വിമാനയാത്രയ്ക്കിടെ കാറ്റു കൊള്ളാൻ എമർജൻസി വിൻഡോ തുറന്ന് മക്കളോടൊപ്പം പുറത്തിറങ്ങിയ യുവതിക്ക് യാത്രാവിലക്ക്. ഉക്രെയിന്റെ ബോയിങ് 737 വിമാനത്തിലെ യാത്രികയാണ് സാഹസത്തിനു മുതിർന്നത്. വിമാനത്തിനുള്ളിൽ ചൂട് സഹിക്കുന്നില്ലെന്ന് യുവതി പരാതിപ്പെടുകയായിരുന്നു. കുറച്ചു നേരം കാത്തിരിക്കാൻ എയർഹോസ്റ്റസുമാർ നിർദേശിച്ചെങ്കിലും രോഷാകുലയായ സ്ത്രീ എമർജൻസി വിൻഡോ തുറന്ന് പുറത്തേക്കു ചാടി. സുരക്ഷാ ഉദ്യോഗസ്ഥർ ‘ലാസ്റ്റ് വാണിങ്’ നൽകിയ ശേഷമേ യുവതി വിമാനത്തിൽ കയറാൻ കൂട്ടാക്കിയുള്ളൂ.
ഉക്രെയിനിലെ കീവിലുള്ള ബോറിസ്പിൽ എയർപോർട്ടിലാണ് സംഭവം. ലാൻഡിങ്ങിനു ശേഷം റൺവേയിൽ നിന്നു ബോർഡിങ് ലൈനിലേക്കു പ്രവേശിച്ച വിമാനം യാത്രക്കാരെ ഇറക്കാനായി നിർത്തിയിട്ടു. ആളുകൾ ഇറങ്ങാൻ തയാറെടുപ്പോടെ സീറ്റുകളിൽ കാത്തിരുന്നു. ഈ സമയത്താണ് വീട്ടമ്മ ചൂട് സഹിക്കാൻ പറ്റുന്നില്ലെന്ന് പരാതിയുമായി ക്യാബിൻ ക്രൂവിനെ സമീപ്പിച്ചത്. അൽപനേരംകൂടി കാത്തിരിക്കൂ. ഉടൻ പുറത്തിറങ്ങാമെന്ന് എയർഹോസ്റ്റസ് അവരെ സമാധാനിപ്പിച്ചു. സ്വന്തം സീറ്റിലേക്കു മടങ്ങിയ യുവതി വീണ്ടും എഴുന്നേറ്റു വന്ന് എമർജൻസി എക്സിറ്റ് തള്ളിത്തുറന്ന് പുറത്തേക്കു ചാടി. തൊട്ടു പിന്നാലെ മക്കളെ രണ്ടാളെയും തൂക്കിയെടുത്ത് പുറത്തിറക്കി. മൂന്നാളും വിമാനത്തിന്റെ ചിറകിൽ ഇരിപ്പുറപ്പിച്ചു. കൈവിരലുകളിൽ വിജയ ചിഹ്നം കാണിച്ചു. ‘ഇതാണ് ഞങ്ങളുടെ അമ്മ’ എന്നു കുട്ടികൾ ഉറക്കെ പറഞ്ഞു. തിരിച്ചു കയറാൻ എയർഹോസ്റ്റസുമാർ ആവശ്യപ്പെട്ടപ്പോൾ ‘ഇവിടെ നല്ല കാറ്റു കിട്ടുന്നുണ്ട് ’ എന്നായിരുന്നു വീട്ടമ്മയുടെ മറുപടി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവാതെ പൈലറ്റ് ഉടൻ തന്നെ ആംബുലൻസ്, പൊലീസ്, സെക്യൂരിറ്റി വിഭാഗങ്ങളോട് സഹായം അഭ്യർഥിച്ചു. നിമിഷങ്ങൾക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനം വളഞ്ഞ് യുവതിയോട് അകത്തു പോകാൻ ആവശ്യപ്പെട്ടു. പൊലീസുകാർ ലാസ്റ്റ് വാണിങ് നൽകിയപ്പോൾ യാതൊന്നും സംഭവിക്കാത്തതു പോലെ യുവതി മക്കളേയും കൂട്ടി വിമാനത്തിനുള്ളിൽ കയറി. ഏകദേശം മൂന്നു മിനിറ്റു ദൈർഘ്യമുള്ള ‘ദൗത്യം’ സുരക്ഷാ ഉദ്യോഗസ്ഥർ മൊബൈൽ ക്യാമറയിൽ പകർത്തി.
മറ്റു യാത്രക്കാരെ ഇറക്കിയ ശേഷം യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ എയർപോർട്ട് അതോറിറ്റിക്കു കൈമാറി. കാറ്റു കൊള്ളാനാണ് പുറത്തിറങ്ങിയതെന്നു യുവതി ആവർത്തിച്ചു. ഇനി കുറേക്കാലം വിമാനത്തിലെ ചൂടേറ്റു കഷ്ടപ്പെടേണ്ടെന്ന് ഉക്രെയിൻ ഇന്റർനാഷനൽ എയർലൈൻസ് വീട്ടമ്മയെ അറിയിച്ചു. യാത്രാ നിരോധനം ഏർപ്പെടുത്തിയ കടലാസ് പതിച്ച ശേഷം പാസ്പോർട്ട് കയ്യിൽ കൊടുത്തു.
സുരക്ഷാ പരിശോധനയിൽ യുവതിയുടെ പക്കൽ ആയുധങ്ങളില്ലെന്നു വ്യക്തമായി. അതോടെ പൊലീസിനു സംശയം വർധിച്ചു. യുവതിയെ വീണ്ടും ചോദ്യം ചെയ്തു. ‘അതിനുള്ളിൽ’ സഹിക്കാൻ പറ്റാത്ത ചൂടാണെന്ന് യുവതി ആവർത്തിച്ചു. ഉടൻ തന്നെ ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി യുവതി മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തി. മദ്യപിച്ചിട്ടില്ലെന്നു വ്യക്തമായി. യുവതി നിരപരാധിയാണെന്നു വ്യക്തമായപ്പോൾ എന്താണു സംഭവിച്ചതെന്ന് പൊലീസുകാർ സ്നേഹത്തിന്റെ ഭാഷയിൽ ആരാഞ്ഞു.
‘‘നിങ്ങൾക്കു പറഞ്ഞാൽ മനസ്സിലാകില്ലേ. അതിനുള്ളിൽ സഹിക്കാൻ പറ്റാത്ത ചൂടാണ്. അൽപം കാറ്റുകൊള്ളാനാണ് മക്കളേയും കൂട്ടി പുറത്തിറങ്ങിയത്.’’ യുവതി കനത്ത ശബ്ദത്തിൽ മറുപടി നൽകി.
കൂടുതലൊന്നും ചോദിക്കാതെ യുവതിക്ക് മക്കളോടൊപ്പം വീട്ടിലേക്കു പോകാൻ പൊലീസുകാർ അനുമതി നൽകി. അത്രയും നേരം ഇതെല്ലാം കണ്ടുകൊണ്ട് കൂടെയുണ്ടായിരുന്ന ഭർത്താവ് പൊലീസുകാരെ നോക്കി നിസ്സഹായതയോടെ പുഞ്ചിരിച്ചു. ഭാര്യയെ ശിക്ഷിക്കാതെ വിട്ടു നൽകിയതിന് അയാൾ നന്ദി പറഞ്ഞു.