ADVERTISEMENT

കുട്ടിയുടെ വാശികളൊക്കെ സാധിച്ചു കൊടുത്ത്, മുത്തശ്ശനും മുത്തശ്ശിയും കുട്ടികളെ ലാളിച്ചു വഷളാക്കി എന്ന പരാതിയിനി വേണ്ടേ വേണ്ട. രസമുള്ള കളികളിലൂടെയും കഥകളിലൂടെയും കൊച്ചുമക്കളുടെ കൂട്ടുകാരാകാൻ ചില വഴികളിതാ.

കൂട്ടുകൂടാം

ADVERTISEMENT

കുട്ടികൾക്കേറെ ഇഷ്ടം അവർക്കൊപ്പം സമയം ചെലവഴിക്കുന്ന, ഒപ്പം കളിക്കുന്ന കൂട്ടുകാരെയാണ്. പഴയകാല കളികളും കഥകളും പറഞ്ഞുകൊടുക്കുന്ന നല്ല കൂട്ടുകാരാകാൻ സാധിക്കണം. സമ്മാനങ്ങളേക്കാൾ കുഞ്ഞു മനസ്സുകളിൽ പതിയുക നമ്മൾ പറഞ്ഞുകൊടുക്കുന്ന കഥകളും പാടുന്ന പാട്ടുകളും വാരിക്കൊടുക്കുന്ന ഭക്ഷണത്തിന്റെ രുചിയുമാണ്. ഒരായുഷ്കാലം കാത്തുവയ്ക്കാവുന്ന ഓർമകളാകും ഇത്തരം നിമിഷങ്ങൾ കുട്ടികൾക്കു സമ്മാനിക്കുക.

സ്നേഹത്തണലാകാം

ADVERTISEMENT

ജീവിതത്തിലെന്തു വിഷമമുണ്ടായാലും, മാതാപിതാക്കൾ ശാസിച്ചാലും കൂട്ടുകാർ പിണങ്ങിയാലുമെല്ലാം ഓടിയെത്താൻ സാധിക്കുന്ന തണലാകാം. അപ്പൂപ്പനും അമ്മൂമ്മയും മുൻവിധിയോടെ കാണില്ലെന്ന ഉറപ്പു നൽകുക പ്രധാനമാണ്. വീടിനുള്ളിലെ വിഷമാവസ്ഥകളിൽപ്പോലും കുട്ടികളെ ചേർത്തു നിർത്തി ധൈര്യം പകരേണ്ടതു വളരെ പ്രധാനമാണ്.

പാഠപുസ്തകവുമാണ്

ADVERTISEMENT

ജീവിതാനുഭവങ്ങളിലൂടെ നേടിയ അറിവുകളും അനുഭവങ്ങളും കുട്ടികളുമായി പങ്കുവയ്ക്കാം. അവർക്കു പറയാനുള്ളതെല്ലാം കേൾക്കുന്ന, നല്ലതു മാത്രം ഉപദേശിക്കുന്ന മാർഗദർശികളാകാം. കുഞ്ഞു മനസ്സിനെ മുറിപ്പെടുത്തുന്ന അവസ്ഥകളിൽ നിന്നു പുറത്തു വരാൻ കൂട്ടാകാം.

gp2

കളിയില്‍ അൽപം കാര്യം

തമാശകളിലൂടെയും കളികളിലൂടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ട ശീലങ്ങളും ജീവിത നൈപുണ്യങ്ങളും പകർന്നു നൽകാം. ഗാർഡനിങ്, പാചകം, തയ്യൽ, വീടു വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നതു വളരെ നല്ലതാണ്. ക്ഷമ, സ്വയംപര്യപ്തത, പ്രശ്നപരിഹാരശേഷി തുടങ്ങിയ കഴിവുകൾ ഇതുവഴി കുട്ടികൾ ആർജിക്കും.

കയ്യെത്തും ദൂരെ

ചെറുമക്കൾ ഏഴാം കടലിനക്കരയാണെങ്കിലും മുത്തശ്ശനും മുത്തശ്ശിയും കയ്യെത്തും ദൂരത്തുണ്ടെന്ന് ഉറപ്പു നൽകുക. സ്മാർട്ഫോണും വിഡിയോ കോളും സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യാനറിയാത്ത മുത്തശ്ശനേയും മുത്തശ്ശിയേയും ടെക് സാവികളാക്കേണ്ടത് കൊച്ചുമക്കളാണ്.

ഒരുമിച്ചുണ്ടെങ്കിൽ വിഡിയോ ഗെയിമുകളിലും ഗ്രാൻഡ് പേരന്റിനെ പങ്കാളിയാക്കാം. പുതിയ കുട്ടികളുടെ ഇഷ്ടമായ കൊറിയൻ സംഗീതത്തിൽ ഒരു കൈ നോക്കാൻ മുത്തശ്ശനും മുത്തശ്ശിയും തയാറാകുന്നതിലും തെറ്റില്ല കേട്ടോ.

കൂടുതൽ വിവരങ്ങൾ പുതിയ ലക്കം (ഓഗസ്റ്റ് 30–സെപ്റ്റംബർ 12, 2025) വനിതയിൽ വായിക്കാം.

വിവരങ്ങൾക്കു കടപ്പാട് : ലക്ഷ്മി ഗിരീഷ് കുറുപ്പ്

സൈക്കോളജിസ്റ്റ്, സിഇഒ

ശ്രദ്ധ മെന്റൽ വെൽനസ് സെന്റർ

ADVERTISEMENT