ഒന്നൊന്നര ടേസ്റ്റിൽ കിടിലൻ മട്ടൺ ബിരിയാണി
Mail This Article
ആവശ്യമുള്ള ചേരുവകൾ
1. മട്ടൺ – ഒരു കിലോ
2. വെളുത്തുള്ളി – 50 ഗ്രാം
ഇഞ്ചി – 50 ഗ്രാം
പച്ചമുളക് – 100 ഗ്രാം
3. കസ്കസ് – രണ്ടു ചെറിയ സ്പൂൺ
4. എണ്ണ – 250 ഗ്രാം
5. സവാള – 500 ഗ്രാം(നീളത്തിൽ കനം കുറച്ചരിഞ്ഞത്)
6. തൈര് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
7. മല്ലിയില അരിഞ്ഞത് – ഒരു കപ്പ്
പുതിനയില അരിഞ്ഞത് – അരക്കപ്പ്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
8. ബസ്മതി അരി – ഒരു കിലോ
9. കശുവണ്ടിപ്പരിപ്പ് – മൂന്നു സ്പൂൺ
ഉണക്കമുന്തിരി – രണ്ടു സ്പൂൺ
10. ഗരംമസാലപ്പൊടി – പാകത്തിന്
11. പനിനീർ – രണ്ടു സ്പൂൺ
12. മഞ്ഞ ഫൂഡ് കളർ/കുങ്കുമപ്പൂവ് – അൽപം
പാകം ചെയ്യുന്ന വിധം
∙ മട്ടൺ കഴുകി കഷണങ്ങളാക്കി വയ്ക്കുക.
∙ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വെവ്വേറെ ചതച്ചു വയ്ക്കുക.
∙ കസ്കസ് മയത്തിൻ അരച്ചു വയ്ക്കുക.
∙ ചുവടുകട്ടിയുള്ള പാനിൽ പകുതി എണ്ണയൊഴിച്ച് അതിൽ പകുതി സവാളയിട്ടു വഴറ്റുക. നിറം മാറിത്തുടങ്ങുമ്പോൾ ചതച്ച ചേരുവകൾ ഓരോന്നായി ചേർക്കുക.
∙ മൂത്ത മണം വരുമ്പോൾ ഇറച്ചി ചേർത്തു നന്നായി ഇളക്കുക. ഇതിൽ തൈരും കസ്കസും ഉപ്പും അരക്കപ്പു വെള്ളവും ചേർത്തിളക്കി പാത്രം മൂടി വച്ചു ചെറുതീയിൽ വേവിക്കുക. ഇറച്ചി പകുതി വേവാകുമ്പോൾ ആറാമത്തെ ചേരുവ ചേർക്കുക. ഇറച്ചി വെന്തു വെള്ളം വറ്റിയാൽ വാങ്ങി വയ്ക്കുക.
∙ ബാക്കിയുള്ള എണ്ണ ചൂടാക്കി ബാക്കി സവാള ചേർത്ത് ഗോൾഡൻ നിറത്തിൽ വറുക്കുക. ഇതിൽ കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേർത്തു വറുത്തു കോരി എടുക്കുക. ഇതേ എണ്ണയിൽ കഴുകി വെള്ളം വാർന്ന അരി ചേർത്ത് അൽപസമയം തുടരെയിളക്കി മൃദുവാകുമ്പോൾ പാകത്തിനു തിളച്ച വെള്ളവും ഉപ്പും ചേർത്തു മൂടി വച്ചു വേവിക്കുക. വെള്ളം വറ്റി അരി വേവണം.
∙ തയാറാക്കിയ ഇറച്ചിയിൽ അൽപം ഗരംമസാലപ്പൊടി വിതറി മുകളിൽ ഒരു ഭാഗം ചോറ് ഇടുക. ഇതിനു മുകളിലായി പനിനീരിൽ കലക്കിയ ഫൂഡ് കളർ കുടഞ്ഞ് അതിനു മുകളിൽ അൽപം ഗരംമസാലപ്പൊടിയും സവാള വറുത്തതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറണം.
∙ ഇതിനു മുകളിൽ ബാക്കി ചോറിട്ട് കട്ടിയുള്ള അടപ്പു കൊണ്ടു മൂടി മുകളിൽ കനലിട്ട് പത്തു മിനിറ്റ് ചെറുതീയിൽ വയ്ക്കുക. അവ്നിൽ വച്ച് അൽപ സമയം ബേക്ക് ചെയ്തെടുത്താലും മതി.
∙ മുകളിൽ സവാള വറുത്തതു വിതറി ചട്നിക്കോ തൈരു ചട്നിക്കോ ഒപ്പം വിളമ്പാം.
ടിപ് : ഗരംമസാല തയ്യാറാക്കാൻ ഒരു കഷണം കറുവാപ്പട്ട, രണ്ട് ഏലയ്ക്ക, രണ്ടു ഗ്രാമ്പൂ, ജാതിക്കയുടെ കാൽഭാഗം, അര സ്പൂൺ വീതം പെരുംജീരകം, ജീരകം, സാധാരണ ജീരകം, ഒരു ജാതിപത്രി എന്നിവ ഉണക്കി പൊടിച്ചെടുത്താൽ മതി..