മനസ്സിൽ കവിതയും അക്ഷരങ്ങളും കൂട്ടിവച്ചൊരു പെൺകുട്ടി. അച്ഛന്റെ ആഗ്രഹം പോലെ ഒരു എഴുത്തുകാരിയോ ജുഡീഷ്യൽ മജിസ്ട്രേറ്റോ ആകാനായിരുന്നു അവളുടെ മോഹം. എഴുത്തിന്റെ വഴി എപ്പോഴോ മാഞ്ഞു. പകരം അഭിഭാഷകയെന്ന ലക്ഷ്യത്തിലേക്കു മനസ്സുറപ്പിച്ചു. വിവാഹിതയായപ്പോൾ ജീവിതപങ്കാളി ഗിരീഷും ആ മോഹങ്ങളിലേക്കുള്ള കരുത്തു പകർന്നു. പക്ഷേ, വിധി ചിലപ്പോഴൊക്കെ അതിന്റെ അപ്രതീക്ഷിതത്വങ്ങളാൽ മനുഷ്യരുടെ ജീവിതത്തെ മറ്റൊരു പാതയിലേക്കു നയിക്കും. ആദ്യത്തെ കൺമണി പിറക്കും മുൻപേ വിട പറഞ്ഞപ്പോൾ അവളുടെ മനസ്സുലഞ്ഞു. അതിന്റെ വേദനകൾ മായുമ്പോഴേക്കും അവളുടെ ജീവിതത്തിലേക്കു പൊന്നോമനയായി ആ കുഞ്ഞു ചിരി എത്തിയിരുന്നു – ഇഷാൻ! ജീവിതം വീണ്ടും തളിർത്തു തുടങ്ങിയ ദിവസങ്ങൾ. പക്ഷേ, ആ സ്വാസ്ഥ്യത്തിനും ദൈർഘ്യം കുറവായിരുന്നു. രണ്ടു വയസിന് ശേഷമാണ് ഇഷാന്റെ ചില പ്രത്യേകതകൾ ശ്രദ്ധിച്ചു തുടങ്ങിയത്. കുഞ്ഞിന് ആശയവിനിമയത്തിൽ പരിമിതികളുണ്ടെന്നു തോന്നി. ആ അവസ്ഥ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ പരിധിയിൽപ്പെടുന്നതാണെന്ന തിരിച്ചറിവ് അവളെ തകർത്തു. മനസ്സ് മുറിഞ്ഞ പകലിരവുകൾ. പക്ഷേ, അധികം വൈകാതെ അവളുറപ്പിച്ചു, കരഞ്ഞും വിധിയെ പഴിച്ചും തീർക്കേണ്ടതല്ല ഈ ജീവിതം. തന്റെ ഉയിരിൽ നിന്നു പിറവിയെടുത്ത മകനെന്ന നിധിയെ സന്തോഷങ്ങളിലേക്കു ചേർത്തു പിടിക്കണം. അതിനായി തന്റെ എല്ലാ കരിയർ സ്വപ്നങ്ങളും അവൾ മാറ്റി വച്ചു. ഇഷാന്റെ കണ്ണും കാതും നാവും ഹൃദയവുമെല്ലാമായി സ്വയം പരുവപ്പെട്ടു. അവനെച്ചുറ്റിയുള്ള ഭ്രമണം മാത്രമായി ജീവിതം. പതിയെപ്പതിയെ അവൾ വീണ്ടും പേനയെടുത്തു. മകനെക്കുറിച്ചെഴുതിക്കൊണ്ടായിരുന്നു തുടക്കം. അതൊക്കെയും സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണത്തിനാളുകളെ തൊട്ടു. മകന്റെ ബുദ്ധിമുട്ടുകൾ മറച്ചു പിടിക്കാതെ, അവന്റെ കഥകൾ അവൾ ലോകത്തോടു പറഞ്ഞു. അങ്ങനെ എത്രയോ മനുഷ്യർക്കു ഇഷാൻ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയായി. ഇപ്പോള്‍ ഇഷാന് പതിനൊന്ന് വയസ്സ്. ആ അമ്മയ്ക്കും... വൈകാതെ അഭിഭാഷകയെന്ന നിലയിലുള്ള തന്റെ കരിയർ വഴിയിലേക്കും അവൾ മടങ്ങിയെത്തി. എല്ലാം മനസ്സുറപ്പിന്റെ, ലക്ഷ്യബോധത്തിന്റെ തണലുപറ്റിയായ
ഇതാണ് സ്മിത ഗിരീഷിന്റെ ജീവിതം. കോട്ടയം ഡയറി, സ്വപ്നമെഴുത്തുകാരി, മ്യൂസിക് ഡയറി എന്നീ പുസ്തകങ്ങളിലൂടെ മലയാളി വായനക്കാർക്ക് പരിചിതയാണ് സ്മിത. സോഷ്യൽ മീഡിയയിലും സജീവം. ഈ അമ്മ ദിനത്തിൽ സ്മിത ‘വനിത ഓൺലൈനോട്’ മനസ്സ് തുറക്കുകയാണ്, തന്റെ അമ്മ ജീവിതത്തെക്കുറിച്ച്, ഇഷാൻ എന്ന പൊന്നോമനയെക്കുറിച്ച്...
ഇനി എന്റെ ജീവിതം മകനു വേണ്ടിയാണ്, അവനു വേണ്ടി കരിയറും മറ്റു സ്വപ്നങ്ങളുമൊക്കെ വേണ്ടെന്നു വയ്ക്കുന്നു, എന്നു തീരുമാനിച്ച നിമിഷം ? അതിലേക്കു നയിച്ച സാഹചര്യങ്ങൾ ?
മിക്ക സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരു അമ്മഭാവമുണ്ട്. അത് ജന്മനാ ഉള്ളതാകും. എന്നെ സംബന്ധിച്ച്, വാസ്തവത്തിൽ ഞാൻ അങ്ങനെയൊന്നുമല്ലായിരുന്നെന്ന് തോന്നും. ഉള്ളിൽ എപ്പോഴും അലസയും സ്വപ്നജീവിയുമായ ഒരു പെൺകുട്ടിയായിരുന്നു ഉണ്ടായിരുന്നത്. കിട്ടാത്തതെന്തിനെയോ തിരഞ്ഞ് പുസ്തകങ്ങളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന, കാരണമില്ലാത്ത സങ്കടമുള്ള, ആരോഗ്യം കുറഞ്ഞ ഒരു കുട്ടി.
വിവാഹം കഴിഞ്ഞ ആദ്യ വർഷങ്ങളിലും അമ്മയാകുക എന്നതൊന്നും വിഷയമായിരുന്നില്ല. ജുഡീഷ്യൽ ടെസ്റ്റ് എഴുതി ജയിച്ച് മജിസ്ട്രേറ്റ് ആകണം എന്നായിരുന്നു ഒരേയൊരു ആഗ്രഹം. ഒരു വീട്ടമ്മയോ, കുട്ടിയുടെ അമ്മയോ ആയി എന്നെ ഞാനൊരിക്കലും സങ്കൽപ്പിച്ചിട്ടില്ല. ആ റോളുകളോടൊക്കെയുള്ള ഭയ – ബഹുമാനങ്ങളും എന്റെ കഴിവിനുമപ്പുറത്ത് എന്ന ചിന്തയുമായിരുന്നു കാരണം.
മകൻ വന്നത് ഏറെ കാത്തിരിപ്പുകൾക്കൊടുവിലായിരുന്നു. അതിനാൽത്തന്നെ ഗർഭകാലം കരുതലുകളുടേതായിരുന്നു. അവന്റെ ജനനശേഷം ലോകത്തെ ഏറ്റവും കരുതലുള്ള ‘അമ്മപ്പൂത’ മായി ഞാൻ മാറി. ഉറങ്ങില്ല, ഉണ്ണില്ല, കുട്ടിയുടെ എല്ലാ കാര്യത്തിലും ഓവർ കെയർ. ഒരു കുട്ടിയെ ഗർഭത്തിൽ നഷ്ടപ്പെട്ടിരുന്ന വേദനയും കാരണമായിരുന്നിരിക്കാം.
രണ്ടു വയസ്സിന് ശേഷമാണ് അവന്റെ കമ്യൂണിക്കേഷൻ പ്രശ്നങ്ങൾ ശ്രദ്ധിച്ചത്. ആ അവസ്ഥ ‘ഓട്ടിസം സ്പെക്ട്രം ഡിസോർഡറി’ന്റെ പരിധിയിൽപ്പെടുന്ന കാര്യങ്ങളെന്ന അറിവും അവിചാരിതമായിരുന്നു. ഞാൻ അടിസ്ഥാനപരമായി അമ്മമനസ്സാണ്, മറ്റൊന്നുമല്ല എന്ന് മനസിലാക്കിത്തന്നത് എന്റെ കുഞ്ഞാണ്. എല്ലാ കരിയർ സ്വപ്നങ്ങളും അവനു വേണ്ടി മാറ്റി വച്ചു. കുട്ടിയെ ജോലിക്കാരെ ഏൽപ്പിച്ച് സ്വയം സെറ്റിലാകാൻ കഴിഞ്ഞില്ല. തീയിലും മഴയിലും വെയിലിലും അവന്റെ കുഞ്ഞിക്കൈ പിടിച്ച് നടന്നു. അവനു വാരിക്കൊടുക്കുമ്പോൾ എന്റെ വയർ നിറഞ്ഞു. അഞ്ചു വയസ്സു വരെ മുലപ്പാൽ കൊടുത്തു. സ്കൂൾ വരാന്തകളിൽ ഇരുന്നു. തെറാപ്പി സെന്ററുകൾ, ഡോക്ടർമാർ, സ്കൂളുകൾ, എത്രയോ സ്ഥലങ്ങൾ, മനുഷ്യർ... ഞാനൊരു പ്രതികരണശേഷിയുള്ള സ്ത്രീയായിട്ടും സമൂഹം മാന്യമെന്നു കരുതുന്ന ജോലി ചെയ്യുന്ന ആളായിട്ടും പലതരം അപമാനങ്ങൾ കുട്ടിക്കു വേണ്ടി സഹിച്ചു. മൺതരിയോളം അമർന്നു. ശരീരവും മനസും പലപ്പോഴും തളർന്നു, പുറമേ അതൊന്നും പ്രകടിപ്പിക്കാറില്ല. എന്നെക്കാൾ പ്രിവിലേജുകൾ കുറഞ്ഞ ധാരാളം അമ്മമാരെപ്പറ്റി ചിന്തിക്കുവാനും മനസ്സിലാക്കാനും കഴിഞ്ഞു. ഇപ്പോഴും ഞാൻ എഴുതുന്നതും കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി ശബ്ദം ഉയർത്തി സംസാരിക്കുന്നതും എനിക്കു വേണ്ടി മാത്രമല്ല.
കുട്ടിക്ക് ഇങ്ങനെ ഒരു പ്രശ്നം വരുമ്പോൾ അമ്മയുടെ കരിയറും ജീവിതവും ഇഷ്ടാനിഷ്ടങ്ങളും ഒക്കെ അവിടെ വഴിമുട്ടി നിൽക്കും. അല്ലെങ്കിൽ അതുപോലെ സഹായിക്കാനും ഒപ്പം നിൽക്കാനും കുടുംബം മുഴുവൻ വേണം. എന്റെ കാര്യത്തിൽ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നു. എന്റെ അമ്മ ഏക വരുമാന മാർഗ്ഗമായ അവരുടെ സ്വന്തം തൊഴിൽ വിദ്യാഭ്യാസ സ്ഥാപനം ഉപേക്ഷിച്ച് കൂടെ വന്നു നിന്നു. ഭർത്താവ് വിദേശത്താണ്. എന്നിട്ടും ആ സമയത്ത് എനിക്ക് ജോലിക്ക് തുടർന്നു പോകാൻ തോന്നിയില്ല. കാരണം മോനു മൂന്നു നാലു വയസ്സു കൊണ്ട് തെറപ്പികളും മറ്റും കൊടുത്താൽ ശരിയാകും എന്നാണ് മനസ്സിലായത്. 2006ൽ, സുഹൃത്തുമായി ചേർന്ന് കുന്നംകുളത്ത് സ്വന്തം വക്കീൽ ഓഫിസ് തുടങ്ങിയതാണ്. അത് മിക്കവാറും അടച്ചിട്ടു. പിന്നീടുള്ള ജീവിതം മകനുമായിട്ടായിരുന്നു. തെറപ്പി സെന്ററുകൾ, സ്കൂളുകൾ, ട്രെയിനിങ്ങുകൾ...ഫുൾടൈം അവനൊപ്പം മാത്രം. ഈ സമയത്ത് എന്റെ കരിയറിനെ കുറിച്ചോ, അതിൽ നിലനിന്നാൽ എനിക്കു കിട്ടേണ്ടിയിരുന്ന വലിയ വരുമാനത്തെ കുറിച്ചോ, ഉയർന്ന പദവികളെക്കുറിച്ചോ ഞാൻ ചിന്തിച്ചില്ല. ഇത്തരം ട്രെയിനിങ്ങുകൾക്കും തെറപ്പികൾക്കും ചികിത്സക്കും ധാരാളം പണച്ചിലവുണ്ട്. ഭർത്താവിന് സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നതു കൊണ്ടാണ് ജോലി മാറ്റിവച്ച് എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. പക്ഷേ, എന്റെ അമ്മയ്ക്ക് നഷ്ടപ്പെട്ടത് നാൽപതു വർഷത്തിലേറെയായി വളരെ നല്ല നിലയിൽ നടത്തിവന്ന അവരുടെ സ്ഥാപനമാണ്.

മകന് ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ട് എന്നു മനസ്സിലാക്കിയ നിമിഷത്തെ എങ്ങനെ അതിജീവിച്ചു ?
ആ നിമിഷം, ആ ദിവസങ്ങൾ...എനിക്കോർമ്മിക്കാൻ പോലും വയ്യ. സൈക്കോളജിസ്റ്റിനെ കാണിച്ച ശേഷം അദ്ദേഹം സംശയം പറഞ്ഞ രാത്രി ഉറങ്ങുന്ന കുഞ്ഞിനെ നോക്കി ഒരുപാട് സമയം ഒന്ന് കരയാൻ പോലും കഴിയാതെ എഴുന്നേറ്റിരുന്നു. മകന്റെ മുഖത്തേക്ക് നോക്കി: എന്നെ സംബന്ധിച്ച് ഈ ഭൂമിയിൽ അത്രയും സുന്ദരമായ വേറൊന്നുമില്ല. ഏറ്റവും ദൈവികമായ അനുഭവമാണ് കുഞ്ഞ്. അവന് കാഴ്ചയിൽ ഒന്നുമില്ല. ബുദ്ധിക്ക് കുറവുണ്ടെന്ന് തോന്നിയിട്ടുമില്ല. പിന്നെ എന്താണ് പ്രശ്നം ? ഈ അവസ്ഥ എന്താണെന്ന് അറിയാൻ ഗൂഗിളിൽ ധാരാളം തിരഞ്ഞു. യൂട്യൂബ് ചാനലുകൾ നോക്കി. മരുന്നുകൾ ഇല്ല എന്നും ഫലപ്രദമായ ചികിത്സ ഇല്ല എന്നും മനസ്സിലായി. പൂർണമായി ആരും മുക്തരായിട്ടില്ല എന്നു ഞെട്ടലോടെ വായിച്ചു. പക്ഷേ ട്രെയിനിങ്ങുകൾ കൊണ്ടും തെറപ്പികൾ കൊണ്ടും ഭാഗ്യം കൊണ്ടുമൊക്കെ രക്ഷപ്പെട്ട കുട്ടികളുണ്ട്. അതിൽ ഓരോ കുട്ടിയുടെയും അവസ്ഥ വ്യത്യസ്തമാണ്. ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല. ചെറുപ്പത്തിലേ ഏകാന്തമനസ്ക ആയ എനിക്ക് വിഷാദത്തിന്റെ പല പല അവസ്ഥകൾ അറിയാം. ആദ്യത്തെ കുഞ്ഞു നഷ്ടപ്പെട്ടപ്പോൾ പാനിക് അറ്റാക്കും ഹൈപ്പോക്കൊണ്ട്രിയയും (hypochondria) ഉണ്ടായി. അതിൽ നിന്നു രക്ഷപ്പെട്ടത് അതികഠിനമായ സ്വപ്രയത്നം കൊണ്ട് മാത്രമാണ്.
ആദ്യത്തെ കുഞ്ഞ് ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ടതിനു ശേഷം എനിക്ക് മാനസികമായ തീവ്രപ്രശ്നങ്ങൾ ഉണ്ടായി. ചികിത്സ തേടി സൈക്യാട്രിസ്റ്റിനെയും സൈക്കോളജിസ്റ്റിനെയും കണ്ടു. ശരീരം പോലെ മനസ്സും ചികിത്സ വേണ്ടതാണെന്ന വസ്തുതയ്ക്കൊപ്പം അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും നമ്മുടെ സമൂഹത്തിലുണ്ട്.
വക്കീൽ ഓഫീസിൽ പോകുമ്പോൾ കക്ഷികളുമായി കൺസൾട്ട് ചെയ്തിരിക്കുമ്പോൾ, കോടതിയിൽ എന്തെങ്കിലും പറയുമ്പോൾ, ഏതെങ്കിലും വിവാഹത്തിനു പോകുമ്പോൾ, ഫങ്ഷനുകൾക്ക് പോകുമ്പോൾ, പെട്ടെന്നു നെഞ്ചിടിപ്പു കൂടും. മറ്റുള്ളവർക്ക് മനസ്സിലാകില്ല. അത് അവരുടെ ശ്രദ്ധയിൽ വരാതെ, ഭാവ വ്യതിയാനങ്ങൾ കാണിക്കാതെ പിടിച്ചു നിൽക്കേണ്ട അവസ്ഥ വളരെ വലുതാണ്. വിചാരിക്കാത്ത അവസ്ഥയിൽ പാനിക്ക് അറ്റാക്ക് വരും. ഏതെങ്കിലും രോഗലക്ഷണം വായിച്ചാൽ, അതല്ലെങ്കിൽ എന്തെങ്കിലും കണ്ടാൽ ആ രോഗലക്ഷണങ്ങൾ ശരീരം കാണിക്കും. ഇത്തരം മാനസിക സങ്കീർണതകൾ യോഗ, മെഡിറ്റേഷൻ, ആത്മീയ വായനകൾ, അതിസമർത്ഥനായ രഘുനന്ദൻ എന്ന സൈക്കോളജിസ്റ്റിന്റെ ഉപദേശങ്ങൾ എന്നിവയാൽ ഞാൻ എന്നന്നേക്കുമായി പറിച്ചെറിഞ്ഞു. എന്റെ ‘സ്വപ്നമെഴുത്തുകാരി’ എന്ന പുസ്തകത്തിലെ ‘നട്ടുച്ചയുടെ രഹസ്യം’ എന്ന കഥയിൽ ഈ സൈക്കോളജിസ്റ്റിനെ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നെ അത്തരം അവസ്ഥകൾക്ക് വിട്ടുകൊടുത്താൽ ജീവിതം പരിതാപകരമായിരിക്കുമെന്ന് ഞാൻ സ്വയം മനസ്സിലാക്കി. ഏത് അവസ്ഥയിലും സന്തോഷകരമായി, സമാധാനത്തിൽ മുന്നോട്ടു പോണം. ചില്ലറ റിലാക്സേഷൻ മെത്തേഡുകളും ഉപബോധമനസിന്റെ ശക്തിയും ഒക്കെ എനിക്ക് ധാരണയുണ്ടായിരുന്നു. എന്തുവന്നാലും തോറ്റു പോകുന്നവർക്കുള്ളതല്ല ജീവിതം എന്ന പാഠം എന്നെ വീട്ടിൽ നിന്ന് പഠിപ്പിച്ചത് അച്ഛനമ്മമാരാണ്. ‘പ്രതിബന്ധമാണ് എനിക്ക് ആത്മശക്തി’ എന്ന് പപ്പ എപ്പോഴും പറഞ്ഞിരുന്നു. കുട്ടിയുടെ വിഷയത്തിലൊഴികെ, പ്രതിബന്ധം വരുന്ന സന്ദർഭങ്ങളിൽ എനിക്ക് എപ്പോഴും ഒരുപാട് ശക്തി സ്വയം കിട്ടുന്നതായി തോന്നാറുണ്ട്. ആ നിമിഷത്തെ അഭിമുഖീകരിക്കുമ്പോൾ എനിക്കൊപ്പം വീട്ടുകാരും കൂട്ടുകാരും ഉണ്ടായിരുന്നു.
ഈ കപട ലോകത്തിനൊപ്പം ജീവിച്ച് ചില കാര്യങ്ങൾ ചെയ്യാൻ ഇത്തരം കുട്ടികൾക്ക് ചില പരിമിതികൾ ഉണ്ട്. മകൻ എഴുതാനോ വായിക്കാനോ പഠിക്കാനോ വരയ്ക്കാനോ അത്ര താൽപര്യം കാണിക്കുന്നില്ല. പക്ഷേ, അവന് ഓരോന്ന് നിർമ്മിക്കാൻ ഇഷ്ടമാണ്, സ്പോർട്സ് ഇഷ്ടമാണ്, ഡാൻസ് ഇഷ്ടമാണ്. അവന്റെ താൽപര്യം മനസ്സിലാക്കി അവനെ സ്വയം പര്യാപ്തനാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അവന് ഒരുപാട് മാറ്റങ്ങൾ പ്രായത്തിനനുസരിച്ചുണ്ട്. പക്ഷേ, സംസാരം കുറവാണ് എന്നതാണ് പ്രശ്നമായിട്ടുള്ളത്.
മകനു വേണ്ടി മാറ്റിവച്ച പോയ കാലം സ്മിതയെ എങ്ങനെയൊക്കെ പുതുക്കിപ്പണിതു ?
മകനുവേണ്ടി മാറ്റിവച്ച കാലഘട്ടത്തിലാണ് സത്യത്തിലുള്ള ഞാൻ ജനിച്ചത്. ജനിതകമായി ഉള്ളിലുണ്ടായിരുന്നിരിക്കാമെങ്കിലും, മകനാണ് ലോകത്തെ ആഴത്തിലും അഗാധതയിലും അമ്മത്തത്തിലും കാരുണ്യത്തിലും നോക്കിക്കാണാൻ പഠിപ്പിച്ചത്. ഒരുപാട് ഗൗരവ പ്രകൃതിയും ജാഡക്കാരിയുമായിരുന്ന എന്നെ അതൊന്നുമല്ല ജീവിതം എന്നു മനസ്സിലാക്കി കുറച്ചു കൂടി ലളിതമായി, സ്നേഹത്തിൽ, മനുഷ്യരെയും ബന്ധങ്ങളെയും സ്വീകരിക്കാൻ പഠിപ്പിച്ചത് അവനുമായുള്ള ജീവിതം തന്ന ഉൾക്കാഴ്ചയാണ്. എങ്കിൽപോലും ഈ പ്രായത്തിലും ധാരാളം കുറവുകളും ലോകത്തിനു ചേരാത്ത കാഴ്ചപ്പാടുകളും വഴികളും അപക്വതകളും മുൻകോപവും എടുത്തുചാട്ടവും ഒക്കെയുള്ള ഒരു സാധാരണ സ്ത്രീയാണ് ഞാൻ. ചില വിചിത്രഫോബിയകൾ ഒഴിച്ചാൽ സ്നേഹത്തെ മാത്രമേ ഭയമുള്ളൂ. അവിടെ മാത്രമേ തലകുനിച്ചു നിൽക്കാനും അഹന്തക്ക് സാധിക്കുകയുള്ളൂ. സ്വയം നിലനിൽക്കാൻ എഴുത്ത് മാത്രമാണ് സഹായിച്ചത്. സ്കൂൾ – കോളജ് കലോത്സവങ്ങളിൽ എഴുത്തു മത്സരങ്ങളിൽ സ്ഥിരം വിജയി ആയിരുന്നു. ഒരിക്കലും എഴുതില്ല എന്നാണ് കരുതിയത്. അച്ഛൻ എന്റെ വിവാഹ തലേന്ന് രാത്രിയിൽ എന്നോട് പറഞ്ഞത്, ‘മോൾ ഒരു മജിസ്ട്രേറ്റോ എഴുത്തുകാരിയോ ആകണമെന്ന് പപ്പയ്ക്ക് ആഗ്രഹമുണ്ടായിരുന്നു, ഏതെങ്കിലും ഒന്ന് നടന്നാൽ മതി എന്നേയുള്ളൂ’ എന്നാണ്. എനിക്ക് മജിസ്ട്രേറ്റ് ആവുമെന്ന് ഉറപ്പായിരുന്നു. അതേ ഉറപ്പായിരുന്നു എന്റെ ഉള്ളിലെ നിലയില്ലാത്ത സ്വപ്ന ജീവിയെ ലോകത്തിനു മുന്നിൽ വെളിച്ചപ്പെടുത്തുന്ന എഴുത്ത് ഞാനൊരിക്കലും പുറത്തെടുക്കില്ല എന്നുള്ളതും. പക്ഷേ, എന്തിനെയാണോ ഞാൻ അവഗണിച്ചത്, മാറ്റി നിർത്തിയത്, അതേ എഴുത്ത് എനിക്ക് ജീവിതത്തിന് ഒരുപാട് പ്രതീക്ഷകൾ തന്നു. ഇന്ന് ഒരു ജുഡീഷ്യൽ സർവീസിൽ ഇരിക്കുകയാണെങ്കിൽ ഇത്രമാത്രം ആളുകളുടെ സ്നേഹം അനുഭവിക്കാനോ ഉള്ളിലുള്ള മറ്റൊരു ലോകത്തെ ഉപാധികൾ ഇല്ലാതെ പുറത്ത് കാണിക്കാനോ സാധിക്കുമായിരുന്നില്ല. ഇന്നത്തെ അവസ്ഥയിൽ ഞാൻ ഏറെ സന്തോഷവതിയാണ്. പപ്പ ഇന്ന് ഉണ്ടായിരുന്നെങ്കിൽ, ഞാൻ എഴുതിയതൊക്കെ കണ്ട് എന്തുമാത്രം സന്തോഷിച്ചേനെ എന്നോർക്കും. പ്രതിസന്ധിയുടെ നിമിഷങ്ങളിൽ എനിക്ക് തുണയായത് ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതിയവ മാത്രമാണ്. അത് ഞാൻ സ്വപ്നം കാണാത്തത്ര വലിയ സ്നേഹങ്ങളും അംഗീകാരങ്ങളും ആദരവുകളും വേദികളും നാട്ടിലും വിദേശത്തും എമ്പാടും സമ്മാനിച്ചു. ധാരാളം എഴുത്തുകാരുള്ള, പുസ്തകങ്ങൾ ഇറങ്ങുന്ന ഇക്കാലത്തും ഞാൻ എന്തെങ്കിലും എഴുതിയാൽ വായിക്കുവാൻ തേടിവരുന്ന എന്റെ എഴുത്തുകൾ കാത്തിരിക്കുന്ന എന്നെക്കാൾ മികച്ച, പ്രബുദ്ധരായ ഒരു കൂട്ടം വായനക്കാർ എനിക്ക് സ്വന്തമായി ഉണ്ട് എന്നുള്ളത് ഏറ്റവും വലിയ അനുഗ്രഹമാണ്. വിഷാദത്തെ കൂട്ടുപിടിച്ചിരുന്നില്ല. ആന്തരിക വിഷാദം സൃഷ്ടികളായി വന്നു. ജീവിതത്തിൽ നിന്ന് അതിനെ മനപ്പൂർവം മാറ്റിനിർത്തി. സന്തോഷം തരുന്ന ബന്ധങ്ങളെ ചേർത്തുനിർത്തി സ്വയം ഒരു ലോകം സൃഷ്ടിച്ചെടുത്തു. അങ്ങോട്ടേക്ക് പലയിടത്തു നിന്നും ധാരാളം മനുഷ്യർ വന്നു. അവരൊക്കെ എന്നെയും കുഞ്ഞിനെയും ചേർത്തു പിടിച്ചു. കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ പല മാതാപിതാക്കളും തുറന്നു പറയുകയില്ല. കാരണം കുട്ടിയെ എന്തെങ്കിലും കുറവുള്ളവരായി സമൂഹം കരുതും, അത് കുഞ്ഞിന്റെ ഭാവിക്ക് ദോഷമാണ്. തന്നെയുമല്ല, എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ള കുട്ടിയുടെ അച്ഛനമ്മമാരെ സമൂഹം മരണത്തിനപ്പുറമുള്ള ഭീകരമായ സഹതാപത്തോടെയാണ് കാണുന്നത്. ഇതൊക്കെ കൊണ്ടാണ് പല മാതാപിതാക്കളും ഇത്തരം പ്രശ്നങ്ങൾ ഒളിച്ചു വയ്ക്കുന്നത്. പക്ഷേ അത് കുട്ടിയുടെ ഭാവിയിൽ കൂടുതൽ ദുരന്തങ്ങൾക്കും അപകടങ്ങൾക്കും മാത്രമേ ഇടയാക്കുകയുള്ളൂ.
കുറവുകൾ എല്ലാ മനുഷ്യർക്കും ഉണ്ട്. ആരും ഉള്ളിൽ തൃപ്തരല്ല. നമ്മൾ പുറമേ കാണുന്ന കാഴ്ച അല്ല ഒരാളുടെ ജീവിതം. ഓടി നടക്കുന്നവർ വീഴുന്നു. സ്വത്ത് സമ്പാദിച്ചു വച്ചവർ അത് ഉപേക്ഷിച്ചു മരിച്ചു പോകുന്നു. എന്റെ അടുത്ത സുഹൃത്തായ ഒരാളുമായി ഒരുമിച്ചാണ് ഞങ്ങൾ മജിസ്ട്രേറ്റ് ടെസ്റ്റിന് പഠിച്ചത്. വളരെ ആഗ്രഹത്തോടെ അദ്ദേഹം പരീക്ഷ എഴുതി ജയിച്ചു, ജുഡീഷ്യൽ ഓഫീസർ ആയി. ഉന്നതമായ കുടുംബത്തിൽ നിന്ന് മിടുക്കിയായ പെൺകുട്ടിയെ വിവാഹം ചെയ്തു. ഓമന മക്കൾ ഉണ്ടായി. പക്ഷേ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നു. ജീവിതം എന്നത് ആർക്കും പൂർണമായും സന്തോഷമുള്ളതല്ല. ഉള്ള സമയം സമാധാനത്തോടെ സന്തോഷത്തോടെ ഏത് അവസ്ഥയിലും മുറിവിലൂടെ വെളിച്ചം കണ്ടെത്തി ജീവിക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം.
കുഞ്ഞിനുണ്ടായ ചെറിയ പ്രശ്നങ്ങൾ ഞാൻ സമൂഹത്തോട് തുറന്ന് പറഞ്ഞതും എഴുതിയതും വളരെ വലിയ പ്രശ്നങ്ങൾക്ക് ഇടയായി. ഞാനത് വളരെയേറെ ചിന്തിച്ച് ചെയ്തതാണ്. കാരണം, ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവരുടേതല്ലാത്ത കുറ്റം കൊണ്ടാണെന്ന കൃത്യമായ ബോധവൽക്കരണം ആവശ്യമാണ്. ആരുടെയും ജീവിതത്തിൽ വരാവുന്ന കാര്യമാണിത്. ഇത് ഒളിച്ചു വെയ്ക്കണ്ടതല്ല.
ലക്ഷക്കണക്കിന് കുട്ടികൾക്ക് ഇത്തരം കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങൾ ഇക്കാലത്ത് ഉണ്ട്. ഞാൻ തന്നെ ഒരു ലേഖനം എഴുതിയത് വായിച്ച് പതിനായിരത്തിലേറെ മെസേജുകൾ ജിമെയിലിലും വാട്സാപ്പിലും ഫേസ്ബുക്കിലും വന്ന കാലം ഓർമ്മിക്കുന്നു. ഇതിൽ 99% മാതാപിതാക്കളും കുട്ടിയുടെ പ്രശ്നം പുറംലോകത്തെ അറിയിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഏറ്റവും അജ്ഞത അവിടെയാണ്. മകന്റെ കാര്യം ഞാൻ തുറന്നെഴുതിയ പുസ്തകമാണ് ‘കോട്ടയം ഡയറി’. അതുകൊണ്ട് എന്റെ മകനെ എല്ലാവർക്കും അറിയാം. വായിച്ചും കേട്ടുമറിഞ്ഞ് ലോകമെമ്പാടുമുള്ള എത്രയോ മലയാളി മനുഷ്യരുടെ പ്രിയപ്പെട്ടവനാണവൻ. അവന്റെ സ്കൂൾ അഡ്മിഷൻ പ്രശ്നം ഒക്കെ വന്നപ്പോൾ ഞാൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് മാത്രമേ ഇട്ടുള്ളു. മകനെ അറിയുന്ന പൊതുസമൂഹം അത് ഏറ്റെടുത്തു. മന്ത്രിമാർ ഇടപെട്ടു. പ്രവേശനം നിരസിച്ച ഹെഡ്മാസ്റ്റർ ശിക്ഷാ നടപടികൾ നേരിട്ടു. അത്തരം സോഷ്യൽ സപ്പോർട്ടുകൾ ഒക്കെ കിട്ടാൻ കാരണം മകന്റെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞതു കൊണ്ടാണ്. അതുകൊണ്ട് കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ അപകർഷതാബോധത്തോടെ ഒളിച്ചു വയ്ക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. അതുകൊണ്ടു തന്നെ നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഒന്നും നഷ്ടമാവുകയില്ല. സ്വാതന്ത്ര്യം കൂടുകയുള്ളൂ. എനിക്കിഷ്ടമുള്ള കാര്യങ്ങളൊക്കെ ഞാൻ ചെയ്യുന്നുണ്ട്. ജീവിതം ആയാസകരമാണെങ്കിലും സന്തോഷമുള്ളതാണ്. നാലു പുസ്തകങ്ങൾ ഇറങ്ങി. ചില കഥകളും. നാല് പുസ്തകങ്ങളും ധാരാളം വായിക്കപ്പെടുന്നു. ഇനിയും ചില വലിയ എഴുത്തു പ്രോജക്ടുകൾ മുന്നിലുണ്ട്. മറ്റുള്ള എഴുത്തുകാരെ പോലെ അതിനായി സ്വസ്ഥമായ ഒരു സമയം കണ്ടെത്താൻ ഇല്ലാത്തത് മാത്രമാണ് പ്രശ്നം.
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ കരുത്തോടെ നേരിടാനുള്ള വഴികളേതൊക്കെയായിരുന്നു ?
ഏത് പ്രതിസന്ധികളെയും ഉള്ളിലേക്കു നോക്കി വിലയിരുത്തി സ്വയം നേരിടാറാണ് പതിവ്. മനസ്സിന് ആയാസം വരുന്ന എന്തെങ്കിലുമൊക്കെ വിഷയം വരുമ്പോൾ ഉള്ളിൽ ഒതുക്കുന്നത് ബ്ലഡ് പ്രഷറും അസുഖങ്ങളും ഉണ്ടാക്കും. വിശ്വസ്തരായ കൂട്ടുകാരുണ്ട്, ചിലത് പറഞ്ഞ് കരയാൻ പോലും പറ്റിയവർ. അവരോട് പങ്കുവയ്ക്കും. പിന്നെ ഒറ്റയ്ക്കിരുന്ന് വഴി കാണും. സങ്കടങ്ങൾ വരുമ്പോൾ ഒറ്റയ്ക്കിരിക്കാറാണ് പതിവ്. സ്വയം ശരിയാവും. അതല്ലെങ്കിൽ വല്ലതും എഴുതും. സോഷ്യൽ മീഡിയ ഉള്ളിലെ മുഷിപ്പ് മാറ്റാൻ ഏറ്റവും നല്ല ഇടമാണ്. എഴുത്തിലൊഴികെ പുറമേ റൊമാന്റിക്കല്ലാത്ത എന്റെ ക്രിയേറ്റിവിറ്റിയെയും മനസ്സിനെയും അത് ഉണർത്താറുണ്ട്. ഏറ്റവും നല്ല വഴി അതൊക്കെയാണ്. വളരെ ക്യൂരിയസ് ആയ ആർക്കും താൽപര്യമില്ലാത്ത ചില തരം വായനകൾ ഉണ്ട്. ആ വിഷയങ്ങളൊക്കെ തപ്പിപ്പിടിച്ചു ഗൂഗിൾ ചെയ്ത്, അജ്ഞാതമായ സ്ഥലങ്ങൾ, വിചിത്രങ്ങളായ മനുഷ്യർ ഇതൊക്കെ തേടി നടക്കും. പുസ്തകങ്ങൾ വായിക്കും. അങ്ങനെ സ്വന്തമായി സംരക്ഷിക്കാൻ മനുഷ്യരെ ആശ്രയിക്കാതെ പലതരം വഴികളും അറിയാം. കുഞ്ഞുമൊത്തുള്ള സമയത്തിനിടയിലാണ് ഇതെല്ലാം ചെയ്യുക.
മകനു ചുറ്റും നിറയുന്ന ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും എഴുത്തിൽ സജീവമാകാനുള്ള പ്രേരണ എന്തായിരുന്നു ?
സദാ ഏകാന്തവിഷാദം നിറയുന്ന മനസ്സിനെ പിടിച്ചുനിർത്താൻ മറ്റൊന്നിനും കഴിയുമെന്ന് തോന്നിയില്ല. ഗാർഡനിങ്, കുക്കിങ്, യാത്രകൾ, സൗഹൃദങ്ങൾ, സിനിമ, പൊതുവിടം ഇതൊന്നും വലിയ താല്പര്യം ഉള്ള ആളല്ല ഞാൻ. പുസ്തകങ്ങളാണ് ഏറ്റവും ഇഷ്ടം. പാട്ട് കേൾക്കാൻ മൂഡ് അനുസരിച്ച് ഇഷ്ടമാണ്. എല്ലാവരോടും എല്ലായ്പ്പോഴും സംസാരിക്കാൻ സാധിക്കാറില്ല. ഉള്ളിലെ ലോകമാകട്ടെ വളരെ വിശാലമാണ്. അവിടം തിരക്ക് പിടിച്ചതാണ്. ധാരാളം മനുഷ്യരുണ്ട്, കാടുകൾ ഉണ്ട്, പക്ഷികളുണ്ട്, പ്രണയമുണ്ട്, കണ്ണുതുറന്ന് സ്വപ്നം കാണാറുണ്ട്. അങ്ങനെയുള്ളവർക്ക് എഴുത്തല്ലാതെ മറ്റെന്താണ് സാധിക്കുക

അഭിഭാഷക എന്ന നിലയിലുള്ള കരിയറിലേക്ക് തിരികെയെത്താനുണ്ടായ കാരണം ?
കുന്നംകുളത്ത് സ്വന്തമായി ഓഫീസ് 2006ൽ തുടങ്ങിയതാണ്. അങ്ങോട്ടേക്ക് അധികം എത്താൻ പലപ്പോഴും സാധിക്കുകയില്ല. ഒരു അഭിഭാഷകയുടെ ജോലി എന്നു വച്ചാൽ ഏറ്റവും ഉത്തരവാദിത്വമുള്ളതാണ്. എന്നെ സംബന്ധിച്ച് കുഞ്ഞിന്റെ കാര്യങ്ങൾ മറ്റാരെയും മാക്സിമം ഏൽപ്പിക്കാൻ താല്പര്യമില്ല. അമ്മ കൂടെയുണ്ട്, ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ഒരു കെയർടേക്കറെ തൽക്കാലം വയ്ക്കാൻ ആഗ്രഹമില്ല. ആ സ്ഥിതിക്ക് അവന്റെ മാക്സിമം കാര്യങ്ങളും ഞാൻ ഒറ്റക്കാണ് ചെയ്യുന്നത്. കോടതിയിൽ പോയിരിക്കുകയും കേസുകൾ നോക്കുകയും ചെയ്യുന്ന ഒരു വക്കീലിന് പെട്ടെന്ന് വിടുതൽ സാധിക്കുകയില്ല. അതുകൊണ്ട് പ്രാക്ടീസ് കുറച്ചു. എന്നിരുന്നാലും ഞാൻ വക്കീൽ കുപ്പായം ഇട്ടു കാണാൻ ഏറ്റവും ആഗ്രഹിക്കുന്നവർ ഭർത്താവും അമ്മയുമാണ്.
അമ്മയെന്ന നിലയിൽ സമാന സാഹചര്യങ്ങളിലൂടെ കടന്നു വരുന്ന അമ്മമാരോട് പറയാനുള്ളതെന്താണ് ?
എനിക്ക് എല്ലായ്പ്പോഴും പറയാനുള്ളത്, കുഞ്ഞിന് ഇങ്ങനെ ഒരു പ്രശ്നം വരുമ്പോൾ അമ്മയുടെ ജീവിതമാണ്, കരിയർ ആണ് പ്രശ്നത്തിലാവുന്നത്. കുടുംബം ഒന്നടങ്കം ഒപ്പം നിൽക്കണം. പല സ്ത്രീകൾക്കും കുടുംബത്തിന്റെ സപ്പോർട്ട് ഇല്ല. സാമ്പത്തികമായ സ്വാതന്ത്ര്യമില്ല. പലതരം വിഷമങ്ങൾ അനുഭവിക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. പലർക്കും അതൊക്കെ പുറത്തു പറയാൻ മടിയാണ്. അതികഠിനമായ ഡിപ്രഷൻ പലർക്കും ഉണ്ട്. അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് അറിയില്ല. കാരണം സ്വന്തം കുഞ്ഞാണ് ജീവിതത്തിൽ ഒരു മനുഷ്യന്റെ ഏറ്റവും വലിയ പ്രതീക്ഷ. അങ്ങനെയുള്ള സ്വന്തം കുഞ്ഞിന് ശാരീരികമോ മാനസികമോവായ, പരിഹരിക്കാനാവാത്ത വെല്ലുവിളികൾ ഉണ്ടെന്നറിയുന്നത് എത്ര കഠിനമാണ് ? പ്രതിവിധി ഒന്നേയുള്ളൂ, സമചിത്തത കൈവിടാതെ ഇരിക്കുക. മറ്റുള്ളവരുടെ മുൻവിധികളോ അഭിപ്രായങ്ങളോ കേട്ട് തളർന്നു പോകാതിരിക്കുക. നമ്മളെ സമാധാനപ്പെടുത്തുന്ന, ആശ്രയിക്കാവുന്ന മനുഷ്യരെയും ബന്ധങ്ങളെയും മാത്രം കൂടെ കൊണ്ടു നടക്കുക.
അമ്മ എന്ന നിലയിൽ സ്മിത കടന്നു വന്ന പോരാട്ടങ്ങളെ, പാതകളെ മനസ്സിലാക്കാതെ എഴുത്തുകാരി എന്ന നിലയിൽ മാത്രം നോക്കിക്കാണുന്നവരുമുണ്ട് ?
പല മനുഷ്യരും, എഴുത്ത് രംഗത്തും വ്യക്തിജീവിതത്തിലും എന്നെ ഒരു വിചിത്രജീവി ആയിട്ടാണ് കാണുന്നത്. കാരണം, സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്യുന്ന ഇഷ്ടാനിഷ്ടങ്ങളും തുറന്നടിച്ച അഭിപ്രായങ്ങളും ചിത്രങ്ങളും എല്ലാം എല്ലാ മനുഷ്യർക്കും ഇഷ്ടപ്പെടുന്നതാവില്ല. സോഷ്യൽ മീഡിയ ഒക്കെ ഉപയോഗിക്കുന്നത് കണിശമായ കാഴ്ചപ്പാടോടുകൂടിയാണ്. മെസഞ്ചറിൽ അത്യാവശ്യം കാര്യങ്ങൾ മാത്രമേ സംസാരിക്കാറുള്ളൂ. സോഷ്യൽ മീഡിയയിൽ ആരോടും അമിതമായ അടുപ്പമില്ല. എന്നാൽ അവിടുന്ന് കണ്ടെടുത്ത ചില സൗഹൃദങ്ങളെ, എന്നെ വായിക്കുന്നവരെ, തിരിച്ചറിയുന്നവരെ നിധി പോലെ അങ്ങോട്ട് ചെന്ന് കൂട്ടിപ്പിടിച്ച് സ്നേഹിക്കാറുണ്ട്. സാഹിത്യ സിംഹങ്ങളുടെ ഗുഡ് ലിസ്റ്റിൽ പലപ്പോഴും ഞാൻ ഉണ്ടാവില്ല. അതിനാൽ എനിക്ക് ധാരാളം വായനക്കാർ ഉണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുന്നവരാണ് പലരും. അടുപ്പം ഭാവിച്ച് ചതിച്ച സ്ത്രീ സുഹൃത്തുക്കൾ എഴുത്ത് രംഗത്ത് ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വളരെ കൃത്യമായി ശ്രദ്ധിച്ചാണ് ഇപ്പോൾ സ്ത്രീകളോടും പുരുഷന്മാരോടും ഇടപെടുക. പലരുടെയും വിചാരം ഞാൻ സാരിച്ചിത്രങ്ങളും സെൽഫിയുമിടുന്ന, വളരെ കംഫർട്ട്സോണിൽ കാൽപനിക മനസ്സുമായി ജീവിക്കുന്ന ഒരു സ്ത്രീ ആണെന്നാണ്. പക്ഷേ എനിക്ക് പുരുഷന്മാരിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാവാറില്ല. സ്ത്രീകളാണ് പലപ്പോഴും ബുദ്ധിമുട്ടിച്ചിട്ടുള്ളത്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ എന്തെങ്കിലും കാര്യം കുഞ്ഞിനെക്കുറിച്ചോ എന്നെക്കുറിച്ചോ എഴുതിയിട്ടാലും ഏതെങ്കിലും ഒക്കെ പുസ്തകങ്ങളോ കഥകളോ ഒക്കെ വരികയാണെങ്കിലും ധാരാളം മനുഷ്യർ രണ്ട് കൈയും നീട്ടി സ്വീകരിക്കാറുണ്ടെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പുതുതായി ധാരാളം മനുഷ്യർ വായിച്ച് വരാറുണ്ട് എന്നതൊക്കെ വളരെ വലിയ ലോകം നൽകുന്ന കാരുണ്യമായി തോന്നാറുണ്ട്.
എപ്പോഴും ചിരിക്കുന്ന ഒരാളാണ്, ഈ സന്തോഷത്തിലേക്ക് മനസ്സ് പരുവപ്പെട്ടതെങ്ങനെ ?
ഒരിക്കലുമല്ല. ഫോട്ടോഗ്രാഫർമാർ എടുക്കുന്ന ചിത്രങ്ങളിൽ ഒഴികെ ഞാൻ ചിരിക്കുന്നത് പോലും വിരളമാണ്. എന്റെ ഉള്ളിൽ എന്ത് കണ്ടാലും എന്ത് കേട്ടാലും നർമ്മമാണ് വരിക. ഏറ്റവും അടുത്ത കൂട്ടുകാരോട് ഏറ്റവും ഇഷ്ടപ്പെട്ടവരോട് സംസാരിക്കുന്ന ഭാഷ നർമ്മമാണ്. ആ ഭാഷയാണ്, ആത്മാവിന്റെ ഭാഷയാണ്, കോട്ടയം ഡയറിയിൽ വന്നിട്ടുള്ളത്. സ്വയം അറിയാതെ വരുന്നതാണത്. പക്ഷേ, ചിരിക്കാനും സന്തോഷിക്കാനും വളരെ മടിയുള്ള മുഖവും മാനസികാവസ്ഥയും ആണ് എന്റേത്. എന്റെ അടുത്തിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ, കേൾക്കുമ്പോൾ, പെട്ടെന്ന് പോസിറ്റിവിറ്റി കിട്ടുമെന്ന് പലരും പറയാറുണ്ട് അങ്ങനെയൊരു ഗുഡ് വൈബ് സൂക്ഷിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സുന്ദരമായ സാരിചിത്രം അല്ല ശരിക്കുള്ള ഞാൻ. മാർക്കറ്റിൽ മീൻ മേടിക്കാൻ പോകുന്ന, അടുക്കളപ്പണി ചെയ്യുന്ന, വീട്ടിൽ എമ്പാടും മുടി കെട്ടിവച്ച്, വിയർത്ത മുഖവും മുഷിഞ്ഞ കാൽപാദവുമായി നടക്കുന്ന ഒരു സാധാരണ സ്ത്രീയാണ്. ഇതൊക്കെ മകന് ശേഷമാണ്. അതിനു മുൻപ് എല്ലാ മാസവും ഡ്രസ്സുകൾ വാങ്ങുന്ന, ബ്യൂട്ടി പാർലറുകളിൽ പോകുന്ന, സ്വന്തം ഡയറ്റ് കൃത്യമായ ശ്രദ്ധിക്കുന്ന, സ്വന്തം സന്തോഷങ്ങൾ മാത്രം ശ്രദ്ധിക്കുന്ന, വളരെ സ്വാർത്ഥയായ ജാഡക്കാരിയായ മറ്റൊരാളും. ജീവിതത്തിൽ ഒരു സന്ദർഭത്തിലും എപ്പോഴും ചിരിച്ചു നടന്നിട്ടില്ല. ചിരിക്കാൻ സാധിക്കാറില്ല. ആന്തരികമായ മറ്റൊരു ലോകമുണ്ട്. ഞാൻ ഇവിടെ വന്നിരിക്കുന്നത്, ഈ ഗ്രഹത്തിൽ വന്നിരിക്കുന്നത്, നഷ്ടപ്പെട്ടത് എന്തിനെയോ തേടിയാണ് എന്ന് തോന്നലാണ് ഇപ്പോഴും. അത് എന്താണെന്ന് വ്യക്തമല്ല. ആരാണെന്ന് വ്യക്തമല്ല. അതൊരു സാധനമാണോ മനുഷ്യനാണോ എന്നറിയില്ല. അങ്ങനെയൊരു ആന്തൽനൊമ്പരം മനസ്സിൽ കൊണ്ടു നടക്കുന്ന ഒരുത്തിക്ക് എങ്ങനെ ഇവിടെ ചിരിക്കാൻ കഴിയും ? ഈ വികാരങ്ങൾ എഴുത്തിലേക്ക് പകർത്തുകയല്ലാതെ....