളാക്കണം.

∙ ഫലൂഡ ഗ്ലാസിൽ അൽപം ബേസില്‍ സീഡ്സ് നിരത്തി, അതിനു മുകളിൽ തയാറാക്കിയ കസ്റ്റഡ് അൽപം ഒഴിക്കണം. അതിനു മുകളിൽ വെർമിസെല്ലി, നട്സ് നുറുക്കിയത്, കരിക്ക്, ഫ്രൂട്ട്സ് എന്നിവ അൽപം വീതം നിരത്തണം. ഇതിനു മുകളിൽ കഷണങ്ങളാക്കിയ കോക്കനട്ട് ജെല്ലി നിരത്തണം.

∙ അതിനു മുകളിൽ ഐസ്ക്രീമും നിരത്തുക.

∙ ഗ്ലാസിന്റെ ഉയരം അനുസരിച്ച്, ആവശ്യമായ ലെയറുകൾ സെറ്റ് ചെയ്ത് ഉടൻ വിളമ്പാം.

Tags:
  • Pachakam