ADVERTISEMENT

നൂറു വയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കാന്‍ ശീലിച്ചവരുടെ നാട്. നൂറ്റാണ്ടുകളായി അവിടത്തുകാരെ ഹാനികരമായ രോഗം അലട്ടുന്നില്ല. ഗ്രാമത്തിലെ മൂവായിരം പേരില്‍ പതിനഞ്ചാളുകള്‍ നൂറു വയസ്സു പിന്നിട്ടവര്‍. നൂറ്റി എഴുപത്തൊന്നു പേര്‍ തൊണ്ണൂറു പിന്നിട്ടവര്‍. നൂറു വയസ്സു പിന്നിട്ട എഴുപതിനായിരം പേരുള്ള ജപ്പാനിലെ ഒജിമി ഗ്രാമം ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒജിമിയില്‍ എണ്‍പതു കഴിഞ്ഞവര്‍ കോവിഡിനെ നിസ്സാരമായി മറികടന്നത് ശാസ്ത്രലോകത്തെയും അദ്ഭുതപ്പെടുത്തി. ദീര്‍ഘായുസുള്ളവരുടെ ഗ്രാമം സന്ദര്‍ശിച്ച് ആയുസ്സു നീട്ടാന്‍ പരിശീലനത്തിനായി ആളുകള്‍ എത്തി തുടങ്ങിയിരിക്കുന്നു.

ogimi2

കൗതുക വാര്‍ത്തയല്ല ഒജിമി. ആരോഗ്യകരമായ ജീവിത ശൈലിയുടെ നേര്‍ചിത്രമാണ്. രണ്ടാം ലോകയുദ്ധവും ലോകത്തുണ്ടായ വലിയ മാറ്റങ്ങളും ദുരന്തങ്ങളും നേരിട്ടു കണ്ടവര്‍ അവിടെ ജീവിച്ചിരിക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ വാതില്‍ അടച്ചപ്പോള്‍ ഒജിമിയില്‍ എന്താണു സംഭവിക്കുന്നതെന്നു നോക്കാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ജപ്പാന്‍ സന്ദര്‍ശിച്ചു. 'തുള്ളിച്ചാടി നടക്കുന്ന' തൊണ്ണൂറുകാരെയാണ് അവര്‍ ഒജിമിയില്‍ കണ്ടത്. നൂറു വയസ്സു തികഞ്ഞവര്‍ പ്രഭാത സവാരി നടത്തുന്നു, സായാഹ്നങ്ങളില്‍ ഒത്തുകൂടി ഓര്‍മ പങ്കുവയ്ക്കുന്നു, പരസഹായമില്ലാതെ പാചകം ചെയ്യുന്നു...

ADVERTISEMENT

ജപ്പാനില്‍ ഒക്കിനാവ മെയിന്‍ലാന്‍ഡില്‍ വടക്കു ഭാഗത്താണ് ദീര്‍ഘായുസ്സുള്ളവര്‍ താമസിക്കുന്ന ഒജിമി ഗ്രാമം. ഗ്രാമത്തിന്റെ പ്രത്യേകത എന്താണെന്നു സന്ദര്‍ശകര്‍ക്കു മനസ്സിലാക്കാനായി പ്രവേശന കവാടത്തില്‍ ശിലാഫലകം സ്ഥാപിച്ചിട്ടുണ്ട്.

'എണ്‍പതു വയസ്സാകുമ്പോഴാണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ യുവത്വത്തില്‍ എത്തുക. 90 വയസ്സു തികയുമ്പോള്‍ നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളെ സ്വര്‍ഗത്തിലേക്കു ക്ഷണിച്ചേക്കാം. 100 വയസ്സാകുന്നതു വരെ കാത്തിരിക്കാന്‍ അവരോടു പറയുക. അപ്പോള്‍ നിങ്ങള്‍ക്ക് സെഞ്ചുറി തികയ്ക്കാന്‍ സാധിക്കും' - ശിലാഫലകത്തില്‍ ഇതാണ് ആലേഖനം ചെയ്തിട്ടുള്ളത്.

ogimi4
ADVERTISEMENT

ലോകത്ത് ദീര്‍ഘായുസ്സുള്ളവരുടെ നാടുകളില്‍ ഒന്നാം സ്ഥാനം ഒജിമിക്കാണ്. അവരുടെ ജീവിതശൈലി പിന്‍തുടര്‍ന്നാല്‍ നൂറു വയസ്സു വരെ ജീവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അണുബോംബിനെ അതിജീവിച്ചവരാണ് ജപ്പാനിലുള്ളവര്‍. ആണവ വിസ്‌ഫോടനത്തിന്റെ ദുരന്തം പേറി ആയിരക്കണക്കിനു പേര്‍ ഇപ്പോഴും നരകിക്കുന്നു. അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോയതിനാല്‍ അവരുടെ ആയുസ്സിനു ദൈര്‍ഘ്യം ഏറിയെന്ന് ഒജിമി ഗ്രാമത്തെ കുറിച്ചു പഠനം നടത്തിയവര്‍ പറയുന്നു.

സാമൂഹിക പിന്തുണ, ആനന്ദകരമായ ജീവിത സാഹചര്യം, ഉറച്ച വിശ്വാസം, വാര്‍ഷിക ആഘോഷം എന്നിവയെല്ലാം ഒജിമിക്കാരുടെ ആയുസ്സിനു കരുത്തു പകരുന്നു. കടലിനെയും പര്‍വതങ്ങളെയും പുരോഹിതരെയും ആരാധിക്കുന്നവരുടെ ഗ്രാമമാണ് ഒജിമി. കൃഷിയില്‍ നല്ല വിള ലഭിക്കാനായി അവര്‍ പ്രാര്‍ഥിക്കുന്നു. ഉന്‍ഗാമി മേളയാണ് ഒജിമിക്കാരുടെ ആണ്ടുത്സവം. കടലില്‍ പോയ പുരുഷന്മാരെ സ്വാഗതം ചെയ്യാനായി സ്ത്രീകള്‍ കടല്‍ തീരത്ത് ഒത്തുകൂടുന്നതാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്.

ogimi3
ADVERTISEMENT

ഒജിമിയില്‍ ദീര്‍ഘായുസ്സു നല്‍കുന്ന ഘടകം എന്താണെന്ന് കണ്ടെത്താന്‍ ആരോഗ്യ മേഖലയിലുള്ളവര്‍ സര്‍വെ നടത്തി. ഭക്ഷണ നിയന്ത്രണം, സാമൂഹിക ബന്ധം എന്നിങ്ങനെ അവിടത്തുകാരുടെ ജീവിതശൈലി പ്രശംസ നേടി. ' ഡയറ്റില്‍ മാത്രം ദീര്‍ഘായുസ്സു ലഭിക്കില്ല. പാരമ്പര്യമായ ഘടകങ്ങളാണു പ്രധാനം. ജപ്പാനിലെ മറ്റു പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരും ഒജിമിയില്‍ 100 തികച്ചവരുമായി താരതമ്യം ചെയ്തു പഠനം നടത്തിയിട്ടില്ല. എന്തായാലും, ഒജിമിയിലെ പൂര്‍വികരേയും പുതുതലമുറയേയും വിശദമായ പഠനത്തിനു വിധേയരാക്കി. ലഭ്യമായ പരിശോധനകള്‍ നടത്തി. അവിടെയുള്ളവര്‍ ദീര്‍ഘായുസ്സുള്ളവരാണ്.' - 1975ല്‍ ആരംഭിച്ച പഠനത്തിന്റെ റിപ്പോര്‍ട്ട് ശരിയാണെന്ന് ഒക്കിനാവ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി പൊതു ആരോഗ്യ വിഭാഗം പ്രഫസര്‍ ക്രെയിഗ് വില്‍കോക്‌സ് പറയുന്നു.

ogimi5

ഒജിമിയില്‍ കാന്‍സര്‍ രോഗികളില്ലെന്നും ഹൃദ്രോഗം റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് സംഘത്തിന്റെ കണ്ടെത്തല്‍. പഴങ്ങളും പച്ചക്കറിയുമാണ് അവിടത്തുകാരുടെ പ്രധാന ഭക്ഷണം. മധുരമുള്ള കിഴങ്ങ്, മത്തങ്ങ, പച്ചിലകള്‍ ഉള്‍പ്പെടുത്തി പച്ചക്കറി, പോഷകമൂല്യമുള്ള മത്സ്യം എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ രോഗപ്രതിരോധം സാധ്യമാക്കുന്നു. ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആയുസ്സു വര്‍ധിക്കുമെന്ന് നേരത്തേ ശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒക്കിനാവയില്‍ 'നുചി ഗുസി' എന്നൊരു ചൊല്ലുണ്ട്. ഭക്ഷണമാണ് നിങ്ങളുടെ മരുന്ന് എന്നാണ് ഈ വാക്പ്രയോഗത്തിന്റെ അര്‍ഥം.

ആയുസ്സു കൂടുതലുള്ളവര്‍ താമസിക്കുന്ന പ്രദേശം ബ്ലൂ സോണ്‍ എന്ന് അറിയപ്പെടുന്നു. ലോകത്ത് 'ഒന്നാം നമ്പര്‍ ബ്ലൂ സോണ്‍' ഒജിമിയാണ്. ഇറ്റലിയിലെ സാര്‍ഡീനിയ, കോസ്റ്റ റിക്കയിലെ നിക്കോയ, ഗ്രീസിലെ ഇകാരിയ, കലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ എന്നിവിടങ്ങളാണ് ലോകത്തുള്ള മറ്റു ബ്ലൂ സോണുകള്‍.

ADVERTISEMENT