വാക്സീൻ മറക്കല്ലേ...
ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ കുഞ്ഞിന് ഇനിപ്പറയുന്ന രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ വാക്‌സീനുകൾ നൽകണം.
∙ 15 മാസം – എം.എം. ആർ. വാക്സീൻ– രണ്ടാം ഡോസ്. ∙ പെന്റാവാലന്റ് വാക്‌സീനിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് വാക്സീനുകളിൽ മൂന്ന് എണ്ണം കുട്ടിക്ക് 18 മാസം തികയുമ്പോൾ ആവർത്തിക്കുന്നു. ഈ വാക്‌സീനുകൾ ഡിപിറ്റി (ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്) എന്നറിയപ്പെടുന്ന ഒരു കുത്തിവയ്പ് ഡോസായി സംയോജിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം ഓറൽ പോളിയോ വാക്സീൻ ബൂസ്റ്റർ ഡോസും നൽകും. ജപ്പാൻ ജ്വരം പതിവായ പ്രദേശങ്ങളിലെ കുട്ടികൾക്ക് ജാപ്പനീസ് എൻസെഫലൈറ്റിസ് വാക്സീൻ നൽകുന്നു.
ഐച്ഛികമായി നൽകാവുന്ന വാക്സീനുകളും ലഭ്യമാണ്. ∙ ഉദാ:
ചിക്കൻപോക്സ് കുത്തിവയ്പ്– രണ്ടു ഡോസാണ്. 12 മുതൽ 15 മാസം വരെ പ്രായമുള്ളപ്പോൾ ആദ്യ ഡോസ് എടുക്കണം. ∙ 12–23 മാസം പ്രായമുള്ളപ്പോൾ ഹെപ്പറ്റൈറ്റിസ് എ വാക്സീൻ നൽകാം.
തുടർന്നു കുറഞ്ഞത് ആറു മാസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കണം. ∙ ആറു മാസവും അതിൽ കൂടുതലുള്ള എല്ലാവരും വർഷംതോറും ഒക്ടോബർ അവസാനത്തോടെ ഫ്ലൂ വാക്‌സീൻ എടുക്കണം.
കുട്ടിക്ക് മരുന്നു നൽകുമ്പോൾ
മരുന്നു നൽകുമ്പോൾ അളവു ശ്രദ്ധിക്കുക. ഒരു ടീസ്പൂൺ എന്നത് ഏതെങ്കിലും സ്പൂൺ അല്ല. അഞ്ച് മി. ലീ ആണ്. കലക്കിയെടുക്കുന്ന മരുന്നുകൾ ഒരാഴ്ചയിൽ കൂടുതൽ ഉപയോഗിക്കരുത്. മരുന്നു തുപ്പിക്കളയുന്ന
കുട്ടികൾക്കു സിറിഞ്ചിലൂടെ തുള്ളിതുള്ളിയായി മരുന്നു നൽകാം. മരുന്ന് നൽകി അരമണിക്കൂറിനുള്ളിൽ ഛർദിച്ചാൽ ഒരു തവണകൂടി നൽകണം. ഒരു കുട്ടിക്ക് എഴുതിയ മരുന്നു മറ്റൊരു കുട്ടിക്കു വാങ്ങി നൽകരുത്.
ഇടയ്ക്കിടയ്ക്കു പനി വരുന്നു ?
ഈ പ്രായത്തിൽ വരുന്ന പനികളിൽ ഭൂരിഭാഗവും തനിയെ മാറുന്ന വൈറൽ പനികളാണ്. എപ്പോഴും പനിയെ പേടിക്കേണ്ടതില്ല. പനിയുണ്ടെങ്കിൽ ഡോക്ടറെ കാണുന്നതിനു മുൻപു തന്നെ വീട്ടിൽ വെച്ചു പാരസെറ്റമോൾ സിറപ്പ് കുട്ടിയുടെ തൂക്കമനുസരിച്ചു കൊടുക്കാം. പനിയുടെ മരുന്നു കൊടുത്തിട്ടു പനി കുറയുമ്പോൾ കളിക്കുകയും ചിരിക്കുകയും സാധാരണ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്താൽ ഒട്ടും ഭയപ്പെടേണ്ടതില്ല. അതു സാധാരണ പനിയാണ്. പനിയോടൊപ്പം ചുമ, വയറിളക്കം, ഛർദി, ചെവിയിൽ പഴുപ്പ് തുടങ്ങിയ അനുബന്ധ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണണം.
പനിയുള്ള അഞ്ചു ശതമാനം കുട്ടികളിൽ ജന്നി വരാം. ശരീരോഷ്മാവു വളരെ പെട്ടെന്ന് ഉയരുമ്പോഴാണ് ജന്നിക്കു സാധ്യത. മിക്കവാറും കുട്ടികളിലും അഞ്ചു മിനിറ്റിനകം ജന്നി തനിയെ മാറും. പനിയോടു കൂടി വരുന്ന ജന്നി തികച്ചും നിരുപദ്രവകരമായ ഒന്നാണ്. നേരത്തെ ഒരിക്കലെങ്കിലും ഇത്തരം ജന്നി വന്ന കുട്ടികൾക്കു മുൻകരുതലെന്ന നിലയിൽ ജന്നിയുടെ മരുന്നുകൾ പനിയുള്ളപ്പോൾ നൽകാം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജെ.
സജികുമാർ
കൺസൽറ്റന്റ്
പീഡിയാട്രീഷൻ
പരബ്രഹ്മ സ്പെഷാലിറ്റി ഹോസ്പിറ്റൽ,
ഒാച്ചിറ