Thursday 14 November 2019 03:10 PM IST

പാവയ്ക്ക ചായ, പേരയില വെള്ളം, അരച്ചെടുത്ത ഉലുവ; ഈ ഒറ്റമൂലികൾ ഉണ്ടെങ്കിൽ പ്രമേഹം പോകുന്ന വഴിയറിയില്ല

Asha Thomas

Senior Sub Editor, Manorama Arogyam

herbs

പ്രമേഹരോഗിക്ക് വേണ്ട ഔഷധങ്ങൾ

പ്രമേഹചികിത്സയിൽ പണ്ടുമുതലേ തന്നെ പച്ചമരുന്നുകൾ ഉപയോഗിക്കാറുണ്ട്. പാവയ്ക്ക ജ്യൂസും ഇൻസുലിൻ ചെടിയും പോലെ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. കുറഞ്ഞ ചെലവിൽ അധിക മെച്ചം നൽകുന്ന ഇത്തരം ചികിത്സകളോട് പൊതുവേ പ്രമേഹരോഗികൾ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുമുണ്ട്. പക്ഷേ പലപ്പോഴും അശാസ്ത്രീയവും അബദ്ധവുമെന്ന് ഇത്തരം ഔഷധങ്ങളെക്കുറിച്ച് തെറ്റിധാരണകൾ പരക്കുന്നതിന്റെ പ്രധാനകാരണം ഉപയോഗിക്കുന്ന ആളുകളുടെ ബോധ്യമില്ലായ്മയാണ്. പാവയ്ക്കയിൽ പ്രമേഹം കുറയ്ക്കുന്നതിനു സഹായകമായ ചില ഘടകങ്ങൾ ഉണ്ടെന്നുള്ളതു ശരി തന്നെ. ചില ശാസ്ത്രീയ പഠനങ്ങൾ ഇതു സംബന്ധിയായി വന്നിട്ടുമുണ്ട്. എന്നുകരുതി ഉയർന്ന ഷുഗർ നിരക്കുള്ള ഒരു രോഗി വിചാരിക്കുകയാണ് നാളെ മുതൽ മരുന്നും പരിശോധനയുമൊന്നും വേണ്ട, പാവയ്ക്ക നീരു കുടിച്ചുകൊണ്ടിരുന്നാൽ മതി –ഇത് അശാസ്ത്രീയമായ നിലപാടാണ്. മരുന്നിനും ഭക്ഷണക്രമീകരണത്തിനമൊപ്പം ഇത്തരം ചില ഔഷധങ്ങളും നിയന്ത്രിതമായി ഉപയോഗിക്കുകയാണ് ശരിയായ രീതി. മരുന്നു വേണ്ടാത്ത, പ്രമേഹപൂർവ അവസ്ഥയിലുള്ള രോഗികൾക്കായാലും ഭക്ഷണക്രമീകരണത്തിന്റെ കൂടെ ഇത്തരം ഔഷധങ്ങളും എന്ന രീതിയാണ് നല്ലത്. മരുന്നിനും ഭക്ഷണക്രമീകരണത്തിനും പകരമല്ല ഇത്തരം ഔഷധങ്ങൾ എന്നു സാരം. വിദൂരഭാവിയിൽ, മരുന്നിന്റെ ഡോസ് കുറച്ചുകൊണ്ടുവരാൻ ഒരുപക്ഷേ ഇത്തരം പച്ചമരുന്നുകൾ സഹായകമായേക്കാം. എങ്കിലും അങ്ങനെ തീരുമാനിക്കും മുമ്പ് ഒരു വിദഗ്ധനായ ഡോക്ടറുടെ അഭിപ്രായം കൂടി ആരായണം. ഭാവിയിൽ പരിശോധനകൾ തുടരുകയും വേണം. വീട്ടിലും ചുറ്റുപാടുമുള്ള പ്രമേഹ ഔഷധങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ഞാവൽ

കടുത്ത വയലറ്റുനിറമുള്ള തുടുത്ത് അൽപം നീണ്ട ഞാവൽക്കായും അതിന്റെ ചവർപ്പു കലർന്ന ഇളം മധുരവും പലർക്കും നൊസ്റ്റാൾജിയയാണ്. കഴിക്കുമ്പോൾ നാവിനെ വയലറ്റാക്കുന്ന മാന്ത്രികവിദ്യ മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാനുള്ള സിദ്ധിയും ഈ ഫലത്തിനു സ്വന്തം. കുരുവാണ് പ്രധാന ഔഷധം. പ്രമേഹം നിയന്ത്രിക്കാനായി ഞാവൽക്കായുടെ ഉള്ളിലുള്ള കുരു ഉണക്കിപ്പൊടിച്ചെടുത്തത് 1 ഗ്രാം മുതൽ മൂന്നു ഗ്രാം വരെ ദിവസവും മൂന്നു നേരം കഴിക്കുന്ന ഒരു ഒറ്റമൂലി പ്രയോഗം പണ്ടു മുതലേ നിലവിലുണ്ട്.

കയ്പ് രുചിയാണെങ്കിലും പ്രമേഹം കുറയ്ക്കുന്ന കാര്യത്തിൽ മുമ്പനാണ് പാവയ്ക്ക. പ്രമേഹത്തെ തടുക്കാൻ കഴിവുള്ള കുറഞ്ഞത് മൂന്നു ഘടകങ്ങളെങ്കിലും പാവയ്ക്കയിലുണ്ട്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ചാരന്റൈൻ, വിസിൻ, ഇൻസുലിനു സമാനമായ സംയുക്തമായ പോളിപെപ്റ്റൈഡ് പി എന്നിവയാണത്. പാവയ്ക്കയിലെ ലെക്റ്റിൻ എന്ന ഘടകം വിശപ്പു തടുത്തുനിർത്തി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. നിരവധി ക്ലിനിക്കൽ ട്രയലുകളിൽ പാവയ്ക്കയുടെ ഈ ഔഷധഗുണങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. എത്നോഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദിവസവും 2000 മി.ഗ്രാം വീതം പാവയ്ക്ക കഴിക്കുന്നത് ടൈപ്പ്–2 പ്രമേഹരോഗികളിൽ പ്രമേഹനിയന്ത്രണത്തിനു സഹായകമാണെന്നു പറയുന്നു. ശരീരത്തിന്റെ ഇൻസുലിൻ ഉൽപാദനത്തെ നിയന്ത്രിക്കുന്നതിന് വരെ പാവയ്ക്കയിലെ ചില ഘടകങ്ങൾക്കു കഴിയുമെന്നും പഠനങ്ങൾ വന്നിട്ടുണ്ട്.

ചൈനയും ഫിലിപ്പീൻസും പോലുള്ള ഏഷ്യൻരാജ്യങ്ങളിൽ പ്രമേഹനിയന്ത്രണത്തിന് പാവയ്ക്കയും കുരുവും ഇലയുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ആയുർവേദത്തിൽ സസ്യ ഇൻസുലിനായാണ് പാവയ്ക്കയെ കരുതിപ്പോരുന്നത്. എങ്കിലും പാവയ്ക്കയ്ക്ക് പ്രമേഹനിയന്ത്രണത്തിലുള്ള പങ്ക് പൂർണമായും മനസ്സിലാക്കാൻ ഇനിയും കൂടുതൽ പഠനം വേണമെന്നാണ് പോഷകാഹാരവിദഗ്ധരുടെ നിലപാട്. ഭാവിയിൽ പ്രമേഹ ഔഷധമെന്ന നിലയിൽ പാവയ്ക്ക കൂടുതൽ വ്യാപകമായി ഉപയോഗിക്കാനാണ് സാധ്യത.

diabetic-img

കറ്റാർവാഴ

സൗന്ദര്യസംരക്ഷണത്തിനുള്ള ഔഷധമായാണ് കറ്റാർവാഴ (അലോ വെര) നമുക്കു പരിചിതം. എന്നാൽ പ്രമേഹനിയന്ത്രണത്തിലും കറ്റാർവാഴ ഉത്തമമാണ്. ഈ വിഷയത്തിൽ ആഴത്തിലുള്ള ഗവേഷണങ്ങൾ കുറവാണെങ്കിലും പ്രാഥമികതലത്തിലുള്ള ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനു കറ്റാർവാഴ ജ്യൂസ് സഹായകമാണെന്നാണ്.

മസാലക്കൂട്ടുകളും പ്രമേഹവും

പ്രമേഹനിയന്ത്രണത്തിനു നമ്മുടെ സ്വന്തം അടുക്കളയിലേക്കു തന്നെ തിരിഞ്ഞാൽ മതിയെന്നാണ് മസാലക്കൂട്ടുകൾക്ക് പ്രമേഹനിയന്ത്രണത്തിനുള്ള സ്വാധീനം കാണുമ്പോൾ തോന്നുക. ഉലുവ മുതൽ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി എന്നിങ്ങനെയുള്ള സുഗന്ധവ്യ‍ഞ്ജനങ്ങൾ പ്രമേഹനിയന്ത്രണത്തിനു സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പാരമ്പര്യവൈദ്യത്തിലും ഇവ അടിസ്ഥാനമാക്കിയുള്ള ഒറ്റമൂലികൾ പണ്ടുമുതലേ നിലവിലുണ്ട്.

കറുവപ്പട്ട

കറുവ മരത്തിന്റെ തൊലി ചെത്തിയെടുത്ത് ഉണക്കിയാണ് കറി മസാലകളിലെ പ്രധാനഘടകമായ ഈ സുഗന്ധവ്യഞ്ജനം ഉണ്ടാക്കുന്നത്. ഇൻസുലിൻ സംവേദനത്വം വർധിപ്പിക്കാനും ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാണ് കറുവപ്പട്ട എന്നാണ് പാരമ്പര്യവൈദ്യം പറയുന്നത്. കറുവപ്പട്ടയുടെ ഔഷധഗുണത്തേക്കുറിച്ച് ചില പഠനങ്ങളും വന്നിട്ടുണ്ട്. ഇവയിലെ വെള്ളത്തിൽ ലയിക്കുന്ന ഫിനോളിക് സംയുക്തങ്ങളാണ് കറുവപ്പട്ടയ്ക്ക് പ്രമേഹത്തെ തടുക്കാനുള്ള കഴിവു നൽകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. 2003–ൽ ഡയബറ്റിസ് കെയർ ജേണലിൽ വന്ന ലേഖനത്തിൽ ടൈപ്പ്–2 പ്രമേഹരോഗികളിൽ കറുവപ്പട്ടയുടെ ഉപയോഗം രക്തത്തിലെ ഷുഗർ നിരക്ക് സന്തുലിതമായി നിൽക്കാൻ സഹായിക്കുന്നുവെന്നും പ്രമേഹവും ഹൃദയധമനീരോഗങ്ങളും മൂലമുള്ള സങ്കീർണതകൾ കുറയ്ക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്. ദിവസവും ഒരു ഗ്രാം കറുവപ്പട്ട വീതം കഴിക്കുന്നത് ഇൻസുലിൻ സംവേദനത്വം വർധിപ്പിക്കുന്നുവെന്നും ചില ശാസ്ത്രീയ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കൻ ജേണൽ ഒാഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പറയുന്നത് ആറു ഗ്രാം കറുവപ്പട്ട കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കുകയും ഭക്ഷണശേഷം രക്തത്തിൽ ഗ്ലൂക്കോസ് അമിതമായി ഉയരുന്നതു തടയുകയും ചെയ്യുമെന്നാണ്.

ഉലുവ, െവളുത്തുള്ളി, ഇ‍ഞ്ചി, ചുവന്ന ചില്ലി പെപ്പർ എന്നിവയ്ക്കും പ്രമേഹത്തിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടെന്നാണ് ചില ഗവേഷകരുടെ നിരീക്ഷണം. ഉലുവയിലെ ലയിക്കുന്ന നാരുകൾ ആണ് പ്രമേഹരോഗികൾക്ക് ഗുണകരമാകുന്നത്. നിരവധി പഠനങ്ങൾ ഉലുവയും പ്രമേഹവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് നടന്നിട്ടുണ്ട്. ഇത്തരമൊരു പഠനത്തിൽ ദിവസം രണ്ടു നേരം 2.5 ഗ്രാം വീതം ഉലുവ മൂന്നുമാസത്തേക്കു കഴിച്ച ചില ടൈപ്പ് –2 പ്രമേഹബാധിതരിൽ പ്രമേഹം നിയന്ത്രിതമായതായി കണ്ടിട്ടുണ്ട്.

ചില പ്രത്യേകയിനം ഇഞ്ചി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ഇൻസുലിൻ സഹായമില്ലാതെ തന്നെ പേശീകലകളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം വർധിക്കുമെന്നും ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് ഉയരാതെ നിലനിർത്തുമെന്നും പഠനങ്ങളുണ്ട്. വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ഘടകം പ്രമേഹനിയന്ത്രണത്തിനു സഹായിക്കും.

diabetic

നെല്ലിക്ക

വിറ്റമിൻ സിയുടെ സമൃദ്ധമായ സ്രോതസ്സായ നെല്ലിയ്ക്ക രോഗപ്രതിരോധശേഷിക്കും ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും ഉത്തമമാണെന്നു നമുക്കറിയാം. എന്നാൽ, ഇതു മാത്രമല്ല പ്രമേഹശമനത്തിനും നെല്ലിക്ക നല്ലതാണെന്നു പാരമ്പര്യവൈദ്യം പറയുന്നു. നെല്ലിക്കനീര്, പച്ചമഞ്ഞൾ എന്നിവ സമമെടുത്ത് ദിവസവും ഒാരോ നേരം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഉത്തമമായ ഒറ്റമൂലിയാണ്.

നെല്ലിക്കയിലെ ക്രോമിയം കാർബോഹൈ‍ഡ്രേറ്റിന്റെ ഉപാപചയത്തിനു സഹായിക്കുമെന്നും അങ്ങനെ രക്തത്തിലെ പ്രമേഹം നിയന്ത്രിക്കുമെന്നും പഠനങ്ങളുണ്ട്. ഇൻസുലിൻ സ്രോതസ്സായ പാൻക്രിയാസിനെ വീക്കത്തിൽ നിന്നും മറ്റ് അണുബാധകളിൽ നിന്നും സംരക്ഷിക്കാനും നെല്ലിക്ക സഹായിക്കുന്നു.

മോര്

േമാരിലുള്ള ചില പ്രത്യേകതരം ഫാറ്റി ആസിഡുകളാണ് പ്രമേഹത്തിന്റെ േദാഷം തടയുന്നത്. ഇൻസുലിന്റെ രക്തത്തിലേക്കുള്ള ആഗിരണ തോത് വർധിക്കാനും മോര് കാരണമാകുന്നു.

ഒറ്റമൂലികൾ

∙ തലേദിവസം 30 ഗ്രാം ഉലുവ വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേദിവസം ആ വെള്ളത്തിൽ തന്നെ അരച്ച് കാലത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും.

∙ പേരയില ഇട്ടു വെള്ളം തിളപ്പിച്ചു പതിവായി കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തിനു സഹായകമാണ്.

∙ കോവയ്ക്കയിൽ ഇൻസുലിന് സമാനമായ ഘടകങ്ങളുണ്ട്. കറിയായി കഴിക്കാം.

പാവയ്ക്ക ജ്യൂസ്, സ്മൂതി, ചായ

പച്ചപാവയ്ക്ക കഴുകി വൃത്തിയാക്കി രണ്ടായി പിളർന്ന് ഒരു സ്പൂൺ കൊണ്ട് ഉള്ളിലെ കുരു നീക്കുക. ഇനി കനംകുറഞ്ഞ കഷണങ്ങളാക്കുക. (പാവയ്ക്ക അരിഞ്ഞശേഷം കഴുകരുത്. ഇതു കയ്പ് കൂട്ടും). ജ്യൂസറിലിട്ട് അൽപം വെള്ളവും ചേർത്ത് അടിക്കുക. അൽപനേരം അനക്കാതെ വച്ചിരുന്നിട്ട് നീര് ഊറ്റിയെടുക്കുക. ഇതാണ് പാവയ്ക്ക ജ്യൂസ്.

ഇനി ജ്യൂസറിൽ ബാക്കിയുള്ളതിലേക്ക് രണ്ടു കപ്പ് തണ്ണിമത്തനും ഒരു ഒാറഞ്ച് കഷണങ്ങളാക്കിയതും അൽപം തേനും ചേർത്ത് വീണ്ടും അടിക്കുക. പാവയ്ക്ക സ്മൂത്തി റെഡിയായി.

പാവയ്ക്ക ചായ

പാവയ്ക്ക കഴുകി പിളർന്ന് കുരുനീക്കി നേർത്ത കഷണങ്ങളായി അരിയുക. കുരു കളയരുത്. കുരുവും അരിഞ്ഞ പാവയ്ക്കയും വെയിലത്തു വച്ച് ഉണക്കിയെടുക്കുക. നന്നായി ഉണങ്ങിയ ശേഷം ഇവ ഒരു നോൺസ്റ്റിക്ക് പാനിലോ ചീനച്ചട്ടിയിലോ ഇട്ട് വെവ്വേറെ ചൂടാക്കണം. പേപ്പറിൽ നിരത്തി തണുത്ത ശേഷം സുതാര്യമല്ലാത്ത, നല്ല മുറുക്കമുള്ള ഒരു ടിന്നിലിട്ടു വയ്ക്കുക. ഇതു കുറേശേ തിളച്ച വെള്ളത്തിലിട്ട് മൂന്നു മിനിറ്റ് അടച്ചുവച്ച് ചായ പോെല ഉപയോഗിക്കാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ജി ഹരികുമാർ, ആയുർവേദ–അലോപ്പതി–ഹോമിയോപ്പതി വിദഗ്ധൻ

തിരുവനന്തപുരം