Wednesday 05 October 2022 02:48 PM IST

‘അയാളെ അച്ഛനെ പോലെ വിശ്വസിച്ചതാണ് എന്റെ മകൾ, ആ കുഞ്ഞിനോടാണ്...’; പൂമ്പാറ്റയെ മുറിവേൽപ്പിക്കുന്നവർ

Tency Jacob

Sub Editor

abused-child

കളിവീടുണ്ടാക്കി, ഊഞ്ഞാലിൽ ആടിതിമിർത്ത്, കണ്ണാരംപൊത്തി കളിച്ചു ഓടിച്ചാടി ഉല്ലസിക്കേണ്ട കുഞ്ഞുങ്ങൾ. അവരുടെ ചിറകിന്റെ തൂവൽ പറിച്ച് ഇരുട്ടിലേക്കു തള്ളിവിടുകയാണ് ചിലർ. എവിടെ നിന്നാണ് ചോര കിനിയുന്നത്? എങ്ങനെയാണ് മുറിവുണ്ടായത്? അതുപോലും അറിയാതെ ഇളം കണ്ണുകളിൽ അമ്പരപ്പു നിറച്ചു അവർ നമുക്കു നേരെ നോക്കുന്നു. ഏതു വാക്കു കൊണ്ട്, പ്രവർത്തി കൊണ്ട് അവർക്കേറ്റ മുറിവുകളിൽ നമ്മൾ തൈലം പുരട്ടും? നമുക്കവരെ പഴയ കുട്ടികളായി തിരിച്ചു കിട്ടുമോ?

(നിയമപരമായ കാരണങ്ങളാൽ ആരുടെയും പേരോ സ്ഥലമോ ഉപയോഗിക്കുന്നില്ല.)

നീതി ലഭിക്കാൻ ഏതറ്റം വരെയും

(ഇര : ആറു വയസ്സുള്ള പെൺകുട്ടി)

‘‘എന്റെ മകൾക്കു നീതി ലഭിക്കാൻ സുപ്രിം കോടതി വരെ പോകേണ്ടി വന്നാലും ഞാൻ പോകും.അച്ഛനെ പോലെ വിശ്വസിച്ചതാണ് എന്റെ മകൾ അയാളെ. എന്നിട്ട്, ആ കുഞ്ഞിനോടാണ്...’’ ആ അമ്മയുടെ തൊണ്ട ഇടറിത്തുടങ്ങി. വാക്കുകൾ തുടരാനാവാത്ത വിധം അവർ തളർന്നിരുന്നു.‘‘രണ്ടു വർഷമായി ഈ കേസിന്റെ പിന്നാലെ നടക്കുന്നു. അയാൾ കസ്റ്റംസ് ഓഫിസറായതു കാരണം പൊലീസും നിയമപാലകരും എല്ലാം അയാളുടെ കൂടെയാണ്.’’ അവർ ഇടർച്ചയോടെ പറഞ്ഞു.

‘‘ഞാൻ മലയാളിയാണെങ്കിലും ജനിച്ചതും വളർന്നതും മുംബൈയിലാണ്. ആദ്യ ഭർത്താവുമായി ഒരു ബുട്ടീക് നടത്തുകയായിരുന്നു.വിദഗ്ദമായി കളിച്ച് ബിസിനസ്സടക്കം അയാൾ കൊണ്ടുപോയി, ഞാനും മകളും പെരുവഴിയിലുമായി. എനിക്ക് അച്ഛനോ അമ്മയോ ഉണ്ടായിരുന്നില്ല.

ജീവിതം വഴിമുട്ടി ജോലിക്കു വേണ്ടി അലയുന്ന സമയത്താണ് ഇയാളെ പരിചയപ്പെ‍ട്ടത്. അയാളുടെ മകനുമുണ്ടായിരുന്നു ഒപ്പം. 16 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനുമുണ്ട്. ഭാര്യ മരിച്ചതാണ്.

ഞാൻ ചെന്നാൽ ആ കുട്ടിക്ക് അമ്മയും എന്റെ മകൾക്ക് അച്ഛനേയും കിട്ടുമല്ലോ. അങ്ങനെയാണ് ഞാനും മകളും കേരളത്തിലെത്തുന്നത്. ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുകയായിരുന്നു. മകൾ നല്ല പ്രസരിപ്പുള്ള കുട്ടിയാണ്. എപ്പോഴും തുള്ളിച്ചാടി നടക്കും. പെട്ടെന്നു അവളാകെ വാടാൻ തുടങ്ങി. കളിക്കാനൊന്നും പോകാതെ ഒറ്റയ്ക്കിരിക്കും. എന്തുപറ്റിയെന്നു ചോദിച്ചെങ്കിലും ‘ഒന്നുമില്ല മമ്മ’ എന്നു പറഞ്ഞു ഒഴിഞ്ഞു മാറി. പിന്നീട് നിർബന്ധിച്ചു ചോദിച്ചപ്പോൾ അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.‘മമ്മ ഇതു ചെന്നു ചോദിക്കല്ലേ, മമ്മയെ അയാൾ കൊന്നു കളയും.’ ഞാനാകെ സ്തംഭിച്ചു പോയി.

അച്ഛന്റെ സ്ഥാനത്തുള്ള അയാൾ ദിവസങ്ങളായി എന്റെ മകളെ ഉപദ്രവിക്കുകയായിരുന്നു. മകൾ ഭീതിയോടെ എന്നെ വിളിക്കും. ഞാനതു കേൾക്കാതെ ബോധം കെട്ടുറങ്ങുകയായിരുന്നെന്നാണ് അവൾ പറഞ്ഞത്. കുഞ്ഞ് വിസമ്മതിച്ചപ്പോൾ അയാൾ അവളുടെ രണ്ടു കയ്യും കട്ടിൽ ക്രാസിയിൽ കെട്ടി...’’ അമ്മ നിയന്ത്രണമില്ലാതെ കരഞ്ഞു.

‘‘രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്കെപ്പോഴും ക്ഷീണം തോന്നിയിരുന്നു. എന്തുകൊണ്ടാണെന്നു മനസ്സിലായിരുന്നില്ല. കുടിക്കുന്ന വെള്ളത്തിലോ ഭക്ഷണത്തിലോ എന്തോ ചേർത്തിരുന്നു. അല്ലെങ്കിൽ മകൾ അലറിക്കരഞ്ഞ് വിളിക്കുമ്പോൾ ‍ഞാൻ എഴുന്നേൽക്കാതിരിക്കുമോ?

തെളിവോടെ വേണം അയാളെ പിടിക്കാനെന്നു ഞാൻ ഉറപ്പിച്ചു. അന്നു മുതൽ പൈപ്പിൽ നിന്നുള്ള വെള്ളമല്ലാതെ മറ്റൊന്നും ‍ഞാൻ കുടിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്റെ മകളുടെ അടുത്തേക്കു വരുന്നതു ഞാനറിഞ്ഞു. ഇനിയൊന്നും എനിക്കു പറയാൻ വയ്യ.’’അവർ നിസ്സഹായയായി തല വെട്ടിച്ചു.

‘‘ആദ്യം മരിക്കണമെന്നാണ് ചിന്തിച്ചത്. പിന്നെ തോന്നി, അവനു ശിക്ഷ വാങ്ങിക്കൊടുത്തിട്ടേ മരിക്കൂ. പിറ്റേന്നു തന്നെ പൊലീസ് സ്േറ്റഷനിൽ കേസ് കൊടുത്തു. അ യാൾ പൊലീസ് കസ്റ്റഡിയിലാകുമ്പോൾ രക്ഷപ്പെടാം എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, ആരോ ഒറ്റിക്കൊടുത്തു.‘നിന്റെ മകൾ എനിക്കെതിരായി മൊഴി കൊടുത്താൽ എന്റെ ജോലി പോകും. കേസ് പിൻവലിക്കണം.’എന്നതായിരുന്നു അയാളുടെ ആവശ്യം.സമ്മതിക്കാതായപ്പോൾ അയാൾ എന്നെ ആക്രമിച്ചു. എതിർത്തപ്പോൾ സ്വയം മുറിവുകളുണ്ടാക്കി അയാൾ പൊലീസിനെ വിളിച്ചു. അങ്ങനെ ഞാൻ ജയിലിലായി. മകളെ അടുത്തുള്ള സംരക്ഷണ കേന്ദ്രത്തിലാക്കി.

വീട്ടുജോലി ചെയ്താണ് ഞാനിപ്പോൾ ജീവിക്കുന്നതും മകളെ വളർത്തുന്നതും. കേസുള്ളതുകൊണ്ട് മുംബൈയിലേക്കു മടങ്ങാൻ വയ്യ. നീതി കിട്ടും വരെ അതിന്റെ പിന്നാലെ ഞാനുണ്ടാകും. മകളിപ്പോൾ മൂന്നാം ക്ലാസ്സിലാണ്. വിഷാദം മാറി വരുന്നുണ്ട്. പഠിക്കാൻ നല്ല മിടുക്കിയാണ്. കേസിനു നടന്നാണ് ഞങ്ങളുടെ രണ്ടുപേരുടെയും മലയാളം ഇത്ര നന്നായത്.’’അവർ ചിരിക്കാൻ ശ്രമിച്ചു.

തയാറാക്കിയത്: ടെൻസി ജെയ്ക്കബ്