Tuesday 02 February 2021 04:19 PM IST

ലോകത്തെ ഏറ്റവും മികച്ച ട്രാവൽ ഫോട്ടോകളിൽ കേരളത്തിൽ നിന്നുള്ള ചിത്രം: 147 രാജ്യങ്ങൾ, 25000 എൻട്രികൾ

Baiju Govind

Sub Editor Manorama Traveller

taken-in-Bengaluru

നൂറ്റി നാൽപത്തേഴു രാജ്യങ്ങളിൽ നിന്നായി ഇരുപത്തയ്യായിരം ചിത്രങ്ങളാണ് ‘ട്രാവൽ ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ 2020’ പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ടത്. അവാർഡ് നിർണയ സമിതി രാപകൽ വ്യത്യാസമില്ലാതെ ഫോട്ടോകൾ വിശകലനം ചെയ്തു. ദൃശ്യഭംഗിയിൽ മത്സരിക്കുന്ന ഫോട്ടോകളിൽ മികച്ചതു കണ്ടെത്താൻ അവാർഡ് നിർണയ കമ്മിറ്റിക്ക് ഒരു മാസം വേണ്ടി വന്നു. പെയിന്റിങ് എന്നു സംശയം തോന്നും വിധം പ്രകൃതിയെ ലെൻസിൽ പതിച്ച ഫൊട്ടോഗ്രഫർക്ക് ഒന്നാം സമ്മാനം പ്രഖ്യാപിച്ചു.

boy-in-Kerala

ട്രാവൽ ഫൊട്ടോഗ്രഫിയുടെ നാൾവഴിയിൽ അദ്ഭുതം സൃഷ്ടിച്ച ചിത്രങ്ങൾ പകർത്തിയതു വ്ളാദിമിർ അലക്സീവ്. സഞ്ചാരപ്രിയനായ വ്ളാദിമിറിന്റെ സ്വദേശം റഷ്യ. ‘ട്രാവൽ ഫോളിയോ’ വിഭാഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയ ചിത്രം കേരളത്തിൽ നിന്നു പകർത്തിയതാണ്. കളരി അഭ്യസിക്കുന്ന ആൺകുട്ടിയുടെ ക്ലോസപ് ഫോട്ടോ. മെയ്യഭ്യാസത്തിൽ മുഴുകി വിയർപ്പിൽ മുങ്ങിയ കുട്ടിയുടെ മുഖം ബ്ലാക് ആൻഡ് വൈറ്റ് ഷാഡോയിലാണ് പകർത്തിയിട്ടുള്ളത്. ഫൊട്ടോഗ്രഫർ – ജോർഡി കോഹൻ, സ്പെയിൻ സ്വദേശി.

Everyone-loves-a-cuddle

ആദ്യമായാണ് റഷ്യക്കാരനായ ഒരാൾ ലോകത്തെ ഏറ്റവും മികച്ച ട്രാവൽ ഫോട്ടോഗ്രഫറായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രകൃതിയിലെ ക്ഷണിക ദൃശ്യങ്ങളിലൂടെയാണ് അദ്ദേഹം പുരസ്കാരം സ്വന്തമാക്കിയത്. എല്ലാ സഞ്ചാരികളും ആസ്വദിച്ചു കടന്നു പോയ ദൃശ്യങ്ങളാണ് അവ. ആംഗിൾ, ആംബിയൻസ്, ലൈറ്റിങ്, പശ്ചാത്തലം എന്നിവയിലൂടെ അദ്ദേഹം അവയെ അലക്സീവ് വേറിട്ട ദൃശ്യങ്ങളാക്കി. അദ്ദേഹത്തിന്റെ ചിത്രങ്ങളോടു മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയതു പോർച്ചുഗൽ സ്വദേശി ജോർജ് ബെസ്‌ലർ. കർഷകനും വളർത്തു മൃഗങ്ങളുമാണു ജോർജിന്റെ ഫോട്ടോയ്ക്കു പശ്ചാത്തലം. ‘ബെസ്റ്റ് സിംഗിൾ ഇമേജ് ’ സമ്മാനം നേടിയതു യുകെ സ്വദേശി പോൾ സാൻ. വിയറ്റ്നാമിലെ ഹനോയ് നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ വീണു കിട്ടിയ അപൂർവ നിമിഷമാണ് പോളിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

Vladimir-Alekseev

ബെംഗളൂരുവിലെ പൂമാർക്കറ്റിന്റെ തിരക്കിനെ അതിമനോഹരമായി ലെൻസിലാക്കിയ യുകെ സ്വദേശി പീറ്റർ വാംസ്‌ലിക്കാണു ‘വൺ ഷോട് കളേഴ്സ്’ അവാർഡ് ലഭിച്ചത്. ബെംഗളൂരുവിലെ പൂമാർക്കറ്റ് കാണാതെ ഫൊട്ടോഗ്രഫറുടെ സമ്പാദ്യം പൂർണമാകില്ലെന്ന് പീറ്റർ പറയുന്നു. ‘യങ് ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ’ പുരസ്കാരം നേടിയ ഫൊട്ടോഗ്രഫർക്കു പ്രായം 12 വയസ്സ്. പന്ത്രണ്ടുകാരൻ ഇൻഡിഗോ ലാമറുടെ സ്വദേശം അയർലൻഡ്. പാക്കിസ്ഥാനിലെ ലഹോറിലുള്ള മസ്ജിദ് വാസിൽ ഖാൻ മോസ്കിന്റെ ചിത്രമാണ് ലാമറെ പുരസ്കാരത്തിന് അർഹനാക്കിയത്.

taken-by-a-12-year-old---Indigo-Larmour

ലോകത്തുള്ള എല്ലാ ഫൊട്ടോഗ്രഫർമാരെയും പ്രോത്സാഹിപ്പിക്കാനായി ഒരു സംഘം ഫൊട്ടോഗ്രഫർമാരാണ് ട്രാവൽ ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ പുരസ്കാരം സമ്മാനിക്കുന്നത്. ലോകപ്രശസ്തരായ ഫൊട്ടോഗ്രഫർമാരാണ് വിധി കർത്താക്കൾ. ഫൊട്ടോഗ്രഫിയിലെ തുടക്കക്കാർക്കും പ്രഫഷനലുകൾക്കും മത്സരത്തിന് എൻട്രി സമർപ്പിക്കാം. 2016–2017 പുരസ്കാരം നേടിയ ഫോട്ടോകളുടെ എക്സിബിഷൻ കാണാൻ രണ്ടരലക്ഷം പേർ എത്തി. 2018–2019 എക്സിബിഷൻ ഹാളിൽ സന്ദർശകർ മുപ്പതു ലക്ഷം. ഇക്കുറി പുരസ്കാരം നേടിയ ചിത്രങ്ങൾ 2021 മേയിൽ യുകെയിലെ ലണ്ടൻ, ചെസ്റ്റർ എന്നിവിടങ്ങളിൽ നടത്തുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾ www.tpoty.com

The-Best-Single-Image-in-a-Travel-Portfolio-winner
Tags:
  • Manorama Traveller