Friday 06 December 2019 02:47 PM IST

ശബരിമലയിൽ മകരവിളക്ക് തെളിയുന്ന പൊന്നമ്പല മേട് സന്ദർശിച്ച ഫോട്ടൊഗ്രഫറുടെ അനുഭവങ്ങൾ!

Baiju Govind

Sub Editor Manorama Traveller

4)-Periyar-reserve---hills പണ്ട് അഗ്നിപർവത സ്ഫോടനം ഉണ്ടായെന്ന് കരുതപ്പെടുന്ന സ്ഥലം, ഫോട്ടോ: എൻ.പി. ജയൻ

മകരസംക്രമം കഴിഞ്ഞ് ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ നടയടച്ചതിനു ശേഷം പൊന്നമ്പലമേട്ടിലെ ഒരു പ്രഭാതം. ദിവ്യജ്യോതി തെളിയുന്ന ആകാശത്തിനു താഴെ ഫോറസ്റ്റ് ക്യാംപിൽ ക്യാമറയുമായി എൻ.പി. ജയൻ കാത്തിരുന്നു. ഉദിച്ചുയർന്ന തങ്കസൂര്യനെ ലെൻസിലേക്ക് ആവാഹിച്ച് പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റിനുള്ളിലൂടെ ജയൻ നടന്നു. ആ യാത്ര മൂന്നു വർഷം പിന്നിട്ടപ്പോൾ ശബരിമല ഉൾപ്പെടുന്ന കൊടും വനമേഖലയുടെ ഏഴായിരം ചിത്രങ്ങൾ മെമ്മറി കാർഡിൽ നിറഞ്ഞു. കോടിക്കണക്കിനു ഭക്തർ ഹൃദയത്തിൽ ആരാധിക്കുന്ന അയ്യപ്പന്റെ പൂങ്കാവനം, മകരവിളക്കു തെളിയുന്ന പൊന്നമ്പലമേട്,  പമ്പാരാജകുമാരൻ  നായാട്ടിനെത്തിയിരുന്ന ഉണ്ടമേട്... മറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത കാട്ടുപാതകളിലൂടെ കാനനവാസിയെപ്പോലെയാണ് ഈ ഫോട്ടോഗ്രഫർ യാത്ര ചെയ്തത്. ജയന്റെ ക്യാമറയിൽ പതിഞ്ഞ ആ അപൂർവ ദൃശ്യങ്ങൾ ‘മനോരമ ട്രാവലറി’ലൂടെ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നു. ശബരിഗിരിയിലെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയാണ്, ഒരു ഛായാഗ്രാഹകന്റെ കൊതിമാറാത്ത കൗതുകത്തോടെ. 

തളിരിടുന്ന രുദ്രാക്ഷ മരങ്ങൾ

വനസംരക്ഷണ വിഭാഗം മേധാവി ടി.എം. മനോഹരനാണ് പെരിയാർ കടുവ സംരക്ഷണ വനമേഖലയിലേക്കു ക്ഷണിച്ചത്. സംരക്ഷിത മേഖലയിലേക്കു കടക്കുന്നവർ കാടിനു വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങൾ ചിത്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാടിന്റെ നിഷ്കളങ്ക സൗന്ദര്യം ഫോട്ടോകളിലൂടെ പ്രദർശിപ്പിച്ച് ബോധവത്കരണമായിരുന്നു ഉദ്ദേശ്യം. 365 ദിവസം സൈലന്റ് വാലി വനത്തിനുള്ളിൽ ജീവിച്ച് ഫോട്ടൊകൾ പകർത്തിയ വ്യക്തിയെന്ന നിലയിലാണ് എന്നെ ഈ ദൗത്യം എൽപ്പിച്ചത്. മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് മലകയറാനായിരുന്നു തീരുമാനം. ക്യാമറയും മറ്റുപകരണങ്ങളുമായി പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് നടത്തം തുടങ്ങി.

സ്വാമിമാരുടെ കാൽപ്പാടുകൾ പതിഞ്ഞ പാതകളെല്ലാം പുല്ലുമൂടിയിരുന്നു. നീർച്ചാലുകളിൽ പനിനീരുപോലെ തെളിഞ്ഞ വെള്ളം. പുൽനാമ്പുകൾക്കുപോലും പുതുമ നിറഞ്ഞ ചന്തം. ഓരോ ചെടിക്കും ഉന്മേഷത്തിന്റെ ചൊടിപ്പും തുടിപ്പും. പക്ഷികളും പലതരം ജീവികളും തടസ്സമില്ലാതെ പായുന്നു. ശബരിമലയിൽ കാടിന്റെ ഭംഗിക്ക് പൂന്തോട്ടത്തിന്റെ ഭാവമാണെന്നു പറയുന്നതിനു കാരണം ഇതൊക്കെയാണ്. 

ഒരു ‘പ്രാപ്പിടിയൻ’ അരണയെ കൊത്തിവലിക്കുന്ന കാഴ്ചയാണ് നടവഴിയിൽ ആദ്യം കിട്ടിയ കാഴ്ച. ആ ദൃശ്യം പകർത്താൻ കുറേ തവണ ഫ്ളാഷുകൾ മിന്നിച്ചു. ക്യാമറയുടെ സ്ക്രീനിൽ നോക്കിയപ്പോഴാണ് തൊട്ടടുത്തുള്ള മരത്തിലെ കായ്കൾ ശ്രദ്ധിച്ചത്. മരക്കൊമ്പുകളിൽ നിറഞ്ഞു നിൽക്കുന്നതു രുദ്രാക്ഷമാണ്. പിന്നീടുള്ള വഴി നീളെ രുദ്രാക്ഷ മരങ്ങളുടെ നിരയായിരുന്നു. ജൈവവൈവിധ്യംകൊണ്ടും സമ്പന്നമാണ് പെരിയാർ വനമേഖല. ശരണം വിളിച്ചു സ്തുതിക്കാൻ യോഗ്യതയുള്ള ഈ പ്രകൃതിയുടെ ചൈതന്യം ദൈവികംതന്നെ. 

മനസ്സും ശരീരവും കുളിരുന്ന കാഴ്ചകളിലൂടെ ക്യാമറക്കണ്ണുകൾ പായിച്ചു നടക്കുന്നതിനിടെ ഒരു കറുത്ത തുണിക്കഷണം ലെൻസിൽ പ്രത്യക്ഷപ്പെട്ടു. തുളസി മാലകളും അയ്യപ്പന്റെ രൂപമുള്ള ലോക്കറ്റും തുരുമ്പിച്ച നിലയിൽ വെള്ളത്തിൽക്കിടക്കുന്നു. പുല്ലുമേട് ദുരന്തത്തിന്റെ ബാക്കി. മകരജ്യോതി കാണാനായി റിസർവ് വനത്തിനുള്ളിൽ കയറരുതെന്നു നിർദേശിക്കാറുണ്ട്. അതു പാലിച്ചിരുന്നെങ്കിൽ നൂറ്റമ്പതാളുകൾക്കു ജീവൻ നഷ്ടപ്പെടില്ലായിരുന്നു... വ്യൂഫൈൻഡറിലെ കാഴ്ചകളെ അവ്യക്തമാക്കി കണ്ണുകൾ ഈറനണിഞ്ഞു. അവിടെ ഏറെ നേരം നിൽക്കാൻ മനസ്സനുവദിച്ചില്ല.

1)-Peedam---Ponnambalamedu പൊന്നമ്പല മേട്ടിലെ പീഠത്തിൽ നിന്നുള്ള ദൃശ്യം. പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രം.

സ്വന്തം പാറുക്കുട്ടി

മഴ പെയ്തു തോർന്ന സായാഹ്നത്തിലാണ് ഞങ്ങൾ ഉപ്പുപാറയിലെത്തിയത്. ഫോറസ്റ്റ് ക്യാംപിലായിരുന്നു രാത്രി വിശ്രമം. ആഴമുള്ള കിടങ്ങുകൾക്കു നടുവിൽ കെട്ടിയ ഓലമേഞ്ഞ ഷെഡ്ഡാണ് ക്യാംപ്. ഉപ്പുപാറ മലയുടെ താഴ് വര നിറയെ വലിയ മരങ്ങളാണ്. കണ്ണുകൾക്കു പുതുമ പകരുന്ന പലതരം ഓർക്കിഡ് പുഷ്പങ്ങളും അവിടെയുണ്ട്. കൂട്ടമായി വിടർന്നു നിൽക്കുന്ന പൂക്കൾ ദൂരെ നിന്നു കണ്ടാൽ മേഘങ്ങളാണെന്നേ തോന്നൂ. നിരയായ പുൽപ്പടർപ്പുകളും അതിനിടയിലെ അരുവിയുമാണ് ഉപ്പുപാറയുടെ മനോഹാരിത. ആ പാറയുടെ നെറുകയിൽ നിന്നാൽ ശബരിമല ക്ഷേത്രം തെളിഞ്ഞു കാണാം. 

മരംകോച്ചുന്ന തണുപ്പിൽ സൂര്യോദയം കാണാൻ മുറ്റത്തിറങ്ങി. കിടങ്ങിനപ്പുറത്തു നിറയെ കറുത്ത പാറക്കെട്ടുകൾ. ഇരുട്ടുന്നതുവരെ അവിടെ യാതൊന്നും ഉണ്ടായിരുന്നില്ല.  അൽപ്പം ഭയത്തോടെ ടോർച്ച് തെളിച്ചു. വെളിച്ചം കണ്ടപ്പോൾ പാറകൾ അനങ്ങി. അവ ഓരോന്നായി എഴുന്നേറ്റു നടന്നപ്പോഴാണ് അതു പാറയല്ല, ആനകളാണെന്നു മനസിലായത്. ആ കൂട്ടത്തിലുണ്ടായിരുന്ന വാർധക്യം ബാധിച്ച ആനയെ പിന്നീടൊരു അവസരത്തിൽ ക്യാമറയ്ക്കു മുന്നിൽ കിട്ടി. വലിയ ശരീരമുള്ള പിടിയാന. അതു ‘പാറുക്കുട്ടി’യാണെന്ന് ഫോറസ്റ്റ് ഗാർഡുകൾ പറഞ്ഞു. മലയുടെ മുകളിൽ വെള്ളം കിട്ടാതാകുമ്പോൾ പാറുക്കുട്ടി പമ്പയാറ്റിലിറങ്ങും. മുന്നിൽ കാണുന്നതെല്ലാം കുത്തിമറിക്കും. വനംവകുപ്പ് ഉദ്യേഗസ്ഥരാണ് അവൾക്കു പാറുക്കുട്ടിയെന്നു പേരിട്ടത്. ഇവിടെയുള്ള എല്ലാ ഫോറസ്റ്റ് ഗാർഡുകൾക്കും പാറുക്കുട്ടിയെ കണ്ടാലറിയാം; പാറുക്കുട്ടിക്ക് വാച്ച് ഗാർഡ്മാരെയും. മിക്കപ്പോഴും ‘അവൾ’ അന്തിയുറങ്ങുന്നതു ക്യാംപ് ഷെഡ്ഡിന്റെ പരിസരത്താണ്. കാട്ടിൽ അന്തിയുറങ്ങാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം ഫോറസ്റ്റ് ക്യാംപാണെന്ന് പാറുക്കുട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. 

ശബരിമലയിൽ അഗ്നിപർവതം

സൂര്യനുദിച്ചശേഷം ക്യാമറയുമായി ഉപ്പുപാറ മുഴുവൻ ചുറ്റിക്കറങ്ങി. മലഞ്ചെരിവിലേക്കു ട്രൈപോഡ് തിരിച്ചു വച്ച് മതിവരും വരെ ക്ലിക്ക് ചെയ്തു. ഉപ്പുപാറയുടെ മുകളിൽ നിന്ന് ഒരു കിലോമീറ്ററോളം മാറി കിഴക്കേ ചെരിവിലേക്ക് നടന്നപ്പോൾ മണ്ണിടിഞ്ഞതുപോലെ ഒരു സ്ഥലം കണ്ടു. ഒരു കുഴിയുടെ നടുവിൽ നിന്നു മണ്ണ് നുരഞ്ഞൊഴുകി തടം രൂപപ്പെട്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരയിൽ പണ്ട് അഗ്നിപർവത സ്ഫോടനമുണ്ടായിട്ടുണ്ട് എന്ന വാദത്തിന് ഇതാ തെളിവ്. 

ഓരോ ദിവസങ്ങളിലും ആ പ്രദേശത്തുണ്ടാകുന്ന മാറ്റങ്ങൾ ക്യാമറയിൽ പകർത്തി.  പ്രശസ്ത ഓർമത്തോളജിസ്റ്റ് പി.കെ. ഉത്തമനെ ആ ചിത്രങ്ങൾ കാണിച്ചു. അഗ്നിപർവതം തിളച്ചുമറിഞ്ഞതിന്റെ ലക്ഷണങ്ങളാണ് അതെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തി. ഉപ്പുപാറയ്ക്കരികിൽ മണ്ണിനടിയിൽ നിന്നു തീ ഉരുകിയൊലിച്ചതിനെക്കുറിച്ച് വലിയ പഠനം നടത്തേണ്ടതുണ്ട്. 

2)-Ponnambalamedu---sunrise പൊന്നമ്പലമേട്ടിലെ സൂര്യോദയം.

ഉപ്പുപാറ ക്യാംപിൽ നിന്നു നോക്കിയാൽ വടക്കു ഭാഗത്ത് ആകാശത്തേയ്ക്ക് ഏന്തിനിൽക്കുന്ന രണ്ടു മലകൾ കാണാം. ‘ഉണ്ടമേട്’ എന്നാണ് ആ സ്ഥലത്തിന്റെ പേര്. പമ്പാരാജകുമാരൻ അയ്യപ്പൻ നായാട്ടിനിറങ്ങിയിരുന്ന കുറ്റിക്കാടാണ് ഉണ്ടമേടെന്ന് ഐതിഹ്യം. അയ്യപ്പന്റെ പൂങ്കാവനം കടന്നുവേണം ഉണ്ടമേട്ടിലെത്താൻ. 

നാലാളുകൾ വട്ടംപിടിച്ചാൽ എത്താത്തത്രയും വലിയ മരങ്ങളുള്ള കൊടും കാടാണു പൂങ്കാവനം. ചില മരങ്ങളുടെ വലുപ്പം കണ്ട് അന്തംവിട്ടു നിന്നു. സ്പ്ലിറ്റ് എസി 19 ഡിഗ്രിയിൽ സെറ്റ് ചെയ്തത്രയും തണുപ്പാണ് പൂങ്കാവനത്തിൽ. തണുത്ത കാടുകളിൽ മാത്രം ജീവിക്കുന്ന സിംഹവാലൻ കുരങ്ങുകളുടെ ആവാസ കേന്ദ്രംകൂടിയാണു പൂങ്കാവനം. മുള്ളൻചക്കയുണ്ടാകുന്ന മരങ്ങളും നിരവധി. പുല്ലിനെക്കാൾ കൂടുതൽ അട്ടകളുള്ള ചതുപ്പാണ് നിലം. പൂങ്കാവനത്തിലെ കാറ്റ് ശ്വാസകോശങ്ങളെ തഴുകുമ്പോൾ തണുത്ത വെള്ളം കുടിക്കുന്ന സുഖം. അപൂർവമായി കണ്ടുകിട്ടുന്ന രണ്ടു മലമുഴക്കി വേഴാമ്പലുകൾ ഒരു ക്ലിക്കിനുപോലും നേരംതരാതെ ചിറകടിച്ചു പറന്നു. 

പൂങ്കാവനം കടന്ന് ക്യാമറയുമായി ഞങ്ങൾ ഉണ്ടമേട്ടിലേക്കു കയറി. രാവിലെ തുടങ്ങിയ നടത്തത്തിനൊടുവിൽ വൈകിട്ട് അഞ്ചു മണിയോടെ മലയുടെ നെറുകയിലെത്തി. നാല് ഓലകൾ ചേർത്തു കെട്ടിയ ചെറിയ തട്ടാണ് ഉണ്ടമേട്ടിലെ ഫോറസ്റ്റ് ക്യാംപ്. 

ഉണ്ടമേടിനു മുകളിൽ കുടിവെള്ളമെടുക്കാൻ ആകെയുള്ളതൊരു നീർക്കുഴി. അതിലാകട്ടെ തലേന്നു രാത്രി മല കയറിയ ആന മൂത്രമൊഴിച്ച് നിറച്ചുവച്ചിരുന്നു. കുഴിയിലെ വെള്ളം മുഴുവൻ കോരിക്കളഞ്ഞ് വീണ്ടും നിറയുന്നതുവരെ കാത്തിരുന്നാണ് അന്നു രാത്രി ഭക്ഷണമുണ്ടാക്കിയത്. 

നിറക്കൂട്ടണിയുന്ന പൊന്നമ്പലമേട് 

3)-Ponnambalamedu--forest ശബരിമല ഉൾപ്പെടുന്ന പെരിയാർ വന്യജീവി സങ്കേതം.

മകരവിളക്കു തെളിയുന്ന പൊന്നമ്പലമേട്ടിലേക്കു ക്യാമറയുമായി പോകുമ്പോൾ രണ്ടു ഫോറസ്റ്റ് ഗാർഡുകൾ കൂടെയുണ്ടായിരുന്നു. ശബരിമലയുടെ എട്ടു ദിക്കുകൾ കാക്കുന്ന ‘അഷ്ടദിക് പാലരി’രിൽ കിഴക്കേ മലയാണ് പൊന്നമ്പലമേട്. അയ്യപ്പന്റെ വാഹനമായ പുലികളുടെ വാസസ്ഥലങ്ങളാണ് പൊന്നമ്പലമേടും കാടുകളും. ഭക്തരുടെ വിശ്വാസങ്ങളിൽ ദീപം തെളിയുന്ന മലയിലേക്ക് ഞങ്ങൾ രാവിലെ യാത്ര തിരിച്ചു. 

ചെരിഞ്ഞും വളഞ്ഞും തൂങ്ങിയുമുള്ള ഭൂപ്രകൃതി അത്ഭുതകരം. അവിടെ ഓരോ കുന്നുകൾക്കും വെവ്വേറെ നിറങ്ങളാണ്. മഴ പെയ്യുന്നതിനൊപ്പവും വെയിൽ ചായുന്നതിന്റെ കൂടെയും നിറം മാറുന്ന പ്രകൃതി സായാഹ്നത്തിലും പുലർകാലത്തും പല ഭാവങ്ങളണിയുന്നു. അവിടെ രാവും പകലും കാവലിരുന്നു പകർത്തിയ ചിത്രങ്ങളിലേറെയും ലാൻഡ് സ്കേപ്പിന്റെ വ്യത്യാസങ്ങൾ പ്രതിഫലിക്കുന്നവയാണ്. 

കരിമ്പനയെക്കാൾ ഉയരമുള്ളതും ഈന്തപ്പനയുടെ രൂപമുള്ളതുമായ പനകളുണ്ട് പൊന്നമ്പലമേട്ടിൽ. ഒറ്റത്തടിയായി ഉയർന്നു പൊങ്ങിയ മരങ്ങൾ വന്യതയ്ക്കു തീവ്രത കൂട്ടുന്നു. പൊന്നമ്പലമേടിന്റെ സൗന്ദര്യം വിശ്വാസികളുടെ മനസ്സെന്നപോലെ നിഷ്കളങ്കമാണ്, വിശുദ്ധമാണ്...

– മൂന്നാണ്ടുകളിൽ തിരിച്ചറി‍ഞ്ഞ കാര്യങ്ങൾ ജയൻ പറഞ്ഞൊതുക്കി. ഈ ഫോട്ടോഗ്രഫറും കാടുമായി ഇപ്പോൾ ആയിരക്കണക്കിനു ചിത്രങ്ങളുടെ ബന്ധമുണ്ട്. ഒന്നിൽ നിന്നു മറ്റൊന്നിലേക്കായി നീണ്ടു കിടക്കുന്ന ചിത്ര പരമ്പരകളുടെ ആ സൗഹൃദം കുടുംബബന്ധംപോലെ ദൃഢമാണ്. അതിനുംമീതെ ചില കാടിനോടു ചില കടപ്പാടുകൾ ജയൻ സ്വയം ഏറ്റെടുത്തിരിക്കുന്നു.  

‘‘തൊട്ടുതീണ്ടാതെ കാത്തുസൂക്ഷിച്ചില്ലെങ്കിൽ പശ്ചിമഘട്ടത്തിന്റെ ദീപമായി തിളങ്ങുന്ന മലനിര വരണ്ടുണങ്ങും. ആ സത്യം ലോകത്തെ ബോധ്യപ്പെടുത്താൻ ജീവിതത്തിലെ മൂന്നു വർഷങ്ങൾ ഞാൻ നീക്കിവച്ചു. ഹൃദയപൂർവം തിരിച്ചറിയുക, കാടില്ലെങ്കിൽ നമ്മളില്ല... നാളെയൊരു തലമുറയ്ക്കു ജീവിതമില്ല...’’

ഒരു നൂറ്റാണ്ടിലേറെക്കാലമായി പലരും കാടിനു വേണ്ടി പറഞ്ഞു പ്രചരിപ്പിക്കുന്ന സത്യം എല്ലാവർക്കുമായി ജയൻ വീതം വയ്ക്കുന്നു.

5)-N.P.-Jayan എൻ.പി. ജയൻ (പൊന്നമ്പലമേട്ടിലെ പീഠനത്തിനരികെ)
Tags:
  • Manorama Traveller
  • Kerala Travel
  • Wild Destination