ADVERTISEMENT

അഴകും അളവും ക്രമീകരിക്കാം

സ്തനപരിചരണം ശ്രദ്ധയോടെ ചെയ്യണം. ഇല്ലെങ്കിൽ നിരവധി ആരോഗ്യ സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാകാം. ലോകത്ത് എത്ര മനുഷ്യരുണ്ടോ അത്രയും മുഖങ്ങളുണ്ടെന്ന് പറയാറുണ്ടല്ലോ. സ്ത്രീ പുരുഷ സ്തനങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്. സർവ ലക്ഷണവും തികഞ്ഞ നെഞ്ചോ സ്തനമോ ഒരു മാതൃകയായി പറയാൻ കഴിയില്ല. മുഖത്തിന്റെ കാര്യത്തിലെന്നപോലെ തന്നെ, ഒരു സ്ത്രീയിൽ തന്നെ കൗമാരം, യൗവനം, ഗർഭം, മാസമുറ, ആർത്തവ വിരാമം എന്നീ ഘട്ടങ്ങളിൽ സ്തനങ്ങളുടെ ആകൃതിയും ദൃഢതയും മാറിക്കൊണ്ടിരിക്കുന്നു.

സ്തനങ്ങളുടെ അടിസ്ഥാന ധർമമായ പാലുൽപാദനത്തിന് ചെറിയ സ്തനമായാലും വലുതായാലും കുറവു വരുന്നില്ല. എന്നാൽ സൗന്ദര്യത്തിന്റെ കാര്യം വരുമ്പോൾ ആകൃതിയും വലിപ്പവും ഒരു ഘടകമാകുന്നു. ഒരാളിൽ തന്നെ സ്തനങ്ങൾ തമ്മിൽ വ്യത്യാസം വരുന്നതിൽ ആശങ്കപ്പെടേണ്ട. കാൻസർ തുടങ്ങിയ രോഗങ്ങളാണെന്ന് സംശയിക്കുകയും വേണ്ട. ഈ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന് മാത്രമല്ല ഒരു കപ്പ് സൈസ് വരെയുള്ള വ്യത്യാസങ്ങൾ രോഗലക്ഷണമായി ചികിത്സകർ കണക്കാക്കാറുമില്ല. 

സൗന്ദര്യ ശസ്ത്രക്രിയകൾ

അധികമായാൽ അമൃതും വിഷം എന്ന ചൊല്ല് ഏറെ ഇണങ്ങുന്നത് സ്തനങ്ങളുടെ കാര്യത്തിലാണെന്നു കരുതാം. അസാധാരണ വലിപ്പമുള്ള സ്തനങ്ങൾ മിക്ക സ്ത്രീകൾക്കും അപകർഷതാ ബോധം വരുത്തുന്നതുപോലെ തന്നെയാണു ശുഷ്കിച്ച സ്തനങ്ങളുള്ളവരുടെ കാര്യവും. പരന്ന സ്തനം, ചെറിയ സ്തനം എന്നിവ യുവതികളിൽ വിവിധങ്ങളായ മാനസിക പ്രശ്നങ്ങളാണ് ഉളവാക്കുന്നത്. സലൈൻ ഇംപ്ലാന്റ്, സിലിക്കൺ ജെൽ നിറച്ച ബാഗുകൾ സ്തനങ്ങൾക്കുള്ളിൽ വച്ചു പിടിപ്പിക്കുക തുടങ്ങിയ ശസ്ത്രക്രിയാമാർഗങ്ങൾ വലിപ്പം വർദ്ധിപ്പിക്കാനായി നടത്താറുണ്ട്. മിക്കവരിലും ക്രിത്രിമ പദാർഥങ്ങൾ സ്വീകരിക്കാൻ ശരീരം മടിക്കുന്നതുകൊണ്ടു സ്തനത്തിൽ കുത്തിനിറച്ചവ മുഴുവനും ദിവസങ്ങൾക്കുള്ളിലോ മാസങ്ങൾക്കകമോ, വീണ്ടും കീറിമുറിച്ചു  മാറ്റിക്കളയേണ്ടതായി വരുന്നു.

യോജിച്ച ബ്രാ വാങ്ങാൻ 

ഒരു കുട്ടിയെ പ്രസവിച്ചു മുലയൂട്ടിക്കഴിഞ്ഞു സ്തനങ്ങളുടെ വലിപ്പം കുറഞ്ഞുപോയന്ന മിഥ്യാധാരണയോടെ ചികിത്സ തേടിയെത്തുന്ന സ്ത്രീകളും ധാരാളമുണ്ട്. മുലയൂട്ടുന്നതുകൊണ്ടു സ്തനങ്ങൾക്ക് അപാകതകളൊന്നും സംഭവിക്കില്ല. ഇത്തരക്കാർ ധരിക്കുന്ന ബ്രാ മൂലമാണു പ്രശ്നങ്ങൾ. ഗർഭകാലത്തും മുലയൂട്ടുന്ന കാലത്തും വിവിധങ്ങളായ അളവിൽ ബ്രാ മാറിമാറി ഉപയോഗിക്കണം. പിന്നീട് സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങാതിരിക്കാൻ ഗർഭകാലത്തു ബ്രാ സൈസും കപ്പ് സൈസും പ്രത്യേകം നോക്കി ധരിക്കണം.

വർഷങ്ങളോളം നാം ഒരേ അളവിലുള്ള ബ്രാ തന്നെയായിരിക്കും ധരിക്കുന്നത്. ഇതിനിടയിൽ ശരീരവണ്ണം കുറയുന്നതോ, കൂടുന്നതോ, ശരീരവണ്ണം കൂടിയില്ലെങ്കിലും സ്തനവലുപ്പം വർധിക്കുന്നതോ ആരും ശ്രദ്ധിക്കുന്നില്ല എന്നതാണു വാസ്തവം. അതിന്റെ ഫലമോ? ഒന്നുകിൽ വളരെ ടൈറ്റായിട്ടുള്ളതോ അതല്ലെങ്കിൽ ലൂസായിട്ടുള്ളതോ ആയ കപ്പ് സൈസ് ഉള്ള ബ്രാ ആയിരിക്കും ധരിക്കുക. വൈകുന്നേരമാകുംമുമ്പേ ബ്രായുടെ ‍ഞെരുക്കം, കഴുത്തുവേദന, പുറംവേദന തുടങ്ങിയ ചിന്തകളായി. കാരണം നാം തിരഞ്ഞെടുത്തതെല്ലാം ബ്രസ്റ്റ് സൈസ് മാത്രം നോക്കിയാണ്, കപ്പ് സൈസ്നെക്കുറിച്ചു ചിന്തിച്ചതുപോലുമുണ്ടാകില്ല. കൗമാരം, യൗവനം, വിവാഹം, ഗർഭാവസ്ഥ, മുലയൂട്ടൽ, തൊഴിൽ, കായികം, വ്യായാമം എന്നീ വിവിധ സന്ദർഭങ്ങളിൽ ബ്രായുടെയും കപ്പിന്റെയും സൈസ് വ്യത്യസ്തപ്പെട്ടിരിക്കുന്നു.

ശാസ്ത്രീയമായ രീതികൾ

സ്ത്രീയുടെ ആരോഗ്യത്തിൽ നേരിട്ടുള്ള പ്രയോജനമാണ് ശരിയായ അളവിലുള്ള ബ്രാ ധരിക്കുന്നതിലൂടെ ലഭ്യമാകുന്നത്. വലുപ്പമുള്ള സ്തനമുള്ള സ്ത്രീ ശരിയായ സപ്പോർട്ട് ഉള്ള ബ്രാ അല്ല ധരിക്കുന്നതെങ്കിൽ പുറംവേദന, കഴുത്തുവേദന എന്നിവ വർദ്ധിക്കും. പ്രായമാകുന്നതിന് ആനുപാതികമായി സ്തനം താഴേക്ക് തൂങ്ങുന്ന അവസ്ഥയുണ്ട്. ശരിയായ ബ്രാ ഉപയോഗിച്ച് ഇതു കുറയ്ക്കാം.

ബ്രായുടെ സ്ട്രാപ്പുകൾ, ബാൻഡുകൾ ഇവ ഇറുകിയതോ മുറുക്കമുള്ളതോ ആണെങ്കിൽ വാരിയെല്ലടക്കം ചെറിയ വേദന അനുഭവപ്പെടും. അവയുടെ ബ്രാ ധരിച്ചാൽ സ്തനത്തിനു സ്ഥാനാന്തരം തുടരെത്തുടരെ സംഭവിച്ചു. സ്തനവേദന ഒരു തുടർക്കഥയാകും. ബ്രാ തന്നെ ധരിച്ചില്ലെങ്കിലും വസ്ത്രത്തിൽ ഉരസി മുലഞെട്ടുകൾക്കു വേദനയുണ്ടാവും. 

ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കപ്പ് സൈസ് അളക്കപ്പെട്ട് ബ്രാ നിർമാണം ആരംഭിച്ചത് 1940-ൽ ആണ്. ബോഡീസ് എന്ന പേരിൽ ബ്രിട്ടനിൽ ഇതു തുടക്കം കുറിച്ചു. ഇപ്പോൾ സാധാരണ ബ്രാ കൂടാതെ, നവവധു ബ്രാ, ഫുൾ ഫിഗർ ബ്രാ, സെക്സീ ബ്രാ, സ്പോർ‌ട്സ് ബ്രാ, നഴ്സിങ്ങ് ബ്രാ, സ്തനാർബുദം ബാധിച്ച് ഒന്നോ രണ്ടോ സ്തനം  ശസ്ത്രക്രിയ ചെയ്തവർക്കുള്ള ബ്രാ എന്നിങ്ങനെ വിവിധതരം ബ്രാകൾ മാർക്കറ്റിലുണ്ട്. താരതമ്യേന അധികം സ്തനവലുപ്പമുള്ള ബ്രിട്ടനിൽ ഇപ്പോൾ കപ്പ് സൈസ് എൽ (L) വരെ ഉപയോഗത്തിലുണ്ട്. ഓരോ കമ്പനികൾക്കും ഒരേ അളവില്ലെന്നറിയുക. രണ്ടു കമ്പനികളുടേത് രണ്ടു സൈസ് ആയിരിക്കും. ഒരു കമ്പിയുടേത് 34 A നിങ്ങൾക്ക് പാകമാണെങ്കിൽ മറ്റൊരു കമ്പനിയുടേത് 32 D ആയിരിക്കും. 

brassiere-light

സ്തനം വലുതായി തോന്നിക്കാനാണ് പുഷ്അപ് ബ്രാ. ഒപ്പം ഫേബ്രിക്, ജെൽ, വെള്ളം ഇവ നിറച്ചിട്ടുള്ള പാ‍ഡും ഉപയോഗിക്കാം. ചിക്കൻ ഫ്ലിറ്റ്–പേരു കേട്ടാൽ കോഴിയുടെ എല്ലില്ലാത്ത മാംസത്തുണ്ട് ആണെന്നു കരുതാം. വിവാഹാവസരങ്ങളിലും മറ്റും ബ്രായ്ക്കുള്ളിൽ കപ്പിന്റെ കീഴ്ഭാഗത്തു വയ്ക്കുന്ന ഒരിനം പാഡ് ആണ് ചിക്കൻ ഫ്ലിറ്റുകൾ. സ്തനങ്ങൾക്ക് വലിപ്പം തോന്നിക്കാനാണ് ഇവ.

ശരിയായ അളവറിയാം

ഒരു ടേപ്പ് ഉപയോഗിച്ചു സ്തനത്തിനു താഴെയുള്ള ചുറ്റളവ് എടുക്കുക. ഉദാഹരണത്തിന് അളവു ലഭിച്ചത് 31 ഇഞ്ച് ആണെങ്കിൽ (30.5 ആണെങ്കിലും 31 എന്ന് അളക്കുക) ഈ അളവിനോട് അഞ്ചു കൂട്ടണം. അപ്പോൾ 31+5-36. ഇതാണ് ബ്രാ സൈസ്. ഒരു സംഖ്യയും ഇംഗ്ലീഷ് അക്ഷരവും ചേർന്നതാണ് ബ്രായുടെ അളവ് എഴുതിയിട്ടുള്ളത്. ഇതിൽ സംഖ്യ എന്നതു ബ്രാ സൈസ് ആണ്. ഇംഗ്ലീഷ് അക്ഷരം കപ്പ് സൈസ് ആണ്. വീണ്ടും ടേപ്പ് ഉപയോഗിച്ചു രണ്ടു മുലക്കണ്ണുകൾക്കു മീതെ കൂടിയുള്ള ചുറ്റളവ് എടുക്കുക. ഇതാണ് മാറിട അളവ്. മാറിടങ്ങളിൽ നിന്നും ബ്രാ സൈസ് കുറയ്ക്കുക. കപ്പ് സൈസ് ലഭിക്കും. രണ്ടു സംഖ്യകളും ആയുള്ള വ്യത്യാസം ഒരു ഇ‍ഞ്ചാണെങ്കിൽ കപ്പ് സൈസ് A. രണ്ട് ഇ‍ഞ്ചാണെങ്കിൽ കപ്പ് സൈസ് B, മൂന്ന് ഇഞ്ചാണെങ്കിൽ കപ്പ് സൈസ് C. ഇങ്ങനെ തുടർന്ന് ജി തുടങ്ങി L വരെ കപ്പ് അളവുകളിൽ ലഭ്യമാണ്. മാറിട അളവ് 40 ഇഞ്ചാണ് എങ്കിൽ കപ്പ് സൈസ് 40-36-4 ആണ്. ബ്രാ വാങ്ങേണ്ട അളവ് 36 D. സ്തനത്തിനു താഴെ നല്ല താങ്ങ് നൽകുന്ന ബ്രാ ധരിക്കുന്നതാണ് അഭികാമ്യം. സ്ട്രാപ്പ് തോളിൽ തെറ്റി നടക്കുന്നതും സ്ട്രാപ്പ് വലിഞ്ഞുരഞ്ഞ് ഇറുകിക്കിടക്കുന്നതും ഒഴിവാക്കണം. ബ്രാ ധരിച്ചശേഷം കപ്പിനുള്ളിൽ സ്തനങ്ങൾ സുഖകരമായി വയ്ക്കുന്ന രീതിയാണു നല്ലത്. 

എങ്ങനെ പരിചരിക്കാം

സ്തനചർമം പരിരക്ഷിക്കുന്നതിന് പ്രത്യേക എണ്ണകൾ ഇപ്പോൾ വിദഗ്ധർ നിർദ്ദേശിക്കാറുണ്ട്. സ്തനമസാജിനു ധാരാളം ക്രീമുകൾ മാർക്കറ്റിൽ ലഭ്യമാണെങ്കിലും ഉള്ളടക്കം വിലയിരുത്തിയേ വാങ്ങാവൂ. സ്തനമസാജ് കൊണ്ടു ധാരാളം ഗുണങ്ങൾ ലഭ്യമാണെന്ന് പഠനങ്ങൾ പറയുന്നു. ആകൃതി വലുപ്പം തുടങ്ങിയവ മെച്ചപ്പെടുമത്ര. 

ഗ്രന്ഥികൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, പാൽക്കുഴലുകൾ, പാൽ അറ തുടങ്ങിയ ഓരോ സ്തനത്തിലും ഉൾപ്പെട്ടിരിക്കുന്നു. ഇവയുടെ ഘടനയ്ക്കും കോശകലകൾക്കും മസാജ് പ്രയോജനപ്പെടും. രക്തഓട്ടം സുഖകരമാക്കി പോഷകങ്ങൾ സ്തനത്തിന്റെ വിവിധ ഭാഗങ്ങളിലെത്താൻ സഹായിക്കും. ചർമത്തന്റെ ഇലാസ്തികത നിലനിറുത്താനും സ്തനം വളർന്നു തുടങ്ങുമ്പോഴുണ്ടാകുന്ന ചുളിവ് കുറയ്ക്കാനും മസാജ് കൊണ്ടു കഴിയും. സംവേദന ക്ഷമത ഏറിയ ചർമമാണ് സ്തനഭാഗത്തുള്ളത്. ആർത്തവ സമയത്ത് സ്തനങ്ങൾ വളരെ സാവധാനം വേണം മസാജ് ചെയ്യാൻ. ചെറു മുഴകൾ വളരെ വേഗം കണ്ടെത്താനും നേരത്തെ ഡോക്ടറെ കാണുന്നതിനും സ്വയം നടത്തുന്ന മസാജ് കൊണ്ടു കഴിയും. 

മസാജിനുള്ള എണ്ണ  

ഗന്ധം ഇല്ലാത്ത എണ്ണ ഉപയോഗിക്കണം. തേങ്ങാപ്പാൽ വെന്ത് എടുത്ത ഉരുക്ക് വെളിച്ചെണ്ണ, വെർജിൻ കോക്കനട്ട് ഓയിൽ, കറ്റാർവാഴയുടെ ഉള്ളിലുള്ള പൾപ്പ് തുടങ്ങിയവ ഏറെ നല്ലതാണ്. വിറ്റാമിൻ ഇ ഓയിൽ, നറിഷിങ് കോക്കോ ബട്ടർ തുടങ്ങിയവ ഏറെ നല്ലതാണ്. വിറ്റാമിൻ ഇ ഓയിൽ, നറിഷിങ് കോക്കോ ബട്ടർ തുടങ്ങിയവ വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്നു. 

ഭക്ഷണം കരുതലോടെ

മാറിടത്തിൽ മൂന്നിൽ രണ്ടു ഭാഗവും കൊഴുപ്പാണ്. പക്ഷേ, കൊഴുപ്പു കലർന്ന ഭക്ഷണം സ്തനഭംഗി വർധിപ്പിക്കുകയില്ല. പച്ച നിറമുള്ള ഇലക്കറികൾ പ്രത്യേകിച്ചും മുരിങ്ങയില, പാലക് ചീര ഇവ ഏറെ ഗുണകരമാണ്. പെരുംജീരകം, അമുക്കിരം, ഫൈറ്റോ ഈസ്ട്രജൻ അധികമായടങ്ങിയ സോയോ ഉൽപ്പന്നങ്ങൾ (സോയാച്ചങ്സ്, സോയാ മിൽക്ക്) റാഗി (പുല്ല്) തുടങ്ങിയുള്ള തവിട് ധാരാളമുള്ള ആഹാരം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കണം.  മൈദ, റവ തുടങ്ങിയവ ഉപയോഗിച്ചുള്ള ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം. ബ്രോയിലർകോഴി കറിയായി കഴിക്കുന്നതിനു കുഴപ്പമില്ല. ട്രാൻസ്ഫാറ്റുകളും കൊഴുപ്പും മറ്റും കൂടുതലടങ്ങിയ ആഹാരം ഒഴിവാക്കുന്നതാണ് ഉത്തമം. 

വ്യായാമം വേണോ?

സ്തനഭംഗി വർധിപ്പിക്കുന്നതിൽ വ്യായാമം ഏറെ ഫലപ്രദമാണ്. സ്തനം കൊഴുപ്പു കലകളാൽ നിർമിതമാണ്. മാംസപേശികൾ സ്തനത്തിൽ ഇല്ലതന്നെ. പിന്നെ എങ്ങനെ വ്യായാമം കൊണ്ടു ഫലം ലഭിക്കുമെന്ന് പലർക്കും സന്ദേഹമുണ്ട്. നെഞ്ചിൽ മൂന്നു തുടങ്ങി അഞ്ചു വരെയുള്ള വാരിയെല്ലുകളുടെ മുമ്പിലായി പറ്റിച്ചേർന്നു മുകൾ അറ്റം ഒരപ്പലകയോടു ചേർന്ന് രണ്ടിനം മാംസപേശികൾ ഉണ്ട്. കൈകളുടെയും ഒരപ്പലകയുടെയും ചലനങ്ങൾക്ക് ഈ മാംസപേശികളുടെ പ്രവർത്തനം അനിവാര്യമാണ്. ഈ മാംസപേശികളിലാണ് ഇരു സ്തനവും സ്ഥിതി ചെയ്യുന്നത്. ഈ പേശികളുടെ വികാസം മൂലം സ്തനഘടനയിൽ മാറ്റമുണ്ടാകും. പെക്റ്ററൽ മസിൽസ് എന്നാണിവ അറിയപ്പെടുന്നത്.

ബെല്ലി ഡാൻസ് മറ്റൊരു നല്ല വ്യായാമമാണ്. ബഞ്ചിൽ മലർന്നു കിടന്നോ സ്വിസ് ബോളിൽ കിടന്നോ രണ്ടു കൈകളിലും ഡംബ് ബെൽസ് പിടിച്ചുകൊണ്ടു നടത്തുന്ന വ്യായാമം ഏറെ ഫലപ്രദമാണ്. പക്ഷേ, ഇതു ചെയ്യുന്നതിനു മുമ്പ് വാം അപ് എക്സർസൈസ് ചെയ്തിരിക്കണം. മാറിട മാംസപേശികളെ വർധിപ്പിക്കുന്ന വ്യായാമങ്ങൾ സ്തനമസാജ് ഹെർബൽ ഔഷധങ്ങൾ എന്നിവയും ഇപ്പോൾ വിദഗ്ധർ ശുപാർശ ചെയ്യുന്നുണ്ട്. 

ADVERTISEMENT