പുരാണകഥയിൽ ദേവേന്ദ്രന്റെ വാഹനമാണ് ഐരാവതം. ഐരാവതത്തിനു വെളുത്ത നിറമാണെന്ന് ഐതിഹ്യം. ഐരാവതത്തിന്റെ ശിൽപം ഐശ്വര്യത്തിന്റെ പ്രതീകമെന്നു വിശ്വാസം. ഭാരതത്തിന്റെ ഐരാവതം പോലെ അനുഗ്രഹത്തിന്റെ അടയാളമാണ് മൊണ്ടാനക്കാർക്ക് വെളുത്ത പോത്ത്. വെളുത്ത പോത്ത് ജനിക്കുന്നത് ഭാഗ്യമായി കരുതുന്നു അവിടുത്തെ കൃഷിക്കാർ. മറ്റുള്ളവരുടെ ‘കണ്ണു വീഴാതിരിക്കാൻ’ വെളുത്ത പോത്തിനെ പാർപിക്കാൻ അവർ സുരക്ഷിതമായ മുറിയുണ്ടാക്കി. മൊണ്ടാന സന്ദർശിക്കുന്നവരിൽ പലരും വെളുത്ത പോത്തിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അവിടുത്തെ കർഷകർ അനുമതി നൽകിയില്ല.
അമേരിക്കയിലെ മൊണ്ടാനയിൽ ബിറ്റർറൂട്ട് താഴ്‌വരയിലുള്ള ലോലോ പ്രവിശ്യയിലാണ് ‘അൽഭുത പിറവി’. പശുക്കളെ വളർത്തി ജീവിക്കുന്നവരുടെ സ്ഥലമാണു ബിറ്റർറൂട്ട്. ഇവിടെ മൂന്നൂറ് ഏക്കർ സ്ഥലത്തു കൃഷിയാണ്. ഗോത്രവിശ്വാസങ്ങൾ പിൻതുടരുന്നവരാണ് തദ്ദേശീയർ.
നൂറു വർഷത്തിനിടെ രണ്ടാമതും വെളുത്ത പോത്ത് പിറന്നത് വലിയ വാർത്തയായി. മാധ്യമങ്ങൾ ക്യാമറയുമായി ചെന്നെങ്കിലും ‘ഭാഗ്യം നഷ്ടപ്പെടാതിരിക്കാൻ’ കൃഷിക്കാർ വെളുത്ത പോത്തിനെ വീടിനുള്ളിൽ ഒളിപ്പിച്ചു. തൊണ്ണൂറു വർഷം മുൻപാണ് മൊണ്ടാനയിൽ ആദ്യത്തെ വെളുത്ത പശു ജനിച്ചത്. പോത്തിന്റെ കണ്ണുകൾക്കു നീല നിറമായിരുന്നു. ദൈവത്തിന്റെ പ്രതിരൂപമായി പിറന്നതാണു നീലക്കണ്ണുള്ള വെളുത്ത പോത്തെന്ന് അവിടത്തുകാർ വിശ്വസിച്ചു. ഐതിഹ്യത്തിലെ അനേകം ദൈവിക കഥാപാത്രങ്ങളിൽ ഒന്നിന്റെ അവതാരമായി പോത്തിനെ ഗോത്രവാസികൾ ആരാധിച്ചു. പോത്ത് ചത്തപ്പോൾ സംസ്കരിച്ച് സ്റ്റഫ് ചെയ്ത് ‘അമരത്വം’ പ്രഖ്യാപിച്ചു. അതു സൂക്ഷിക്കാൻ സ്മാരകം നിർമിച്ചു. വെളുത്ത പോത്തിന്റെ സ്മൃതികുടീരം ക്ഷേത്ര തുല്യമായി അവിടെ പരിപാലിക്കപ്പെടുന്നു.
പിന്നീട് തൊണ്ണൂറു വർഷങ്ങൾക്കു ശേഷം, 2020 ഓഗസ്റ്റിൽ അവരുടെ ഗോത്രത്തിൽ വീണ്ടും വെളുത്ത പോത്ത് ജനിച്ചു. സമൂഹത്തിലെ തിന്മകൾ വർധിക്കുമ്പോൾ നേർവഴി തെളിക്കാൻ ദൈവം അവതരിച്ചുവെന്ന് ഗോത്രവാസികൾ പറയുന്നു. വെളുത്ത പോത്ത് ജനിച്ച ദിവസം മുതൽ ഒരാഴ്ച ഗോത്രവാസികൾ ആഘോഷം സംഘടിപ്പിച്ചു. മൊണ്ടാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആശിർവാദം നേടാൻ ഒത്തുകൂടി. അതേസമയം, ‘സ്വന്തം ആളുകളല്ലാത്ത’വരെ ആ പ്രദേശത്തേക്ക് അടുപ്പിച്ചില്ല. ടൂർ ഗ്രൂപ്പുകളിൽ എത്തിയ വിദേശികളിൽ ചിലർ വെളുത്ത പോത്തിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ‘നോ’ എന്നായിരുന്നു ഗോത്രവാസികളുടെ മറുപടി.
അതേസമയം, പോത്തിന് വെളുത്ത നിറം വരാൻ കാരണം ജനിതക വ്യതിയാനമാണെന്ന് ഗവേഷകർ പറയുന്നു. ത്വക്കിന് കറുപ്പു നിറം നൽകുന്ന ശാരീരിക ഘടകങ്ങളിൽ സംഭവിക്കുന്ന കുറവിനാൽ വെളുത്ത നിറം വരാം. പത്തു ലക്ഷം പോത്തുകളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമേ തൂവെള്ള നിറത്തിൽ ജനിക്കാറുള്ളൂ. എന്നാൽ, അത്തരം ശാസ്ത്രീയ വിശദീകരണങ്ങൾക്ക് ചെവികൊടുക്കാൻ ഗോത്രവാസികൾ തയാറല്ല. അനുഭവങ്ങളിലും നേർസാക്ഷ്യങ്ങളിലുമാണ് കൃഷി ചെയ്തു ജീവിക്കുന്ന ഗോത്രവാസികൾ വിശ്വസിക്കുന്നത്. വെളുത്ത പോത്തിനെ കുറിച്ചു ഗവേഷണത്തിനായി ആരും ആ വഴിക്ക് വരേണ്ടെന്ന് അവർ മുന്നറിയിപ്പു നൽകി.