Thursday 22 April 2021 12:39 PM IST

‘എന്റെ മുത്തശ്ശൻ ഒരു മീൻ പിടുത്തക്കാരനായിരുന്നു, അദ്ദേഹം തന്നതാണ് ഭ്രാന്തമായ ഈ പ്രകൃതി പ്രണയം’! ഒരു സമാന്തര മുഷ്യന്റെ കാവ്യജീവിതം

V.G. Nakul

Sub- Editor

b1

പുഴയെ ചെന്നു തൊടാതെ ഒന്നും ഒരു വാക്കും എഴുതാത്ത ഒരു കവിയെപ്പറ്റിയാണ് പറയുന്നത്. മഴയും വേനലും മഞ്ഞും എല്ലാം പുഴയുടെ ഉന്മാദവുമായി ചേർത്തു വച്ച് ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന ബിജോയ് ചന്ദ്രനെക്കുറിച്ച്. മലയാള കവിതയുടെ വായനക്കാർക്ക് ബിജോയ് സുപരിചിതനാണ്. മുഖ്യധാരാ മലയാള കവിതയിൽ സജീവ സാന്നിധ്യം. എന്നാൽ മുഖ്യധാര എന്ന വാക്കിനോടും ആ വിശേഷണത്തോടും ബിജോയ് വിയോജിക്കും. താനൊരു സമാന്തര മനുഷ്യനാണെന്നു പറയും. സമാന്തര മേഖലയിലെ അധ്യാപകൻ, സമാന്തര മാസികയുടെ എഡിറ്റർ, ജീവിതത്തിന്റെ സമാന്തര ധാരയെക്കുറിച്ചും അവയുടെ വിവിധ തലങ്ങളെക്കുറിച്ചും തുടർച്ചയായി എഴുതുന്ന കവി എന്നിങ്ങനെ വിശേഷണങ്ങൾ പലതാണ് ബിജോയ്ക്ക്. അതിനൊക്കെയപ്പുറം പ്രകൃതിയാണ് ഈ മനുഷ്യന്റെ ‘ജീവൻ ടോൺ’. പ്രകൃതിയെത്തൊടാതെ, പുഴയെക്കുറിച്ചും മഴയെക്കുറിച്ചും വർണിക്കാതെ തന്റെ എഴുത്തുകളൊന്നും പൂർത്തിയാകുന്നില്ലെന്നാണ് ബിജോയ് പറയുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച ബിജോയ്‌യുടെ ‘ആദി’ എന്ന കവിതസമാഹാരത്തിലെ മിക്കവാറും കവിതകൾ പുഴയുടെ ആഴങ്ങളും അനക്കങ്ങളും നിറഞ്ഞവയാണ്.

‘‘പുഴയെ നോക്കി ഇരുന്ന ഒരു വൈകുന്നേരം, കണ്‍മുന്നിൽ നിന്നും പെട്ടെന്നൊരു വലിയ മീൻ തെന്നിമാറി നീന്തിപ്പോയി. പുഴ തന്നെ ഒരു വലിയ മീൻ ആണെന്നു അപ്പോൾ തോന്നി. അങ്ങനെ ഉണ്ടായ കവിത ആണ് പുഴമീൻ. എനിക്ക് ജീവിതത്തിലെ ചെറിയ ആഹ്ലാദങ്ങൾ, അതുപോലെ തന്നെ ദുഖങ്ങളും വിസ്മയങ്ങളും എല്ലാം തരുന്നത് എന്റെ പുഴയാണ്. പുഴ ഇല്ലാത്ത എഴുത്ത് കുറവ് എനിക്ക്. പുഴമീൻ, അനിശ്ചിതം, ചൂണ്ടക്കാരൻ, മണൽപുഴ, മുരിങ്ങപ്പൂവുകൾ, ചൂണ്ടയിടുന്നത് കണ്ടുനിൽക്കുമ്പോൾ തുടങ്ങി ഈ അടുത്തു വന്ന പുഴയിൽ പുലർച്ചയ്ക്ക് എന്ന കവിത വരെ പുഴയിൽ നിന്നും മുങ്ങിയെടുത്തവ ആണെന്നു പറയാം’’. – ബിജോയ് പറയുന്നു.

മുവാറ്റുപുഴ സ്വദേശിയാണ് ബിജോയ്. കെമിസ്ട്രിയിൽ ബിരുദവും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം 1995മുതൽ സമാന്തര മേഖലയിലെ അധ്യാപകനായി ജോലി ചെയ്യുന്നു. കാവൽ, വിലാസമില്ലാത്ത ഒരു കത്ത്, പോസ്റ്റുമാൻ വരാത്ത ദിവസങ്ങൾ, നിലപ്പന, തുമ്പിപിടിത്തം, പകൽ നടക്കാനിറങ്ങുന്ന ഇരുട്ട്, ആദി എന്നിവ ബിജോയ്‌യുടെ ശ്രദ്ധേയ പുസ്തകങ്ങളാണ്.

b2

പുഴ തന്ന അനുഭവങ്ങൾ

പുഴയുടെ ഋതുഭേദങ്ങൾ തന്നതാണ് എന്റെ അനുഭവങ്ങളിൽ മുഖ്യപങ്കും. വേനലിൽ മണൽപുതപ്പ് വാരി പുതയ്ക്കുന്ന പുഴ, കണ്ണീർചാലു പോലെ അവൾ മെലിയുന്നു അപ്പോൾ. മഴക്കാലത്തു പടവുകൾ എണ്ണി കയറിവരുന്ന രുദ്രയായ പുഴ. അവൾ നടവഴികളിലേക്കും നഗരത്തിലേയ്ക്കും വീട്ടകങ്ങളിലേക്കും കടന്നുവന്നു വിശേഷങ്ങൾ തിരക്കും. അറിയാതെ എങ്കിലും അങ്ങനെ അവൾ വലിയ ദുരിതങ്ങൾ തന്നു പോകും. എങ്കിലും പുഴയെ നോക്കി ഇരിക്കാത്ത, പുഴയിൽ ഇറങ്ങാത്ത, ഒരു കുമ്പിൾ തെളിനീര് കൊണ്ടു മുഖം കഴുകാത്ത ദിവസങ്ങൾ എനിക്ക് കുറവ്.

പുഴയെ തൊട്ടിരിക്കുമ്പോൾ ഉണ്ടായവയാണ് എന്റെ ഒട്ടുമിക്ക കവിതകളും. ആദിമമായ ഒരു മിടിപ്പ് എന്റെ ഹൃദയത്തിലേക്ക് പകർത്തിവെക്കാൻ പുഴയ്ക്ക് മാത്രം കഴിയുന്നു.

പുഴയിൽ പെയ്യുന്ന മഴയെ ഞാൻ അത്ഭുതത്തോടെ കണ്ടറിഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് നിന്നു അവളോടൊപ്പം മഴ കൊണ്ടിട്ടുണ്ട്. ‘പകൽ നടക്കാനിറങ്ങുന്ന ഇരുട്ട്’ എന്ന എന്റെ ഓർമകളുടെ പുസ്തകത്തിൽ ആ അനുഭവം ഞാൻ എഴുതിയിട്ടുണ്ട്. ഒരുപാതി പുഴ തന്നു എനിക്ക് എന്റെ അനുഭവരാശി. മറുപാതി കുന്നുകൾ നിറഞ്ഞ പാമ്പാക്കുട എന്ന എന്റെ ഗ്രാമവും. ഈ പുഴ പാമ്പാക്കുടയെ തൊടുന്നില്ല, എങ്കിലും അകലെക്കൂടി നോക്കി കണ്ട് ഒഴുകിപ്പോകുന്ന ഒരു പ്രണയ ബാന്ധവമാണ് എന്നിലെ പുഴയ്ക്ക് ആ ഗ്രാമവുമായി എന്നും.

b3

പ്രകൃതിയാണ് ദൈവം

എന്റെ മുത്തശ്ശൻ ഒരു വലിയ മീൻ പിടുത്തക്കാരൻ ആയിരുന്നു. പ്രകൃതിയാണ് ദൈവം എന്നു മുത്തശ്ശൻ എന്നെ പഠിപ്പിച്ചു. മുത്തശ്ശനോടൊപ്പം മീൻ പിടിച്ചു നടന്ന കർക്കിടക രാവുകൾ തന്നതാണ് എന്റെ ഭ്രാന്തമായ പ്രകൃതി പ്രണയം. ഇപ്പോഴും ഞാൻ പ്രകൃതിയോടൊത്ത്, അതിന്റെ അനക്കങ്ങളോടൊത്ത് മറ്റേതൊരു ജീവിയെയും പോലെ ഇതിലെ നടക്കുന്നു.പുഴയിൽ ചൂണ്ടയിടുന്നത് പതിവാണ് ഇപ്പോഴും. കിട്ടുന്ന മീനുകളെക്കാൾ പുഴയോട് കൂട്ട് കൂടി നിൽക്കാനുള്ള തിടുക്കം ആണ് എന്നിലെ ചൂണ്ടക്കാരനെ എന്നും അവിടെ എത്തിക്കുന്നത്.

‘ചൂണ്ടക്കാരനെ പുഴയെപ്പോഴും പ്രതിമയാക്കും...’ മണ്ണിൽ ചവിട്ടിനിൽക്കാതെ നമുക്ക് ഭൂമിയിൽ ജീവിതമില്ല എന്ന് പുഴ എന്നെ പഠിപ്പിക്കുന്നു. ‘മണ്ണിര’ എന്ന കവിത ഇതേപ്പറ്റിയാണ്. എനിക്ക് പുഴ ഒരിക്കലും എഴുതിത്തീരാത്ത ഒരു കവിത തന്നെയാണ്. എന്നിലൂടെ ഒഴുകിപ്പോകുന്ന ജഗൽ പ്രാണൻ. അത്‌ അങ്ങകലെ സമയ സമുദ്രത്തിൽ ലയിക്കും. എല്ലാ എഴുത്തും എല്ലാ സ്വപ്നങ്ങളും മുവാറ്റുപുഴയാറിന്റെ നീരൊഴുക്കുമായി കൈകോർക്കുന്നു ആയതിനാൽ.