Monday 23 November 2020 11:28 AM IST : By സ്വന്തം ലേഖകൻ

പ്രമേഹരോഗികൾ മധുരം എങ്ങനെ നിയന്ത്രിക്കണം? ചോറിന്റെയും തേങ്ങയുടെയും ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്: വിദഗ്ധന്റെ മറുപടി വായിക്കാം

diabfoode23

പ്രമേഹരോഗികളെപ്പോലെ ആഹാരകാര്യങ്ങളിൽ ആശങ്ക പുലർത്തുന്ന മറ്റാരും ഉണ്ടാകില്ല. എന്തൊക്കെ കഴിക്കണം? എന്തൊക്കെ ഒഴിവാക്കണം എന്ന കണക്കുകൂട്ടലിൽ തന്നെയാണ് അവരുടെ ജീവിതം മുൻപോട്ടു പോകുന്നത്. ചില പ്രധാന സംശയങ്ങളുടെ ഉത്തരങ്ങൾ അറിയാം. പ്രമുഖ പ്രമേഹരോഗവിദഗ്ധൻ ഡോ. ശ്രീജിത് എൻ.കുമാർ ആണ് ഉത്തരം നൽകുന്നത്. 

Qപ്രമേഹം ഉണ്ടെന്നു സ്ഥിരീകരിച്ചാൽ പഞ്ചസാര/ മധുരം എങ്ങനെ നിയന്ത്രിക്കണം?

പ്രമേഹരോഗി മധുരം ഒഴിവാക്കുന്നതു തന്നെയാണു നല്ലത്. ഊര്‍ജം കൂടുമെന്നതിനു പുറമേ രക്തത്തിലെ ഗ്ലൂക്കോസ് പൊടുന്നനെ കൂടുമെന്നതിനാലാണ് ഇങ്ങനെ പറയുന്നത്. ഇനി മധുരം അനിവാര്യമെങ്കില്‍ നിയന്ത്രിത അളവില്‍ കൃത്രിമ മധുരം ഉപയോഗിക്കാം.

Qപ്രമേഹരോഗിക്ക് ഏ‌റ്റവും അനുയോജ്യമായ ഡയറ്റ് ഏതാണ്?

പ്രമേഹരോഗിക്ക് ‘പ്രത്യേക ഭക്ഷണം’ എന്ന ധാരണ തന്നെ ശരിയല്ല. എല്ലാവര്‍ക്കും ആരോഗ്യകരമായ ഒരേ ഭക്ഷണരീതി തന്നെയാണു വേണ്ടത്. ഇതിനെ ‘ഡയറ്റ്’ എന്നു വിളിക്കുന്നതും നന്നല്ല. കാരണം ഈ രീതി അല്ല ഭാവിയിലേക്കുള്ള ഭക്ഷണരീതി എന്നു തെറ്റിദ്ധരിച്ചേക്കാം. ജീവിതത്തിലുടനീളം നല്ല ഭക്ഷണ െെശലി എന്ന ചിന്തയാണ് അഭികാമ്യം. ധാരാളം പച്ചക്കറികളും ആവശ്യത്തിനു പഴവര്‍ഗങ്ങളും പ്രോട്ടീനും അടങ്ങുന്ന, അതേ സമയം മധുരവും ധാന്യവും കിഴങ്ങും പൂരിത കൊഴുപ്പും പരിമിതപ്പെടുത്തുന്ന, ഫൂഡ്പ്ലേറ്റാണ് നല്ല ഭക്ഷണരീതി.

കണക്കുകൂട്ടി കാലറിയും ഗ്ലൂക്കോസും തിട്ടപ്പെടുത്താന്‍ മെനക്കെടാതെ ലളിതമായി ശാസ്ത്രീയവും ആരോഗ്യകരവുമായി ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന രീതിയാണ് ഫൂഡ്പ്ലേറ്റ്. ഒാേരാ തവണ ഭക്ഷണം കഴിക്കുമ്പോഴും പ്ലേറ്റിൽ പകുതി പച്ചക്കറികളും പഴവര്‍ഗങ്ങളും നിറയ്ക്കുക. മറ്റേ പകുതിയുടെ പാതി ഭാഗത്ത് പ്രോട്ടീനും ശേഷിക്കുന്ന കാല്‍ ഭാഗത്തിലേക്ക് ധാന്യവും ചുരുക്കണം. 10 ശതമാനം പാല്‍ ഉല്‍പന്നങ്ങളുമാകാം. ഈ രീതിയാണ് പ്രമേഹരോഗി ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഉത്തമം.

Qകാർബോഹൈഡ്രേറ്റ് ആഹാരത്തിൽ നിന്ന് പൂർണമായും ഒഴിവാക്കണം എന്നു പറയുന്നതു ശരിയാണോ?

ഊര്‍ജത്തിന്റെ ഉത്തമസ്രോതസ്സാണ് കാര്‍ബോെെഹഡ്രേറ്റ് അഥവാ അന്നജം. ഈ വിഭാഗത്തിലെ ഭക്ഷണത്തിലെല്ലാം ഊര്‍ജം നല്‍കുന്ന പല ഇനം പഞ്ചസാര അടങ്ങിയിരിക്കുന്നു. എന്നാല്‍ എല്ലാത്തിലും ഊര്‍ജവും പഞ്ചസാരയുടെ അളവും ഒരുപോലെയല്ല. ഈ ഉദാഹരണം നോക്കാം.

ഒാരോ ഗ്രാം ഗ്ലൂക്കോസിലും നാലു കാലറിയാണ് ഊര്‍ജം. ഗ്ലൂക്കോസ് കുറഞ്ഞ പച്ചക്കറികള്‍ അതിനാല്‍ യഥേഷ്ടം കഴിക്കാം. പഴവര്‍ഗങ്ങള്‍ മിതമായി ഉപയോഗിക്കാം. ധാന്യവും കിഴങ്ങും നന്നേ കുറയ്ക്കണം. മധുരം വേണ്ട. ഒരു ദിവസം ആവശ്യമുള്ള ആകെ ഊര്‍ജത്തിന്റെ 50 ശതമാനത്തിനു താഴെ മാത്രമേ കാര്‍ബോെെഹഡ്രേറ്റില്‍ നിന്നു ലഭിക്കാന്‍ പാടുള്ളൂ.

Qഷുഗർ ഫ്രീ പോലുള്ളവയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്?

ഷുഗർ ഫ്രീ മധുര പദാർത്ഥങ്ങൾ എന്നാൽ ഒാൾട്ടർനേറ്റീവ് ഫൂഡ് അഡിറ്റീവുകളാണ്.അവ പഞ്ചസാരയുടേതു പോലുള്ള മധുരം പകരുമെങ്കിലും കാർബോഹൈഡ്രറ്റ് ഇല്ലാത്തവയോ കുറഞ്ഞവയോ ആയിരിക്കും. എന്നാൽ അവ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക. അളവ് അധികമാകരുത്. അനുവദനീയമായ അളവ് ചുവടെ ചേര്‍ക്കുന്നു.

Qപ്രമേഹരോഗി പ്രോട്ടീൻ ധാരാളമായി ഉപയോഗിക്കുന്നതു നല്ലതാണോ?

പ്രോട്ടീന്‍ ഉപയോഗത്തിനും അളവുണ്ട്. ഒാേരാ കിലോ ശരീരഭാരത്തിനും ശരാശരി ഒരു ഗ്രാം പ്രോട്ടീന്‍ എന്നാണു കണക്ക്. നിത്യവും വേണ്ട ഊര്‍ജത്തിന്റെ 20 ശതമാനം പ്രോട്ടീനില്‍ നിന്നാകണം. ഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ശരാശരി 200Ð300 കാലറി ഊര്‍ജവും മറ്റുള്ളവരില്‍ ഏതാണ്ട് 350 കാലറിയും പ്രോട്ടീനില്‍ നിന്നാകാം. പയര്‍, പരിപ്പ്, മുട്ടവെള്ള, മൽസ്യം , ഇറച്ചി എന്നിവയിലൊക്കെ പ്രോട്ടീനുണ്ട്. ഇവ
മിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

Qപച്ചരി ഒഴിവാക്കി കുത്തരി, ഗോതമ്പ്, നുറുക്കു ഗോതമ്പ് ഇവ പ്രഭാതഭക്ഷണത്തിനായി ഉപയോഗിക്കുന്നതാണോ കൂടുതൽ ഉത്തമം?

അരി, ഗോതമ്പ് ഇവ തമ്മിൽ വലിയ വ്യത്യാസമില്ല. ഇവ ഗ്ലൈസീമിക് ഇൻഡക്സ് ഉയർന്നവയാണ്. ഇവയുടെ അളവിലാണ് കാര്യം. അരിയായാലും ഗോതമ്പായാലും കഴിക്കുന്ന അളവ് നന്നെ കുറയ്ക്കണം.

Qനാരുകൾ കൂടുതൽ അടങ്ങിയ ആഹാരം പ്രമേഹരോഗിക്ക് എങ്ങനെ ഗുണം ചെയ്യും?

ഭക്ഷണത്തിലെ നാര് വളരെ ഉത്തമമാണ്. ദഹനം മന്ദീഭവിപ്പിക്കാനും (അതിനാല്‍ പൊടുന്നനെ വിശക്കില്ല), കുടലില്‍ നിര്‍ബാധം സഞ്ചരിക്കാനും (മലബന്ധം ഉണ്ടാകില്ല) സഹായിക്കുന്നതിനോടൊപ്പം ഊര്‍ജമില്ല എന്നതിനാല്‍ ഭാരവും രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനും നാരുകള്‍ സഹായിക്കും. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇവ ധാരാളമായി ഉണ്ട്.

Qപ്രമേഹരോഗി മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?

മുട്ട നല്ല ഭക്ഷണമാണ്. മുട്ടയുടെ വെള്ളയാകട്ടെ ഉത്തമ പ്രോട്ടീനാണ്. മഞ്ഞ പരിമിതപ്പെടുത്തുന്നതു നല്ലതാണ്. ആവിയില്‍ പുഴുങ്ങിയ മുട്ടയാണ് നല്ലത്. എണ്ണ ചേര്‍ന്നാല്‍ ഊര്‍ജം വല്ലാതെ കൂടും.

Qപ്രമേഹരോഗിക്ക് അനുയോജ്യമായ ഇലക്കറികൾ ഏതെല്ലാം? അവ തേങ്ങ ചേർത്ത് തയാറാക്കാമോ?

ചീര, മുരിങ്ങയില, പാലക്, മൈക്രോഗ്രീൻസ് ഉൾപ്പെടെ ഇലക്കറികൾ എല്ലാം പ്രമേഹരോഗിക്കു നല്ലതാണ്. എന്നാൽ തേങ്ങ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Qതേങ്ങയുടെ ഉപയോഗം നിയന്ത്രിക്കണമെന്നു പറയുന്നത് എന്തു കൊണ്ട്?

നമുക്ക് ഒരു ദിവസം കഴിക്കാവുന്ന ഊര്‍ജത്തിന്റെ അളവ് പരിമിതമാണ്. ഒാരോ കിലോ ഭാരത്തിനും 20 (ഭാരം കുറയണമെങ്കില്‍) മുതല്‍ 30 (ഭാരം നിലനിര്‍ത്താന്‍) കാലറി ഊര്‍ജമാണ് അനുവദനീയം. തേങ്ങയില്‍ പൂരിത കൊഴുപ്പുണ്ട്. കൊഴുപ്പില്‍ ഊര്‍ജം വളരെ കൂടുതലാണ്. 100 ഗ്രാം തേങ്ങയില്‍ 375 കാലറിയും കൊപ്രയില്‍ 650 കാലറിയുമാണ് ഊര്‍ജം. ഒരു ദിവസം കൊഴുപ്പില്‍ നിന്ന് മൊത്തം ഏതാണ് 400 കാലറിയേ പാടുള്ളൂ. അണ്ടിപ്പരിപ്പുകളിലും മൽസ്യത്തിലും അടങ്ങിയ അപൂരിത കൊഴുപ്പ് ശരീരത്തിന് നല്ലതാണ്. അതിനാലാണ് പൂരിത കൊഴുപ്പ് (മട്ടൻ , ബീഫ്, എണ്ണ, തേങ്ങ) എന്നിവ നിയന്ത്രിക്കാന്‍ പറയുന്നത്.

Qപ്രമേഹരോഗി ദിവസവും മൽസ്യം കഴിക്കുന്നതു നല്ലതാണോ? മൽസ്യം എങ്ങനെ പാകപ്പെടുത്താം?

മൽസ്യം നല്ലതാണ്. അപൂരിത കൊഴുപ്പ് ഇവയില്‍ ആവശ്യത്തിനുണ്ട്. എണ്ണയും തേങ്ങയുമില്ലാതെ പാകം ചെയ്താല്‍ നന്ന്.
ഗ്രില്ലിങ്, സ്റ്റീമിങ് തുടങ്ങിയവയും നല്ല മാര്‍ഗങ്ങളാണ്.

(വിശദമായ വായനയ്ക്കും പ്രമേഹരോഗികളുടെ മാതൃകാ ഡയറ്റിനും നവംബർ ലക്കം  മേനാരമ ആരോഗ്യം കാണുക)

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips