Friday 27 March 2020 05:44 PM IST : By സ്വന്തം ലേഖകൻ

മദ്യപിച്ചില്ലെങ്കിൽ കൈവിറയലും ഉറക്കക്കുറവുമുണ്ടോ; ഉടൻ ചികിത്സ തേടാം

alcohol

മദ്യം ലഭിക്കാത്തതിനെ തുടർന്ന് കുന്നംകുളംകാരനായ യുവാവ് ആത്മഹത്യ ചെയ്ത വാർത്ത നമ്മൾ കണ്ടുകഴിഞ്ഞു. മദ്യത്തിന് അടിമയായവരിൽ പെട്ടെന്ന് കുടിനിർത്തുമ്പോൾ സ്വാഭാവികമായും ചില ശാരീരികപ്രശ്നങ്ങൾ ഉടലെടുക്കാം. ഇതിന് പിൻവാങ്ങൽ ലക്ഷണങ്ങൾ അഥവാ വിത്ഡ്രാവൽ സിംപ്റ്റംസ് എന്നാണ് പറയുന്നത്.

എന്തൊക്കെയാണ് പ്രാഥമിക ലക്ഷണങ്ങൾ?

മിക്കവരും മദ്യപിക്കുന്നത് വൈകുന്നേരങ്ങളിലായിരിക്കും. പതിവായി കുടിക്കുന്നവരിൽ മദ്യം കഴിക്കാത്ത അന്നു രാത്രി ഉറക്കക്കുറവ് അനുഭവപ്പെടാം. ഇതാണ് പിൻവാങ്ങൽ ലക്ഷണങ്ങളുടെ ആദ്യപടി.

കൈവിറയൽ, അമിതവിയർപ്പ്, ഉത്കണ്ഠ, വിശപ്പില്ലായ്മ, ഒാക്കാനം, ഛർദിൽ, ദുസ്വപ്നങ്ങൾ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ തുടർന്ന് പ്രകടമാകാം. ആ വ്യക്തിയുടെ അഡിക്ഷൻ എത്രത്തോളം തീവ്രമാണ് എന്നതിനെ ആശ്രയിച്ചിരിക്കും പിൻവാങ്ങൽ ലക്ഷണങ്ങളുടെ രീതിയും. അഡിക്‌ഷൻ കൂടുതലുള്ളവരിൽ അപസ്മാരം പോലെ വരാം. കൈകാലിട്ടടിക്കുകയും വായിൽ നിന്നു നുരയും പതയും വരികയും ചെയ്യും.

കടുത്ത മദ്യാസക്തരിൽ അപകടം കൂടാം

കടുത്ത അഡിക്‌ഷനിൽ ഉള്ളവരിൽ ഡെലിറിയം ട്രെമൻസ് എന്ന അവസ്ഥ വരാം. അതായത് അശരീരി ശബ്ദങ്ങൾ കേൾക്കുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ശരീരത്തിൽ ജീവികളും മറ്റും പാഞ്ഞുനടക്കുന്നതായി തോന്നുക , ആരോ കൊല്ലാൻ വരുന്നതായി ഭയപ്പെടുക എന്നിങ്ങനെ സ്വബോധം നഷ്ടപ്പെട്ടവരെ പോലെ പെരുമാറാം. അക്രമാസക്തരാകാം. ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പോ രക്തസമ്മർദമോ വല്ലാതെ വർധിക്കാം. അപകടങ്ങൾക്കും ഗുരുതരമായ ചില ശാരീരികപ്രശ്നങ്ങൾക്കും ഡെലിറിയം ട്രെമൻസ് കാരണമാകാറുണ്ട്. നിർജലീകരണമോ ലവണങ്ങളുടെ കുറവോ കൊണ്ട് ഹൃദയതാളത്തിൽ വ്യതിയാനം വരാം. ബോധക്കേടിൽ ഭക്ഷണമോ വെള്ളമോ കഴിച്ചാൽ അത് ശ്വാസകോശത്തിലെത്തി ന്യൂമോണിയ വരാം. ചിലർ ഈ അവസ്ഥയിൽ ആത്മഹത്യ ചെയ്യാനും ഇടയുണ്ട്.

ആത്മഹത്യയും അപകടങ്ങളും ഒഴിവാക്കാൻ എന്തു ചെയ്യാം?

സ്ഥിരം മദ്യപിക്കുന്ന ഒരാളിൽ ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലുമൊക്കെ കാണുകയാണെങ്കിൽ ഉടൻ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് കാര്യം അറിയിക്കുക. ഈ ലക്ഷണങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ ആവശ്യമായ മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ലഭ്യമാണ്. ഇല്ലെങ്കിൽ ദിശ നമ്പറായ 1056ൽ ബന്ധപ്പെട്ടാൽ എന്തു ചെയ്യണമെന്നതിന് വ്യക്തമായ മാർഗനിർദേശം ലഭിക്കും. കൂടാതെ കേരളത്തിൽ നിലവിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടി അഥവാ ഡിസ്ട്രിക്റ്റ് മെന്റൽ ഹെൽത് പ്രോഗ്രാമിന്റെ സഹായവും തേടാം. നിലവിൽ 14 ജില്ലകളിലും ഈ സംവിധാനമുണ്ട്. സൈക്യാട്രിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ഒരു ടീം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തി അവിടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ കാണുകയും ചികിത്സിക്കുകയും ചെയ്യുകയാണ് നിലവിൽ ചെയ്യുന്നത്. ഈ ടീമിന്റെ സഹായത്തോടുകൂടി ആവശ്യമുണ്ടെങ്കിൽ മദ്യാസക്തർക്കുള്ള മരുന്നുകൾ വീടുകളിലോ തൊട്ടടുത്ത പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലോ എത്തിച്ചുകൊടുക്കാനാകും.