ആറു മാസം വീടിനുള്ളിൽ അടച്ചിരുന്നതിന്റെ ആലസ്യത്തിൽ നിന്ന് ഉണരുക. യാത്ര പുനരാരംഭിക്കാൻ നേരമായി. കേരളം വിനോദസഞ്ചാരത്തിന്റെ വാതിൽ തുറന്നിരിക്കുന്നു. സ്വന്തം സുരക്ഷയും സമീപത്തുള്ളവരുടെ ആരോഗ്യവും ഉറപ്പാക്കി യാത്ര തുടങ്ങാം. ആളകലം പാലിച്ച്, മാസ്ക് ധരിച്ച്, സാനിറ്റൈസർ ഉപയോഗിച്ച് വൈറസിനെ അകറ്റി നിർത്തി കാഴ്ചകളിലേക്കു കടന്നു ചെല്ലാം. ഓർക്കുക, കോവിഡ് വ്യാപനത്തിന്റെ തീവ്രത നേരിടുകയാണു കേരളം. സർക്കാർ പരസ്യത്തിൽ പറയുന്ന പോലെ, ചെറിയ അശ്രദ്ധ പോലും വലിയ ആപത്തിനു കാരണമായേക്കാം – ജാഗ്രത പാലിക്കുക.
ആദ്യഘട്ടത്തിൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ച സ്ഥലങ്ങളുടെ പട്ടിക നോക്കാം. മലയോര മേഖലകളിലെ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചു. കായൽത്തീരങ്ങളിൽ തടസ്സങ്ങളില്ലാതെ കടന്നു ചെല്ലാം. ഹൗസ് ബോട്ട്, ചെറു ബോട്ട് സർവീസിന് അനുമതി ലഭിച്ചു. കായൽ ടൂറിസത്തിന് സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്. ആയുര്‍വേദ കേന്ദ്രങ്ങളില്‍ ചികത്സ ആരംഭിക്കാം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വൈറസ് വ്യാപനം ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്, തിരിച്ചറിയുക.
ബീച്ചുകളിൽ നവംബർ ഒന്നു മുതൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുമെന്നാണ് സർക്കാർ അറിയിപ്പ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും ഒത്തുചേരുന്ന സ്ഥലമാണ് കടൽത്തീരം. ബീച്ചുകൾ തുറക്കുമ്പോൾ പരിസര ശുചിത്വം പാലിക്കുക. സ്വയം പ്രതിരോധമാണ് കോവിഡിനെ ചെറുക്കാനുള്ള ഉചിതമായ മാർഗം.
നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മറ്റുള്ളവരില്‍ നിന്നു രണ്ടു മീറ്റര്‍ അകലം പാലിക്കണം. യാത്രയ്ക്കിടെ കോവിഡ് ലക്ഷണം ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം തേടണം. രോഗലക്ഷണം ഉള്ളവർ യാത്ര ചെയ്യരുത്.
ടൂറിസം ഡെസ്റ്റിനേഷനുകളിൽ ശരീരോഷ്മാവ് പരിശോധിക്കാനും കൈകള്‍ സോപ്പിട്ടു കഴുകാനും സൗകര്യം ഉണ്ടായിരിക്കണം. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കണം. ഹോട്ടല്‍ ബുക്കിങ്ങും വിനോദ കേന്ദ്രങ്ങളിലെ ടിക്കറ്റ് വിതരണവും ഓണ്‍ലൈനില്‍ ഉറപ്പാക്കുക. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ മാർഗനിർദേശം പാലിക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം.
വിനോദ സഞ്ചാരികളായി എത്തുന്ന വിദേശികൾക്ക് കോവിഡ് പരിശോധന നിർബന്ധം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏഴു ദിവസം വരെ കേരളത്തിൽ തുടരാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകൾ സന്ദർശനത്തിനു മുൻപ് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരാഴ്ചയിൽ കൂടുതൽ കേരളത്തിൽ തങ്ങുന്ന ഇതര സംസ്ഥാനക്കാർ സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തണം. ഒരാഴ്ചയിൽ കൂടുതൽ ടൂർ പ്ലാനുമായി വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം. അല്ലെങ്കിൽ ഏഴു ദിവസം ക്വാറന്റീൻ പാലിക്കണം.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവ് പ്രകാരം ടൂറിസം എന്നത് നിരോധിത കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡിടിപിസി സെക്രട്ടറി എന്നിവർക്കാണ്.