Thursday 10 December 2020 03:21 PM IST

വിശക്കുമ്പോഴൊക്കെ ആ മാജിക് പരീക്ഷിച്ചു! 105ൽ നിന്നു 78ലേക്ക് ബ്രിബിനെ എത്തിച്ച പൊടിക്കൈകൾ; ഡയറ്റ്

Asha Thomas

Senior Sub Editor, Manorama Arogyam

bribine234

ലോക്‌ഡൗൺ കാലത്ത് പത്തനംതിട്ട സ്വദേശി ബ്രിബിൻ മാത്യു ഫിലിപ് കൂട്ടുകാരനുമായി ബെറ്റ് വച്ചു–ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ വണ്ണം കുറച്ചിരിക്കും എന്ന്. ലോക്‌ഡൗൺ മാസങ്ങൾ നീണ്ടു. പക്ഷേ, ബിബിൻ ബെറ്റ് മറന്നില്ല. 105 കിലോ ശരീരഭാരം ആറു മാസം കൊണ്ട് 78 കിലോയിലെത്തിച്ചു. അതും ഡയറ്റീഷന്റെയോ ജിം ട്രെയിനറുടെയോ സഹായമില്ലാതെ. എങ്ങനെയാണ് താൻ അതു സാധിച്ചതെന്ന് മനോരമ ആരോഗ്യത്തോട് ബ്രിബിൻ പങ്കുവയ്ക്കുന്നു.

‘‘ഗൾഫിൽ ഐടി ഫീൽഡിലായിരുന്നു മുൻപ് ജോലി ചെയ്തിരുന്നത്. മുഴുവൻ സമയവും കംപ്യൂട്ടറിനു മുൻപിൽ ഇരുന്നുള്ള ജോലി. ഇടയ്ക്കിടെ കാപ്പി കുടിക്കും, നന്നായി ഭക്ഷണം കഴിക്കും. ശരീരം അനങ്ങുന്ന പരിപാടിയേ ഇല്ല. അങ്ങനെ വണ്ണം വച്ചു തുടങ്ങി. ഗൾഫിൽ നിന്നും കഴിഞ്ഞവർഷമാണ് കൊച്ചി ഇൻഫോപാർക്കിൽ എത്തുന്നത്. ഇൻഫോപാർക്കിൽ ജോലി തുടങ്ങി വളരെ പെട്ടെന്നു തന്നെ ശരീരഭാരം 100 കടന്നു. അതിനു പ്രധാനകാരണം താളംതെറ്റിയുള്ള ഭക്ഷണം കഴിപ്പായിരുന്നു. രാത്രി എട്ടു കഴിയും ജോലി കഴിഞ്ഞ് ഒാഫിസിൽ നിന്ന് ഇറങ്ങാൻ. പിന്നെ, ഹോട്ടലിൽ പോയി വയറുനിറയെ ഭക്ഷണം കഴിക്കും. അതിൽ വറുത്തതും പൊരിച്ചതും ഒക്കെ കാണും.

കോവിഡ് ലോക്‌ഡൗൺ തുടങ്ങിയതോടെ ഇൻഫോ പാർക്കിൽ നിന്ന് മാർച്ച് 23ന് വീട്ടിലെത്തി. പോരുന്നതിനു മുൻപ് കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോൾ ഞാൻ ഒരു ബെറ്റ് പോലെ പറഞ്ഞു–ഇനി തിരിച്ച് കൊച്ചിയിലെത്തുമ്പോൾ വണ്ണം കുറച്ചിരിക്കും എന്ന്. അതു വെറുതെ പറഞ്ഞതല്ല. ലോക്‌ഡൗൺ കഴിഞ്ഞ് കൊച്ചിക്കു ചെല്ലുമ്പോൾ എന്തെങ്കിലും ഒരു അച്ചീവ്മെന്റ് ഉണ്ടായിരിക്കണമെന്ന് ഉള്ളിൽ തോന്നിയിരുന്നു.

ലോക്‌ഡൗണിന് എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് സുഹൃത്തുമായി വണ്ണം കുറയ്ക്കുന്ന കാര്യം ബെറ്റ് വച്ചതോർക്കുന്നത്. പണ്ട് വണ്ണം കൂടുതലാണെങ്കിലും അതൊരു കോംപ്ലക്സ് ആയി തോന്നിയിട്ടൊന്നുമില്ല. അതിനെ അത്ര കാര്യമായി മനസ്സിലേക്കെടുത്തിരുന്നില്ല എന്നു പറയാം. പക്ഷേ, യോജിക്കുന്ന ഡ്രസ്സ് സൈസ് ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

ഭാരം കുറയ്ക്കാൻ തീരുമാനിച്ചപ്പോഴേ നെറ്റിലൊക്കെ നോക്കി ഞാൻ തന്നെ ഒരു ഡയറ്റ് പ്ലാൻ ചെയ്തു. പൂർണമായി കീറ്റോ ഡയറ്റ് അല്ല. പക്ഷേ, കീറ്റോയുടെ ചില കാര്യങ്ങൾ ഉൾക്കൊള്ളിച്ചിച്ചു. ആദ്യമെ തന്നെ മധുരം നിർത്തി. പാൽ നേരത്തെ തന്നെ നിർത്തിയിരുന്നു. പാലൊഴിച്ച് കാപ്പിയോ ചായയോ കുടിച്ചിട്ട് ഒരു വർഷത്തിനു മേലേയായിരുന്നു.

ആദ്യത്തെ ദിവസങ്ങളിൽ രാവിലെ എണീറ്റാലുടനെ മധുരമിടാതെ ഒരു കാപ്പി കുടിക്കും. പിന്നെ, രണ്ടു മുട്ട കഴിക്കും. കൂടെ കുക്കുമ്പർ കഴിക്കും. ഉച്ചയ്ക്ക് കുറച്ച് ചോറ്, കൂടെ തോരനോ പച്ചക്കറി സാലഡോ ധാരാളം കഴിക്കും. കൂടെ മീനോ മാംസമോ എന്തെങ്കിലും കാണും.

വൈകിട്ട് ചപ്പാത്തിയായിരുന്നു. കൂടെ പച്ചക്കറികൾ എന്തെങ്കിലും കഴിക്കും. വൈകുന്നേരം ഏഴു മണിക്കു മുൻപ് അതു കഴിക്കാൻ ശ്രദ്ധിച്ചു. ഏഴു മണി കഴിഞ്ഞാൽ ഒരു ഭക്ഷണവും കഴിക്കില്ല. വിശന്നാൽ വെള്ളം കുടിക്കും.

ആദ്യസമയത്തൊക്കെ വിശപ്പ് അലട്ടിയിരുന്നു. നന്നായി വിശക്കുമ്പോൾ ഒരു നെല്ലിക്ക വായിലിട്ട് കടിച്ച് കഴിക്കും. അതു വളരെ ഗുണകരമായി അനുഭവപ്പെട്ടിട്ടുണ്ട്. വിശപ്പു മാറും ക്ഷീണം തോന്നുകയുമില്ല. അല്ലെങ്കിൽ മോരുംവെള്ളം കുടിക്കും.

എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു വരുന്നതേ, കോഫിയൊക്കെ കുടിക്കുന്നതിനു മുൻപ് ഭാരം നോക്കുമായിരുന്നു. ഒാരോ ദിവസത്തെയും ഭാരം രേഖപ്പെടുത്തിയ ഒരു ഗ്രാഫ് തന്നെയുണ്ട് എന്റെ കയ്യിൽ.

നല്ല വണ്ണമുള്ള സമയത്ത് വ്യായാമം ചെയ്യാൻ നല്ല പ്രയാസമായിരിക്കും. എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയതാണിത്. നല്ല വണ്ണമുള്ളവരാണെങ്കിൽ ഡയറ്റ് നോക്കി വണ്ണം കുറച്ചു കുറച്ചിട്ട് വർക് ഔട്ട് തുടങ്ങുന്നതാണ് നല്ലത്. ആദ്യമേ വർക് ്ഔട്ട് തുടങ്ങാൻ പോയാൽ തുടരാൻ പ്രയാസമായിരിക്കും. രണ്ടു മൂന്നാഴ്ച ഡയറ്റ് നോക്കി 10 കിലോയോളം കുറഞ്ഞ ശേഷമാണ് ഞാൻ രാവിലെ നടക്കാൻ പോയിത്തുടങ്ങിയത്.

onlinead

പതുക്കെയാണ് നടന്നു തുടങ്ങിയത്. ആദ്യത്തെ കുറെ ദിവസം വീടിന് അടുത്തൊക്കെ നടന്നു. അപ്പോഴേക്കും ലോക് ‌ഡൗൺ മാറി. അതിനുശേഷം ഒാരോ ദിവസവും ഒാരോ കിലോമീറ്റർ അധികം നടക്കാൻ തുടങ്ങി. അങ്ങനെ ദിവസം നാലു കിലോ മീറ്റർ വരെ നടക്കുമായിരുന്നു. എനിക്ക് അത്യാവശ്യം നല്ല വയറുമുണ്ടായിരുന്നു. വണ്ണം കുറഞ്ഞപ്പോൾ വയറും കുറഞ്ഞു. നടത്തം കൂടാതെ ജമ്പിങ് ജാക്സ് ചെയ്യാമായിരുന്നു. അതും വയറു കുറയാൻ സഹായിച്ചിട്ടുണ്ട്.

ശരീരഭാരം കുറഞ്ഞതോടെ എന്റെ ഉറക്കം ശരിയായി. വണ്ണം കുറഞ്ഞതോടെ രാത്രി 11 ഒക്കെ ആകുമ്പോൾ ഉറക്കം വരും. നേരത്തെ നല്ല ഉറക്കം കിട്ടാൻ പ്രയാസമായിരുന്നു. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും തുടങ്ങിയതോടെ ലൈഫ് സ്ൈറ്റലിന് ഒരു ക്രമമൊക്കെ വന്നു.

എന്റെ ഒരു പ്ലസ് പോയിന്റ് എന്നത് എനിക്കു വേണ്ടാത്ത ഒരു കാര്യത്തോട് നോ എന്നു പറയാൻ ഒരു മടിയുമില്ല എന്നതാണ്. വണ്ണം കുറച്ചുകൊണ്ടിരുന്ന സമയത്ത് അടുത്ത ബന്ധു വീടുകളിലൊക്കെ ചെല്ലുമ്പോൾ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുമായിരുന്നു. ഞാൻ അവരുടെ മുഖത്തു നോക്കി കൂളായി എനിക്കു വേണ്ട എന്നു പറയുമായിരുന്നു. അന്ന് അതവർക്കു വിഷമമായിട്ടുണ്ടാകാം. പക്ഷേ, ഇന്ന് വണ്ണമൊക്കെ കുറഞ്ഞ് എന്നെ കാണുമ്പോൾ അവർക്കു സന്തോഷമാണ്. ഇങ്ങനെയൊരു കാര്യത്തിനായിരുന്നല്ലേ അന്നു നീ ഭക്ഷണം വേണ്ട എന്നു വച്ചതെന്നു ചോദിക്കും. ഇപ്പോൾ ബന്ധുവീടുകളിൽ ചെല്ലുമ്പോൾ ഞാൻ പറയാതെ തന്നെ മധുരമിടാത്ത കാപ്പിയോ ചായയോ കൊണ്ടുത്തരാൻ തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ 78 കിലോയാണ് ശരീരഭാരം. എന്റെ ഡ്രസ്സിനു പകരം അനിയന്റെ ഡ്രസ്സ് ഇടാൻ തുടങ്ങി. അത്രയ്ക്ക് വണ്ണം കുറഞ്ഞു. പക്ഷേ, രസകരമായ കാര്യം എന്താണെന്നു വച്ചാൽ എന്റെ ഡ്രസ്സ് ഇടാൻ പാകത്തിന് അവൻ തടിവച്ചു എന്നതാണ്.

ഇപ്പോൾ ഞാൻ ഗൾഫിലുള്ള ഒരു ക്ലയന്റിനു വേണ്ടിയാണ് ജോലി ചെയ്യുന്നത്. 11 മുതൽ രാത്രി 8 വരെയായി ജോലിസമയം. രാവിലെ എഴുന്നേൽക്കാൻ വൈകിത്തുടങ്ങിയതോടെ വർക് ഔട്ടിനു സമയം കിട്ടാതായി. വൈകാതെ തന്നെ വർക് ഔട്ട് തുടങ്ങണമെന്നുണ്ട്.

നേരത്തെ വണ്ണം എത്ര കൂടിയാലും എനിക്കത് ഒരു പ്രശ്നമല്ലായിരുന്നു. ഫീൽ ആകില്ലായിരുന്നു. പക്ഷേ, ഇപ്പോൾ വണ്ണം ഒരു കിലോ കൂടി എന്നു തോന്നുന്നതേ പ്രയാസമാണ്. ഒരു കുറ്റബോധം–ബ്രിബിൻ പറഞ്ഞുനിർത്തുന്നു.

Tags:
  • Fitness Tips
  • Manorama Arogyam