ലോക്ഡൗണിന്റെ ഭാഗമായി സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്ന നേപ്പാൾ ടൂറിസം വാതിലുകൾ തുറന്നു. മുടങ്ങിപ്പോയ ഹിമാലയ യാത്ര പുനരാരംഭിക്കാം. ട്രെക്കിങ്, തീർഥാടനം തുടങ്ങി ഹിമാലയ പാതയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതായി നേപ്പാൾ ടൂറിസം അധികൃതർ അറിയിച്ചു.
ഹിമാലയ യാത്രയ്ക്ക് ആവശ്യമായ രേഖകളും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകളും ഉള്ളവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. അപേക്ഷകൻ താമസിക്കുന്ന പ്രദേശത്ത് കോവിഡ് നിരക്കു സംബന്ധിച്ച് ഔദ്യോഗിക സാക്ഷ്യപത്രം സമർപ്പിക്കണം. അതിർത്തിയിൽ പരിശോധനയ്ക്ക് 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിദേശികൾക്ക് ഏഴു ദിവസം ക്വാറന്റീൻ നിർബന്ധം. വിമാനം ഇറങ്ങുന്നതിനു മുൻപ് ഹോട്ടൽ മുറി ബുക്ക് ചെയ്യണം. രേഖകൾ അയച്ചവർക്ക് ക്രമപ്രകാരം പെർമിറ്റ് നൽകി തുടങ്ങിയെന്ന് വിദേശ കാര്യ വിഭാഗം അറിയിച്ചു. ട്രെക്കിങ്, പർവതാരോഹണ സഹായികൾ, ട്രെക്കിങ് പാതയിലെ പാചക വിദ്വാന്മാർ എന്നിവർക്കാണ് ഇപ്പോൾ പെർമിറ്റ് അനുവദിക്കുന്നത്.