ലോകത്തുള്ള എല്ലാ രാജ്യങ്ങളും സന്ദർശിച്ചയാൾ ആര്? ഗൂഗിളിൽ അന്വേഷിച്ചാൽ കിട്ടുന്ന പേര് – ലീ അബെമോൺഡ്. മുപ്പതു വയസ്സിനുള്ളിൽ ലീ സന്ദർശിച്ചതു 321 രാജ്യങ്ങൾ. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാർക്കോ പോളോ’ എന്നാണു ലീ വിശേഷിപ്പിക്കപ്പെടുന്നത്. ‘‘ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിലൂടെ ഞാൻ യാത്ര ചെയ്തു. ഭൂമിയുടെ അറ്റം എന്നു പറയപ്പെടുന്ന നോർത്ത് പോൾ, സൗത്ത് പോൾ എന്നിവിടങ്ങൾ സന്ദർശിച്ചു. ബ്രാൻഡ് അംബാസഡർ, ട്രാവൽ റൈറ്റർ, ലോക സഞ്ചാരി, സാഹസിക യാത്രികൻ എന്നിങ്ങനെ ചില വിശേഷങ്ങളും എന്റെ പേരിനൊപ്പമുണ്ട്.’’ ലീ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് (www.Leeabbamonte.com).
ലോക യാത്രയ്ക്കു വഴിയൊരുങ്ങിയത് എങ്ങനെ? ഒരിക്കൽ ഒരാൾ ലീയോടു ചോദിച്ചു. ‘‘സുഹൃത്തെ, ലോകം കാണാമെന്നു തീരുമാനിച്ച് ഇറങ്ങിയ ആളല്ല ഞാൻ. പത്തൊൻപതു വയസ്സുവരെ നിങ്ങളെ പോലെ സ്കൂളിൽ പഠിക്കുകയായിരുന്നു. ഇരുപതാം വയസ്സിലാണ് അമേരിക്കയിൽ നിന്ന് ആദ്യമായി വിദേശ യാത്ര നടത്തിയത്. ഉപരിപഠനത്തിനായി ലണ്ടനിൽ എത്തി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവരെ ലണ്ടനിൽ കണ്ടു. അവരുടെ ജന്മദേശം കാണാൻ എനിക്ക് ആഗ്രഹം തോന്നി. പിന്നീട് തുടർച്ചയായി യാത്ര നടത്തി. ലോകത്ത് ഏറ്റവുമധികം രാജ്യങ്ങൾ സന്ദർശിച്ച യുവാവ് ഞാനാണെന്നു പ്രശംസിച്ചുകൊണ്ട് 2006ൽ എന്റെയൊരു സുഹൃത്ത് ഇ മെയിൽ അയച്ചു. അന്നു ഞാൻ അതു കാര്യമായി എടുത്തില്ല. പിന്നീട് ഞാൻ സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം നോക്കിയപ്പോൾ കൂട്ടുകാരൻ സൂചിപ്പിച്ചതു ശരിയാണെന്നു മനസ്സിലായി ’’ – ലീ പറയുന്നു.
ഒന്നോ രണ്ടോ ജോടി വസ്ത്രങ്ങളും ഒരു ലാപ്ടോപ് കംപ്യൂട്ടറുമാണ് യാത്രകളിൽ ലീ തന്റെ ബാഗിൽ കരുതാറുള്ളത്. ഭാഷ മൊഴിമാറ്റം ചെയ്യാനുള്ള ‘കൺവർട്ടർ’ ഇല്ലാതെ എവിടെയും പോകാറില്ലെന്നും ലീ പറയുന്നു. കരുതലോടെ യാത്ര ചെയ്തിട്ടും ആഭ്യന്തര യുദ്ധം നടക്കുന്ന സമയത്ത് ലിബിയയിൽ പ്രവേശിച്ചതിന് അദ്ദേഹത്തിനു ദുരനുഭവം നേരിടേണ്ടി വന്നു. സെൻട്രൽ ഏഷ്യയിലെ സിൽക്ക് റോഡ്, കെനിയയിലെ ഒട്ടകങ്ങളുടെ ഓട്ടമത്സരം, കിളിമഞ്ചാരോ ട്രെക്കിങ്, ബഞ്ചീ ജംപ് എന്നിവയാണ് അദ്ദേഹത്തിനു പ്രിയപ്പെട്ട യാത്രാസ്മരണകൾ. അമ്മാവന്റെയും കൂട്ടുകാരുടെയും കൂടെ യാത്ര ചെയ്യുമ്പോഴാണ് യഥാർഥ സന്തോഷം അനുഭവിക്കാൻ സാധിക്കുന്നതെന്നും ലീ തുറന്നു പറഞ്ഞു.
‘‘ന്യൂയോർക്കിലാണ് ഞാൻ താമസിക്കുന്നത്. വീട്ടിൽ നിന്നു മാറി നിൽക്കാൻ ഇഷ്ടമുള്ളയാളല്ല. അതേസമയം, പ്രിയപ്പെട്ട വിനോദമാണു യാത്ര. ചെറിയ വേദന സഹിക്കാതെ വലിയ നേട്ടങ്ങൾ ലഭിക്കില്ല. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ആളുകളെ പരിചയപ്പെടാൻ സാധിച്ചു. ഞാൻ മാത്രമല്ല, എല്ലാവരും ലോകം മുഴുവൻ യാത്ര ചെയ്യണം’’ ലോകം കണ്ടതിന്റെ അനുഭവങ്ങൾ ലീ പങ്കുവച്ചു.
മേരി ലാൻഡ് യൂനിവേഴ്സിറ്റിയിൽ ബിരുദം നേടിയ ശേഷം ഇന്റർനാഷനൽ ബിസിനസ് സ്കൂളിൽ നിന്നു മാസ്റ്റർ ബിരുദം സ്വന്തമാക്കിയയാളാണ് ലീ അബെമോൺഡ്. ഊർജ – സാമ്പത്തിക ശാസ്ത്രങ്ങളിലും മാർക്കറ്റിങ്ങുമാണു പഠിച്ചത്. പിന്നീട് വോൾ സ്ട്രീറ്റിൽ ജോലി ചെയ്തു. പിൽക്കാലത്ത് മുഴുവൻ സമയം സഞ്ചാരിയായി. ഫോക്സ് ന്യൂസ്, സിഎൻഎൻ, ഇഎസ്പിഎൻ, ഡിസ്കവറി തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ യാത്രാ വിവരണ പരിപാടികൾ അവതരിപ്പിക്കുന്നു. അമേരിക്കൻ മാധ്യമങ്ങളിൽ യാത്രാ വിവരണ ലേഖനങ്ങളും സമൂഹ മാധ്യമങ്ങളിൽ ബ്ലോഗും എഴുതുന്നു.