ദീപാലംകൃതമായ സന്ധ്യയിൽ ഗുജറാത്തിലെ മരുഭൂമിയിൽ ഒരുക്കുന്ന റാൺ ഉത്സവം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ അൻപതു ശതമാനം കുറവ്. കോവിഡ് വ്യാപനത്തിനു ശേഷം 2,06,056 പേരാണ് ഉത്സവം കാണാൻ എത്തിയതെന്നു ഗുജറാത്ത് ടൂറിസം മന്ത്രി ജവാഹർ ജാവ്ദ പറഞ്ഞു. ഇതിൽ ആകെ ഇരുപതു വിദേശികൾ. മുൻ വർഷത്തെക്കാൾ രണ്ടു ലക്ഷം പേരുടെ കുറവ്്. മുൻ വർഷങ്ങളിൽ നവംബർ മുതൽ ഫെബ്രുവരി വരെ ഗുജറാത്തിലെ ഹോട്ടലുകളിൽ മുറി കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇക്കുറി ഹോട്ടലുകളും റസ്റ്ററന്റുകളും കാലിയായി കിടന്നു.
ഗുജറാത്ത് ടൂറിസത്തിനു കനത്ത തിരിച്ചടിയുടെ വർഷമാണു കടന്നു പോയത്. ഏറ്റവുമധികം വിദേശികളെ ഗുജറാത്തിലേക്ക് ആകർഷിക്കുന്ന കൈറ്റ് ഫെസ്റ്റിൽ ഇക്കുറി വിരലിൽ എണ്ണാവുന്നത്രയും വിദേശികളാണു പങ്കെടുത്തത്. നവരാത്രിയോടനുബന്ധിച്ചു നടത്തുന്ന മഹാമേളയാണു കൈറ്റ് ഫെസ്റ്റ്. ഉത്സവങ്ങൾക്കായി സർക്കാരിനു ചെവല് ഇരുപതു കോടിയാണ്. മുടക്കു മുതലിന്റെ പകുതി പോലും ടൂറിസം വകുപ്പിന് തിരിച്ചു കിട്ടിയില്ല.
ഥാർ മരുഭൂമിയുടെ ഭാഗമാണു റാൺ ഓഫ് കച്ച്. മരുഭൂമിയുടെ കുറച്ചു ഭാഗം പാക്കിസ്ഥാൻ പ്രവിശ്യയായ സിന്ധിലേക്ക് കടക്കുന്നു. റൺ എന്ന വാക്കിനർഥം ‘ഉപ്പ് ചതുപ്പ്.’ സിന്ധു നദിയിൽ ഡൽറ്റയുടെ ഭാഗമായുള്ള കോറി ക്രീക്ക്, സർ ക്രീക്ക് ഇവിടെയാണ്. ഒക്ടോബര്‍ അവസാനം ഈ പ്രദേശത്ത് റാൺ ഉത്സവം ആരംഭിക്കുന്നു. ഉത്സവത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ എത്തും. വെളുത്ത നിറമുള്ള ഉപ്പു മരുഭൂമിയിൽ രാത്രിയിൽ ടെന്റിലാണു താമസം. നിലാവിൽ തിളങ്ങുന്ന മണൽപ്പരപ്പാണ് പ്രധാന ആകർഷണം.
ചെറിയ ടെന്റ് മുതൽ ആഡംബര ടെന്റുകൾ വരെ അതിഥികൾക്കായി ഒരുങ്ങുന്നു. ആധുനിക ഹോട്ടൽ മുറികളോടു കിടപിടിക്കുന്ന മെഡിറ്റേഷന്‍ റൂം, സ്പാ, ഡൈനിംഗ് ഏരിയ എന്നിവയുണ്ട്. ഉത്സവത്തിന്റെ ഭാഗമയുള്ള മേളയിൽ ഗുജറാത്തിലെ തനതായ വിഭവങ്ങളും രുചിയും ആസ്വദിക്കാം. കരകൗശല ഉൽപന്നങ്ങളുടെയും വസ്ത്രങ്ങളുടെയും പ്രദർശനവും മേളയുമുണ്ട്. പൂർണചന്ദ്രനുദിക്കുന്ന പൗർണമി രാത്രിയാണ് മേളയുടെ ഏറ്റവും നിറമേറിയ ദിവസം.