ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും സാംസ്കാരിക പാരമ്പര്യത്തിന്റേയും നാടെന്ന് അറിയപ്പെടുന്ന ഗ്വാളിയോർ യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി. സമീപത്തുള്ള ഓർച്ഛയിലെ പുരാതന മന്ദിരങ്ങളും അമൂല്യ നിർമിതികളുടെ ലിസ്റ്റിൽ യുനെസ്കോ ഉൾപ്പെടുത്തി. ‘അർബൻ ലാൻഡ്സ്കേപ് പദ്ധതി’ക്കു മാസ്റ്റർ പ്ലാൻ തയാറാക്കാൻ അറിയിപ്പു ലഭിച്ചതായി മധ്യപ്രദേശ് ടൂറിസം വകുപ്പ് അറിയിച്ചു. യുനെസ്കോ പ്രതിനിധികൾ ജനുവരിയിൽ ഗ്വാളിയോർ സന്ദർശിക്കും.
പുരാതന കാലത്ത് കലാസാംസ്കാരിക സംഗമ സ്ഥാനമായിരുന്നു ഗ്വാളിയോർ. ഗ്വാളിയോർ കോട്ട, മാൻസിങ് കൊട്ടാരം, സാസ് ബഹു ക്ഷേത്രം, ടാൻസൻ സ്മൃതിമണ്ഡപം, ഓർച്ഛ കോട്ട, രാമരാജ ക്ഷേത്രം, ദിൻമാൻ ഹർദുൽ കൊട്ടാരം, റാണിമഹൽ തുടങ്ങി ചരിത്രപ്രാധാന്യമുള്ള നിർമിതികൾ ഗ്വാളിയോറിലും ഓർച്ഛയിലുമുണ്ട്. പുരാതന നിർമിതികളെല്ലാം ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ സംരക്ഷിച്ചു പോരുന്നു.
ഒൻപതാം നൂറ്റാണ്ടാണ് ഗ്വാളിയോറിന്റെ സുവർണകാലം. ഗുർജാർ പ്രതിഹാർ രാജവംശം, സിന്ധ്യ രാജവംശങ്ങൾ കോട്ടയും കൊട്ടാരങ്ങളും നിർമിച്ചു. ഗ്വാളിയോർ കോട്ടയ്ക്കുള്ളിലെ സാൻഡ് േസ്റ്റാൺ ചത്വരം ലോകപ്രശസ്തം. രാജ് മഹൽ, ജഹാംഗിർ മഹൽ, റായ് പ്രവീൺ മഹൽ, ലക്ഷ്മിനാരായണ മന്ദിർ തുടങ്ങിയ നിർമിതികൾ കാണാനായി പതിനായിരക്കണക്കിനു വിനോദസഞ്ചാരികൾ എത്താറുണ്ട്. ഈ സ്ഥലങ്ങൾ യുനെസ്കോ പ്രതിനിധികൾ സന്ദർശിക്കും. ചരിത്രപ്രധാന കേന്ദ്രങ്ങൾ ‘കെമിക്കൽ ട്രീറ്റ്മെന്റ് ’ നടത്തി സംരക്ഷിക്കും. സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. വരാണസി, ജയ്പുർ, ഫത്തേപുർസിക്രി, മഹാബലിപുരം, ബോധ്ഗയ എന്നിവയാണ് ഉത്തരേന്ത്യയിൽ യുനെസ്കോ പൈതൃകപട്ടികയിൽ ഇടം നേടിയ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ.