ADVERTISEMENT

ഉച്ചയൂണിനു നേരമായാൽ കൊച്ചി ഹൈക്കോർട്ടിന്റെ നാലാം ഗേറ്റിന് അരികിലുള്ള കോമ്പാറ ജങ്ഷനിൽ ഒരു മണം പരക്കും. മത്തി എന്ന വിളിപ്പേരുള്ള ചാള, മുളകു പുരട്ടി വറുക്കുന്നതിന്റെ മണം. മണത്തിനു പുറകെ പോയാൽ ചെന്നെത്തുന്നതു തടിപ്പലക കൊണ്ടു ഭിത്തി തീർത്ത ഒരു കുഞ്ഞൻ കടയിലേക്ക്.

ഇതു മത്തിക്കട. 45 കൊല്ലം മുൻപ് വാസു തുടങ്ങിയ ഒരു ‘തിണ്ണക്കട’യാണ് ഇന്ന് മത്തിരുചിയിൽ പ്രശസ്തിയിലെത്തി നിൽക്കുന്നത്.  രണ്ടു മുറികളിലായി ആകെ 30 പേർക്ക് ഇരിക്കാനുള്ള സ്ഥലമേ ഉള്ളൂവെങ്കിലും മണി ഒന്നു കഴിഞ്ഞാൽ ഈ കടയ്ക്കുള്ളിലും പുറത്തുമെല്ലാം തിരക്കോടു തിരക്കു തന്നെ. ചുറ്റുവട്ടത്തുള്ള കോടതിയിലെ വക്കീലന്മാരും ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും മുതൽ ദൂരെ നിന്നു രുചിമണം പിടിച്ചെത്തുന്ന ഭക്ഷണപ്രേമികളുമായി മൂന്നു മണി വരെ കട ‘ഹൗസ്ഫുൾ’.

വാസുവിന്റെ മകൻ അനിൽകുമാർ ആണിപ്പോൾ കട നടത്തുന്നത്. ‘‘അച്ഛന്റെ പേരിലാണ് ഇന്നും കട അറിയപ്പെടുന്നത്.’’ എണ്ണയിൽ മുങ്ങിക്കിടന്നു ഡാൻസ് കളിക്കുന്ന മത്തി അരിപ്പത്തവി കൊണ്ടു മെല്ലേ ഇളക്കി വറുത്തു കോരുന്നതിനിടയിൽ അനിൽകുമാർ പറഞ്ഞു.‘‘എണ്ണയിൽ മുക്കിപ്പൊരിച്ചാണ് മീൻ വറുക്കുന്നത്. അധികം കരുകരുപ്പാകാതെ പാകത്തിനു വേവിൽ കോരണം.’’ മീനിനൊപ്പമുള്ള ഈ പൊടി മാത്രം മതി ഒരു പ്ലേറ്റ് ചോറുണ്ണാം. മീനിൽ പുരട്ടി വച്ചിരുന്ന വറ്റൽമുളകു ചതച്ചതാണ് ഈ പൊടിശ്രീമാൻ.

മീൻരുചിയുടെ മുഴുവൻ ക്രെഡിറ്റും അനിൽകുമാറിനുള്ളതാണ്. ചമ്പക്കര അല്ലെങ്കിൽ കടമക്കുടിയിൽ നിന്നാണ് മീൻ വാങ്ങുന്നത്. ‘‘നല്ല മീൻ വാങ്ങിയാൽ മാത്രം പോരാ. അതു പുരട്ടി വയ്ക്കുന്നതിലും നന്നായി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചില മീനിൽ മസാല പിടിച്ചെന്നു വരില്ല. അതു വറുത്താൽ രുചിയും ഉണ്ടാകില്ല.’’ വലിയ ഉരുളിയിൽ നിറയെ പുരട്ടി വച്ചിരിക്കുന്ന മത്തി കാണിച്ചു കൊണ്ട് അനിൽ പറഞ്ഞു. ഓരോ ദിവസവും അമ്പതു കിലോയോളം മീൻ ആണ് ഇവിടത്തെ ആവശ്യത്തിനു വാങ്ങുന്നത്. 

‘‘മീന്‍ നേരത്തെ പുരട്ടി വയ്ക്കുന്ന പരിപാടിയൊന്നുമില്ല. ആറ്–ഏഴ് കിലോ മത്തി ഒന്നിച്ച് ഉരുളിയിലാക്കി പുരട്ടി വയ്ക്കും. വിളമ്പു തുടങ്ങുന്ന സമയത്താണ് വറുക്കാനും തുടങ്ങുന്നത്. അതു തീരാറാകുമ്പോളാണ് അടുത്ത സെറ്റ് പുരട്ടി വയ്ക്കുക.’’ വറുക്കുന്നതിന്റെ മേൽനോട്ടം നടത്തി അനിൽകുമാർ പറഞ്ഞു.

എണ്ണയിൽ നിന്നു കോരിയെടുക്കുന്ന മത്തി അരിപ്പപ്പാത്രത്തിൽ വച്ച് എണ്ണ വലിഞ്ഞ ശേഷം ട്രേയിലേക്കു തട്ടുന്നു. അവിടെ നിന്നു നേരെ ചോറുണ്ണുന്ന ആളുടെ പാത്രത്തിലേക്ക്. ആളൊന്നുക്ക് മൂന്നു മത്തി എന്നതാണ് കണക്ക്. മത്തിയുടെ വലുപ്പച്ചെറുപ്പം അനുസരിച്ച് എണ്ണത്തിൽ കൂടുതലോ കുറവോ വന്നേക്കാം. എണ്ണം എങ്ങനെ ആയാലും കാശ് 60 രൂപ തന്നെ. തോരനും ഉലർത്തും മീൻ മുളകിട്ട കറിയും സാമ്പാറും മോരു കാച്ചിയതും ഉൾപ്പെടെ രുചികരമായ ഊണിന് 70 രൂപയും.

മത്തി വറുത്തതാണ് സ്പെഷൽ എങ്കിലും മറ്റുമീനുകളും മീൻകറിയും ചിക്കൻ വരട്ടിയതും ബീഫ് ഫ്രൈയും പോട്ടിക്കറിയുമെല്ലാം ഇവിടത്തെ താരങ്ങൾ തന്നെ. രാവിലെ ഏഴരയ്ക്കു തുടങ്ങും പ്രാതൽ. ഉച്ചഭക്ഷണം 12 മണി മുതൽ. വൈകുന്നേര കടികളും സന്ധ്യയ്ക്ക് ഏഴര വരെ പൊറോട്ട, ദോശ, ബീഫ് ഫ്രൈ, താറാവുമുട്ട തുടങ്ങിയ വിഭവങ്ങളും ലഭ്യം. മത്തി വറുത്തത് ഉച്ചയ്ക്കു മാത്രമാണ് വിളമ്പുന്നത്.

എണ്ണയിൽ കിടന്നു മൊരിഞ്ഞ വറ്റൽമുളകു ചതച്ചതും കൂട്ടി മത്തി വറുത്തതു കഴിച്ചു പുറത്തിറങ്ങിയാൽ തൊട്ടരികിൽ തന്നെ ടെസ്സി ചേച്ചിയുടെ കടയുണ്ട്. എരിവ് അടക്കാൻ പറ്റിയ ഉഗ്രൻ പച്ചമാങ്ങാ സർബത്തും കുടിക്കാം. ‘‘മത്തിക്കടയില്‍ സ്ഥിരം വരുന്നവർ കടയിലേക്കു കയറും മുൻപ് ഇവിടെ വന്ന് പച്ചമാങ്ങ സർബത്ത് ഓർഡർ ചെയ്തിട്ടു പോകും. കഴിച്ചു പുറത്തിറങ്ങി ഓടി വന്നു കുടിച്ചിട്ടു പോകും.’’ എരിയൻ മത്തിക്കു പുളിയൻ മാങ്ങ കൂട്ട്..

mathikada-kochi-two

മത്തി വറുത്തത്

1. മത്തി – ഒരു കിലോ

2. മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

4. വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാൻ

പാകം െചയ്യുന്ന വിധം

∙ മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു മീനിൽ നന്നായി പുരട്ടിപ്പിടിപ്പിക്കണം. ഇതിലേക്കു വറ്റൽമുളകു ചതച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ നന്നായി ചൂടായ വെളിച്ചെണ്ണയിലിട്ടു മുക്കിപ്പൊരിച്ചെടുക്കണം.

ADVERTISEMENT