Monday 03 May 2021 06:03 PM IST

രണ്ടര മണിക്കൂർ ഊർജത്തോടെ വേദിയിൽ നിറഞ്ഞാടാൻ സഹായിക്കുന്നത് ഈ ഡ്രിങ്ക്: സ്റ്റീഫൻ ദേവസ്സിയുടെ ഫിറ്റ്നസ്സ് രഹസ്യങ്ങൾ....

Santhosh Sisupal

Senior Sub Editor

stephan-shoot

ശാരീരത്തിനു വേണ്ടി മാത്രമല്ല, സ്വന്തം ശരീരത്തിനു വേണ്ടിയും എത്ര കടുത്ത തീരുമാനങ്ങളെടുക്കാൻ ഒരു മടിയുമില്ല, സ്റ്റീഫൻ ദേവസ്സിക്ക്. അങ്ങനെ ഇക്കഴിഞ്ഞ ഫെബ്രുവരി 23–ാം തീയതി, തന്റെ നാൽപതാം പിറന്നാളിന് സ്റ്റീഫൻ ഒരു കടുത്ത തീരുമാനം നടപ്പിലാക്കി. അതു പറയാം...അൽപം കാത്തിരിക്കൂ...

ഭാര്യ ജസ്നയ്ക്കും മകൻ ഷോൺ ദേവസ്സിക്കുമൊപ്പം മുംബൈയിൽ സ്ഥിരതാമസമാക്കിയ സ്റ്റീഫൻ തന്നെക്കുറിച്ച് വിശേഷിപ്പിക്കുന്നത് ‘‘ഞാനൊരു ഭയങ്കര ഫൂഡി’’ ആണെന്നാണ്. അതിനാൽ മുംബൈയിൽ ‘‘ഫൂഡി പ്്‌രാന്തൻമാരായ’’ കുറേ സുഹൃത്തുക്കളുമുണ്ടെന്നാണ് സ്റ്റീഫൻ പറയുന്നത്. പിറന്നാളിനു രണ്ടാഴ്ചമുൻപ് സ്റ്റീഫനെ ഹോട്ടൽ നടത്തുന്ന ഒരു സുഹൃത്തു വിളിച്ചു. അവരുെട ബീഫ് വിഭവങ്ങൾ മുംബൈയിൽ തന്നെ പ്രശസ്തമാണ്.

സുഹൃത്തു പറഞ്ഞു, ‘‘അമേരിക്കയിൽ നിന്നും ആൻഗസ് ബീഫ് (Angus Beef) കൊണ്ടുവന്നിട്ടുണ്ട്. അതു മൈനസ് 44 ഡിഗ്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച ക്ലോസ് ഫ്രണ്ട്സിനു വേണ്ടി അതു പുറത്തെടുത്തു പാചകം ചെയ്യും. നീ വരുന്നുണ്ടോ.? ഉണ്ടെങ്കിൽ നേരത്തേ പറയണം’’ 

സ്റ്റീഫൻ അപ്പോൾ തന്നെ പറഞ്ഞു.. ‘‘ഉറപ്പായും ഞാനെത്തും’’. അങ്ങനെ പറയുമ്പോൾ തന്നെ ഏറെ നാളായി മനസ്സിലുണ്ടായിരുന്ന ഗൂഢലക്ഷ്യം സ്റ്റീഫൻ ഉറപ്പിക്കുകയായിരുന്നു.

‘‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ബീഫ് വിഭവങ്ങൾ. ഒറ്റപ്പാലത്തെ വീട്ടിലെത്തിയാൽ അമ്മയുണ്ടാക്കുന്ന ബീഫ് ഫ്രൈയും കറിയുമൊക്കെ ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ള മൂറും. ഇടയ്ക്കൊക്കെ ഒരു മാസത്തേയ്ക്കും മറ്റും ബീഫ് വേണ്ടെന്നു വയ്ക്കാറുണ്ടായിരുന്നു. പക്ഷേ വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഒതുക്കത്തിൽ കുറച്ച് ബീഫ് ഉണ്ടാക്കി മേശപ്പുറത്തുവയ്ക്കും...ഒപ്പം സ്നേഹത്തോടെ നിർബന്ധിക്കും, ‘രണ്ടു കഷണം കഴിച്ചാലൊന്നും കുഴപ്പമില്ല, നീ കഴിച്ചോടാ..’ എന്ന്. ഞാൻ ഒന്നോ രണ്ടോ കഷണം കഴിച്ചു തുടങ്ങും. പിന്നത്തെകാര്യം പറയേണ്ടല്ലോ. ഭാര്യ ജസ്നയും ബീഫ് വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ ഒട്ടും മോശമല്ലാട്ടോ..

അങ്ങനെ ആ ഞായറാഴ്ചയായി, ഞാൻ ജസ്നയേയും മോനേയും കൂട്ടി ഹോട്ടലിലേക്കു പോയി. ഹോട്ടലിനു മുന്നിൽ കാറിൽ നിന്നു ഇറങ്ങുമ്പോൾ ‘ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്’, എന്ന മുഖവുരയോടെ വളരെ ശാന്തമായി ശബ്ദം താഴ്ത്തിഅവരോടു പറഞ്ഞു,‘‘ ഞാൻ ഇന്ന് ഇഷ്ടംപോലെ ബീഫ് കഴിക്കും’’, ഒന്നു നിർത്തി എന്നിട്ടു തുടർന്നു പറഞ്ഞു ‘‘പക്ഷേ ഇനിയൊരിക്കലും കഴിക്കില്ല.’’ രണ്ടുപേരും ഞെട്ടി. ‘‘അമ്മയോട് ഇക്കാര്യം പറഞ്ഞോ?’’ ഇതായിരുന്നു ജസ്നയുെട ആദ്യ ചോദ്യം. 

അങ്ങനെ ഈ പിറന്നാളോടെ ഞാൻ ബീഫ് നിർത്തി. അതിൽ ചില സുഹൃത്തുക്കൾ പിണങ്ങുകവരെ ചെയ്തു. ഏതായാലും 40 വയസ്സായി, ഇനി ശരീരത്തിന് ബീഫ് അത്ര നന്നല്ല, എന്ന ചിന്തയിൽ നിന്ന് വളരെ ആലോചിച്ചാണ് ഈ തീരുമാനം. അതിനു ശേഷം അമ്മയുടെ അടുത്തേയ്ക്ക് പോകാനായില്ല. അമ്മയുെട സ്നേഹ നിർബന്ധങ്ങളെ അതിജീവിക്കുകയാണ് ഏറ്റവും ശ്രമകരകമായ കാര്യം. എങ്കിലും അമ്മയ്ക്കു കാര്യം മനസ്സിലാകും, അതുകൊണ്ടു കുഴപ്പമില്ല.

76–78, അതാണ് ഭാരം

കഴിഞ്ഞ ഒരു 15 വർഷമായിട്ടെങ്കിലും എന്റ ഭാരം 76–78 കിലോഗ്രാമാണ്. െരു കാരണവശാലും 78 കടന്നു പോകാൻ ഞാൻ അനുവദിക്കില്ല. മിക്കപ്പോഴും 76 തന്നെയായിരിക്കും. ഒരു കിലോ ഭാരം കൂടിയാലും എനിക്കു ഭയങ്കര കുറ്റബോധമാണ്. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും പ്രോഗ്രാമുകളുമായി പോകുമ്പോഴാണ് ഭാരം 78ലേക്ക് ഉയരുക. ഉടനേ അതു തിരിച്ചു പിടിക്കും. ഇഷ്ടമുള്ള ഏതു ഭക്ഷണവും ഇഷ്ടം പോലെ കഴിക്കാനായി ഇടയ്ക്കൊക്കെ ഞാൻ സ്റ്റൊമക് ചീറ്റ് (ചീറ്റ് മീൽ) ചെയ്യാറുണ്ട്. പക്ഷേ അത് നികത്താനായി നന്നായി വർക്കൗട്ടും ചെയ്യും.

പ്രോഗ്രാമുകളെല്ലാം രാത്രിയിലാവും. മിക്കപ്പോഴും ഉറങ്ങാൻ വൈകും. അതുകൊണ്ടുതന്നെ ഉണരുന്നതും ഉറങ്ങുന്നതും പതിവായി വൈകിയാണ്. അതിനാൽ രാവിലെ വ്യായാമം നടക്കില്ല. എന്നാൽ വൈകിട്ട് ആറ് മണി എന്നൊരു സമയമുണ്ടെങ്കിൽ ജോഗിങ് മുതൽ ജിം വർക്കൗട്ടു വരെ ഏതെങ്കിലും ഒന്നു നിർബന്ധമായും ചെയ്യും, പ്രത്യേകിച്ചും മുംബൈയിലായിരിക്കുമ്പോൾ. എന്നാൽ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിനു പിന്നിൽ മറ്റൊരു രഹസ്യം കൂടിയുണ്ട്.

1000 കാലറി എരിയുമ്പോൾ

മ്യൂസിക് സ്റ്റേജ് ഷോകളിൽ എന്റെ ശരീരവും സംഗീതവും ഒന്നാവും. ബാറ്ററി പാക്ക്അടക്കം 13 കിലോയോളം വരുന്ന കീറ്റാർ (Keytar) എന്ന ഉപകരണം എന്റ ശരീരത്തിന്റെ ഭാഗമാകും. രണ്ടരമണിക്കൂർ വരെ നിളുന്ന പ്രോഗ്രാമിൽ അത്രയും ഭാരം വഹിച്ചുകൊണ്ടു സംഗീതത്തിനൊപ്പം ഓടുകയും ചാടുകയും കരണം കുത്തി മറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. മ്യൂസിക്കിനൊപ്പം സഞ്ചരിക്കുമ്പോൾ അതൊന്നും എന്നെ ബാധിക്കാറേയില്ല. കാരണം സംഗീതവഴികളിൽ ശരീരം ഒരു തരംഗമായി മാറും. ഞാൻ എത്രമാത്രം ആനന്ദം അനുഭവിക്കുമെന്നോ...അത് എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല. അതൊരു ട്രിപ്പാണ്. ഞാനും കാണികളും സംഗീതത്തിൽ ലയിച്ചുള്ള യാത്രയിലാണ്.  ഭൂമിക്കും സ്വർഗത്തിനും ഇടയിലുള്ള ഏതോ ഒരിടത്തേക്കാണ് ആ യാത്രയെന്നാണ് എനിക്കു തോന്നാറുള്ളത്. എല്ലാം മതി മറക്കുന്ന ആ നിമിഷങ്ങളിലാണ് ഞാൻ ദൈവത്തെ അറിയുന്നത്, ദൈവം എന്നിൽ പ്രവേശിക്കുന്നത്... അപ്പോൾ സംഗീതം ഒരു വാതിലാവുന്നു, ദൈവികാനുഭൂതിയിലേക്കുള്ള ഒരു വാതിൽ.

ചില ഷോകൾ ചെയ്യുമ്പോൾ ഞാൻ കാലറി കൗണ്ടറുള്ള വാച്ചുകൾ ഉപയോഗിക്കും. കീറ്റാറിന്റെ ഭാരവും വഹിച്ച് അത്ര സമയം മതിമറന്നാടുമ്പോൾ എരിയുന്ന കാലറി എത്രയെന്നോ– 800 മുതൽ 1000 വരെ വരും. ഷോ കഴിഞ്ഞു പിന്നിലേക്കു പോയി ടീഷർട്ടൊക്ക ഊരി അക്ഷരാർഥത്തിൽ പിഴിഞ്ഞാണ് വിയർപ്പു കളയുന്നത്. പലരും ചോദിക്കും വേദിയിലെ ഈ ഊർജ രഹസ്യം എന്താണെന്ന്. ഞാൻ അവരോടു പറയും എനിക്കൊരു എനർജി ഡ്രിങ്ക് ഉണ്ടെന്ന്. വെറും പച്ചവെള്ളം. ഷോയ്ക്കു മുൻപും ശേഷവും അതിനിടയിലുമൊക്കെ ആവശ്യം പോലെ വെള്ളം കുടിക്കും. പിന്നെ ഈ അധ്വാനത്തിന്റെ ഊർജ വിടവു നികത്താൻ ആവശ്യമായ ഭക്ഷണവും കഴിക്കും.

ഒരു പാനീയം, ഒരുപാടു ഗുണം

എന്റ വീട്ടിലോ താമസസ്ഥലങ്ങളിലോ ഹോട്ടൽറൂമിലോ എവിടെപോയാലും അവിടെയുള്ള റഫ്രിജറേറ്റർ തുറന്നാൽ ചില സാധനങ്ങൾ ഉറപ്പായും കാണും. ഇഞ്ചി, മഞ്ഞൾപ്പൊടി, കറിവേപ്പില, വെളുത്തുള്ളി എന്നിവ. എപ്പോഴും ഒരു കെറ്റിലും കാണും. ഇവയിട്ട് വെള്ളം തിളപ്പിച്ച് ഒരു ഫ്ലാസ്കിൽ സൂക്ഷിക്കും. ഈ പാനീയം എനിക്ക് ഒത്തിരി ആരോഗ്യ ഗുണങ്ങൾ പകരാറുണ്ട്. ഇപ്പോ ഒരു റിയാലിറ്റിഷോയിൽ പോകുന്നുണ്ട്. അവിടെ ചിത്രച്ചേച്ചിയ്ക്കും ശരത് ചേട്ടനും വേണുച്ചേട്ടുമൊക്കെ ഇതു ഞാൻ കൊടുക്കും. കൊഴുപ്പു കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരം ശുദ്ധമാക്കാനു മൊക്കെ സഹായിക്കുന്ന ഈ പാനീയം അവർക്കും ഇഷ്ടമാണ്.

ലഹരി പിടിപ്പിച്ച ഭക്ഷണം, ധ്യാനം

ഏറ്റവും കൂടുതൽ കഴിച്ച ഭക്ഷണം, എത്രകഴിച്ചാലും മതിവരാത്ത ഭക്ഷണം എന്നൊന്നുണ്ടെങ്കിൽ അതിതാണ്– കഞ്ഞിയും കാന്താരിമുളകു ചമ്മന്തിയും മോരുകറിയും. ഈ കോംപിനേഷൻ ഉണ്ടല്ലോ, അത് ഒരു സംഭവമാണ്.

മറ്റാരെയും പോലെ ജീവിതത്തിൽ വിഷമവും സങ്കടവും ഉത്കണ്ഠകളുമൊക്കെ എന്നിലേക്കും കടന്നു വരാറുണ്ട്. അവയെല്ലാം മനസ്സിൽനിന്നു മായുന്നത് സംഗീതത്തിനു മുന്നിലാണ്. കീ ബോർഡിനു മുന്നിലിരുന്നാൽ ഞാൻ എല്ലാം മറക്കും. നേരത്തേ പറഞ്ഞില്ലേ.. ആകാശത്തേയ്ക്ക് ഉയർന്നു പറക്കുന്ന ഒരു ട്രിപ്പാണത്. ടേക്ക്ഓഫ് കഴി‍ഞ്ഞ് എത്തുന്നൊരു ദേവസന്നിധിയുണ്ട്. അവിടെ എന്റെ സങ്കടങ്ങളും വിഷമങ്ങളുമെല്ലാം അഴിച്ചുവയ്ക്കും. കണ്ണ് നിറഞ്ഞൊഴുകുന്നതുപോലും അറിയില്ല. അതൊരു ധ്യാനമാണ്, അനുഭൂതിയാണ്. ക്ഷമിക്കേണ്ടവരോടു ക്ഷമിക്കാനും, മാപ്പു ചോദിക്കേണ്ടവരോട് ചോദിക്കാനുമൊക്കെ അവിടെ എനിക്കു കഴിയും. നിരാശയോ വിഷമമോ ദേഷ്യമോ ഒന്നും പിന്നെയുണ്ടാവില്ല.  ആ ട്രിപ് അവസാനിക്കുമ്പോൾ ഒരു  മഞ്ഞു തുള്ളി  മണ്ണിലേക്കെന്നപോലെ പോലെ ഞാൻ തീർത്തും സന്തോഷത്തിലേക്ക് അലിഞ്ഞിറങ്ങും

Tags:
  • Fitness Tips
  • Manorama Arogyam