ADVERTISEMENT

നർത്തകി, നടി, സംവിധായിക എന്നീ മേഖലകളിലെല്ലാം കഴിവു തെളിയിച്ച ഉത്തര ഉണ്ണി ‘ധീ മഹിയുടെ അമ്മ ’ എന്ന പുതിയ റോളിൽ ഏറെ സന്തോഷവതിയാണിപ്പോൾ. ആ സന്തോഷത്തിനു മാറ്റു കൂട്ടുന്ന ഒന്നുകൂടിയുണ്ട്.

നൃത്തവും യോഗയും

കൊണ്ട് ആരോഗ്യകരമാക്കിയ തന്റെ ഗർഭസമയത്തെ അനുഭവങ്ങളും തിരിച്ചറിവുകളും ഡോക്ടർമാരിൽ നിന്നും ലഭിച്ച അറിവുകളുമെല്ലാം ചേർത്ത് ‘പ്രഗ്നൻസി മെമ്മോയിർ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ പോകുന്നു. ഇംഗ്ലിഷിലുള്ള പുസ്തകം ‌ഡൽഹി ബുക്ക് ഫെയറിലാണ് പ്രകാശനം ചെയ്യുക.

ഗർഭകാല കുറിപ്പുകൾ

അത്ര ഈസി ആയിരുന്നില്ല ഗർഭകാലം. എല്ലാവർക്കുമുള്ളതുപോലെ മോണിങ് സിക്നസും ഛർദിയും ഒക്കെ ഉണ്ടായിരുന്നു. ഭക്ഷണത്തോടു പൊതുവേ താൽപര്യം കുറവായിരുന്നു. അതുകൊണ്ട് ഗർഭകാല വ്യാക്കൂൺ ഒന്നും അധികമുണ്ടായിരുന്നില്ല. ജങ്ക് ഫൂഡ് കഴിവതും ഒഴിവാക്കി. വീട്ടിൽ തന്നെയുണ്ടാക്കുന്ന തൈര് സാദം, കഞ്ഞി, ഇഡ്‌ലി ഒക്കെയായിരുന്നു കഴിച്ചിരുന്നത്.

ക്ഷീണം കൊണ്ട് ഫിസിക്കലി അത്ര ആക്ടീവ് ആകാനൊന്നും പറ്റിയിരുന്നില്ല. വെറുതെ ഇരിക്കുകയാണെന്ന തോന്നൽ വേണ്ടല്ലോ എന്നു കരുതി എന്റെ അന്നന്നത്തെ അനുഭവങ്ങളും ചിന്തകളും ഒരു ജേണൽ പോലെ കുറിച്ചുവയ്ക്കുമായിരുന്നു.

ഇങ്ങനെ കുത്തിക്കുറിച്ചതൊക്കെ പ്രസവത്തിനു മുൻപ് ഒരുദിവസം അമ്മ ഊർമിള ഉണ്ണിയേയും അച്ഛൻ ഉണ്ണിയേയും വായിച്ചു കേൾപ്പിച്ചു. ‘സംഗതി കൊള്ളാം, കുറച്ചുകൂടി വിവരങ്ങൾ ചേർത്ത് ഒരു പുസ്തകമാക്കിയാലെന്താ?’ എന്ന് അവരാണു പറഞ്ഞത്. അങ്ങനെ, ഗർഭസമയത്ത് ഡോക്ടർപറഞ്ഞു തന്ന കാര്യങ്ങളും പ്രസവാനന്തര ആയുർവേദ പരിചരണവും നൃത്തവും യോഗയും ഒക്കെ ചേർന്ന ഒരു പുസ്തകം പിറന്നു. പ്രസവശേഷമാണു പുസ്തകത്തിന്റെ പകുതിയിലധികം ഭാഗവും പൂർത്തിയാക്കിയത്.

ആടിയും പാടിയും...

നർത്തകിയാണെങ്കിലും എട്ടാം മാസം വരെ ഒരു ആക്ടിവിറ്റി എന്ന നിലയിൽ നൃത്തത്തെ കണ്ടിരുന്നില്ല. കുറച്ചുകൂടി ആക്ടീവാകണം എന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് നൃത്തത്തെക്കുറിച്ചു ചിന്തിക്കുന്നത്. പരിചയമില്ലാത്ത എന്തെങ്കിലും ഹെവി ആക്ടിവിറ്റി ചെയ്യുന്നതിലും നല്ലതാണല്ലൊ  അറിയുന്ന കാര്യം ചെയ്യുന്നത്. ഭർത്താവ്, നിതേഷ് മിക്കവാറും ബിസിനസ് സംബന്ധമായ യാത്രകളിലാകും. അതുകൊണ്ട് ഗർഭകാലം കൊച്ചിയിലെ എന്റെ വീട്ടിലായിരുന്നു. വൈകുന്നേരങ്ങളിൽ പദങ്ങളും കീർത്തനങ്ങളുമൊക്കെ വച്ച് അതു ഫീൽ ചെയ്ത് ചുവടുവയ്ക്കും. എല്ലാവരും കൂടെ കൂടും... അങ്ങനെ നല്ല രസമായിരുന്നു ആ ദിവസങ്ങൾ.

അവസാന മാസമായപ്പോഴേക്കും സാധാരണ പ്രസവം ലക്ഷ്യമിട്ടു കുറച്ചു കൂടുതൽ നൃത്തം ചെയ്തു. പക്ഷേ, അധികം ചാടിത്തുള്ളിയുള്ള ചുവടുകളൊന്നും ഇനി വേണ്ട എന്നു ഡോക്ടർ.വിലക്കിയതോടെ കുറച്ചു.

നൃത്തം ചെയ്യുമ്പോൾ അര മണ്ഡലത്തിലിരുപ്പും ഇരുന്ന് എഴുന്നേറ്റുള്ള ചുവടുകളുമൊക്കെ കൊണ്ട് ഇടുപ്പുഭാഗത്തിനു നല്ല വ്യായാമം കിട്ടുന്നുണ്ട്. നൃത്തം ചെയ്യുന്നതിനു മുൻപ് ചെറുതായി സ്ട്രെച്ചിങ്Ðസ്ട്രെങ്തനിങ് വ്യായാമങ്ങളും ചെയ്യുമായിരുന്നു. അതൊക്കെ ഗുണം ചെയ്തുവെന്നാണു വിശ്വാസം.

കാത്തിരുന്ന്, പെൺകുഞ്ഞ്

പ്രസവതീയതിക്കു തലേന്നു തന്നെ അഡ്മിറ്റായിരുന്നു. ഗർഭിണിയായ പ്പോൾ മുതലേ പ്രസവം എങ്ങനെയായിരിക്കും എന്നൊരു പേടി മനസ്സിലുണ്ട്. പക്ഷേ, ഒരു പ്രശ്നവുമുണ്ടായില്ല. വേദന കുറയ്ക്കാനായി എപ്പിഡ്യൂറൽ എടുത്തിരുന്നു. പ്രസവമുറിയിൽ ഭർത്താവ് നിതേഷിന്റെ സാന്നിധ്യവും ആശ്വാസമായിരുന്നു.

ഒരു പെൺകുഞ്ഞിനെ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഗർഭകാലത്തെ എന്റെ രൂപഭാവങ്ങൾ കണ്ട് ‘ഉത്തരയ്ക്ക് ആൺകുട്ടിയാകും’ എന്നാണ് ആളുകളൊക്കെ പറഞ്ഞത്. അതുകൊണ്ടു പ്രസവം കഴിഞ്ഞു മകളാണെന്നറിഞ്ഞ നിമിഷം ആഗ്രഹം സഫലമായ സന്തോഷമായിരുന്നു.

പിന്തുണ പ്രധാനം

കുഞ്ഞു നമ്മുടെ ജീവിതത്തിലേയ്ക്കു വരുമ്പോൾ സ്വാഭാവികമായും മുൻഗണനകളൊക്കെ മാറും. പക്ഷേ, എനിക്കതിൽ ബുദ്ധിമുട്ട് തോന്നിയിട്ടേയില്ല. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒരു കുഞ്ഞ് വേണമെന്നായിരുന്നു. മനസ്സ് പണ്ടേ ഇങ്ങനെ ഒരുക്കിവച്ചതുകൊണ്ടാകണം അഡ്‌ജസ്റ്റ് ചെയ്യാൻ പ്രയാസപ്പെട്ടില്ല.

പിന്നെ, അച്ഛനും അമ്മയും കൂടെയുണ്ടല്ലൊ. നിതേഷും രാത്രി ഉറക്കമിളച്ചിരുന്നു കുഞ്ഞിനെ നോക്കാൻ കൂടും. ഇപ്പോൾ മകൾക്ക് ഏഴു മാസമായി. ഞാൻ ടെംപിൾ
സ്െറ്റപ്സ് എന്ന പേരിൽ വീടിന് അടുത്തു തന്നെ ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്. കുഞ്ഞിനെ നോക്കാൻ എല്ലാവരുടെയും പിന്തുണയുള്ളതുകൊണ്ടു നൃത്തം പഠിപ്പിക്കലൊക്കെ സുഗമമായി പോകുന്നു.

സ്ട്രെച്ച് മാർക്കുകൾ

ഗർഭകാലത്ത് നമ്മുടെ വയറിലെ ചർമം സ്ട്രെച്ച് ചെയ്തു തുടങ്ങുമ്പോഴേ ക്രീമുകളും മോയിസ്ചറൈസറുമൊക്കെ പുരട്ടണം. ചർമത്തിനു സ്നിഗ്ധത വരാനായി നാലാം മാസം മുതലേ രാത്രി വയറിൽ ബയോഒായിൽ, കൊക്കോ ബട്ടർ എന്നിവയൊക്കെ തേച്ചിരുന്നു. ഏഴാം മാസം മുതൽ എണ്ണ തേച്ചു കുളിയുണ്ടായിരുന്നു. ധാന്വന്തരം തൈലമാണു തേച്ചത്. ചർമം വലിഞ്ഞു പാടു വീഴുന്നതു കുറയ്ക്കാൻ ഇതു നല്ലതാണ്.പ്രസവശേഷം നാൽപാമരാദി എണ്ണ പുരട്ടിയാണു കുളിച്ചിരുന്നത്.പിന്നെ, എത്രയൊക്കെ ശ്രദ്ധിച്ചാലും പാടുകളെയൊന്നും പൂർണമായി ഒഴിവാക്കാനാകില്ല. അത് ഉൾക്കൊള്ളണം.

ആയുർവേദ പരിചരണം

പ്രസവശേഷം 40 ദിവസത്തോളം ആയുർവേദ പരിചരണമുണ്ടായിരുന്നു. സാധാരണ എല്ലാവരും 14Ð28 ദിവസമൊക്കെയാണു ചെയ്യാറ്. നർത്തകി ആയതുകൊണ്ടു ഭാവിയിൽ നടുവേദനയും പ്രശ്നങ്ങളുമൊന്നും വരരുത് എന്നു കരുതിയാണ് 40 ദിവസമാക്കിയത്. അകത്തേയ്ക്ക് ആയുർവേദ മരുന്നുകളോ നെയ്യോ ഒന്നും കഴിച്ചില്ല. ഒായിൽ മസാജും, ആവിക്കുളിയും വേതുകുളിയും കിഴിവയ്ക്കലും ഒക്കെ ഉണ്ടായിരുന്നു. പിന്നെ, സ്ട്രെച്ച് മാർക്കുകൾ കുറയാനായി പ്രത്യേകം പായ്ക്കുകളിട്ടു. മുടിക്ക് ഹെയർ പായ്ക്ക്, മുഖത്തിന് ഫെയ്സ് പായ്ക്ക് ഒക്കെയുണ്ടായിരുന്നു.

ഭാരം കുറയ്ക്കാൻ ശ്രമങ്ങൾ

പ്രസവം കഴിഞ്ഞ് 15 കിലോയോളം ശരീരഭാരം കൂടി. കൂടുതലും വണ്ണം വച്ചത് പ്രസവശേഷമുള്ള രണ്ടു മൂന്നു മാസം കൊണ്ടാണ്. ഈ സമയത്ത് ഇത്തിരി നടക്കുമ്പോഴേ കിതപ്പും തലകറക്കവുമൊക്കെ വരുമായിരുന്നു. പ്രസവശേഷം മൂന്നുമാസം കഴിഞ്ഞപ്പോൾ കൊച്ചി പൂർണത്രയീശ ക്ഷേത്രത്തിൽ നൃത്ത പരിപാടി വന്നു. 20 മിനിറ്റു നേരം ഒരു വർണം ചെയ്യണമായിരുന്നു. ആ 20 മിനിറ്റ് സ്േറ്റജിൽ നിറഞ്ഞു കളിക്കാൻ ഞാനേറെ പാടുപെട്ടു.

പ്രസവം കഴിഞ്ഞു പിറ്റേന്നു മുതൽ വയറ് ഒതുങ്ങാനായി ബെൽറ്റ് കെട്ടുന്നുണ്ടായിരുന്നു. പക്ഷേ, അഞ്ചാം മാസം തൊട്ടാണു കൃത്യമായി വ്യായാമം തുടങ്ങിയത്. പ്രസവശേഷം വിശപ്പൊക്കെ സാധാരണ രീതിയിൽ വന്നെങ്കിലും അമിതമായി ഭക്ഷണം കഴിക്കാതെ ശ്രദ്ധിച്ചിരുന്നു. എന്നുവച്ച് പോഷകാവശ്യത്തിനുള്ളതു കഴിക്കാതെയിരുന്നുമില്ല. ദിവസവും 4Ð5 കപ്പ് പാൽ കുടിക്കുമായിരുന്നു. ഒാറഞ്ച്, കരിക്കിൻവെള്ളം, നട്സ് എന്നിവ ഉൾപ്പെടുത്തി. മധുരവും ജങ്ക്ഫൂഡും ഒഴിവാക്കി.

എങ്കിലും പ്രസവം കഴിഞ്ഞു വിചാരിച്ചതുപോലെ പെട്ടെന്നൊന്നും ഭാരം കുറഞ്ഞില്ല. കുഞ്ഞിനു പാലുകൊടുക്കുന്ന സമയമായതുകൊണ്ട് കർശന ഡയറ്റിങ്ങൊന്നും പറ്റുകയുമില്ല.

സാധിക്കുന്ന രീതിയിൽ ഭക്ഷണം ക്രമീകരിച്ചിട്ടും വ്യായാമം ചെയ്തിട്ടും 3Ð4 കിലോയേ കുറയ്ക്കാനായുള്ളൂ. ഇപ്പോൾ ഒരു പഴ്സനൽ െട്രയിനറെ വച്ച് നല്ല രീതിയിൽ വർക് ഔട്ടൊക്കെ ചെയ്യുന്നുണ്ട്.

ധീമഹി എന്നാൽ

ധീമഹി വ്യത്യസ്തമായ പേരാണല്ലോ എന്ന് എല്ലാവരും പറയാറുണ്ട്. ഗർഭിണിയായിരുന്ന സമയത്ത് ഞാനും നിതേഷും കൂടി കുറേ പേരുകൾ നോക്കിവച്ചിരുന്നു. അതിലൊന്നാണ് ധീമഹി. ജ്ഞാനം എന്നും ധ്യാനിക്കുക എന്നും ഈ പേരിന് അർഥമുണ്ട്. ഗുരുവായൂരു വച്ചാണ് ചോറൂണു നടത്തിയത്. വാദ്യമൃദംഗം കൊണ്ടു തുലാഭാരവും നടത്തി. മൃദംഗം താളത്തെ സൂചിപ്പിക്കുന്നു. നമ്മുടെ ഹൃദയമിടിപ്പു മുതൽ രാവും പകലും ഋതുക്കളും എന്നു വേണ്ട നൃത്തവും സംഗീതവും എല്ലാം താളമയമാണ്. ആ താളം അവളുടെ ജീവിതത്തിലും നിറയട്ടെ എന്നാണാഗ്രഹം.

English Summary:

Utthara Unni's pregnancy memoir, 'Pregnancy Memoir,' shares her experiences, blending dance, yoga, and Ayurvedic insights. It chronicles her journey, from morning sickness to postnatal care, offering a holistic perspective on pregnancy and motherhood.

ADVERTISEMENT