ADVERTISEMENT

‘അമ്മയെ കാത്തോണേ... പൊന്നാച്ചുവിനെ കാത്തോണേ... അപ്പയെ സ്വർഗത്തിലാക്കേണേ...’

മലകൾക്കു കീഴെ മഞ്ഞിന്റെ കമ്പളം പുതച്ച കട്ടപ്പന കൽതൊട്ടി ഹോളിഫാമിലി പള്ളി സെമിത്തേരി. അവിടെയാണ് പൊന്നാച്ചുവിന്റെ അപ്പയുറങ്ങുന്ന സ്വർഗമുള്ളത്. കുട്ടിത്തം വിടാത്ത മുഖത്തുനോക്കി ‘ മോളുടെ ആരെ ഇവിടെ ഉള്ളതെന്ന് അപരിചതർ ആരെങ്കിലും ചോദിച്ചാൽ പൊന്നാച്ചു മറുപടി പറയും.

ADVERTISEMENT

‘ഈ കല്ലറയില്ലേ... ഇവിടെയാ എന്റെ അപ്പയുള്ളത്.’

കണ്ടുനിൽക്കുന്നവരുടെ കണ്ടു നിറഞ്ഞാലും പൊന്നാച്ചുവിന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രമായിരിക്കും ബാക്കിയാകുക. കാരണം അവളുടെ സങ്കൽപങ്ങളുടെ ലോകത്ത് അവളുടെ അപ്പ ഉണർന്നിരിക്കുകയാണ്. ഒരു നാലര വയസുകാരിയെ ഇങ്ങനെ പക്വതയോടെ ചിന്തിക്കാനും വിവേകത്തോടെ ആശ്വസിക്കാനും പഠിപ്പിച്ചത് എന്തായിരിക്കും? ഒറ്റ ഉത്തരമേയുള്ളൂ ഏതു വേദനയിലും ഉലയാതെ, അവൾക്കു മാത്രമായി ജീവിക്കുന്ന അവളുടെ അമ്മ.

ADVERTISEMENT

ഒരു കഥപോലെയാണ് അങ്കമാലി സ്വദേശി ജസ്ന പ്രവീണിന്റെ ജീവിതം. ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ നഷ്ടങ്ങൾ മാത്രമുള്ള ഒരുവൾ. സ്വന്തം അമ്മയിൽ നിന്നു പോലും ദുരനുഭവങ്ങൾ. ഭ്രാന്തിയെന്നു മുദ്രകുത്തി വഴിയിലുപേക്ഷിച്ച ആദ്യ വിവാഹം... അതിനിടയിലെ ആശ്വാസത്തിന്റെ തുരുത്തായിരുന്നു പ്രവീണുമായുള്ള വിവാഹവും അതിൽ നിന്നും കിട്ടിയ പൊന്നാച്ചുവെന്ന് വിളിക്കുന്ന നീലാംബരി മിറിയം പ്രവീൺ എന്ന കുഞ്ഞിപ്പൂവും. പക്ഷേ ജീവിതത്തിന്റെ ജീവിതത്തിന്റെ ക്രോസ് റോഡിൽ വച്ച് ജസ്നയ്ക്ക് പ്രവീണിനെ നഷ്ടമാകുന്നു. വേരറ്റു പോയ ആ ജീവിതത്തിന് താങ്ങാകാൻ ബന്ധുബലങ്ങളില്ല, മറ്റു സുരക്ഷിതത്വങ്ങളില്ല. എല്ലാം അനുഭവിക്കാൻ അമ്മയും മോളും മാത്രം. പക്ഷേ മകൾക്കു വേണ്ടി ജീവിച്ചേ തീരുവെന്ന തിരിച്ചറിവ് ജസ്നയുടെ കരുത്തുറ്റ അമ്മയാക്കി.

ലോകം മാതൃദിനം ആഘോഷിക്കുമ്പോൾ കണ്ണീരിന്റെ കടലാഴങ്ങൾക്കിടയിൽ നിന്ന് പ്രതീക്ഷയുടെ മറുകര തേടുന്ന ആ അമ്മയുടെയും മകളുടെയും കഥ പറയുകയാണ്. പ്രിയപ്പെട്ടവരുടെ ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ ഒത്തിരിപ്പേർക്ക് ജീവിക്കാൻ പ്രതീക്ഷ നൽകുന്ന സിംഗിൾ മദറിന്റെ കഥ...

ADVERTISEMENT

ഇന്നലെകളേ... വേദനകളേ...

മാർക് മൈ വേഡ്... സ്വന്തം അമ്മയില്‍ നിന്നു പോലും വലിയ ട്രോമകൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പെൺകുട്ടി. കാലാന്തരത്തിൽ അവൾക്കായിക്കും ജീവിതത്തിൽ ഏറ്റവും നല്ല അമ്മയാകാനാകുക. കാരണം താൻ അനുഭവിച്ച വേദനകളും, തനിക്ക് നഷ്ടപ്പെട്ടു സൗഭാഗ്യങ്ങളും മകളുടെ കാര്യത്തിൽ സംഭവിക്കരുതെന്ന് അവൾ ആഗ്രഹിക്കും.– സ്വന്തം ജീവിതം പറഞ്ഞാണ് ജസ്ന തുടങ്ങിയത്.

നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോ‍ഡർ... എന്റെ അമ്മയിൽ നിന്നും ഞാൻ നേരിട്ട ട്രോമയെ അങ്ങനെ വിശേഷിപ്പിക്കാം. തന്നിൽ എളിയവനേയും നിറം കുറഞ്ഞവനേയും അങ്ങേയറ്റം അധിക്ഷേപിക്കുന്ന മനോഭാവം. നിറമോ ജാതിയോ കണക്കാക്കി ആൾക്കാരെ അടുപ്പിച്ചും അകറ്റിയും നിർത്തുന്ന സ്വഭാവം. നമ്മളിൽ താഴ്ന്നവരോട് കൂട്ടുകൂടരുത് എന്നുവരെ പറഞ്ഞിട്ടുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെയൊരു ആൺസുഹൃത്ത് എന്നോട് മിണ്ടിയ കാര്യം വീട്ടിൽ പറഞ്ഞതിന് ‘അവൻ നിന്റെയാരാ...’ എന്നു ചോദിച്ച് പൊട്ടിത്തെറിച്ച അമ്മയെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്. രണ്ടു പേർക്കു കയറാവുന്ന ചുരിദാർ ധരിച്ചാൽ പോലും വസ്ത്രത്തിന്റെ പേരിൽ മോശം കമന്റ് ഞാന്‍ നേരിട്ടിട്ടുണ്ട്. ചെയ്യുന്ന തെറ്റുകൾക്കെല്ലാം വീട്ടിൽ‌ പൂട്ടിയിടുന്നതു പോലെ കഠിനമായ ശിക്ഷകൾ. അച്ഛൻ ശരിക്കും നിസഹായാനായിരുന്നു. ഒരു പാവം മനുഷ്യൻ.

വിവാഹാലോചനകളുടെ സമയത്തും ജാതിയും നിറവുമൊക്കെ വിഷയമായി. എല്ലാവരോടും പുച്ഛം. വീടു കൊള്ളില്ല. ചെക്കന് നിറമില്ല, നമ്മളേക്കാൾ കുറഞ്ഞവർ എന്ന മട്ടിൽ പരാമർശങ്ങൾ. ഒരു വിവാഹം ആഗ്രഹിച്ചത് അനുഭവിച്ചു തീർത്ത വേദനകളിൽ നിന്നുള്ള മോചനം എന്ന നിലയ്ക്കായിരുന്നു. ഒടുവിൽ 27 വയസിൽ വീട്ടുകാർ കണ്ടെത്തിയൊരു ബന്ധം. അതു ജീവിതത്തിൽ സന്തോഷം നൽകുമെന്ന് കരുതി, പക്ഷേ വെറുതെയായി.

അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൻ. അവർക്കിടയിൽ ഭാര്യ അധികപ്പറ്റായിരുന്നു. ആ വീടിന്റെ പടികയറിയ അന്നുതൊട്ട് വാക്കുകൾ കൊണ്ട് ഞാൻ അനുഭവിച്ച അശ്ലീലവും കുത്തുവാക്കുകളും പറഞ്ഞറിയിക്കാവുന്നതല്ല. അവരുടെ സങ്കൽപത്തിന് ചേർന്ന സൗന്ദര്യമില്ല, നിറമില്ല, പണമില്ല എന്നൊക്കായായിരുന്നു പരാതി. സംഭവിച്ചത് ഭർത്താവിനോട് പറയാം എന്നു കരുതിയാലും വിപരീത ഫലമാകും ഉണ്ടാക്കുക. ആ വീട്ടിൽ അനുഭവിക്കുന്ന വേദനകളെ കുറിച്ച് ഭർത്താവിനോട് ഞങ്ങളുടെ മുറിയിൽ വച്ച് തുറന്നു പറഞ്ഞൊരു രാത്രി. പറഞ്ഞു തീരും മുൻപേ അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തേക്ക് പോയി, ‘ഇവളീ പറയുന്നത് കേട്ടോ’ എന്ന മട്ടിൽ. അതിന്റെ പരിണിത ഫലം എന്താണെന്ന് അറിയോ... എന്നെ ഭ്രാന്തിയെന്ന് മുദ്രകുത്തി അന്ന് രാത്രി ആ വീട്ടിൽ നിന്നും ഇറക്കിവിട്ടു. എന്റെ അമ്മയും അതുശരിവച്ചു. എനിക്ക് ഭ്രാന്താണത്രേ... ആ ബന്ധം 2014ൽ മ്യൂച്വൽ ഡിവോഴ്സില്‍ കലാശിച്ചു. തുടർന്നു നാലു വർഷം ഡിപ്രഷനിൽ മുങ്ങിയ രാപ്പകലുകൾ. ആന്റി ഡിപ്രസന്റുകളിലും മരുന്നു കുറിപ്പടികളിലും കുഴഞ്ഞു മറിഞ്ഞ നാളുകൾ. അതിനിടയിൽ സംഭവിച്ച നല്ല കാര്യം... അതായിരുന്നു എനിക്ക് പ്രവീൺ.

ബംഗളൂരുവിൽ അധ്യാപകനായ പ്രവീണിന്റെ വിവാഹാലോചന മാട്രിമോണി വഴിയാണ് വന്നത്. അന്വേഷിച്ചവരോടൊക്കെ ചില ബന്ധുക്കളും നാട്ടുകാരും ആ വാക്കുകൾ ആവർത്തിച്ചു. ‘ആ കൊച്ചിന് മാനസിക പ്രശ്നങ്ങൾ ഉണ്ട്, സൂക്ഷിക്കണം.’ പക്ഷേ പറഞ്ഞവരോടൊക്കെ പ്രവീൺ പറഞ്ഞ മറുപടി എനിക്ക് ഒന്ന് അവളോട് സംസാരിക്കണം എന്നാണ്. ഒടുവില്‍ ഒഴിഞ്ഞു പോകുമെന്ന് കരുതിയവരോട് പ്രവീൺ തന്നെ തുറന്നു പറഞ്ഞു.‘ഞാനൊരു അധ്യാപകനാണ്, മാനസിക പ്രശ്നമുള്ള ഒരാളോട് സംസാരിച്ചാൽ എനിക്ക് മനസിലാകും.’ കല്യാണം മുടക്കലുകാർ പിന്നെ ആ വഴി വന്നിട്ടില്ല. അങ്ങനെ എല്ലാ ഡ്രാമകൾക്കും ഒടുവിൽ 2018ലെ ഒരു നവംബറിൽ പ്രവീൺ എന്റെ ജീവിതത്തിലേക്ക് വന്നു. സാന്നിദ്ധ്യം കൊണ്ട് ചുരുക്കം ചിലരെ ഉണ്ടായിരുന്നുവെങ്കിലും, വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹം നടന്നു. കുറച്ചു കാലത്തേക്കെങ്കിലും ദൈവം എനിക്ക് തിരിച്ചു തന്ന നല്ല നാളുകളുടെ തുടക്കം അങ്ങനെയായിരുന്നു.

jasna-95

നിധി പോലെ ആ നല്ല നാളുകൾ

വിവാഹം കഴിഞ്ഞ് പ്രവീണിനൊപ്പം ബംഗളൂരിവിലേക്ക് പോയി. എനിക്കും അവിടെ ചെറിയൊരു ജോലി ശരിയായി. ആഗ്രഹിച്ച ഭക്ഷണവും ഇഷ്ടമുള്ളയാൾക്കൊപ്പമുള്ള യാത്രയുമൊക്കെയായി ജീവിതം സന്തോഷപൂർണമായ നിമിഷങ്ങൾ. ഒത്തിരി വേദനിച്ചവൾക്ക് ഇത്തിരി നേരത്തേക്ക് വിധി നൽകിയ സന്തോഷം. പ്രവീണിനൊപ്പം ചേർന്നിരുന്ന് നടത്തിയ ബൈക്ക് യാത്രകൾ ജീവിതത്തിന്റെ താളുകളിലെ നിറമുള്ള ഫ്രെയിമുകളാണ്. നിധി പോലെ കിട്ടിയ ആ മൊമന്റുകളൊക്കെയും ചിത്രങ്ങളാക്കാനും ആൽബമാക്കാനും ഞാൻ മത്സരിച്ചു. ഓരോ നല്ല നിമിഷങ്ങളും ഇന്നും എനിക്കൊപ്പമുണ്ട്.

കോവിഡ് കാലത്താണ് ഗർഭിണിയാകുന്നത്. അന്നേരമാണ് എനിക്കെന്റെ അച്ഛനെ നഷ്ടമാകുന്നതും. ആ നഷ്ടം തെല്ലൊന്നുമല്ല ഉലച്ചത്. പക്ഷേ ഞാൻ അനുഭവിക്കുന്ന വേദന, എന്റെ ഉള്ളിൽ മിടിക്കുന്ന ജീവനെ ബാധിക്കരുതെന്ന് ആഗ്രഹിച്ചു.

ശരിക്കും കുഞ്ഞു ജീവൻ ഉദരത്തിൽ മൊട്ടിട്ടു തുടങ്ങിയപ്പോഴേ ഞാൻ‌ അമ്മയാകാൻ തയ്യാറെടുത്തിരുന്നു. ഞാൻ അനുഭവിച്ചത് എന്റെ മകനോ മകൾക്കോ സംഭവിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അമ്മയിൽ നിന്നും അനുഭവിച്ച ട്രോമ ഞാനും എന്റെ മകളോട് കാണിക്കും എന്നു പറഞ്ഞവരോട് എനിക്കു ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു. അവളെ സ്നേഹിക്കുന്നതും കുഞ്ഞുടുപ്പു വാങ്ങുന്നതും ലാളിക്കുന്നതും എല്ലാം ഡയറിയിലെയെന്ന പോലെ മനസിൽ കുറിച്ചിട്ടു. അങ്ങനെ ഞങ്ങളുടെ കാത്തിരിപ്പിന്റെ കൺമണിയെത്തി. നീലാംബരി മിറിയം എന്ന ഞങ്ങളുടെ പൊന്നാച്ചു....

ഓരോ അച്ഛനെയും അമ്മയേയും പോലെ കൈവളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്ന് കണക്കുകൂട്ടി മുന്നോട്ടു പോയ നല്ല നാളുകൾ. എന്റെ കുഞ്ഞിനെ ഹാപ്പിയാക്കണം, അവള്‍ നല്ലവളായി വളരണം അതിൽപരം മോഹമൊന്നും എനിക്കും പ്രവീണിനും ഇല്ലായിരുന്നു. അച്ഛനും മകളുമായിരുന്നു നല്ല കൂട്ട്. ഫൊട്ടോയ്ക്ക് പോസ് ചെയ്യാനും അത് മെമ്മറിയായി സൂക്ഷിക്കാനും രണ്ടുപേരും മുൻപന്തിയിലുണ്ടാകും.

ആകെ അവളിൽ നിന്നും ഞങ്ങൾ നിയന്ത്രിച്ചൊരു കാര്യം മൊബൈൽ ഫോൺ കൊടുത്തില്ല എന്നതായിരുന്നു. പകരം കഥകളും പാട്ടുകളും ഞങ്ങൾക്കിടയിൽ കൂട്ടുകാരായി. സ്നേഹ നിമിഷങ്ങളിൽ അവളെന്റെ അമ്മയായി. ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ കവിളില്‍ ചേർത്തുപിടിച്ച് ‘എന്റെ തങ്കക്കട്ടീ...’ എന്ന് അവൾ നീട്ടിവിളിക്കും. കരഞ്ഞപ്പോഴൊക്കെ കുഞ്ഞിക്കൈകൾ എന്റെ കണ്ണീർ തുടച്ചോപ്പോഴും അവളെന്റെ അമ്മയായി.

jasna-14

പൊന്നാച്ചുവിന്റെ നഷ്ടം എന്റെയും

നാലു മാസം മുൻപുള്ളൊരു ജനുവരി. എന്റെ ജീവിതത്തില്‍ അന്നുവരെ ഞാൻ അനുഭവിച്ച സകല സന്തോഷങ്ങൾക്കും ദൈവം ഫുൾസ്റ്റോപ്പ് ഇട്ട ദിവസം. അന്ന് കോതമംഗലം പുതുപ്പാടി മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സയൻസ് കോളജിലെ വൈസ് പ്രിൻസിപ്പലാണ് പ്രവീൺ.

ബൈക്കിലായിരുന്നു അന്നത്തെ യാത്ര. മഴയുന്നുള്ളൊരു വൈകുന്നേരം. നനയാതെ എവിടെയോ സുരക്ഷിതമായി പ്രവീൺ കയറി നിന്നു. അതിന്റെ ഫൊട്ടോ എനിക്ക് അയക്കുകയും ചെയ്തു. വൈകിട്ട് 5.40ന് മൂന്ന് സെക്കന്റ് ദൈർഘ്യമുള്ളൊരു വോയ്സ് പ്രവീൺ എനിക്കയച്ചു. ‘എനിക്കൊരു റീൽ എടുത്തു തരുമോ മോളേ...’ എന്നായിരുന്നു ആ ശബ്ദം. അവരുടെ കോളജിലെ ഒരു പരിപാടിയുടെ റീൽ എടുത്തു കൊടുക്കുമോ എന്ന് പ്രവീൺ എന്നോട് സൂചിപ്പിച്ചിരുന്നു. അതായിരുന്നു അവസാന കമ്മ്യൂണിക്കേഷൻ. പിന്നെ അങ്ങോട്ട് ഞാൻ കേൾക്കുന്നത് എന്റെ ജീവനും ജീവിതവും കീഴ്‍മേൽ മറിച്ച കാര്യങ്ങളാണ്.

പെരുമ്പാവൂർ വച്ചായിരുന്നു സംഭവം. എതിരെ വന്ന വണ്ടിയിൽ നിന്നും ബൈക്ക് പരമാവധി വെട്ടിച്ചു മാറ്റിയപ്പോൾ പ്രവീൺ റോഡിലേക്ക് വീണു. ഇതിനിടയിൽ എതിരെ വന്നൊരു ആംബുലൻസ് പ്രവീണിന്റെ ദേഹത്തേക്ക് ഇടിച്ചു കയറി. ഇടിച്ച ശേഷം ഏറെ ദൂരം പ്രവീണിനേയും വലിച്ചു കൊണ്ട് ആംബുലൻസ് പോയി, അപ്പോൾ തന്നെ ഊഹിക്കാം ആംബുലൻസിന്റെ വേഗത. ആ വണ്ടിയില്‍ രോഗികളോ രോഗിയുടെ ബന്ധുക്കളോ ഒന്നും തന്നെ ഉണ്ടായിരുന്നുന്നില്ല. എന്നിട്ടും എന്തിനായിരുന്നു ആ മരണപ്പാച്ചിൽ? അന്ന് ആ നിരത്തിൽ എന്റെയും പൊന്നാച്ചുവിന്റെയും ഈ ലോകത്തിലെ ഉറപ്പുള്ള ഒരേയൊരു ബന്ധം അവസാനിച്ചു. ഒന്നു രക്ഷിക്കാൻ പോലുമാകാത്ത വിധം ഭീകരമായിരുന്നു ആ അപകടം. അത്രയും സ്പീഡിലാണ് ആംബുലൻസ് വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞ് പിന്നീടറിഞ്ഞു.

മരണ വിവരം കാതുകളിൽ നിന്നും കാതുകളിലേക്ക് എത്തി. ഒടുവിൽ എന്റെ ചെവിയിലുമെത്തി. കേട്ടമാത്രയിൽ ലോകം കീഴ്‍മേൽ മറിയുന്ന പ്രതീതിയായിരുന്നു, മരണവാർത്ത അറിഞ്ഞപ്പോൾ ‘എനിക്കൊന്ന് ഉറങ്ങണമെന്നാണ്’ ഞാൻ അടുത്തു നിന്നവരോട് പറഞ്ഞത്. സ്ലീപിങ് പിൽസിന്റെ സഹായത്തോടെ ഉറക്കത്തിലേക്ക് വീണു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ എന്റെ വീട്ടുകാരും ബന്ധുക്കവും പറയുന്നതു പോലെ ഞാൻ ശരിക്കും ഭ്രാന്തിയാകുമായിരുന്നു. ഉണർന്നിരുന്ന് മരണമെന്ന സത്യത്തെ നെഞ്ചിലേറ്റു വാങ്ങാൻ എനിക്ക് ത്രാണി ഉണ്ടായിരുന്നില്ല.

jasna-11

അപ്പ സ്വർഗത്തിലുണ്ട്, നമ്മളെ കാണുന്നുണ്ട്

കട്ടപ്പനയിലെ വീട്ടിലേക്ക് പ്രവീണിന്റെ ചലമനറ്റ ശരീരം എത്തുമ്പോൾ മരവിച്ച അവസ്ഥയിലായിരുന്നു ‍ഞാൻ . അപ്പയുടെ വീട്ടിൽ അപ്പയെവിടെ എന്ന് തിരക്കിയ പൊന്നാച്ചുവിനോട് ‘മോളുടെ അപ്പ സ്വർഗത്തിലേക്ക് പോയി ...’ എന്ന് പലരും പറഞ്ഞു. അത്രയും മതിയായിരുന്നു, പൊന്നാച്ചുവിന് ഏറെക്കുറെ കാര്യങ്ങൾ മനസിലായിരുന്നു. കല്ലറയിലെ മണ്ണറയിലേക്ക് പ്രവീണിന്റെ ശരീരം എടുക്കുമ്പോഴും കണ്ണീരുവറ്റി തളർന്ന അവസ്ഥയിലാരുന്നു ഞാൻ. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ വീണ്ടും പൊന്നാച്ചു അപ്പയെ തിരക്കും, മിസ് ചെയ്യും. അപ്പോഴൊക്കെ എന്തു മറുപടി നൽകുമെന്നതാണ് ഇതിലും വലിയ വേദന. പക്ഷേ ഞങ്ങളുടെ കുഞ്ഞ് ഞങ്ങളേക്കാളും വലിയ പക്വത ആ കാര്യത്തിൽ കാണിച്ചു എന്നതാണ് സത്യം. അപ്പ സ്വർഗത്തിലേക്ക് പോയി എന്ന ഭാവനകള്‍ക്കൊപ്പം, അപ്പ മരിച്ചു പോയി എന്ന സത്യം കൂടി അവളറിയണം എന്ന് ഒരു ചൈൽഡ് സൈക്കോളജിസ്റ്റ് ഉപദേശിച്ചിരുന്നു. വിവേകപൂർവം എന്റെ കുഞ്ഞ് അത് മനസിലാക്കി.

കല്ലറയില്‍ കണ്ണടച്ച് പ്രാർഥിക്കുമ്പോൾ ഒപ്പമുള്ളവരോട് അവൾ പറയും ‘എന്റെ അപ്പയില്ലേ... ഈ കല്ലറയില്‍ ഉറങ്ങുവാ കേട്ടോ...’ മരിച്ചെങ്കിലും അദൃശ്യമായൊരു സാന്നിദ്ധ്യമായി അപ്പ അവൾക്കൊപ്പമുണ്ട് എന്ന് വിശ്വസിപ്പിക്കാന്‍ കഴിഞ്ഞതാണ് അമ്മയെന്ന നിലയിൽ എനിക്ക് ആശ്വാസമേകുന്നത്. അപ്പയെ കുറിച്ച് വാതോരാതെ പറഞ്ഞൊരു നിമിഷത്തിൽ ഞാൻ അവളേയും കൊണ്ട് കടൽതീരത്തേക്ക് പോയി. എന്നിട്ട് നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന കടലിനേയും അലകളേയും നോക്കി അപ്പയോട് പറയാനുള്ളത് അവിടെ നോക്ക് പറയ്... അപ്പ കേൾക്കും എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇന്നും കടൽതീരത്ത് ഞങ്ങൾക്കൊപ്പം അപ്പയുണ്ട്. മുറിയിലെ അപ്പയുടെ ഫൊട്ടോ നോക്കി അവൾ വർത്താനം പറയും, സ്കൂളിലെ വിശേഷങ്ങൾ പങ്കുവയ്ക്കും. എന്നും ഉറങ്ങാൻ പോകും മുൻപ് പപ്പയോട് ഗുഡ്നൈറ്റ് പറയാൻ അവൾ മറക്കാറില്ല. ആഗ്രഹങ്ങളും ആവശ്യങ്ങളും ഉള്ളപ്പോൾ കൽതൊട്ടിയിലെ കല്ലറയ്ക്കരികിലേക്ക് പോകും, എല്ലാം കേട്ട് അപ്പ നടത്തിത്തരുമെന്ന് അവൾ വിശ്വസിക്കുന്നുണ്ട്.

ആകാംക്ഷയോടെ അവള്‍ ചോദിക്കാറുണ്ട്, ‘അപ്പ സ്വർഗത്തിൽ ഹാപ്പിയായിരിക്കും അല്ലേ അമ്മാ...’ നമ്മൾ ഇവിടെ ഹാപ്പിയായിരുന്നാൽ അപ്പയും അവിടെ ഹാപ്പിയായിരിക്കുമെന്ന് ഞാൻ മറുപടി പറയും. അക്കാര്യത്തിൽ പ്രകൃതിയും അവളെ സന്തോഷിപ്പിക്കുന്നുണ്ട്. നമ്മളും അവളുമൊക്കെ ഭാവനയിൽ കണ്ട പുകമഞ്ഞു മൂടിയ തണുപ്പ് അരിച്ചിറങ്ങുന്ന പച്ചപ്പുല്ലുകളും പാറക്കെട്ടുകളുമൊക്കെ നിറഞ്ഞൊരു സ്വർഗം. അതാണ് കൽതൊട്ടിയിലെ അവളുടെ അപ്പയുറങ്ങുന്ന പള്ളി.

jasna-praveen-9

‘അമ്മയെ കാത്തോണോ, പൊന്നാച്ചുവിനെ കാത്തോണേ... അപ്പയെ സ്വർഗത്തിൽ പോകേണമേ...’– അതിൽ പിന്നെ എന്റെ കു‍ഞ്ഞിന്റെ പ്രാർഥനകൾ ഇങ്ങനെയാണ്. അതു തന്നെയാണ് വലിയ നഷ്ടത്തിലും എന്റെയും എന്റെ കുഞ്ഞിനേയും ഈ മണ്ണിൽ വേരുറപ്പിച്ചു നിർത്തുന്നതും.

പ്രവീൺ ഈ ഭൂമിയിൽ നിന്നും യാത്രയായ ആ പകലിൽ കൂട്ടുകാരോട് പറഞ്ഞത്രേ പൊന്നാച്ചുവിന് ഒരു കളിപ്പാട്ടം വാങ്ങണമെന്ന്. ചലനമറ്റ ശരീരത്തിനൊപ്പം ചോരപുരണ്ട ഒരു ബാഗ് കൂടി എനിക്കു കിട്ടിയിരുന്നു. പക്ഷേ ഇന്നും അതേറ്റു വാങ്ങാനോ തുറന്നു നോക്കാനോ മനസ് അനുവദിക്കുന്നില്ല. പകരം മകളുടെ ഇഷ്ടങ്ങൾ ഹൃദയത്തിൽ ചേർത്തുവച്ച അച്ഛന്റെ സ്ഥാനത്ത് ഒന്നൊന്നായി ഓരോന്ന് ചെയ്യുകയാണ്.

2023ൽ അമ്മ മരിച്ചു. മരണത്തിന് തൊട്ടുമുൻപ് അമ്മയിൽ ഡോക്ടർമാർ ഗുരുതരമായ സൈക്കോസിസ് പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് കൊച്ചിയിൽ സ്വകാര്യ കോളജിൽ അധ്യാപികയാണ് ഞാൻ. സ്വപ്നങ്ങളും ആഗ്രഹങ്ങളും കൂട്ടിക്കിഴിച്ചു നോക്കിയാൽ അപ്പയെ നഷ്ടപ്പെട്ട അവളിലേക്കാകും എപ്പോഴും ഞാൻ എത്തുക. അവൾക്ക് അപ്പയും അമ്മയുമാകുക. വേദനകളെയും നഷ്ടങ്ങളെയും ജയിക്കാൻ അവളെ പഠിപ്പിക്കുക. ബോൾഡാക്കി അവളെ വളർത്തുക. അതിനപ്പുറം ഞാനെന്ത് സ്വപ്നം കാണാനാണ്.– ജസ്ന പറഞ്ഞു നിർത്തി.

ADVERTISEMENT