Thursday 07 March 2024 04:07 PM IST : By സ്വന്തം ലേഖകൻ

മുപ്പതിനു ശേഷമുള്ള ആദ്യത്തെ ഗർഭധാരണം സ്തനാർബുദത്തിൽ എത്തിക്കുമോ?: ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

womens-day-health

സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയുൾപ്പെടെയുള്ള സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ദീപ്തി ടിആർ. അവഗണിക്കുന്ന ലക്ഷണങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന ആമുഖത്തോടെയാണ് ഡോക്ടര്‍ കുറിപ്പ് പങ്കുവയ്ക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് ലോക വനിതാ ദിനം. വനിതാ ദിനത്തിൽ ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ ചില അനുഭവങ്ങൾ പങ്ക് വെക്കാമെന്നു കരുതുന്നു. ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവെൻഷന്റെ ഭാഗമായി ഞങ്ങൾ നിരവധി ചെക്ക് അപ്പ് ക്യാമ്പുകളും ക്ലാസ്സുകളും നടത്താറുണ്ട്. ഇത്തരം എല്ലാ ക്യാമ്പുകളിലും ഉണ്ടാകുന്ന അനുഭവങ്ങൾ ഏകദേശം ഒരേ കാര്യങ്ങളാണ്. ഏറ്റവും പ്രധാനം പല രോഗ ലക്ഷങ്ങളും സ്ത്രീകളിൽ പലരും പുറത്ത് പറയാൻ മടിക്കും. ആകെ കൈ വിട്ട് പോകുന്ന സമയത്തു മാത്രമാണ് മിക്കവരും ക്യാമ്പുകളിലേക്ക് കടന്നു വരാറുള്ളത്. മറ്റൊരു കൂട്ടർ രോഗലക്ഷണങ്ങൾ കണ്ടാലും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു പ്രശ്നങ്ങളും ആലോചിച്ച അസുഖ വിവരങ്ങൾ മറച്ച് വെക്കും. ഇങ്ങനെയാണ് മിക്ക സ്ത്രീകളിലും കാൻസർ പ്രധാന മരണകാരണമായി മാറുന്നത്. മിക്കവരിലും രോഗം കണ്ടെത്തുന്നത് അവസാന സ്റ്റേജുകളിലാണ്. അത്തരം സ്റ്റേജുകളിലെത്തുന്നത് രോഗിയുടെ ബുദ്ധിമുട്ടുകൾ കൂട്ടുകയും സാമ്പത്തിക പ്രയാസങ്ങൾ അധികമാക്കുകയും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറക്കുകയും ചെയ്യും എന്നതാണ് യാഥാർഥ്യം. അത് കൊണ്ട് തന്നെ ഈ വനിതാ ദിനത്തിൽ സ്ത്രീകളിൽ ഏതെല്ലാം ലക്ഷങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം എന്ന കാര്യം നമുക്ക് നോക്കാം.

സ്ത്രീകളിൽ ഏറ്റവുമധികം കാണപ്പെടുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഗ്ലോബോക്കൻ ഡാറ്റ അനുസരിച്ച്, 2020 ൽ മാത്രം, ഏകദേശം 2.26 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 685,000 സ്തനാർബുദവുമായി ബന്ധപ്പെട്ട മരണങ്ങളും ഉണ്ടായിട്ടുണ്ട്. 100,000 സ്ത്രീകളിൽ 45.6 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ മരണനിരക്ക് 100,000 സ്ത്രീകളിൽ 15.2 ആണ്. കേരളിത്തിലും സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഈ കണക്കുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്.

എന്താണ് സ്തനാർബുദം?

സ്തനങ്ങളിൽ പ്രധാനമായും 3 ഭാഗങ്ങൾ ഉൾപ്പെടുന്നു: ലോബ്യൂളുകൾ (lobules), നാളങ്ങൾ (ducts), ബന്ധിത ടിഷ്യു( connective tissue). ഇതിൽ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളാണ് ലോബ്യൂൾസ്. മുലക്കണ്ണിലേക്ക് പാൽ കൊണ്ടുപോകുന്ന കുഴലുകളാണ് നാളങ്ങൾ. നാരുകളും കൊഴുപ്പും അടങ്ങിയ ബന്ധിത ടിഷ്യു ഇവയെ താങ്ങി ഒരുമിച്ച് നിർത്തുന്നു. ഇതിലെ ഏതെങ്കിലും ഭാഗങ്ങളെ ബാധിക്കുന്ന കാൻസറിനെയാണ് സ്തനാർബുദം എന്ന് വിളിക്കുന്നത്.

ആരൊക്കെയാണ് സ്തനാർബുദത്തെ ഏറെ ശ്രദ്ധിക്കേണ്ടത് ?

ഒരിക്കൽ സ്തനാർബുദം ബാധിച്ച സ്ത്രീകൾക്ക് രണ്ടാമതും സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. അർബുദമല്ലാത്ത ചില സ്തനരോഗങ്ങളായ എടിപിക്കൽ ഡക്‌ടൽ ഹൈപ്പർപ്ലാസിയ അല്ലെങ്കിൽ ലോബുലാർ കാർസിനോമ ഇൻ സിറ്റു എന്നിവ സ്‌തനാർബുദം വരാനുള്ള ഉയർന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടുതൽ ഡെൻസിറ്റിയുള്ള സ്തനങ്ങൾ ഉള്ളത്.: കൂടുതൽ ഡെൻസിറ്റിയുള്ള സ്തനങ്ങൾക്ക് ഫാറ്റി ടിഷ്യുവിനേക്കാൾ കൂടുതൽ കണക്ടിവ് ടിഷ്യു ഉണ്ട്, ഇത് ചിലപ്പോൾ മാമോഗ്രാമിൽ മുഴകൾ കാണുന്നത് ബുദ്ധിമുട്ടാക്കും. ഡെന്സിറ്റി കൂടുതലുള്ള സ്തനങ്ങളുള്ള സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

12 വയസ്സിന് മുമ്പ് ആർത്തവം ആരംഭിച്ചവർക്ക്, 55 വയസ്സിന് ശേഷം ആർത്തവവിരാമം സംഭവിക്കുന്നവർക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്.

(ഹോർമോണുകൾ കൂടുതൽ കാലം ശരീരത്തിൽ നില നിൽക്കുന്നതാണിതിന്റ്റെ കാരണം)

50 വയസിൽ കൂടുതലുള്ളവർ - പ്രായം കൂടുന്നതിനനുസരിച്ചു സ്തനാർബുദ സാധ്യത കൂടുതലാണ് . 50 വയസ്സിനു ശേഷമാണ് മിക്ക സ്തനാർബുദങ്ങളും കണ്ടുപിടിക്കുന്നത്.

ജനിതകമാറ്റങ്ങൾ- BRCA1, BRCA2 എന്നിങ്ങനെയുള്ള ചില ജീനുകളിൽ പാരമ്പര്യമായി മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) ഉള്ള സ്ത്രീകൾക്ക് സ്തന, അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്.

അമ്മയോ സഹോദരിയോ മകളോ (ഫസ്റ്റ്-ഡിഗ്രി ബന്ധു) അല്ലെങ്കിൽ സ്തനാർബുദമോ അണ്ഡാശയ അർബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടെയോ അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ സ്തനാർബുദത്തിനുള്ള സാധ്യത കൂടുതലാണ്.

റേഡിയേഷൻ തെറാപ്പി സ്വീകരിച്ചവർ : 30 വയസ്സിന് മുമ്പ് നെഞ്ചിലോ സ്തനങ്ങളിലോ റേഡിയേഷൻ തെറാപ്പി നടത്തിയ സ്ത്രീകൾക്ക് (ഉദാഹരണത്തിന്, ഹോഡ്ജ്കിൻസ് ലിംഫോമയുടെ ചികിത്സയുമായി ബന്ധപ്പെട്ട്) പിന്നീട് ജീവിതത്തിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

ഡൈതൈൽസ്റ്റിൽബെസ്ട്രോൾ (DES) എന്ന മരുന്നിന്റെ എക്സ്പോഷർ. ഗർഭം അലസുന്നത് തടയാൻ DES എടുത്ത സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്..

ഇപ്പോൾ ശ്രമിച്ചാൽ സ്തനാർബുദം തടയാൻ സാധിക്കുമോ?

ആർത്തവവിരാമത്തിനു ശേഷം അമിതഭാരം അല്ലെങ്കിൽ അമിതവണ്ണം ഉള്ളവർക്ക് - എത്രയും പെട്ടെന്ന് അമിത വണ്ണം ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ നടത്തുക വഴി സ്തനാർബുദ സാധ്യത തടയാം. അമിതവണ്ണമുള്ള പ്രായമായ സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

ഹോർമോൺ ചികിത്സ ശ്രദ്ധിച് എടുക്കാം: ചില ഹോർമോൺ ചികിത്സകൾ സ്തനാർബുദ സാധ്യത വർധിപ്പിച്ചേക്കാം. അത് കൊണ്ട് ഇത്തരം ചികിത്സകൾക്കു വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടാം.

ആർത്തവവിരാമ സമയത്ത് എടുക്കുന്ന ചില ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (ഈസ്ട്രജനും പ്രൊജസ്റ്ററോണും ഉൾപ്പെടുന്നവ) അഞ്ച് വർഷത്തിൽ കൂടുതൽ എടുക്കുന്നത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും.

കോൺട്രാസെപ്റ്റീവ് ഗുളികകൾ ശ്രദ്ധയോടെ എടുക്കാം : ജനന നിയന്ത്രണ ഗുളികകളുടെ അമിതമായ ഉപയോഗം സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഗർഭധാരണം നേരത്തേയാക്കുക: നേരത്തെ വിവാഹം കഴിക്കുന്നവർ കുട്ടികൾ 30 വയസിനു മുൻപേ പ്ലാൻ ചെയ്യുന്നതാണ് നല്ലതു. 30 വയസ്സിനു ശേഷമുള്ള ആദ്യത്തെ ഗർഭധാരണം പലരിലും സ്തനാർബുദ സാധ്യത കൂടുതുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞിനെ നല്ല പോലെ മുലയൂട്ടുക. മുലയൂട്ടാൻ കഴിയാത്ത അമ്മമാരിൽ സ്തനാർബുദ സാധ്യത കൂടുതലായി കണ്ടു വരുന്നുണ്ട്.

മദ്യപാനം പൂർണമായി ഒഴിവാക്കുക. കൂടുതൽ മദ്യം കഴിക്കുന്നതിനനുസരിച്ച് സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത വർദ്ധിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

പുകവലി സ്തനാര്ബുദത്തിനും കാരണമാകുന്നുണ്ട്. പുകവലി പരിപൂർണമായും ഒഴിവാക്കുക. പാസ്സീവ് സ്മോക്കിങ്ങും ഒഴിവാക്കുക.

രാസവസ്തുക്കളുമായുള്ള സമ്പർക്കം: കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് സ്തനാർബുദ സാധ്യത കൂട്ടുന്നുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമിക്കുക.

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ മിക്ക ആളുകൾക്കും വ്യത്യസ്തമായിരിക്കും. ചില ആളുകൾക്ക് ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെന്നും വരാം .

സ്തനാർബുദത്തിന്റെ ചില മുന്നറിയിപ്പ് സൂചനകൾ ഇവയാണ്-

· സ്തനത്തിലോ കക്ഷത്തിലോ മുഴ.

· സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാകുകയോ വീർക്കുകയോ ചെയ്യുക.

· സ്തനങ്ങളുടെ ചർമത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റം.

· മുലക്കണ്ണിൻറെ ഭാഗത്തോ സ്തനത്തിലോ ചുമപ്പ് നിറമോ അടർന്നു പോവുന്ന രീതിയിലുള്ള ചർമം.

· മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണിൻറെ ഭാഗത്തുള്ള വേദന

· മുലപ്പാൽ ഒഴികെയുള്ള മുലക്കണ്ണിൽ നിന്ന് രക്തം ഉൾപ്പെടെയുള്ള ഡിസ്ചാർജ്.

· സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം.

· സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന.

ഇതെല്ലാം കാൻസറിന്റെ ലക്ഷണങ്ങൾ ആവണമെന്ന് നിർബന്ധമില്ല. കാൻസർ അല്ലാത്ത അല്ലാത്ത മറ്റ് പല അവസ്ഥകളിലും ഈ ലക്ഷണങ്ങൾ ഉണ്ടാവാം. എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

സ്വയം സ്തന പരിശോധന എങ്ങനെ ?

1)കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചും ,അരയിൽ കൈ വെച്ചും കണ്ണാടിയുടെ മുന്നിൽ നിന്ന് സ്തനങ്ങളിൽ വലിപ്പ വ്യത്യാസം ഉണ്ടോ എന്നും നിറ വ്യത്യാസമുണ്ടോ എന്നും നോക്കുക

· കണ്ണാടിയുടെ മുന്നിൽ നിന്ന് കൈകൾ ഉയർത്തി സ്തനത്തിലും ചർമ്മത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ടു സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക.

· കിടന്നുകൊണ്ട് ഇടതു സ്തനം വലത് കരം കൊണ്ട് അമർത്തി മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കുക. തിരിച്ച് വലത് സ്തനവും പരിശോധിക്കുക. വലതു കൈകൊണ്ട് ഇടതു കക്ഷവും ഇടത് കൈ കൊണ്ട് വലതു കക്ഷവും പരിശോധിക്കുക (ചൂണ്ടുവിരൽ ,നടുവിരൽ ,മോതിരവിരൽ എന്നിവയുടെ മധ്യഭാഗമാണ് ഉപയോഗിക്കേണ്ടത്)

· വിരലുകളുടെ ഉൾഭാഗം കൊണ്ട് വൃത്താകൃതിയിൽ മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം. സ്തന ഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്ന് നോക്കുക.

സ്ത്രീകളിൽ ഏറ്റവുമധികം വരുന്ന മറ്റൊരു കാൻസറാണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം സെർവിക്കൽ കാൻസർ കൊണ്ടുള്ള മരണ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണ്ണമായും തടയാൻ സാധിക്കും.

രോഗ ലക്ഷണങ്ങൾ

തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല എങ്കിലും ക്രമേണ രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഇടവിട്ടിട്ടുള്ള രക്തം പോക്ക്, ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, വെള്ളപോക്ക്, ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ ഉണ്ടാകുന്ന വേദന, നടുവേദന, അകാരണമായിട്ടുള്ള ഭാരക്കുറവ്, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്നീ ലക്ഷങ്ങളാണ് സാധാരണ കണ്ടു വരാറുള്ളത്.

സെർവിക്കൽ കാൻസർ തടയാൻ ഇപ്പോൾ എച്ച്പിവി വാക്‌സിൻ ലഭ്യമാണ്. എങ്കിലും കൂടുതൽ ആളുകൾക്കും ഇതിനെക്കുറിച് അറിയാത്തത് കൊണ്ട് വാക്സിനേഷൻ അധികം ആളുകളിൽ എത്തിയിട്ടില്ല. കുട്ടികളിലാണ് ഈ വാക്‌സിൻ ഏറ്റവും ഫലപ്രദം. എങ്കിലും 45 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ഈ വാക്സിനേഷൻ എടുക്കാവുന്നതാണ്. സെർവിക്കൽ ക്യാന്സറിനൊപ്പം എട്ടോളം കാൻസറുകളെ ഈ വാക്സിനേഷൻ തടയും എന്നത് അധികം ശ്രദ്ദിക്കാത്ത ഒരു കാര്യമായി മാറുന്നു.

9 -14 വയസ്സുവരെയുള്ളവർക്ക് രണ്ട് ഡോസ് ആയിട്ടാണ് എച്ച്പിവി വാക്സിനേഷൻ നൽകുന്നത്. ആദ്യത്തെ ഡോസ് കഴിഞ്ഞ് ആറുമാസത്തിനു ശേഷമാണ് രണ്ടാമത്തെ ഡോസ് കൊടുക്കേണ്ടത്.

15- 45 വരെയുള്ളവർക്ക് മൂന്ന് ഡോസ് ആയിട്ടാണ് നൽകേണ്ടത്.. ആദ്യഡോസ് കഴിഞ്ഞ് 2 മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും, രണ്ടാമത്തെ ഡോസ് കഴിഞ്ഞ 4 മാസം കഴിഞ്ഞാണ് മൂന്നാമത്തെ ഡോസ് നൽകുന്നത്.. ഇപ്പോൾ ഏകദേശം 2000 മുതൽ 3000 വരെ രൂപ വരും ഒരു ഡോസിന്.. ഈ വനിതാദിനത്തിൽ ക്യാന്സറിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ എല്ലാ സ്ത്രീകളും ശ്രദ്ടിക്കൂ. 9 വയസ്സ് മുതൽ -14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് നിർബന്ധമായും hpv വാക്സിനേഷൻ നൽകൂ. കാൻസർ എന്ന വിപത്തിൽ നിന്ന് രക്ഷ നേടൂ.