മാറ്റം തുടങ്ങേണ്ടത് നമ്മൾ മാതാപിതാക്കളിൽ നിന്നു തന്നെയാണ് എന്ന പ്രസക്തമായ സന്ദേശമാണു മെയ്ത്ര– വനിത സ്പർശം സെമിനാറിൽ സ്വാതി ജഗദീഷ് പങ്കുവച്ചത്. ജൂലൈ 27 ന് മെയ്ത്ര ഹോസ്പിറ്റലിന്റെ സെമിനാർ ഹാളിൽ ‘പേരന്റിങ് ഇൻ ഡിജിറ്റൽ എറ’ എന്ന സെമിനാറിന്റെ മുഖ്യ പ്രാസംഗികയായി പേരന്റിങ് കോച്ചും സെക്സ് എജ്യുക്കേറ്ററുമായി സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾക്കു സുപരിചിതയായ സ്വാതി ജഗദീഷ് എത്തി.
രാവിലെ പത്തിനു തുടങ്ങിയ സെമിനാർ ഉച്ചയ്ക്ക് ഒരു മണിക്കാണ് അവസാനിച്ചത്. അതിനിടയിൽ വിരസതയുടെ ഒരു നിമിഷം പോലും കടന്നു വന്നതേയില്ല. ചിലർ കുട്ടികളെയും ചിലർ മാതാപിതാക്കളെയും കൂട്ടിയെത്തിയതു സെമിനാറിന്റെ വിജയത്തിനു തെളിവായി.
മെയ്ത്ര ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സാന്ദ്ര എസ്. പ്രകാശിന്റെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. തുടർന്നു മെയ്ത്ര ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാഗം ഇൻ–ചാർജ് ആൻഡ് സീനിയർ കൺസൽറ്റന്റ് ഡോ. ഭരണി ആനന്ദ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പരിപാടിയുടെ മുഖ്യ പ്രഭാഷണവുമായി ഡോ. മിന്നു ജയൻ, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് പങ്കെടുത്തു. കുട്ടികൾക്കു സമ്മാനമായി ഡിജിറ്റൽ ഗാഡ്ജറ്റുകൾ നൽകുന്ന കാലത്താണു നമ്മളുള്ളതെന്നു ഡോക്ടർ ഓർമിപ്പിച്ചു. അതുകൊണ്ട് തന്നെ കുട്ടികളോടു ‘നോ’ പറയുന്നതു പോലെ ചില കാര്യങ്ങൾക്കു സ്വയം‘നോ’ പറയാൻ ശീലിക്കാം എന്നോർമിപ്പിച്ചാണു ഡോ. മിന്നു സെമിനാറിന് ആശംസകൾ നേർന്നത്. മലയാള മനോരമ ഡെപ്യൂട്ടി ജനറൽ മാനേജർ ഗോപൻ. സിയുടെ നന്ദി പ്രസംഗത്തോടു കൂടി ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞു സെമിനാറിലേക്ക്...

കാണുന്നു അനുകരിക്കുന്നു
വിവരങ്ങൾ വന്നു നിറയുന്ന കാലഘട്ടത്തിൽ ജീവിക്കുമ്പോൾ നമ്മൾ ബോധമനസ്സിനെ കുറിച്ചും ഉപബോധ മനസ്സിനെക്കുറിച്ചുമൊക്കെ മനസ്സിലാക്കുന്നതു നന്നാകും എന്നു പറഞ്ഞാണ് സ്വാതി ജഗദീഷ് സെമിനാർ ആരംഭിച്ചത്. പ്രശസ്ത തെറപ്പിസ്റ്റായ മാരിസ പിയറിനേയും അതിപ്രശസ്തമായ മിൽഗ്രാം പരീക്ഷണവും ബൈസ്റ്റാൻഡർ ഇഫക്റ്റും ഒക്കെ പരാ മർശിച്ചു മനുഷ്യരുടെ പെരുമാറ്റത്തിലുണ്ടാകുന്ന വ്യത്യാസങ്ങളെയും പെരുമാറ്റ വൈകല്യങ്ങളെയും കുറിച്ചും പറഞ്ഞു വച്ചു.
പണ്ട് വീട്ടിലും ചുറ്റുമുണ്ടായിരുന്ന കാര്യങ്ങളേയും മനുഷ്യരെയും മാത്രം കണ്ടു വളർന്നിരുന്ന കുട്ടിക്കാലം മാറി ഇന്നു സാമൂഹിക മാധ്യമങ്ങളുടെ വരവോടെ ലോകത്താകമാനമുള്ള കാര്യങ്ങൾ കുട്ടികൾ ദിവസേന കാണുന്നുണ്ട്. സന്തോഷമേകുന്ന േഹാർമോണായ ഡോപമിൻ ആവശ്യത്തിലേറെ ഇതുവഴി കിട്ടുന്നുമുണ്ട്. കുട്ടികൾക്ക് ബോറടിക്കാനുള്ള അവസരം പലപ്പോഴും ഇന്നത്തെ മാതാപിതാക്കൾ നൽകാറില്ല, എന്നാൽ ബോറടിക്കുമ്പോഴാണ് കുട്ടി വെറുതേയിരിക്കാനും ക്രിയേറ്റീവായി ചിന്തിക്കാനും ക്ഷമയോടെ സമയമെടുത്തു ചെയ്യുന്ന ദൈനംദിന കാര്യങ്ങളിൽ നിന്നു പോലും സന്തോഷിക്കാമെന്നൊക്കെ പഠിക്കുന്നത്.
ഇന്ന് പക്ഷേ, പല മാതാപിതാക്കളും തങ്ങളുടെ സമയത്തിൽ ഭൂരിഭാഗവും ചെലവഴിക്കുന്നതു ഫോണിലാകും. ഇതു പലപ്പോഴും കുട്ടികളും അനുകരിക്കും. നമുക്ക് എന്തെങ്കിലും കാര്യം ചെയ്തു തീർക്കാനോ മറ്റോ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ ചെയ്യാനായി കുട്ടിക്കു ഫോൺ കൊടുക്കുന്ന രീതിയുമുണ്ട്. ഈ ഫോൺ കാഴ്ചയാണു ഡോപമിൻ വർധനവ് ഉണ്ടാക്കുക, ഒന്നും ആവോളം ആസ്വദിക്കാൻ പറ്റാതെ പുതിയതു കിട്ടിക്കൊണ്ടിരിക്കണം എന്നും തോന്നിക്കുക.
ഫോണിനായി ‘ഒരിടം’ കണ്ടെത്തി ആവശ്യം കഴിഞ്ഞ് അവിടെ തന്നെ വയ്ക്കുന്നത് ശീലിക്കാം, ഫോണും മറ്റ് ഗാഡ്ജറ്റുകളും ഉപയോഗിക്കാൻ നിശ്ചിത സമയം വയ്ക്കാം തുടങ്ങിയ കാര്യങ്ങൾ പരീക്ഷിക്കാമെന്നും സ്വാതി ഓർമിപ്പിച്ചു.
പേരന്റൽ ബേൺഔട്ട്
കുട്ടികളുടെ കാര്യം നോക്കിയും വീട്ടുകാര്യങ്ങളും സ്വന്തം കാര്യവും എല്ലാം ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ പല നവയുഗ മാതാപിതാക്കളും അനുഭവിക്കുന്ന പ്രതിസന്ധിയാണു പേരന്റൽ ബേൺഔട്ട്. പ്രത്യേകിച്ചും സഹായിക്കാൻ ആളുകളില്ലാത്തവരും ദൂരദേശങ്ങളിൽ താമസിക്കുന്നവരും. ഈ അവസ്ഥയ്ക്കു പരിഹാരം കാണുന്നതു പല പ്രശ്നങ്ങളും ഒഴിവാക്കും.
പേരന്റൽ ബേൺഔട്ടിന്റെ ചില ലക്ഷണങ്ങൾ:
∙ പിരുപിരുപ്പ്, സ്ഥിരമായുള്ള മോശം മാനസികാവസ്ഥ
∙ വൈകാരിക അകൽച്ച
∙ കുട്ടികളോട് സ്ഥിരമായി ദേഷ്യപ്പെടുക/ ചൊടിക്കുക
∙ സ്ഥിരമായ തളർച്ച/ ക്ഷീണം
∙ ആരോഗ്യം ക്ഷയിക്കുക
∙ എന്തിനോടെങ്കിലുമുള്ള ആസക്തി
ഇവ കണ്ടാൽ വൈകാതെ മാനസികാരോഗ്യം മെച്ചപ്പെടാനുള്ള പരിഹാരം കാണുക.
ഉത്സാഹത്തോടെ ചോദ്യോത്തരങ്ങൾ
1. പേരന്റിങ് കോച്ചാകാമെന്ന തീരുമാനമെടുക്കാൻ സ്വാതിയെ പ്രേരിപ്പിച്ച കാര്യമെന്താണ്?
മകൾ മായ ജനിച്ചതാണു ജീവിതത്തിലെ ടേണിങ് പോയിന്റ്. അതോടെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങി. ഈ കാര്യങ്ങളെ പഴയതിൽ നിന്നു വ്യത്യസ്തമായി എങ്ങനെ സമീപിക്കാം എന്ന ചിന്തയും വന്നു. അനുഭവത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കാം എന്ന ഉദ്ദേശത്തിലാണു പേരന്റൽ കോച്ചിങ്ങ് തുടങ്ങിയത്.
2. കുട്ടികൾക്കു ഫോണും മറ്റും നൽകുന്നത് ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം?
ഇത്ര സമയത്തേക്കാണു തരുന്നതെന്ന് ആദ്യമേ പറയാം. കുട്ടിയും മാതാപിതാക്കളും ശാന്തമായി സംസാരിച്ച് ഈ കാര്യത്തിൽ ധാരണയിലെത്തിയാൽ പ്രശ്നങ്ങൾ കുറയ്ക്കാം.
3. എന്താണു ഫ്ലോ മോഡ്?
മനസ്സിനെയും ശരീരത്തെയും അമിതമായി സ്ട്രെസ് ചെയ്യാതെ ചെയ്യുന്ന പ്രവൃത്തിയാണ് ഫ്ലോ മോഡെന്ന് ലളിതമായി പറയാം. ഒരു വികാരം നമുക്കുണ്ടാകുമ്പോൾ അതിലൂടെ ഞാൻ കടന്നു പോകുന്നു എന്നു മനസ്സിലാക്കി ആ കാര്യം കൈകാര്യം ചെയ്യുന്നതു ഫ്ലോ മോഡാണ്. ആസ്വദിച്ച് തുണി മടക്കുന്നതോ പാത്രം കഴുകുന്നതോ പാചകം ചെയ്യുന്നതോ ഒക്കെ ഫ്ലോ മോഡാണ്. സ്ത്രീകളുടെ കാര്യത്തിൽ ഈ ഫ്ലോ മോഡും ആർത്തവവും തമ്മിൽ ബന്ധിപ്പിച്ചു മാനസിക പിരിമുറുക്കം ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും.
4. മാതാപിതാക്കൾ പോസിറ്റീവ് ആണെങ്കിലും ചില കുട്ടികൾ മോശം പെരുമാറ്റം പ്രകടിപ്പിക്കാനുള്ള കാരണം എന്താകും?
എന്താണു നമ്മൾ പോസിറ്റീവ് എന്നു കരുതുന്നതെന്നതും എന്താണ് ആരോഗ്യകരമായ പേരന്റിങ് എന്നതും തരം തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. കുട്ടിക്ക് ഇഷ്ടമാണെന്നു കരുതി ധാരാളം മിഠായി വാങ്ങി കൊടുക്കുന്നതു പോസിറ്റീവ് പേരന്റിങ് ആണോ?
എനിക്ക് ഓർമ വരുന്നൊരു സംഭവമുണ്ട്. നമ്മൾ സാധാരണ ഗതിയിൽ വളരെ നല്ല രീതിയെന്നു കണക്കാക്കുന്ന പേരന്റിങ്ങിലൂടെ വളർന്ന പെൺകുട്ടി. അവൾ പഠനം കഴിഞ്ഞ് വിദേശത്തു ജോലിക്കായി പോകുന്നു. എന്തൊക്കെ ചെയ്തിട്ടും അവൾക്ക് നല്ലൊരു ജോലി കിട്ടുന്നില്ല. കാരണം മനസ്സിലാക്കി വരുമ്പോൾ കുഞ്ഞു നാൾ മുതൽ എല്ലാ കാര്യങ്ങളും അവളുടെ അച്ഛനാണു ചെയ്തു കൊടുത്തിരുന്നത്. ഒടുക്കം തനിയെ കാര്യങ്ങൾ ചെയ്യേണ്ട സാഹചര്യം വന്നതും കുട്ടി ബുദ്ധിമുട്ടിലായി. സ്നേഹം എന്ന പേരിൽ കുട്ടികളെ തീർത്തും ബലഹീനരാക്കി കളയുന്ന രീതിയെ പോസിറ്റീവ് പേരന്റിങ് എന്നുവിളിക്കാനാകില്ല.
സ്ട്രിക്റ്റ് ആകേണ്ടിടത്ത് അങ്ങനെ ആകുകയും എന്നാൽ അതു തന്നെ അധികാരസ്വഭാവം കാണിക്കാതെ ചെയ്യുന്നതുമൊക്കെ ചേർന്നതാണ് ആരോഗ്യകരമായ പേരന്റിങ്. എന്തു പ്രശ്നം വന്നാലും വന്നുപറയാനുള്ള സുരക്ഷിതമായ ഇടമായി വീട് മാറുകയാണു പ്രധാനം.