‘അജുക്കുട്ടാ... മതി തൊണ്ട വേദനിക്കും’: ‘ചത്താലും ഓം’ എന്ന് കുട്ടിക്കുറുമ്പൻ: കാന്താര ഇഫക്റ്റിൽ അമ്പിളിയുടെ മകൻ Ambili Devi's Son Mimics Kantara's Gulikan
Mail This Article
കാന്താര ഇഫക്റ്റിലാണ് ഇപ്പോഴാണ് പ്രേക്ഷക ലോകം. ഋഷഭ് ഷെട്ടി ഒരുക്കിയ ദൃശ്യ വിസ്മയത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് നായക കഥാപാത്രത്തിന്റെ അലർച്ചയാണ്. കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് തുളച്ചു കയറുന്ന ആ അലർച്ചയ്ക്ക് കുട്ടികൾക്കിടയിലും ആരാധകരുണ്ട്. ചുരുക്കത്തിൽ ചിത്രം കണ്ടിറങ്ങിയ ആർക്കും ഒരിക്കൽ എങ്കിലും ഒന്ന് അലറി വിളിക്കാൻ തോന്നിയിട്ടുണ്ടാകും. ഇവിടെയിതാ കാന്താരയുടെ ഹാങ് ഓവറിലാണ് നടിയും നർത്തകിയുമായ നടി അമ്പിളി ദേവിയുടെമകൻ. സിനിമ കണ്ട് വീട്ടിലെത്തിയ അമ്പിളിയുടെ കുട്ടിക്കുറുമ്പൻ ഗുളികനായും രുദ്ര ഗുളികനായും രംഗ പ്രവേശം ചെയ്യുന്ന രസകരമായ വിഡിയോ അമ്പിളി പങ്കുവച്ചിരിക്കുകയാണ്.
അമ്പിളി ദേവിയുടെ ഇളയമകനായ അജുക്കുട്ടനാണ് സോഷ്യൽ മീഡിയയിലെ ഈ വൈറൽ കഥയിലെ താരം. കാന്താര സിനിമയിലെ ഗുളികനെ പോലെ അലറുന്ന അജുക്കുട്ടൻ ശരിക്കും ഞെട്ടിപ്പിക്കുന്നുണ്ട്. പശ്ചാത്തലത്തിൽ കാന്താരയുടെ ഈണം കൂടി എത്തുമ്പോൾ വിഡിയോ അതിമനോഹരമാകുന്നു. ‘കാന്താര കണ്ടതിനു ശേഷം ഇതാണ് അവസ്ഥ. ഇനി ആ വേഷം കൂടെ ഇടണമെന്ന്.' എന്ന അടിക്കുറിപ്പോടെയാണ് അമ്പിളിദേവി വിഡിയോ പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ കാന്താരയുടെ ബിജിഎമ്മും കേൾക്കാം.
തൊണ്ട പൊട്ടി അലറുന്ന അജുക്കുട്ടനോട് മതിയെന്നും തൊണ്ട വേദനിക്കുമെന്നും അമ്മ പറയുന്നുണ്ട്. 'എന്റെ പൊന്നമ്മേ, ഒന്ന് കാന്താര കാണാൻ പോയതാണേ' എന്ന ഇടയ്ക്ക് അമ്പിളി ദേവി പറയുന്നുണ്ട്. ഇതിനിടയിൽ 'ചത്താലും ഓം' എന്നൊരു ഡയലോഗ് കൂടെ പറഞ്ഞു അജുക്കുട്ടൻ. അമ്പിളിദേവി ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ അങ്ങനെയല്ലേ അതിനകത്ത് പറഞ്ഞതെന്ന് അജുക്കുട്ടൻ ചോദിക്കുന്നുണ്ട്. അപ്പോൾ, വേറെ എന്തോ ആണ് പറയുന്നതെന്നും നമുക്ക് അറിഞ്ഞു കൂടല്ലോ ആ ഭാഷയെന്നും പറയുകയാണ് അമ്മയായ അമ്പിളി ദേവി. 'റിഷഭ് ഷെട്ടി കാണണ്ട.... എനിക്ക് ഒരു എതിരാളിയോ' എന്ന് തുടങ്ങി മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
താഴ് വാര പക്ഷികൾ എന്ന മലയാള പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് അമ്പിളി ദേവി കടന്നു വന്നത്. ഹരിഹരൻ പിള്ള ഹാപ്പിയാണ്, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും തുടങ്ങി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് അമ്പിളി. 2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു അമ്പിളിദേവി. അതിനു ശേഷമാണ് സിനിമകളിലേക്കും മറ്റും താരം സജീവമായി എത്തി തുടങ്ങിയത്. അപ്പു, അർജുൻ എന്നിങ്ങനെ രണ്ടു മക്കളാണ് അമ്പിളിദേവിക്ക്.