കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴഞ്ചൊല്ല്. പഴവും പപ്പടവും പായസവും ഓണക്കറികളുമായി സദ്യയില്ലാത്ത ഓണം ചിന്തിക്കാൻ പോലും നമുക്ക് ആവില്ല എന്നതാണ് സത്യം. തീയില്ലാതെ തയാറാക്കാവുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ഇത്തവണത്തെ വനിത പാചകത്തിന്റെ ഹൈലൈറ്റ്. കുറഞ്ഞ അളവിൽ മഴവിൽ നിറങ്ങളിൽ പോഷകസമൃദ്ധമായ വിഭവങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യകരം മാത്രമല്ല, കുറഞ്ഞ സമയം കൊണ്ടു തയാറാക്കാവുന്നവയുമാണ് ഇവ.
വനിത പാചകത്തിനു വേണ്ടി ഓ ണസദ്യ തയാറാക്കിയത് പാഞ്ചാലിമേട് ക്ലിനിക് ഫോർ നാച്വറൽ മെഡിസിൻ ‘പ്രകൃതിശക്തി’ യിലെ സീനിയർ മാസ്റ്റർ ഷെഫ് ഗിരീഷ്കുമാർ പി. സി. ആണ്.
ഇഞ്ചിപ്പുളി

1. ഈന്തപ്പഴം – 50 ഗ്രാം
2. ഇഞ്ചി പൊടിയായി അരിഞ്ഞത് – 100 ഗ്രാം
വാളൻപുളി – 50 ഗ്രാം, പിഴിഞ്ഞത്
പച്ചമുളക് പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
കായം കലക്കിയ വെള്ളം – അര ചെറിയ സ്പൂൺ
കല്ലുപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
∙ ഈന്തപ്പഴം അരി കളഞ്ഞ് 50 മില്ലി വെള്ളത്തി ൽ മയത്തിൽ അരച്ചു വയ്ക്കുക.
∙ ഇതിലേക്ക് ബാക്കി ചേരുവകൾ ചേർത്തു യോ ജിപ്പിച്ചു വിളമ്പാം.
മാങ്ങ അച്ചാർ
1. പച്ചമാങ്ങ ഗ്രേറ്റ് ചെയ്തത് – 200 ഗ്രാം
കല്ലുപ്പ് – പാകത്തിന്
2. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കായം കലക്കിയ വെള്ളം – ഒരു ചെറിയ സ്പൂൺ
തയാറാക്കുന്ന വിധം
∙ പച്ചമാങ്ങയിൽ ഉപ്പു ചേർത്തു യോജിപ്പിച്ചു ര ണ്ടു ദിവസം വയ്ക്കണം.
∙ ഇതിൽ മഞ്ഞൾപ്പൊടിയും കായം കലക്കിയ വെള്ളവും ചേർത്തിളക്കി ഉപയോഗിക്കാം.
പച്ചടി

1. തേങ്ങ ചുരണ്ടിയത് – 100 ഗ്രാം
കടുക് – ഒരു നുള്ള്
തേങ്ങാപ്പാൽ – 50 മില്ലി
2. കുമ്പളങ്ങ അൽപം വലുപ്പത്തിൽ ഗ്രേറ്റ് ചെയ്തത് – 300 ഗ്രാം
ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
പച്ചമുളക് – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
കല്ലുപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.
∙ ഇത് രണ്ടാമത്തെ ചേരുവയിൽ ചേർത്ത് യോജിപ്പിക്കുക.
ബീറ്റ്റൂട്ട്കിച്ചടി
1. തേങ്ങ ചുരണ്ടിയത് – 70 ഗ്രാം
തേങ്ങാപ്പാൽ – 50 മില്ലി
കടുക് – ഒരു ചെറിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് – 125 ഗ്രാം
കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക.
∙ ഇതിൽ ബീറ്റ്റൂട്ടും കറിവേപ്പിലയും ചേർക്കത്തു യോജിപ്പിച്ച് ഉപ്പും നാരങ്ങനീരും പാകത്തിനാക്കി വാങ്ങാം.
ഓലൻ

1. കുമ്പളങ്ങ – 50 ഗ്രാം, കനം കുറഞ്ഞ ചതുരക്കഷണങ്ങൾ ആക്കിയത്
പടവലങ്ങ – 20 ഗ്രാം, നീളത്തിൽ കനം കുറഞ്ഞ കഷണങ്ങളാക്കിയത്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
2. കട്ടിത്തേങ്ങാപ്പാൽ – 100 മില്ലി
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ തേങ്ങാപ്പാലിൽ ചേർത്തു യോജിപ്പിക്കുക.
കാളൻ
1. തേങ്ങ ചുരണ്ടിയത് – 50 ഗ്രാം
തേങ്ങാപ്പാൽ – 50 മില്ലി ഏത്തപ്പഴം അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ജീരകം ചതച്ചത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
കുരുമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ
ഈന്തപ്പഴം അരച്ചത് – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
കല്ലുപ്പ് – പാകത്തിന്
2. ഏത്തപ്പഴം – 200 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്
തയാറാക്കുന്ന വിധം
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക.
∙ ഇത് ഏത്തപ്പഴത്തിൽ ചേർത്ത് ഉപ്പും നാരങ്ങാനീരും പാകത്തിനാക്കുക.
എരിശ്ശേരി

1. തേങ്ങ ചുരണ്ടിയത് – 100 ഗ്രാം
തേങ്ങാപ്പാൽ – 50 മില്ലി
ജീരകം – മുക്കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
കറിവേപ്പില – ഒരു തണ്ട്
കല്ലുപ്പ് – പാകത്തിന്
2. മഞ്ഞനിറമുള്ള മത്തങ്ങ – 100 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്
ചെറുപയർ മുളപ്പിച്ചത് – 50 ഗ്രാം
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക.
∙ ഇതിൽ മത്തങ്ങയും പയറും ചേർത്തു യോജിപ്പിക്കാം.
പുളിശ്ശേരി
1. തേങ്ങ ചുരണ്ടിയത് – 100 ഗ്രാം
മാമ്പഴം കഷണങ്ങളാക്കിയത് – 50 ഗ്രാം
ചുവന്നുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, അരി കളഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
തേങ്ങാപ്പാൽ – 100 മില്ലി
2. മാമ്പഴം – അരക്കിലോ, കഷണങ്ങൾ ആക്കിയത്
ഇഞ്ചി തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
കറിവേപ്പില – നാല് ഇതൾ
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക.
∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വിളമ്പാം.
മധുരക്കറി

1. ഉണക്കമുന്തിരി – 30 ഗ്രാം
2. തേങ്ങ ചുരണ്ടിയത് – 100 ഗ്രാം
തേങ്ങാപ്പാൽ – 50 മില്ലി
ജീരകം – അര ചെറിയ സ്പൂൺ
പൈനാപ്പിൾ – 30 ഗ്രാം
വെളുത്തുള്ളി – രണ്ട് അല്ലി
മഞ്ഞൾപ്പൊടി – ഒരു നുള്ള്
കല്ലുപ്പ് – പാകത്തിന്
ഈന്തപ്പഴം അരച്ചത് – ഒരു ചെറിയ സ്പൂൺ
3. പൈനാപ്പിൾ ചതുരക്കഷണങ്ങൾ ആക്കിയത് – 100 ഗ്രാം
തയാറാക്കുന്ന വിധം
∙ ഉണക്കമുന്തിരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഊറ്റി വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക.
∙ ഇതിൽ ഉണക്കമുന്തിരി കുതിർത്തതും പൈനാപ്പിളും ചേർത്തു യോജിപ്പിച്ച് വിളമ്പാം.
തോരൻ
1. കാബേജ് പൊടിയായി അരിഞ്ഞത് – 100 ഗ്രാം
കാരറ്റ് പൊടിയായി അരിഞ്ഞത് – 100 ഗ്രാം
സവാള പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
2. തേങ്ങ ചുരണ്ടിയത് – രണ്ടു ചെറിയ സ്പൂൺ
കുരുമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
ഉലുവ – ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
3. കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഏതാനും സെക്കൻ്ഡ് മിക്സിയിൽ അടിക്കുക.
∙ രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരയ്ക്കുക.
∙ ഇത് ഒന്നാമത്തെ ചേരുവയിൽ ചേർത്തു യോജിപ്പിച്ച് ഉപ്പും കറിവേപ്പിലയും പാകത്തിനാക്കുക.
അവിയൽ

1. തേങ്ങ ചുരണ്ടിയത് – 100 ഗ്രാം
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ചുവന്നുള്ളി അരിഞ്ഞത് – 30 ഗ്രാം
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ജീരകം – രണ്ടു നുള്ള്
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. കാരറ്റ് – 100 ഗ്രാം, അര സെന്റിമീറ്റർ കനത്തിലും അഞ്ചു സെന്റിമീറ്റർ നീളത്തിലും അരിഞ്ഞത്
പടവലങ്ങ – 50 ഗ്രാം, അര സെന്റിമീറ്റർ കനത്തിലും അഞ്ചു സെന്റിമീറ്റർ നീളത്തിലും അരിഞ്ഞത്
വെള്ളരിക്ക – 100 ഗ്രാം, അര സെന്റിമീറ്റർ കനത്തിലും അഞ്ചു സെന്റിമീറ്റർ നീളത്തിലും അരിഞ്ഞത്
ഇഞ്ചി തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ കഷണങ്ങളാക്കിയത് – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ തരുതരുപ്പായി അരയ്ക്കുക.
∙ ഇത് രണ്ടാമത്തെ ചേരുവയിൽ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
സാമ്പാർ
1. കരിക്ക് ചുരണ്ടിയത് – 100 ഗ്രാം
തക്കാളി – 100 ഗ്രാം
ചുവന്ന കാപ്സിക്കം – 50 ഗ്രാം
വാളൻപുളി – 10 ഗ്രാം
കായം കലക്കിയ വെള്ളം – അഞ്ചു മില്ലി
സ്പ്രിങ് അണിയൻ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
സാമ്പാർപൊടി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – ഒരു ചെറിയ സ്പൂൺ
വെള്ളം – 100 മില്ലി
2. കാരറ്റ് ചതുരക്കഷണങ്ങളാക്കിയത് – 50 ഗ്രാം
തക്കാളി ചതുരക്കഷണങ്ങളാക്കിയത് – 50 ഗ്രാം
വെള്ളരിക്ക ചതുരക്കഷണങ്ങൾ ആക്കിയത് – 50 ഗ്രാം
കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.
∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു പാകത്തിനു വെള്ളം ചേർത്ത് അയവിലാക്കണം.
രസം

1. മല്ലി – രണ്ടു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
കായം – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
2. വാളൻപുളി പിഴിഞ്ഞത് – 50 മില്ലി
ഈന്തപ്പഴം അരച്ചത് – 50 ഗ്രാം
3. വെള്ളം – 500 മില്ലി
4. തക്കാളി പൊടിയായി അരിഞ്ഞത് – 250 ഗ്രാം
പച്ചമുളക് പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ചതച്ചു വയ്ക്കുക.
∙ വാളൻപുളി പിഴിഞ്ഞതും ഈന്തപ്പഴവും വെള്ളം ചേർത്ത് യോജിപ്പിച്ചു വയ്ക്കണം.
∙ ഇതിലേക്ക് ചതച്ച ചേരുവകൾ ചേർത്തു യോജിപ്പിക്കുക.
∙ നാലാമത്തെ ചേരുവ ചേർത്ത് ഉപ്പു പാകത്തിനാക്കി വിളമ്പാം.
സംഭാരം
1. കറിവേപ്പില – രണ്ടു തണ്ട്
ഇഞ്ചി – 20 ഗ്രാം
ചുവന്നുള്ളി – 30 ഗ്രാം
പച്ചമുളക് – ഒന്ന്
2. കട്ടി കുറഞ്ഞ തേങ്ങാപ്പാൽ – ഒരു ലീറ്റർ
3. നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
കല്ലുപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ചതയ്ക്കുക.
∙ ഇതിൽ തേങ്ങാപ്പാൽ ചേർത്തു യോജിപ്പിച്ച ശേഷം ഉപ്പും നാരങ്ങാനീരും ചേർത്തു വിളമ്പാം.
റോ റൈസ്

1. കോളിഫ്ളവർ – അരക്കിലോ
2. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
∙ കോളിഫ്ളവർ വൃത്തിയാക്കി പൂക്കളായി അ ടർത്തി വയ്ക്കണം.
∙ ഇതിലേക്കു കശുവണ്ടിപ്പരിപ്പും ഉപ്പും ചേർത്ത് മിക്സിയിൽ പൾസ് മോഡിൽ അടിച്ച് എ ടുക്കുക.
പപ്പടം
1. ബദാം പൊടിച്ചത് –100 ഗ്രാം
കശുവണ്ടിപ്പരിപ്പ് പൊടിച്ചത് – 100 ഗ്രാം
ഓട്സ് പൊടിച്ചത് – 100 ഗ്രാം
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 100 ഗ്രാം
നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
കല്ലുപ്പ് – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – 50 ഗ്രാം
ന്യൂട്രീഷനൽ യീസ്റ്റ് – ഒരു ചെറിയ സ്പൂൺ
വെള്ളം – 200 മില്ലി
കായം – ഒരു ചെറിയ സ്പൂൺ
2. എള്ള് – 20 ഗ്രാം
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മിക്സിയിൽ അടിച്ചു വയ്ക്കുക.
∙ ഈ മിശ്രിതം ഓരോ സ്പൂൺ വീതം ഡീഹൈഡ്രേറ്റർ ഷീറ്റിൽ വച്ചു പപ്പടത്തിന്റെ വലുപ്പത്തിൽ പരത്തുക.
∙ മുകളില‍്‍ എള്ളു വിതറി 450Cൽ 40 മണിക്കൂർ ഡീഹൈഡ്രേറ്റ് ചെയ്തെടുക്കാം.
സേമിയ പായസം

1. കരിക്ക് അടിച്ചത് – 200 ഗ്രാം
2. തേങ്ങാപ്പാൽ – 200 മില്ലി
3. ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
തേൻ – 50 ഗ്രാം
4. കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – 50 ഗ്രാം
ഉണക്കമുന്തിരി – 50 ഗ്രാം
തയാറാക്കുന്ന വിധം
∙ 150 ഗ്രാം കരിക്കിൻ കാമ്പ് വെർമിസെല്ലി പോ ലെ കനം കുറഞ്ഞ് നീളമുള്ള കഷണങ്ങളാക്കി വയ്ക്കുക.
∙ 50 ഗ്രാം കരിക്ക് തേങ്ങാപ്പാൽ ചേർത്ത് അടിച്ചു വയ്ക്കണം.
∙ ഇതിൽ തേനും ഏലയ്ക്കാപ്പൊടിയും കരിക്കു കഷണങ്ങളും ചേർത്തു യോജിപ്പിക്കുക.
∙ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.
പ്രഥമൻ
1. ഏത്തപ്പഴം – 200 ഗ്രാം
2. കട്ടിത്തേങ്ങാപ്പാൽ – 100 മില്ലി
ഈന്തപ്പഴം അരച്ചത് – 150 ഗ്രാം
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
3. കശുവണ്ടിപ്പരിപ്പ് പിളർന്നത് – ഒരു ചെറിയ സ്പൂൺ
ഉണക്കമുന്തിരി – ഒരു ചെറിയ സ്പൂൺ
എള്ള് – ഒരു നുള്ള്
തയാറാക്കുന്ന വിധം
∙ ഏത്തപ്പഴം ഒരു ഫോർക്ക് കൊണ്ട് ഉടയ്ക്കുക.
∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു ഫോർക്ക് കൊണ്ടു നന്നായി അടിച്ചു യോജിപ്പിച്ചു വ യ്ക്കുക.
∙ മൂന്നാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്; gireesh kumar P. C., Senior Master Chef, Prakriti Shakti, Clinic of Natural Medicine, By CGH Earth Panchalimedu, Idukki