Tuesday 06 February 2018 05:20 PM IST

ഹൃദ്രോഗം തടയാം, ഈ മരുന്ന് ശീലമാക്കിയാൽ

Santhosh Sisupal

Senior Sub Editor

heart_statins

ഹൃദയാഘാതമുൾപ്പെടെയുള്ള ഹൃദയധമനീരോഗങ്ങളിലെ പ്രധാന വില്ലനാണ് അമിതമായ കൊളസ്ട്രോൾ. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ നിയന്ത്രിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ ഒരു തരത്തിൽ ജീവൻരക്ഷാമരുന്നുകളായി പരിണമിച്ചിരിക്കുന്നു. ‘ഡോക്ടർമാർ കഴിക്കുന്ന മരുന്ന് ’ എന്നു ഖ്യാതി നേടിയിട്ടുണ്ടെങ്കിലും സ്റ്റാറ്റിൻ മരുന്നുകൾക്കു മേൽ എന്നും വിവാദത്തിന്റെ നിഴൽ വീഴാറുണ്ട്. പക്ഷേ അപ്പോഴും ഏറ്റവുമധികം

വിറ്റഴിയുന്ന മരുന്നുകളായി അവ നിലനിൽക്കുന്നു. ഹൃദ്രോഗം ഇല്ലാത്തവർ പോലും പ്രതിരോധമരുന്നായി ഇന്ന് സ്റ്റാറ്റിനുകൾ കഴിക്കുന്നു. വിപുലമായി ഉപയോഗിക്കപ്പെടുന്ന ഈ കൊളസ്ട്രോൾ മരുന്നുകളിലും ചികിത്സയിലും വന്നു ചേർന്ന പുതിയ കാഴ്ചകളേയും കാഴ്ചപ്പാടുകളേയും പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധൻ ഡോ. സജി കുരുട്ടുകുളം വിലയിരുത്തുന്നു.

സ്റ്റാറ്റിനെ ‘അത്ഭുതമരുന്ന്’ എന്നു വിളിക്കാമോ?

സ്റ്റാറ്റിൻ ഒരു വണ്ടർ ഡ്രഗ് തന്നെ. ഏതു മരുന്നിനും അതിന്റേതായ പാർശ്വഫലങ്ങളും ഉണ്ടായിരിക്കും. നമുക്കു ചുറ്റുമുള്ള ഹൃദ്രോഗികളെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഹൃദ്രോഗികളിൽ വളരെ ചുരുക്കം പേർ മാത്രമേ ഹൃദ്രോഗം മൂലം മരിക്കുന്നുള്ളൂ. ഹൃദ്രോഗികൾ ഭൂരിഭാഗവും മരിക്കുന്നത് മറ്റു കാരണങ്ങൾ കൊണ്ടാണ്. എന്റെ അനുഭവത്തിൽ മിക്കവാറും ഹൃദ്രോഗികൾക്കു വർഷത്തിൽ ഒരിക്കൽ മാത്രമേ ഡോക്ടറെ കണ്ടു ഹൃദ്രോഗസംബന്ധമായ ചെക്ക്അപ്പുകൾ നടത്തേണ്ട ആവശ്യമുള്ളൂ. മാത്രവുമല്ല സ്റ്റാറ്റിൻ മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നതുമൂലം ആൻജിയോപ്ലാസ്റ്റിയും െെബപാസും ഹൃദയാഘാതവും നല്ല അളവിൽ തടഞ്ഞുനിർത്താനും കഴിയുന്നു. സ്റ്റാറ്റിൻ മരുന്നുകളോടൊപ്പം തന്നെ രക്തക്കുഴലുകളിലെ നീർക്കെട്ട് കുറയുന്ന ചികിത്സയും കൂടി ചെയ്താൽ ഹൃദയാഘാതവും ആൻജിയോപ്ലാസ്റ്റിയും െെബപാസും ഒരു വലിയ അളവിൽ തന്നെ ഒഴിവാക്കാനാകുമെന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തയിടെ പുറത്തുവന്നിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിയും െെബപാസും ചിലപ്പോൾ സമീപഭാവിയിൽ പഴങ്കഥയായേക്കാം.

എന്തിനാണ് കൊളസ്ട്രോൾ മരുന്ന്?

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള കൊളസ്ട്രോൾ 20 ശതമാനത്തോളം ആഹാരത്തിൽ നിന്നും 80 ശതമാനം കരളിൽ നിന്നുള്ള ഉൽപാദനത്തിൽ നിന്നുമാണു ലഭിക്കുന്നത്. കൊളസ്ട്രോൾ അഥവാ കൊഴുപ്പ് രക്തത്തിൽ അഞ്ചു തരം െെലപ്പോ പ്രോട്ടീനുകളായാണ് കാണപ്പെടുന്നത്. ഇതിൽ സാന്ദ്രത കുറഞ്ഞ എൽഡിഎൽ കൊളസ്ട്രോൾ ഹൃദയധമനികളുടെ ചുരുക്കത്തിനു കാരണമാകുന്ന കൊഴുപ്പാണ്. അതുകൊണ്ട് എൽഡിഎൽ കൊളസ്ട്രോൾ രക്തത്തിൽ കൂടിയിരിക്കുന്ന അവസ്ഥയിൽ കൊളസ്ട്രോൾ മരുന്നുകൾ കഴിച്ചു ഹൃദ്രോഗസാധ്യത കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ പല രീതിയിലുള്ള മരുന്നുകൾ കഴിഞ്ഞ 50 വർഷമായി ലഭ്യമാണെങ്കിലും തൊണ്ണൂറുകളുടെ ആരംഭത്തോടുകൂടി കണ്ടുപിടിക്കപ്പെട്ട സ്റ്റാറ്റിൻ മരുന്നുകളാണ് ഇതിൽ ഏറ്റവും ഫലപ്രദം.

ഏതാണ് കൂടുതൽ നല്ലത്?

കൊളസ്ട്രോൾ കുറയ്ക്കാനായി ആറു തരത്തിലുള്ള സ്റ്റാറ്റിൻ മരുന്നുകളാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. അതിൽ ലോവാസ്റ്റാറ്റിൻ, അറ്റോർവാസ്റ്റാറ്റിൻ, റോസുവാസ്റ്റാറ്റിൻ എന്നീ മരുന്നുകളാണു ഡോക്ടർമാർ നിർദേശിക്കുന്നത്. ഇക്കൂട്ടത്തിൽ റോസുവാസ്റ്റാറ്റിൻ ആണ് ഇതിൽ ഏറ്റവും പുതിയതും ഗുണമേന്മ ഉയർന്നതും. അതിനാൽ റോസുവാസ്റ്റാറ്റിൻ ആണ് ഇന്ന് ഡോക്ടർമാർ കൂടുതലായി എഴുതുന്നത്. അറ്റോർവസ്റ്റാറ്റിൻ 10 മില്ലിഗ്രാം കഴിക്കുന്ന രോഗിക്ക് റോസുവാസ്റ്റാറ്റിൻ അഞ്ചു മില്ലിഗ്രാം മതി.

ഏറ്റവും പുതിയ മരുന്ന്?

റോസുവാസ്റ്റാറ്റിനേക്കാൾ ഗുണമേൻമ അവകാശപ്പെടുന്ന പുതിയ മരുന്നാണ് പിറ്റാവാസ്റ്റാറ്റിൻ (Pitavastatin). ഒന്ന് രണ്ട് പതിറ്റാണ്ടു മുൻപുവരെ ഏറ്റവും പുതിയ മരുന്നുകൾ രോഗിക്ക് നൽകുവാൻ ഡോക്ടർമാർ ആവേശം കാണിച്ചിരുന്നു. എന്നാൽ എല്ലാ ഗവേഷണങ്ങളും പൂർത്തിയാക്കി സുരക്ഷിതമെന്നുറപ്പു വരുത്തിയശേഷം പുറത്തുവന്ന താലിഡോമൈഡുപോലുള്ള ചില മരുന്നുകൾ അപ്രതീക്ഷിതമായ പാർശ്വഫലങ്ങളുണ്ടാക്കി. ഇത് ഡോക്ടർമാരുടെ കാഴ്ചപ്പാടിൽ തന്നെ മാറ്റം വരുത്തി. എത്ര ഗുണമേൻമയുണ്ടെന്ന് അവകാശപ്പെടുന്ന മരുന്നായാലും കുറച്ചുകാലം നിരീക്ഷിച്ച് ഗുണമേൻമ സ്വയം ഉറപ്പാകുമ്പോഴേ ഡോക്ടർമാർ കുറിക്കാറുള്ളൂ. റോസുവാസ്റ്റാറ്റിനും നമ്മുടെ നാട്ടിൽ വ്യാപകമാകുവാൻ സമയമെടുത്തു. അതുപോലെ പുതിയ മരുന്നായ പിറ്റാവാസ്റ്റാറ്റിൻ ഡോക്ടർമാരുെട നിരീക്ഷണ പരിധിയിലാണെന്നു പറയാം.

പാർശ്വഫലം കുറയുമോ?

പണ്ട് ഉപയോഗിച്ചിരുന്ന സിംവാസ്റ്റാറ്റിന്റെ ഇരട്ടി ഫലമുണ്ട് അറ്റോർവാസ്റ്റാറ്റിന്. അറ്റോർവയുെട ഇരട്ടി ഗുണമുണ്ട് റോസുവാസ്റ്റാറ്റിന്. അതായത് 20 മില്ലിഗ്രാം സിംവാസ്റ്റാറ്റിൻ ഉപയോഗിച്ചിരുന്നിടത്ത്, ഇന്ന് അഞ്ചുമില്ലിഗ്രാം റോസുവ മതി. സ്വാഭാവികമായും പാർശ്വഫലങ്ങളുെട കാര്യത്തിലും കുറവുവരും. എന്നാൽ കൊളസ്ട്രോൾ മരുന്നുകളുെട കാര്യത്തിൽ പാർശ്വഫലങ്ങൾ അപ്രസക്തമാണ്. അപൂർവം പേരിൽ പേശീവേദനയോ അത്യപൂർ‌വമായി കരളിലെ വ്യതിയാനങ്ങളോ കാണാം. മരുന്നു നിർത്തിവച്ചാൽ അതു തനിയേ മാറുന്നതേയുള്ളൂ. അത്തരക്കാരിൽ മറ്റുവിഭാഗത്തിൽപെട്ട കൊളസ്ട്രോൾ മരുന്നുകൾ നൽകാം. വളരെ ചെറിയ അളവിൽ ദീർഘകാലം സ്റ്റാറ്റിൻ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് സാധാരണ പാർശ്വഫലങ്ങളൊന്നും കാണാറില്ല. എന്നാൽ കൂടിയ അളവിൽ ഉപയോഗിക്കുന്നവർക്ക് കരൾ സംബന്ധമായ പ്രശ്നങ്ങളോ െെകകാൽ തരിപ്പുകളോ വളരെ ചെറിയ അളവിലുള്ള പ്രമേഹസാധ്യതയോ ഉണ്ടാകാം. സ്റ്റാറ്റിൻ ഗുളികകൾ കാൻസറിന് കാരണമാകുമെന്ന പ്രചാരണവും തെറ്റാണ്.

സ്റ്റാറ്റിൻ ഗുളികകൾ സ്ഥിരമായി കഴിക്കുന്നവരിൽ ലിവർ ഫങ്ഷൻ ടെസ്റ്റ് ചെയ്യുമ്പോൾ SGOT, SGPT ഇവ അല്പം കൂടുതലായി കണ്ടേക്കാം. എന്നാൽ ഇതു സ്ഥിരമായി കരളിനു രോഗം വരുത്തുന്നതല്ല എന്നും അറിയണം.

heart02

പ്രതിരോധ മരുന്നാണോ?

അനുഭവത്തിെന്റ വെളിച്ചത്തിൽ സ്റ്റാറ്റിൻ ഹൃദ്രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൂടിയാണ്. അങ്ങനെ പറയുമ്പോൾ ചില നിബന്ധനകൾ കൂടിയുണ്ട്. ഹൃദ്രോഗത്തിന്റെ അപായഘടകങ്ങൾ (പ്രമേഹം, രക്താതിമർദം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, കുടുംബപാരമ്പര്യം, അമ്പതു വയസ്സിലേറെ പ്രായം, പുകവലി..തുടങ്ങിയവ) ഏതെങ്കിലുമൊക്കെ ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധമരുന്നായി ഉപയോഗിക്കാം. തീർച്ചയായും ഹൃദ്രോഗസാധ്യത കുറയാൻ സഹായിക്കും .എന്നാൽ ഒരു അപായഘടകവുമില്ലാത്തയാൾ സ്റ്റാറ്റിൻ മരുന്നു വെറുതേ കഴിക്കേണ്ട കാര്യമില്ല.

അളവ് എത്ര വേണം?

ഹൃദ്രോഗത്തെ രണ്ടായി തരംതിരിക്കാം.ഒന്ന്, തീവ്രമായ ഹൃദ്രോഗം (Acute Coronary Syndrome)– ഹാർട്ട് അറ്റാക്ക്, അതിനു മുന്നോടിയായി ഉണ്ടാകുന്ന നെഞ്ചുവേദന (Unstable Angina) എന്നീ രോഗലക്ഷണങ്ങൾ ഉള്ള രോഗികൾ. രണ്ട്, ഹൃദയധമനികളിൽ ബ്ലോക്കുകളുണ്ടെങ്കിലും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണിവർ.

ആദ്യത്തെ വിഭാഗത്തിൽപെട്ടവർക്ക് വളരെ ഉയർന്ന അളവിൽ സ്റ്റാറ്റിൻ ഗുളികകൾ കൊടുക്കേണ്ടി വരുമ്പോൾ രണ്ടാമത്തെ ഗ്രൂപ്പിന് വളരെ ചെറിയ അളവിൽ മാത്രമേ മരുന്നിന്റെ ആവശ്യമുള്ളൂ. അപായഘടകങ്ങളുെട തീവ്രത അനുസരിച്ച് മരുന്നളവിൽ യുക്തമായ ഏറ്റക്കുറച്ചിൽ വരുത്താം. ഇക്കാര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടറുടെ വിലയിരുത്തലാണ് പ്രധാനം. ഹാർട്ട് അറ്റാക്ക് വന്ന ശേഷം ആദ്യത്തെ ഏതാനും മാസങ്ങൾ രോഗിക്ക് സ്റ്റാറ്റിൻ ഗുളികകൾ ഉയർന്ന അളവിൽ കൊടുക്കേണ്ടിവരും. ഒരു വർഷത്തിനുശേഷം വളരെ ചെറിയ അളവിൽ മാത്രം മതി.

പ്രയോജനം എത്രത്തോളം?

സ്റ്റാറ്റിൻ ഗുളികകളുടെ ഉപയോഗം ഹൃദ്രോഗചികിത്സയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. 10 മുതൽ 20 മി.ഗ്രാം അളവിൽ സ്റ്റാറ്റിൻ ഗുളികകൾ നിത്യേന കഴിച്ചുകൊണ്ടിരുന്നാൽ ഹൃദ്രോഗസാധ്യത ഏകദേശം 35 ശതമാനത്തോളം കുറയ്ക്കാനാകും.

ഉയർന്ന അളവ് എന്തിന്?

ഒരാൾ ഏതളവിൽ മരുന്നുകഴിക്കണമെന്ന് നിശ്ചയിക്കുന്നത് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.ഹൃദ്രോഗത്തിന്റെ സ്റ്റേജ് അനുസരിച്ചാണ് സ്റ്റാറ്റിൻ മരുന്നുകളുടെ അളവു നിശ്ചയിക്കുന്നത്. മാത്രമല്ല ചില വ്യക്തികളിൽ കൂടിയ ഡോസിൽ കഴിച്ചാൽ മാത്രമേ കൊളസ്ട്രോൾ കുറയുന്നതായി കണ്ടിട്ടുള്ളൂ.

അളവിനനുസരിച്ച് ഫലം?

മരുന്നിന്റെ അളവിന് ആനുപാതികമായി ഫലം കൂടുന്നില്ല എന്നതാണ് വാസ്തവം. 10 മി.ഗ്രാം റോസുവസ്റ്റാറ്റിൻ കഴിച്ചാൽ 34 ശതമാനമാണു കൊളസ്ട്രോൾ കുറയ്ക്കുക. എന്നാൽ ഈ ഡോസ് നേരെ ഇരട്ടി(20 മി.ഗ്രാം) ആക്കിയാൽ 41 ശതമാനമേ കിട്ടൂ. അതായത് ഡോസ് ഇരട്ടിയാക്കുമ്പോൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവ് ഏഴു ശതമാനമാണ് കൂടുന്നത്. ഇതിനെ ‘ഡോസ് ഡബ്ലിങ് കർവ്’ എന്നാണു പറയുന്നത്. മാത്രമല്ല മരുന്നിന്റെ അളവിന് ആനുപാതികമായി പാർശ്വഫലവും കൂടും.

ഹൃദ്രോഗസാധ്യത കൂട്ടുന്ന അപായഘടകങ്ങൾ ഉള്ളവർ കുറഞ്ഞഡോസിൽ മരുന്നും ഭക്ഷണനിയന്ത്രണവും വേണ്ടത്രവ്യായാമവും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാൽ ഹൃദ്രോഗപ്രതിരോധം എളുപ്പമാണ്.

മാറിമാറി കഴിച്ചാൽ ?

വിവിധ സ്റ്റാറ്റിൻ മരുന്നുകൾ മാറിമാറിക്കഴിച്ചാൽ പാർശ്വഫലം കുറയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. മാറിമാറി ഉപയോഗിച്ചതുകൊണ്ടു തകരാറൊന്നുമില്ല. പക്ഷേ, പാർശ്വഫലം കുറയുമെന്ന ധാരണ തെറ്റാണ്.

എത്രകാലം കഴിക്കണം?

സ്റ്റാറ്റിൻ മരുന്നുകൾ എത്ര കാലം കഴിക്കുന്നുവോ അതനുസരിച്ച് ഫലം കൂടിക്കൊണ്ടിരിക്കും. കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല സ്റ്റാറ്റിൻ മരുന്നു ചെയ്യുന്നത്, ഹൃദയാഘാതത്തിനു കാരണമാകുന്ന ധമനികളുെട ഉള്ളിലെ ജരിതാവസ്ഥ കുറയ്ക്കാനും ഈ മരുന്നിനു കഴിയും. രക്തക്കുഴലിന്റെ ഭിത്തികളിലുണ്ടാകുന്ന നീർക്കെട്ട് (Vascular Inflamation) തടയാനും കഴിവുണ്ട്. മാത്രമല്ല, ദീർഘകാല ഉപയോഗത്തിലൂെട അടിഞ്ഞുകൂടിയ പ്ലാക്കിനെഅലിയിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഈ മരുന്നു സഹായിക്കുന്നു. എത്രകാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നോ അതനുസരിച്ച് അധിക ഫലം കിട്ടിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ മരുന്ന് ഒന്നോരണ്ടോ ദിവസം മുടങ്ങിപ്പോയി എന്നു കരുതി അപകടമുണ്ടാകുമെന്നു പേടിക്കേണ്ട. ദീർഘകാലം ഉപയോഗിക്കുന്നവർക്ക് ഡോസ് ഏറ്റവും കുറഞ്ഞ അളവിൽ ഉപയോഗിക്കാനും കഴിയും. നേരിയ അളവിൽ മാത്രമാണ് റിസ്ക് ഫാക്ടറുകളെങ്കിൽ ഒന്നിരാടം മരുന്നുപയോഗിക്കുന്നതിലും തെറ്റില്ല.പക്ഷേ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരമേ മാറ്റങ്ങൾ‌ വരുത്താവൂ.

നിർത്തേണ്ട സൂചനകൾ?

മരുന്നു കഴിക്കുന്നതു നിർത്തിവയ്ക്കണമെന്നു സൂചിപ്പിക്കുന്ന വാണിങ് െെസൻസ് അത്യപൂർവമാണെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സ്റ്റാറ്റിൻ മരുന്നു കഴിക്കുമ്പോൾ പേശികൾക്ക് കടുത്ത വേദനയനുഭവപ്പെടുക, മൂത്രം കറുത്ത നിറമാവുക, അല്ലെങ്കിൽ മൂത്രത്തിന്റെ അളവ് കുറയുക, മഞ്ഞപ്പിത്തം ഉള്ള സന്ദർഭം ഈ ഘട്ടങ്ങളിൽ സ്റ്റാറ്റി ൻ മരുന്ന് കഴിക്കുന്നതു നിർത്തിവയ്ക്കണം.

ഭക്ഷണത്തിൽ ശ്രദ്ധ?

ധാരാളം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചിട്ട് കൊഴുപ്പിനുള്ള മരുന്നിന്റെ ഡോസ് കൂട്ടി കഴിക്കുന്ന ചില മിടുക്കരുണ്ട്. പക്ഷേ അവർ പ്രതീക്ഷിക്കുന്ന പ്രയോജനം കിട്ടില്ല. കാരണം സ്റ്റാറ്റിൻ ഗുളികകളുടെ ഇഫക്ട് ഏതാനും നാളുകൾ കൊണ്ടാണു ശരീരത്തിനുണ്ടാകുന്നത്. കൊഴുപ്പ് കൂടുതലുള്ള ആഹാരം കഴിച്ചാൽ സ്റ്റാറ്റിൻ മരുന്നിന്റെ പ്രവർത്തനശേഷി അൽപം കുറയാനാണ് സാധ്യത.

ഗുളിക പൊട്ടിച്ചുകഴിക്കാമോ?

അഞ്ചു മി.ഗ്രാം കഴിക്കേണ്ടയാൾക്ക് 10 മി.ഗ്രാം ഗുളിക പൊട്ടിച്ചു രണ്ടാക്കി അടുത്ത ദിവസങ്ങളിലായി കഴിക്കാം. ഇതുകൊണ്ട് ഒരൽപം സാമ്പത്തികലാഭം നേടാനാകും. പക്ഷെ, ഇതൊരു മാതൃകാരീതിയല്ല. കാരണം ഗുളിക ശരിയായി പൊട്ടിയില്ലെങ്കിൽ മരുന്നു നഷ്ടപ്പെടാം. മാത്രമല്ല സൂക്ഷിക്കുന്ന ബാക്കിഭാഗം ഈർപ്പം കയറാതെ സൂക്ഷിക്കുകയും വേണം.

കൊളസ്ട്രോൾ മരുന്നു രാത്രിയിൽ തന്നെ കഴിക്കണോ?

ശരീരത്തിെല കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണല്ലോ ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയിലെ പ്രധാനസഹായിയായ എൻസൈമിന്റെ (hmg coa reductase) പ്രവർത്തനം തടയുകയാണ് സ്റ്റാറ്റിൻ മരുന്നുചെയ്യുന്നത്. ഇങ്ങനെ കൊളസ്ട്രോളിന്റെ ഉൽപാദനം ഗണ്യമായി കുറയ്ക്കാൻ കഴിയുന്നു. മേൽപറഞ്ഞ എൻസൈമിന്റെ പ്രവർത്തനം രാത്രിയിലാണു കൂടുതൽ. അതിനാലാണ് മരുന്നു രാത്രിയിൽ കഴിക്കുന്നതാണ് നല്ലതെന്നു പറയുന്നത്. എന്നാൽ മരുന്നിെന്റ പ്രവർത്തനശേഷി നീണ്ടു നിൽക്കുന്നതിനാൽ രാവിലെ കഴിക്കുന്നതും രാത്രി കഴിക്കുന്നതും തമ്മിൽ പ്രായോഗികതലത്തിൽ കാര്യമായ വ്യത്യാസങ്ങളില്ല.

കൊളസ്ട്രോൾ ടെസ്റ്റിന് ഫാസ്റ്റിങ് വേണോ?

കൊളസ്ട്രോൾ പരിശോധനയ്ക്ക് ഭക്ഷണം കഴിക്കാതെ ലാബിൽ പോകേണ്ട ആവശ്യമില്ല. ദീർഘകാലമായി വെറും വയറ്റിലാണ് ഡോക്ടർമാ ർ ലിപ്പിഡ് പ്രൊഫൈൽ പരിശോധന നിർദേശിച്ചുവരുന്നത്. എന്നാൽ ഭക്ഷണശേഷം ലിപ്പിഡ് പരിശോധിച്ചാലും ഫലത്തിൽ വ്യതിയാനം വരുന്നില്ലെന്നു വിവിധ പഠനങ്ങൾ സ്ഥാപിക്കുന്നു.ട്രൈഗ്ലിസറൈഡ്സിന്റെ അളവു മാത്രമേ ആഹാരത്തിനുശേഷം വർധിക്കുന്നുള്ളൂ. ട്രൈഗ്ലിസറൈഡ്സിന്റെ അളവ് നിർണായകമായി പരിശോധിക്കേണ്ടി വരുന്നവർ മാത്രമേ ഫാസ്റ്റിങ്ങിൽ പരിശോധന നടത്തണമെന്നുള്ളൂ.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സജി കുരുട്ടുകുളം, ചീഫ് കാർഡിയോളജിസ്റ്റ്,മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി