കോവിഡ് വ്യാപനം വിനോദ യാത്രകൾക്കു പൂർണമായും വിലക്കിടുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള യാത്രയും കർശന നിരീക്ഷണത്തിലായി. അത്യാവശ്യ യാത്രയ്ക്കു പോലും അനുമതി പത്രം, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം. തമിഴ്നാട്ടിൽ ഊട്ടി ഉൾപ്പെടുന്ന നീലഗിരി മേഖലയിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. മുതുമല ടൈഗർ റിസർവ് സന്ദർശകർക്കു പ്രവേശനം നിരോധിച്ചു. തമിഴ്നാട്ടിൽ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളും പുരാതന ക്ഷേത്രങ്ങളും വാതിലുകൾ അടച്ചു. ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസുകൾ തടസ്സപ്പെടാത്തതിനാൽ, ബസ്, ട്രെയിൻ, വിമാന യാത്രക്കാരുമായി പോകുന്ന സ്വകാര്യ, ടാക്സി വാഹനങ്ങൾ തടയില്ല. യാത്രക്കാർ വ്യക്തമായ രേഖകൾ കാണിക്കണം.
ഡൽഹി, മേഘാലയ, ഹിമാചൽ പ്രദേശ്, കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചു. ഹോട്ടലുകളിൽ ബുക്കിങ് നൽകരുതെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ 2020ലേതു പോലെ റസ്റ്ററന്റുകളും ഹോട്ടലുകളും കാലിയായി.