Wednesday 05 May 2021 02:56 PM IST

വാതിലില്‍ ചുവന്ന മഷിയിൽ അവളെഴുതിയിരുന്നു, ‘മിസ് യൂ പപ്പാ’... ഒരു നിമിഷം അവരെ വിടേണ്ടിയിരുന്നില്ല എന്നു തോന്നി! കുട്ടികളുടെ പ്രവാസജീവിതം പറഞ്ഞ് ‘ആദി & ആത്മ’

V.G. Nakul

Sub- Editor

rajesh-chithira-1

മലയാളികളുടെ ഗള്‍ഫ് പ്രവാസത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പല കാലങ്ങളിലായി അറബി നാടുകളിലേക്കു ജീവിതം തേടിപ്പോയവരിൽ വിജയികളും പരാജിതരും നിരവധി. അവരിൽ പലരുടെയും കഥകൾ നമ്മളോരോരുത്തരും ധാരാളം കേട്ടിട്ടും വായിച്ചിട്ടുമുള്ളവയാണ്. മലയാള സാഹിത്യത്തിലും പ്രവാസം അതിന്റെ സ്വാധീനമുറപ്പിച്ചിട്ട് കാലങ്ങളേറെയായി. ഒരു ഘട്ടത്തിൽ പ്രവാസകഥകൾ, കവിതകൾ, നോവലുകളെന്നിങ്ങനെ ആ ടാഗിലുള്ള രചനകളും സജീവമായി. എന്നാൽ വിദേശത്തു ജനിച്ചു വളർന്ന്, ഒരു ഘട്ടത്തിൽ സ്വന്തം നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന കുട്ടികളെക്കുറിച്ചോ നാട്ടിലെത്തിയ ശേഷം തീർത്തും വേറിട്ട ഇവിടുത്തെ സാഹചര്യങ്ങളുമായി സമരസപ്പെടേണ്ടി വരുന്ന അവരുടെ മാനസിക നിലയെക്കുറിച്ചോ മലയാള സാഹിത്യത്തിൽ അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. അങ്ങനെയൊരു വിടവു നികത്തുകയാണ് കവിയും കഥാകൃത്തുമായ രാജേഷ് ചിത്തിരയുടെ ആദ്യ നോവൽ ‘ആദി & ആത്മ’.

പ്രവാസിയാണ് രാജേഷ്. തൊഴിലുമായി ബന്ധപ്പെട്ട് ദുബായില്‍ ജീവിക്കുന്നു. കുടുംബവും വർഷങ്ങളോളം ഒപ്പമുണ്ടായിരുന്നു. അടുത്തിടെയാണ് ഭാര്യയും സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺമക്കളും നാട്ടിലേക്കു മടങ്ങിയത്. മക്കൾ നാട്ടിലേക്കു പോയ ശേഷം മനസ്സിൽ വേരുറപ്പിച്ച ചില ചിന്തകളെത്തുടർന്നാണ് രാജേഷ് ഈ ‘കുട്ടിനോവൽ’ എഴുതിത്തുടങ്ങിയത്.

ഉൻമത്തതയുടെ ക്രാഷ് ലാന്റിങ്ങുകൾ, ടെക്വില, ഉളിപ്പേച്ച്, രാജാവിന്റെ വരവും കല്പ മൃഗവും, ജിഗ്സാ പസ്സൽ എന്നിവയാണ് രാജേഷിന്റെ മറ്റു കൃതികൾ

‘‘രണ്ടു കൊല്ലം മുൻപ് ഭാര്യയും മക്കളും പത്തോളം വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ പോയി. അവരെ യാത്രയാക്കി തിരികെ വന്നു മുറി വൃത്തിയാക്കുമ്പോൾ ഞാൻ വാതിലിലെ ഗ്ലാസിൽ ചുവന്ന മഷിയിൽ ഒരു എഴുത്തു കണ്ടു. ഇളയ മകളുടെ കയ്യക്ഷരം. ‘മിസ് യൂ പപ്പാ’. ഒരു നിമിഷം അവരെ നാട്ടിൽ വിടേണ്ടിയിരുന്നില്ല എന്ന് തോന്നി. ആ വർഷം നാട്ടിലിലെത്തിയപ്പോൾ അദ്ധ്യാപകൻ കൂടിയായ സുഹൃത്ത് ചോദിച്ചു, ‘‘മുതിർന്നവരുടെ പ്രവാസ ജീവിതത്തെ കുറിച്ച് ഞങ്ങൾ ഒരു പാട് വായിച്ചിട്ടുണ്ട്. അവിടെ വളർന്ന കുട്ടികളെ പറ്റി അവർ എന്നെങ്കിലും നാട്ടിൽ വന്നാൽ അവർക്ക് നാടിനെ പറ്റി തോന്നിയേക്കാവുന്ന ചിന്തകളെ പറ്റി ഞങ്ങൾക്ക് ഒന്നും അറിയില്ല. ഒന്ന് എഴുതിക്കൂടെ ?’’. നേരത്തെ തന്നെ എന്റെ മനസ്സിൽ തോന്നിയ ഒരു വിഷയത്തെ പറ്റിയാണ് സുഹൃത്ത് പറഞ്ഞത്. അതാണ് നോവലിലേക്കു നയിച്ച പ്രധാന സ്പാർക്കുകൾ’’. – രാജേഷ് പറയുന്നു.

rajesh-chithira-4

പ്രവാസികളായ കുട്ടികൾ

പൊതുവെ ഗൾഫിൽ , ഇന്ത്യക്ക് പുറത്തു ജീവിക്കുന്ന നമ്മുടെ കുട്ടികളെ പറ്റി ആരും അധികം പറഞ്ഞു കേട്ടിട്ടില്ല, എഴുതിയിട്ടുമില്ല. മാതാപിതാക്കളായ പ്രവാസികളുടെ മാനസികാവസ്ഥയോ ജീവിത രീതിയോ ഭക്ഷണ ക്രമമോ പിന്തുടരുന്നവരല്ല അവരുടെ കുട്ടികൾ. സാങ്കേതികതയുടെ മടിയിലേക്കാണ് അവർ പിറന്നു വീഴുന്നത്. മാതാപിതാക്കളുടെ ആശങ്കകൾ അവരിലേക്ക് അടിച്ചേൽപ്പിക്കപ്പെടുമ്പോഴും തങ്ങളുടേതായ ഒരു ലോകം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് അവർ. ഒരു പക്ഷെ നാട്ടിൽ ജീവിക്കുന്ന തങ്ങളുടെ സമപ്രായക്കാരെക്കാൾ വ്യത്യസ്തമായ അഭിരുചികൾ ഉള്ളവർ.

ആദിയുടെ കഥ ആത്മയുടെയും

ഒഴിവുകാലത്തിനു ശേഷം തിരികെ എത്തിയ ഞാൻ എഴുതാൻ ആരംഭിച്ചു. പത്തു മുതൽ പതിനാറു വയസുവരെ ഉള്ള കുട്ടികൾക്ക് വായിക്കാൻ പറ്റിയ ഒന്നാവണം. അത് പ്രവാസ ലോകത്തെ കുട്ടികൾ മാത്രമല്ല നാട്ടിൽ വളരുന്ന കുട്ടികൾക്കും എന്തെങ്കിലും പുതിയതായി പങ്കു വെയ്ക്കുന്നതാവണം. എഴുതി തുടങ്ങി. രണ്ടു കുട്ടികൾ ആദിയും ആത്മയും. പകരം ആദി & ആത്മ എന്ന് പേരിട്ടു. മറ്റൊരു രാജ്യത്ത് ജീവിക്കുന്നവർ ആയതിനാൽ ‘&’ അവർക്ക് ചേരും . അവർ ദുബായിൽ ജനിച്ചു വളർന്ന ശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് പോവേണ്ടി വരുന്നു. ഇനി നാട്ടിലാണ് അവർക്ക് ജീവിക്കേണ്ടത്. പോവുന്നതിനു മുന്നേ അവർ ചില തയാറെടുപ്പുകൾ നടത്തുന്നു. എങ്ങനെ ആവണം ഇതുവരെ ജീവിച്ച ഇടം തന്ന സൗകര്യങ്ങൾ ഇല്ലാത്ത ഒരിടത്ത് ജീവിക്കേണ്ടി വന്നാൽ അതിനെ അതിജീവിക്കുക. അവർ ഒരു ബക്കറ്റു ലിസ്റ്റ് ഉണ്ടാക്കി. രണ്ടു വർഷങ്ങൾക്ക് ശേഷം നാട്ടിൽ നിന്ന് തിരികെ ദുബായിലേക്ക് യാത്ര പോവേണ്ടി വരുന്ന ആദി തങ്ങൾ കടന്നു വന്ന വഴികൾ ഓർമ്മിച്ചെടുക്കുന്നു. അവന്റെ കുറിപ്പുകളാണ് ആദി & ആത്മ.

rajesh-chithira-6

ആദ്യം വായിച്ചത് മകൾ

ഒരു പക്ഷെ മലയാളത്തിൽ ആദ്യമായാവണം ഇത്തരം ഒരു വിഷയം ഒരു പുസ്തക രൂപത്തിൽ വരുന്നത്. പകുതിയിൽ ഏറെ എഴുതി തീർന്നപ്പോൾ ഞാൻ എഴുതിയ അത്രയും ഭാഗം മകൾക്ക് അയച്ചു കൊടുത്തു. കൗമാരക്കാരിയായ അവൾ വായിച്ച ശേഷം എനിക്ക് മറുപടി അയച്ചു. - ‘അപ്പാ ഇത് ഞാൻ എഴുതിയത് പോലെയുണ്ട്’. എനിക്ക് ആത്മവിശ്വാസമായി. കാരണം ഇത് വായിക്കേണ്ടത് അവളുടെ പ്രായത്തിൽ ഉള്ളവരാണ്. അവളുടെ മനസുള്ള മുതിർന്നവരാണ്. എഴുതി മുഴുവിച്ച ശേഷം ആദിയെയെയും ആത്മയെയും ഒരു സുഹൃത്തിനു വായിക്കാൻ കൊടുത്തു. എന്റെ ഫോണിൽ അവൾ അത് വായിക്കുന്നതും നോക്കി ഞാൻ ആകാംക്ഷയോടെ ഇരുന്നു. ഒരു തിരക്കേറിയ ഫുഡ് കോർട്ടിൽ. അവൾ വായിച്ചു തുടങ്ങി. മുഖം ചുവന്നു. കണ്ണ് നിറഞ്ഞു. ഇടയ്ക്ക് വായന നിർത്തിയ അവൾ പറഞ്ഞു– ‘ഒരു പ്രവാസിയായ അമ്മ എന്ന നിലയിൽ ഞാൻ കടന്നു പോയ ജീവിതമാണ് ഇത്. ഇനി മുന്നോട്ട് ഇപ്പോൾ വായിക്കുന്നില്ല. പുസ്തകമായ ശേഷം ഒറ്റയ്ക്ക് ഇരുന്ന വായിച്ചോളാം ഞാൻ’.

പൊതുവായി ചിന്തിക്കുന്ന ചിലത്

ആദിയുടെ രണ്ടാം വരവിലാണ് ഗൾഫ് കോവിഡിന്റെ പിടിയിൽ ആവുന്നത്. അച്ഛനൊപ്പം ഒരു ഫ്ലാറ്റിൽ അടച്ചിട്ട അവന്റെ ജീവിതത്തോടെ, ഒടുവിൽ തിരിച്ചു പോവാനാവും എന്ന പ്രതീക്ഷയോടെ ആണ് ആദി അവന്റെ കുറിപ്പുകൾ അവസാനിപ്പിക്കുന്നത്. ആദി & ആത്മ വായിച്ചവരുടെ പ്രതികരണം എന്റെ എല്ലാ ആകാംക്ഷകളെയും ആനന്ദങ്ങളാക്കുന്നു. ലോഗോസ് ആണ് പ്രസാധകർ. ദേശങ്ങളുടെ അതിരുകൾക്ക് അപ്പുറം എല്ലാ മനുഷ്യരും പൊതുവായി ചിന്തിക്കുന്ന ചിലത് വായനക്കാരുമായി പങ്കു വയ്ക്കാൻ ഉള്ള എളിയ ശ്രമമാണ് ഈ പുസ്തകം.