Thursday 24 September 2020 04:49 PM IST : By സ്വന്തം ലേഖകൻ

കിടക്ക നന്നായാൽ ഉറക്കം നന്നായി; നല്ല കിടക്ക തിരഞ്ഞെടുക്കാൻ സൂപ്പർ ടിപ്സ്

bedert

നല്ല കിടക്ക ഉണ്ടെങ്കിൽ തന്നെ ഉറക്കം സുഖമായി. പക്ഷേ, കിടക്ക തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

∙ മെത്ത കാണാൻ നല്ല ഭംഗിയുണ്ട്, പക്ഷേ, കിടന്നെണീറ്റാൽ നടുവിനു വേദന ആണെങ്കിലോ? അതുകൊണ്ട് മെത്ത വാങ്ങുമ്പോൾ ഗുണമേന്മ ഉള്ളതു നോക്കി വാങ്ങുക. കിടന്നു നോക്കി വാങ്ങുന്നതാകും നല്ലത്.

∙ എന്ത് ആവശ്യത്തിനുള്ള കിടക്കയാണ് എന്നതും തിരഞ്ഞെടുപ്പിൽ പ്രധാനമാണ്. കിടപ്പുരോഗികൾക്ക് ബെഡ്സോർ വരാൻ സാധ്യത കുറയ്ക്കുന്ന തരം കിടക്ക തിരഞ്ഞെടുക്കുക. ആസ്മ പ്രശ്നമുള്ളവരാണെങ്കിൽ പഞ്ഞിക്കിടക്കകൾ ഒഴിവാക്കുന്നതാകും നല്ലത്.

∙ മെത്ത 8–9 വർഷം കഴിയുമ്പോൾ മാറ്റുന്നതാണ് നല്ലത്. കാരണം ഉപയോഗിക്കുന്തോറും അതിന്റെ ദൃഢത കുറഞ്ഞുവരാം.

∙ ഒരുപാട് ദൃഢമായതും ഒരുപാട് മൃദുവായതുമായ കിടക്കകൾ നല്ലതല്ല. പരുക്കൻ മെത്തകൾ ശരീരത്തിലെ പ്രഷർ പോയിന്റുകളിൽ സമ്മർദം നൽകി വേദനയുളവാക്കാം. മൃദുവായ മെത്തകൾ പെട്ടെന്നു കുഴിഞ്ഞ് താഴ്ന്ന് നടുവേദന പോലുള്ള പ്രശ്നങ്ങൾ വർധിക്കാൻ കാരണമാകാം. അതുകൊണ്ട് നടുവേദന ഉള്ളവർക്ക് ദൃഢമായ മെത്തകൾ തന്നെയാണു നല്ലത്.

പലതരം കിടക്കൾ വിപണിയിലുണ്ട്.

ഫോം കിടക്ക: സ്പോഞ്ച് പോലുള്ള മെറ്റീരിയലാണ് ഫോം. കനം കൂടിയ പതുങ്ങിപോവാത്ത ഫോമുകളുമുണ്ട് . അവയ്ക്ക് വില കൂടുതലാണ്.

കയർ കിടക്കകൾ: ചകിരിനാരുകളുടെ പാളികൾ കൊണ്ടാണ് കയർ കിടക്ക നിർമിക്കുന്നത്. ചകിരിക്കു മുകളിലും താഴെയും ഫോമുണ്ടാകും. കുഴിയാതെ നല്ല സപ്പോർട്ട് നൽകുന്നതിനാൽ നടുവേദനയുള്ളവർക്ക് അനുയോജ്യമാണ്. ഡോക്ടർമാർ നിർദേശിക്കുന്ന ഒാർതോപീഡിക് കിടക്കകൾ മിക്കതും നിർമിക്കുന്നത് ചകിരി ഉപയോഗിച്ചാണ്.

പഞ്ഞിക്കിടക്കകൾ മൃദുവും വില കുറഞ്ഞവയുമാണെങ്കിലും കുറച്ചുകാലം കഴിയുമ്പോൾ ആകൃതി നഷ്ടപ്പെട്ടുപോകാം. മാത്രമല്ല, ഇടയ്ക്കിടെ നല്ല വെയിൽ കൊള്ളിച്ചില്ലെങ്കിൽ പ്രാണിശല്യം വരാം.

സ്പ്രിങ് കിടക്ക: ശരീരത്തിനു മികച്ച സപ്പോർട്ടു നൽകുന്നവയാണ് സ്പ്രിങ് കിടക്കകൾ. കിടക്കയുടെ മുകളിലും താഴെയും ഫോമിന്റെ പാളിയുണ്ടാകും.

Tags:
  • Manorama Arogyam
  • Health Tips