യാത്രകൾ മത്സരമാക്കിയ പെൺകുട്ടിക്കു ലോക റെക്കോഡ്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ എഴു വൻകരകളിലൂടെ യാത്ര ചെയ്തതാണു ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചത്. മൂന്ന് ദിവസവും പതിനാലു മണിക്കൂറും 46 മിനിറ്റും 48 സെക്കന്റുമെടുത്താണ് ‘മാരത്തൺ യാത്ര’ പൂർത്തിയാക്കിയത്. ഭൂമിയിൽ ആദ്യമായാണ് ഒരു സ്ത്രീ എൺപത്താറു മണിക്കൂറിനുള്ളിൽ 208 രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നത്. ദുബായ് സ്വദേശിനിയാണ് റെക്കോഡ് ഹോൾഡർ. പേര് ഡോ. ഖാവ്‌ല റൊമാതിഹി.
സ്വദേശമായ ദുബായിയിൽ നിന്നു പുറപ്പെട്ടു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ യാത്ര സമാപിച്ചു. ‘കഠിനയാത്ര. ചെറിയ ക്ഷമ പോരാ’ ഖാവ്‌ലയ്ക്കു ഗിന്നസ് അധികൃതരുടെ പ്രശംസ. ‘‘ഗിന്നസ് അധികൃതരുടെ ഫോൺ വിളി എത്തിയപ്പോഴാണ് നേട്ടത്തിന്റെ വലുപ്പം മനസ്സിലായത്. പറയാൻ വാക്കുകളില്ല.’’ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ഇൻബോക്സിൽ എത്തിയ അഭിനന്ദനങ്ങൾക്കു പിന്നീട് ഖാവ്‌ല നന്ദി അറിയിച്ചു.
മറ്റു രാജ്യങ്ങൾ കാണാനും അവിടത്തുകാരുടെ സംസ്കാരം മനസ്സിലാക്കാനും ആഗ്രഹിച്ച പെൺകുട്ടിയാണ് ഖാവ്‌ല. യാത്രയ്ക്കുള്ള തീരുമാനും അറിയിച്ചപ്പോൾ രക്ഷിതാക്കൾ പിന്തുണച്ചു. വെല്ലുവിളികൾ ഏറെയുണ്ടെന്ന് അറിഞ്ഞിട്ടും സുഹൃത്തുക്കൾ പ്രോത്സാഹിപ്പിച്ചു. ഇടയ്ക്കു വച്ച് യാത്ര അവസാനിപ്പിക്കേണ്ടുന്ന സാഹചര്യങ്ങളുണ്ടായിട്ടും ധൈര്യത്തോടെ മുന്നേറി. ഖാവ്‌ലയുടെ ആത്മവിശ്വാസത്തിനു മുന്നിൽ പ്രതിബന്ധങ്ങൾ തകർന്നു വീണു. ഫെബ്രുവരി പതിമൂന്നിന് സിഡ്നിയിൽ എത്തിയപ്പോഴേക്കും ലോക റെക്കോഡ് ഖാവ്‌ലയെ തേടിയെത്തി.
ഏഴു വൻകരകൾ താണ്ടിയ റെക്കോഡ് അന്നു വരെ ജൂലി ബെറി, കീസി സ്റ്റുവേര്‍ട്ട് എന്നിവരുടെ പേരിലായിരുന്നു. 92 മണിക്കൂർ 4 മിനിറ്റ്, 19 സെക്കന്റ്. ‘ഡിസ്കവർ യുവർ വേൾഡ് ’ എന്ന ലക്ഷ്യത്തിനായി കുതിച്ചു പാഞ്ഞ ഖാവ്‌ല ഈ റെക്കോഡ് തിരുത്തി. ഗിന്നസ് റെക്കോഡുമായി അവൾ ദുബായിയിലേക്കു പറന്നു.