Monday 13 April 2020 11:51 AM IST

പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി വിഷാദം വരെയുള്ള അപകടങ്ങൾ: വെറുതെ ഇരിപ്പ് രോഗമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Santhosh Sisupal

Senior Sub Editor

santh-lazy

ലോക് ഡൗൺ കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് ടിവിയോ മൊബൈൽ ഫോണോ നോക്കി വെറുതെ ഇരിക്കുന്നവർ ധാരാളമാണ്. കിട്ടുന്ന സമയം മുഴുവൻ പരമാവധി ഉറങ്ങി തീർക്കുന്നവരും ഉണ്ട്. എന്നാൽ ഈ അമിതമായ ഇരിപ്പും കിടപ്പും ശരീരത്തിന് പലവിധ ആരോഗ്യപ്രശ്നങ്ങളും വരുത്തിത്തീർക്കും. കായികാധ്വാനം കുറഞ്ഞ ഈ അവസ്ഥ ജീവിതശൈലിരോഗങ്ങൾ വർദ്ധിക്കാനും കാരണമാകും.

പ്രധാന പ്രശ്നങ്ങൾ

കായികമായ അധ്വാനവും വ്യായാമവും കുറയുകയും ഇരിപ്പും കിടപ്പും ഒക്കെ കൂടുകയും ചെയ്യുമ്പോൾ അത് അമിത വണ്ണത്തിലേക്കാണ് ആദ്യം നയിക്കുക.

ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ തന്നെ ഊർജ വിനിയോഗം പരമാവധി കുറയുന്നതാണ് ഇതിനു കാരണം.

ശരീരത്തിലെ ഉപാപചയ പ്രക്രിയയിൽ വേഗത്തിൽ മാറ്റം വന്നതിനാൽ പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, വിഷാദം, പിരിമുറുക്കം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളും വർധിക്കും.

പരിഹാരം

1. ഈ പ്രശ്നങ്ങൾക്കെല്ലാം ഉള്ള മികച്ച പരിഹാരം വ്യായാമം തന്നെയാണ്. വീട്ടിൽ തന്നെ നിത്യവും നിശ്ചിത സമയം നിർബന്ധമായും വ്യായാമത്തിനു വേണ്ടി മാറ്റി വെക്കണം. വീടിനുള്ളിൽ സ്ഥലമില്ലെങ്കിൽ വീടിനു ചുറ്റാകെയോ ടെറസിലോ നടക്കാം.

2. ഒരേ ഇരിപ്പ് ഇരിക്കാതെ ോരോ അരമണിക്കൂറും ഇടവിട്ട് അല്പം ഒന്ന് എഴുന്നേറ്റ് നടക്കാനും എന്തെങ്കിലും നേരിയ തോതിലുള്ള സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യാനും ശ്രമിക്കണം.

3. വീട്ടിലുള്ള വളർത്തുമൃഗങ്ങളുമായോ മറ്റു പെറ്റ്സുകളുമായോ നിത്യവും അല്പം സമയം ചെലവഴിക്കുന്നത് ശരീരത്തിനും മനസ്സിനും വളരെ ഉൻമേഷം നൽകും.

4. പൂന്തോട്ട പരിപാലനം, കൃഷി പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്നതും നല്ലതാണ്.

5. ദിവസം നിശ്ചിത സമയം കമ്പ്യൂട്ടർ, മൊബൈൽ, ടിവി തുടങ്ങിയ സ്ക്രീനുകളിൽ നിന്ന് വിട്ടുനിൽക്കാനും ശ്രദ്ധിക്കാം.

6. വീട്ടിൽ മറ്റു വ്യായാമങ്ങൾ ഇല്ലാതെ കഴിയുന്നവർ കൊഴുപ്പും മധുരവും ഉൾപ്പെടെയുള്ള ഊർജ്ജം ഏറെയുള്ള ഭക്ഷണം പരമാവധി കുറയ്ക്കണം.