ഇന്ത്യയിൽ വംശനാശം നേരിടുന്ന കാണ്ടാമൃഗത്തിന് പോളണ്ടിൽ സുഖപ്രസവം. നൂറ്റി അൻപത്തഞ്ചു വർഷത്തിനിടെ ആദ്യമാണ് റോക്ലോ മൃഗശാലയിൽ കാണ്ടാമൃഗത്തിനു കുഞ്ഞുണ്ടാകുന്നത്. ഏഴു വയസ്സുള്ള ‘മറുസ്ക’ എന്ന കാണ്ടാമൃഗത്തിനാണു കുഞ്ഞുണ്ടായത്. പതിനൊന്നു വയസ്സുള്ള കാണ്ടാമൃഗമാണ് അച്ഛൻ – പേര് മനാസ്. കുട്ടിക്കാണ്ടാമൃഗത്തിന് അനുയോജ്യമായ പേര് ആലോചിക്കുകയാണ് മൃഗശാല അധികൃതർ. കുഞ്ഞിനെ അതീവ ശ്രദ്ധയോടെയാണ് പെൺ കാണ്ടാമൃഗം പരിചരിക്കുന്നത്. കുഞ്ഞിന്റെ ദേഹത്തു ഭാരം ഏൽപ്പിക്കാതെ സൂക്ഷ്മതയോടെയാണു കൂടിനുള്ളിൽ കിടക്കുന്നതും നടക്കുന്നതും. മറുസ്കയെ പാർപ്പിച്ച കൂടിനു ചുറ്റും ആറു ക്യാമറകൾ സ്ഥാപിച്ച് പ്രസവം പൂർണമായും ദൃശ്യവത്കരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ മൃഗശാലകളുടെ നിരയിൽ മൂന്നാം സ്ഥാനത്താണ് പോളണ്ടിലുള്ള റോക്ലോ. സൗത്ത് പോളണ്ടിലെ ഈ മൃഗശാലയിൽ 1132 ഇനം മൃഗങ്ങളുണ്ട്.
ലോകത്താകെ 3500 ഇന്ത്യൻ കാണ്ടാമൃഗങ്ങളാണ് അവശേഷിക്കുന്നത്. ഇതിൽ 170 എണ്ണം വിവിധ രാജ്യങ്ങളിലെ 66 മൃഗശാലകളിലാണ്. ഇക്കൂട്ടത്തിൽ അപൂർവ ജനനമാണ് റോക്ലോയിലേതെന്ന് കാഴ്ചംഗ്ലാവിന്റെ പ്രസിഡന്റ് റാഡോസ്ലോ രാജ്സ്ലാക് പറഞ്ഞു.
യുനോസെറോസ് യൂണിക്കോർണിസ് എന്നാണ് ഇന്ത്യൻ കാണ്ടാമൃഗത്തിന്റെ ശാസ്ത്രനാമം. അഞ്ചു വയസ്സു പൂർത്തിയായ കാണ്ടാമൃഗത്തിനു ശരീരഭാരം മൂവായിരം കിലോ. ഉയരം പത്ത് അടിയിലേറെ. പുല്ല്, ഇല, പച്ചക്കറി എന്നിവയാണ് ഭക്ഷണം. അഞ്ചു വയസ്സുവരെ കുട്ടികൾ അമ്മയോടൊപ്പമാണു വളരുക.
അസമിലെ കാസിരംഗ നാഷനൽ പാർക്കിലാണ് ഇന്ത്യയിൽ ഏറ്റവുമധികം കാണ്ടാമൃഗങ്ങളുള്ളത്. ചൈനയിൽ നിന്നുള്ള വേട്ടക്കാർ അതിർത്തി കടന്നു കാണ്ടാമൃഗത്തെ വേട്ടയാടുന്നതായി റിപ്പോർട്ടുണ്ട്. ഒറ്റക്കൊമ്പ് മുറിച്ചെടുക്കാനാണ് കാണ്ടാമൃഗത്തിനെ കൊല്ലുന്നത്. ചൈനയിൽ ഉൽപാദിപ്പിക്കുന്ന മരുന്നിന് അസംസ്കൃത വസ്തുവാണത്രേ കാണ്ടാമൃഗത്തിന്റെ കൊമ്പ്. ഒരു കൊമ്പിന് രണ്ടു കോടി രൂപ വില ലഭിക്കുമെന്നു പറയപ്പെടുന്നു. വേട്ടക്കാരെ നേരിടാൻ അസം സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. എങ്കിലും വാഹനങ്ങൾ കടന്നു ചെല്ലാത്ത കാടുകളിൽ കാണ്ടാമൃഗങ്ങൾ കശാപ്പു ചെയ്യപ്പെടുന്നതു പതിവാണ്.