എന്നാണ് ആദ്യമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചതെന്ന് ഓർമയുണ്ടോ? ആദ്യ ജോലി കിട്ടിയപ്പോഴോ, ലോൺ എടുക്കുന്നതിന്റെ ഭാഗമായോ ഒക്കെയാകുമല്ലേ? എന്നാലിന്ന് ഒരു കുഞ്ഞു ജനിക്കുമ്പോൾ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഇതിനായി കുഞ്ഞിന്റെ ബെർത് സർട്ടിഫിക്കറ്റ് മാത്രം മതി.
പാൻ കാർഡും മറ്റ് രേഖകളും അമ്മയുടെയോ അ ച്ഛന്റെയോ നൽകാം. ഒരു വർഷത്തിനുള്ളിൽ കുഞ്ഞിന്റെ ആധാർ വിവരങ്ങൾ ബാങ്കില്‍ നൽകണം. കുഞ്ഞിനു സമ്മാനമായി കിട്ടുന്ന പണം ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം.
അതേ അക്കൗണ്ടിൽ ഒരു എസ്ഐപി കൂടി ആരംഭിക്കാം. കുട്ടിക്കു വരുമാനമാകുന്നതുവരെ മാതാപിതാക്കൾക്ക് എസ്ഐപി അടയ്ക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റും പണം ആവശ്യമായി വരുമ്പോൾ ഈ തുക ഉപകരിക്കും. അക്കൗണ്ടിലെ തുകയുടെ വലുപ്പത്തിനപ്പുറം സമ്പാദ്യശിലത്തിന്റെ നല്ല വശങ്ങൾ ഇതുവഴി കുട്ടികൾക്കു പകർന്നു നൽകാം.
കുട്ടികളറിയട്ടെ സാമ്പത്തിക സ്വാതന്ത്ര്യം
എത്ര നേരത്തെ പണം കൈകാര്യം ചെയ്യാൻ അനുവദിക്കുന്നുവോ അത്ര നേരത്തെ കുട്ടി സാമ്പത്തിക അച്ചടക്കത്തിന്റെ ബാലപാഠങ്ങൾ അറിഞ്ഞു തുടങ്ങും. വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുമ്പോഴും ഷോപ്പിങ്ങിനു പോകുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടാം. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ തരം തിരിച്ചു സാധനങ്ങൾ വാങ്ങാൻ കുട്ടികളെ പഠിപ്പിക്കണം.
സാധനങ്ങളുടെ വിലയും അളവുമെല്ലാം താരതമ്യം ചെയ്യാൻ അവരെ പ്രാപ്തരാക്കണം. കുട്ടിക്ക് ഒരു പിഗ്ഗി ബാങ്ക് സമ്മാനിക്കുന്നതും ഗുണകരമാണ്. ഗ്ലാസ് പിഗ്ഗി ബാങ്ക് ആണെങ്കിൽ അതു നിറയുന്നതു കാണാൻ കുട്ടിക്കും കൗതുകമുണ്ടാകും. ജാർ നിറയുമ്പോൾ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ഏറെ നാൾ അവർ കാത്തിരുന്ന എന്തെങ്കിലും വാങ്ങുകയോ ചെയ്യാം. പണം സ്വരുക്കൂട്ടി വച്ച് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ പ്രാധാന്യം ഇതുവഴി അവർക്കു മനസ്സിലാകും. അൽപം മുതിർന്ന കുട്ടികളെ ഒറ്റയ്ക്കു കടയിലേക്കു വിടുന്നതു കുട്ടികളിൽ സാമ്പത്തിക സ്വാതന്ത്ര്യബോധം വർധിപ്പിക്കും.
പോക്കറ്റ് മണി എപ്പോൾ മുതൽ?
പോക്കറ്റ് മണി നൽകാൻ കൃത്യമായി ഒരു പ്രായം പറയാനാകില്ല. അത്യാവശ്യങ്ങൾക്ക് ഉപകരിക്കാനുള്ളതാണ് പോക്കറ്റ് മണിയെന്ന അറിവു തുടക്കത്തിൽ തന്നെ കുട്ടിക്കു നൽകുക. സ്കൂളിലേക്ക് ഒറ്റയ്ക്കു പോയിത്തുടങ്ങുമ്പോൾ മുതൽ പോക്കറ്റ് മണി നൽകാം.
എല്ലാ ദിവസവും കുട്ടികൾക്കു പണം നൽകുന്നതു ന ല്ല പ്രവണതയല്ല. ഇതിനുപകരം മാസാദ്യം ഒരു നിശ്ചിത തുക കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ഇതൊടൊപ്പം എടിഎം ഉപയോഗിക്കാനും അവരെ പഠിപ്പിക്കണം.
അക്കൗണ്ടിലുള്ള തുക യഥേഷ്ടം ചെലവാക്കാമെന്ന തെറ്റിധാരണ കുട്ടിയുടെ ഉള്ളിലുണ്ടായേക്കാം. ഇത്ര രൂപ ചെലവാക്കാം ഇത്ര രൂപ എസ്ഐപിയിലേക്ക് പോകേണ്ടതാണ് എന്ന ഐഡിയ നൽകിയാൽ മാത്രമേ സേവിങ്സ് എന്ന ചിന്ത വളരുകയുള്ളൂ.
കുട്ടികളുടെ യാത്രാചെലവ്, സ്കൂൾ ബസിൽ പോകുന്ന കുട്ടിക്ക് ബസ് മിസ് ആയാൽ വീട്ടിലേക്കു വരാനുള്ള പണം, അത്യാവശ്യമെങ്കിൽ, ഭക്ഷണം കഴിക്കാൻ വേണ്ട തുക തുടങ്ങി പല കാര്യങ്ങൾ കണക്കിലെടുത്തു വേണം പോക്കറ്റ് മണി നിശ്ചയിക്കാൻ. ദിവസവും എത്ര രൂപ ചെലവായി എന്നു ചോദിച്ചു കുട്ടികളെ പേടിപ്പിക്കരുത്.
നിയന്ത്രണത്തേക്കാൾ ഫലം ചെയ്യുന്നത് എപ്പോഴും കുട്ടികളെ തുല്യരായി കാണുന്നതാണ്. അത്യാവശ്യങ്ങൾക്കായി കുറച്ചു പണം കയ്യിൽ നൽകാം. പതിവായി മിഠായി കഴിച്ചു പണം തീർക്കുകയാണെങ്കിൽ വീണ്ടും പണം നൽകരുത്. ഇതുവഴി പണത്തിന്റെ പ്രാധാന്യവും അതു ചെലവാക്കേണ്ട രീതിയും അവർ പഠിക്കും.
വിവരങ്ങൾക്ക് കടപ്പാട്:
നിഖിൽ ഗോപാലകൃഷ്ണൻ
പെന്റാഡ് സെക്യൂരിറ്റീസ്