ഉയിരിൽ കലർന്ന പ്രണയം അവളോടു പറയാൻ രണ്ടുവരി കവിത വേണമെന്നു വൈരമുത്തുവിനോടു മണിരത്നം പറഞ്ഞു. ഇത്തിരിനേരം കണ്ണടച്ചിരുന്ന വൈരമുത്തു ഡയറിയുടെ വെളുത്ത താളിലേക്ക് തന്റെ മനസ്സ് കുടഞ്ഞിട്ടു: ‘‘ഉന്നോടു നാൻ ഇരുന്ത ഒവ്വൊരു മണിത്തുളിയും മരണപ്പടുക്കയിലും മറക്കാത് കൺമണിയെ’’. ഇരുവറിലെ ആ രംഗം അഭിനയിക്കുമ്പോൾ നിറഞ്ഞൊഴുകിയ കണ്ണുകൾ നിയന്ത്രിക്കാൻ ഏറെ കഷ്ടപ്പെട്ടെന്ന് പിന്നീട് പ്രകാശ് രാജ് പറയുകയുണ്ടായി. കഴിഞ്ഞയാഴ്ച എല്ലപ്പെട്ടിയിലെ തണുപ്പിന്റെ പുതപ്പ് ഊരിയെറിഞ്ഞ് മലയിറങ്ങുമ്പോൾ നെഞ്ചിനുള്ളിൽ അതുപോലൊരു വിങ്ങൽ. പ്രണയിനി മാത്രമല്ല, ചില സ്ഥലങ്ങളും അങ്ങനെയാണ്; മരണക്കിടക്കയിൽ പോലും മറക്കാത്ത വിധം ഹൃദയത്തിൽ കയറിക്കൂടും.
മൂന്നാറിന്റെ കിഴക്കു ഭാഗത്ത് സൂര്യനെ ധ്യാനിച്ചിരിക്കുന്ന മലനിരകളിലൊന്നാണ് എല്ലപ്പെട്ടി. തമിഴ്നാടുമായി കേരളം അതിർത്തി പങ്കിടുന്ന ഒടുവിലത്തെ (എല്ലൈ) ഗ്രാമം (പെട്ടി). എല്ലപ്പെട്ടി മലനിരയിൽ നിന്നാൽ കയ്യെത്തുംദൂരത്ത് സൂര്യോദയം കാണാം. കുന്നിന്റെ നെറുകയിൽ രാപാർക്കാൻ ടെന്റ് ക്യാംപുണ്ട്. അവിടെ അന്തിയുറങ്ങി സൂര്യോദയം കണ്ടു മടങ്ങുമ്പോഴാണ് മണിരത്നത്തിന്റെ സിനിമയും ലവ് സീനും ഓർത്തത്.
ക്ലാസിക് ടൗൺ
ഉച്ചയ്ക്ക് രണ്ടു മണിക്കു മൂന്നാറിലെത്തി. അവിടെ നിന്നു ടോപ് സ്റ്റേഷൻ റോഡിൽ മുപ്പത്തഞ്ചു കിലോമീറ്റർ അകലെയാണ് എല്ലപ്പെട്ടി. മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകൾ താണ്ടി തേയിലത്തോട്ടത്തിലൂടെ എല്ലപ്പെട്ടി എത്തിയപ്പോൾ മൂന്നു മണി.
പോസ്റ്റ് ഓഫിസും ചായക്കടകളും പലചരക്കു കടയും ഉൾപ്പെടെ ഒൻപതു കടകളുള്ള കവല. കള്ളിമുണ്ടും ഷർട്ടും അതിനു മുകളിൽ സ്വെറ്ററും ധരിച്ച് ബീഡി പുകയ്ക്കുന്ന ആണുങ്ങളാണ് ആദ്യ ദൃശ്യം. അലഞ്ഞു തിരിയുന്ന പശുക്കളും തമിഴ് പോസ്റ്ററുകളും ഓടു മേഞ്ഞ വീടുകളും പുതുമകൾക്കു വഴങ്ങാതെ നിൽക്കുന്നു.
സ്വാമിയണ്ണന്റെ ചായക്കടയിൽ എപ്പോഴും തിരക്കാണ്. ചക്കരയിടാത്ത ചായ, തണ്ണി കുറച്ച് ചായ, പൊടി കൂട്ടിയ ചായ, സ്ട്രോങ് ചായ, മീഡിയം ചായ, ലൈറ്റ് ചായ – ഗ്ലാസു നീട്ടിക്കൊണ്ട് അദ്ദേഹം ചായയുടെ പല പേരുകൾ വിളിച്ചു പറഞ്ഞു. ഉഴുന്നുവടയും പഴംപൊരിയും മുളക് ബജിയുമാണ് ചെറുകടി. തമിഴ്നാട് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാവിയിൽ തുടങ്ങി അമേരിക്കൻ പ്രസിഡന്റിന്റെ ദുർനടപ്പു വരെ ചായയ്ക്കൊപ്പം അവിടെ ചർച്ചകൾക്കു ചൂടേറ്റുന്നു. ഈ ചായക്കടയിലിരുന്നാൽ എല്ലപ്പെട്ടിയിലെ വാർത്തകളറിയാം. ‘‘ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പോലും പറക്കില്ലെ’’ന്നാണ് സ്ഥിരം സാന്നിധ്യമായ കണ്ണയ്യയും മുരുകനും ചിന്നപ്പയുമൊക്കെ പറയുന്നത്.
തോട്ടം തൊഴിലാളികൾ പാർക്കുന്ന നീളത്തിലുള്ള ഷെഡ്ഡാണ് എല്ലപ്പെട്ടി ഗ്രാമം. ഇവിടെ ജനിച്ച്, തേയിലത്തോട്ടത്തിൽ ജോലി ചെയ്ത്, ഇവിടെ നിന്നു കല്യാണം കഴിച്ച്, കുടുംബമായി കഴിയുന്ന നാലു തലമുറ എല്ലപ്പെട്ടിയിലുണ്ട്. അരിയും സാധനങ്ങളും വാങ്ങാൻ മാസത്തിലൊരിക്കൽ മൂന്നാറിൽ പോകുന്നതാണ് അവരുടെ ദീർഘദൂര യാത്ര! ‘‘വെളി ഊരിൽ എന്ന നടന്താലും എങ്കളുക്ക് തൊന്തരവ് വരാത്?’’ അഞ്ചാറു മാസം മുൻപ് കോട്ടയത്ത് വെള്ളപ്പൊക്കം ഉണ്ടായതിനെക്കുറിച്ചു പറഞ്ഞപ്പോൾ എല്ലപ്പെട്ടിയിൽ ജനിച്ചു വളർന്ന മയിലമ്മയുടെ പ്രതികരണം. അഞ്ചാം ക്ലാസ് വരെ പഠിച്ച അൻപതുകാരി മയിലമ്മയാണ് സമപ്രായക്കാരിൽ ഏ റ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീ.
ഗ്ലാസ് ഹൗസ്
എല്ലപ്പെട്ടിയിലെ ടെന്റ് ക്യാംപിലെത്താൻ ചെരിഞ്ഞ തട്ടുകളാക്കി വെട്ടിയ മലമ്പാതയിലൂടെ കിഴക്കോട്ടു നടക്കണം. മൂപ്പെത്തിയ തേയിലച്ചെടി വെട്ടി പുതിയ തൈ നടാൻ മണ്ണിളക്കിയ മൊട്ടക്കുന്നിലൂടെ അര കിലോമീറ്റർ. ദേവികുളം ഫോറസ്റ്റ് ഡിവിഷനിലേക്ക് പ്രവേശിക്കുന്നിടത്തു ബോർഡുണ്ട്. ഒരു വശത്തു തേയിലത്തോട്ടവും മറുഭാഗത്തു കാടുമായി രണ്ടിടങ്ങളിലേക്കു തിരിയുന്നിടത്ത് ട്രെക്കിങ് ആരംഭിക്കുന്നു.
തലേദിവസം പെയ്ത മഴയിൽ മാനും മ്ലാവും ഓടിയതിന്റെ കുളമ്പടയാളം കാട്ടുപാതയിൽ പതിഞ്ഞു കിടന്നു. വഴികാട്ടിയായി മുന്നിൽ നടന്ന ജേക്കബ് അതു തിരിച്ചറിഞ്ഞു. ഒരിക്കൽപോലും ഇവിടെ ആന ഇറങ്ങിയിട്ടില്ലെന്ന് അതിശയത്തോടെ അദ്ദേഹം പറഞ്ഞു. പനയില്ല, ഈറ്റയില്ല, അരുവിയില്ല – ആന വരാതിരിക്കാനുള്ള കാരണവും ജേക്കബ് വിശദീകരിച്ചു. ‘‘എന്റെ കുട്ടിക്കാലത്ത് പുലി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞത് ഓർമയുണ്ട്. ഞാൻ കണ്ടിട്ടില്ല.’’ തോട്ടങ്ങളിലും കാടിലും വിശ്വാസമർപ്പിച്ച് ജീവിക്കുന്ന അൻപത്തൊൻപതുകാരൻ ജേക്കബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘‘ഇപ്പോൾ നമ്മൾ നിൽക്കുന്നത് കേരളം. ടെന്റ് നിൽക്കുന്ന സ്ഥലം തമിഴ്നാട്.’’ കുന്നിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ജേക്കബ് പറഞ്ഞു. കല്ലുകൾ അടുക്കി നിർമിച്ച ഓപ്പൺ സറ്റേഡിയവും മരച്ചില്ല കെട്ടിയുണ്ടാക്കിയ ബാരിക്കേഡും കടന്ന് ‘ഗ്ലാസ് ഹൗസി’ന്റെ മുറ്റത്തെത്തി. എല്ലപ്പെട്ടി സ്വദേശിയായ ശെന്തിലിന്റേതാണ് ത്രികോണാകൃതിയിൽ നിർമിച്ച ഗ്ലാസ് ഹൗസ്. കിഴക്കിന് അഭിമുഖമായി നിൽക്കുന്ന സ്ഥലത്ത് മൂന്ന് ഗ്ലാസ് ഹൗസുകളുണ്ട്. എങ്കിലും സന്ദർശകർക്കു പ്രിയം ടെന്റാണ്. ദുബായിൽ നിന്ന് എത്തിയ മനുവും ബൈജുവും ഒരു വർഷമായി ടെന്റിൽ താമസിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. അത്താഴത്തിന് ഡൈനിങ് ഹാളിൽ ഒത്തുകൂടിയപ്പോഴാ ണ് അതിഥികൾ പരിചയപ്പെട്ടത്. കാനഡയിൽ നിന്ന് ഇന്ത്യ കാണാനെത്തിയ ദക്ഷിണ കൊറിയക്കാരി ഷിൽബിയാണ് മുഖ്യാഥിതി. ‘‘ധ്യാനത്തിൽ തൽപ്പരനായ ബോയ്ഫ്രണ്ടിനെ തിരുവനന്തപുരം ശാ ന്തിഗിരി ആശ്രമത്തിൽ ഇറക്കി വിട്ടു. എനിക്ക് ട്രെക്കിങ്ങാണ് ഇഷ്ടം. മൂന്നാർ ഇസ് റിയലി ബ്യൂട്ടിഫുൾ.’’ ചപ്പാത്തിയിൽ ചിക്കൻ കറി കുഴച്ച് കട്ടൻകാപ്പി കുടിക്കുന്നതിനിടെ ഷിൽബി പറഞ്ഞു.
മഴ പെയ്ത രാത്രിയുടെ ഇരുട്ട് കോടമഞ്ഞിന്റെ കനത്തിൽ കടുകട്ടിയായി. ജനറേറ്ററിന്റെ ഊർജത്തിൽ തെളിഞ്ഞ വിളക്കുകളുടെ വെളിച്ചത്തിൽ ഗ്ലാസ് ഹൗസ് മിന്നിത്തിളങ്ങി. ഫ്ളാസ്കിൽ നിറ ച്ച കട്ടൻകാപ്പി ഐസ് പോലെ മരവിച്ചപ്പോഴാണ് തണുപ്പിന്റെ കാഠിന്യം മനസ്സിലായത്. മഴ പെയ്തില്ലെങ്കിൽ ആ രാത്രി അത്രയും മനോഹരമാകില്ലായിരുന്നു. ആറു മണിക്ക് ഉദിക്കുന്ന സൂര്യനെ കാണാൻ അഞ്ചരയ്ക്കു കാത്തിരിപ്പു തുടങ്ങി. തണുപ്പകറ്റാൻ മരച്ചില്ലകൾ കുത്തിനിറുത്തി തീയിട്ടു. കാപ്പിപ്പാത്രം തീനാളത്തിനു മീതെ കെട്ടിത്തൂക്കി. മനുവിന്റെയും ബൈജുവിന്റെയും പാട്ടിനൊപ്പം ഷിൽബി താളമിട്ടു. സംഗീതസാന്ദ്രമായ അന്തരീക്ഷത്തെ സാക്ഷിയാക്കി മാനത്തു ചെമ്പൊന്നിന്റെ നിറം പടർന്നു. പതുക്കയത് ചുവപ്പും വെള്ളയും കലർന്ന നേർരേഖയായി. നിമിഷങ്ങൾക്കുള്ളിൽ വട്ടപ്പൊട്ടിന്റെ വലുപ്പത്തിൽ സൂര്യൻ തലയുയർത്തി. മലനിരകളിൽ പകൽവെട്ടം തെളിയുന്നതു നോക്കി ഒൻപതു മണിവരെ അവിടെയിരുന്നു..