Wednesday 30 June 2021 12:31 PM IST

കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് മീൻ പെറുക്കാൻ പോയ ബാല്യം; കവിതയിൽ തുടങ്ങി നോവലിൽ എത്തി നിൽക്കുന്ന ‘കടൽപ്രേമം’

V.G. Nakul

Sub- Editor

soman-katalur-1

എത്ര കണ്ടാലും വീണ്ടും വീണ്ടും മോഹിപ്പിക്കുന്ന വിസ്മയമാണ് കടൽ. അതിരു കാണാനാകാത്ത നീലപ്പരപ്പിനെ നോക്കി കടൽത്തീരത്തു നിൽക്കുന്നതിനപ്പുറം സന്തോഷവും സമാധാനവും മറ്റെന്തുണ്ടെന്ന് കടൽ പ്രേമികൾ ചോദിക്കും. അതിനുമൊക്കെയെത്രയോ മുകളിലാണ് സോമൻ കടലൂരിന്റെ കടൽപ്രണയം. ‘പേരിനൊപ്പം ഊരായി കടൽ കൊണ്ടു നടക്കുന്നു’ സോമൻ. അധ്യാപകൻ, കവി, ചിത്രകാരൻ, ഗവേഷകൻ എന്നിങ്ങനെ വിശേഷണങ്ങൾ പലതാണ് സോമൻ കടലൂരിന്. പക്ഷേ, അദ്ദേഹത്തിന്റെ ഇത്രകാലത്തെ എഴുത്തു ജീവിതത്തിനിെട ഏറ്റവുമധികം രചനകള്‍ കടലിനെക്കുറിച്ചും കടൽബന്ധിത ജീവിതങ്ങളെക്കുറിച്ചുമാണ്. സോമന്റെ കടൽക്കവിതകളുടെ സമാഹാരമാണ് ‘കനി മീൻ’. കടലിനെ അമ്മയായി കരുതുന്ന കടലോര മക്കളുടെ ജീവിതവും സംസ്ക്കാരവും 4 പുസ്തകത്തിലായി സോമൻ രേഖപ്പെടുത്തിയിരിക്കുന്നു. നിലവിൽ, ഇത്രയധികം ‘കടൽപ്പുസ്തകങ്ങൾ’ മലയാളത്തിൽ മറ്റൊരെഴുത്തുകാരന്റെതായുണ്ടാകില്ല. ഇപ്പോൾ കടൽ പശ്ചാത്തലമാകുന്ന ഒരു നോവലും അദ്ദേഹം എഴുതിപ്പൂർത്തിയാക്കിയിരിക്കുന്നു.

‘‘കടലിന്റെയും കടലോര ജീവിതത്തിന്റെയും പൊലിമയും പലമയും എത്ര പറഞ്ഞാലും തീരില്ല. കടലാചാരങ്ങൾ, കടൽ വിശ്വാസങ്ങൾ, കടലറിവുകൾ, കടൽ വേട്ടയുടെ രീതി ഭേദങ്ങൾ- വൈവിധ്യങ്ങൾ നിറഞ്ഞവയാണ്. ജാതി മത വ്യത്യാസമില്ലാതെ കടലിനെ അമ്മയായി കരുതുന്ന കടലോര മക്കളുടെ ജീവിതവും സംസ്ക്കാരവുമാണ് ഞാൻ നാല് പുസ്തകത്തിലായി ആവിഷ്ക്കരിച്ചത്. ‘കനി മീൻ’ ആണ് ആദ്യ പുസ്തകം. കടൽ കേന്ദ്ര പ്രമേയമായി വരുന്ന 52 കവിതകളാണ് അത്. ഒരു പക്ഷേ മലയാളത്തിലെ ആദ്യത്തെ കടൽക്കവിതാസമാഹാരം. വിപുലമായി വായിക്കപ്പെടുകയും ഒരുപാട് ആസ്വാദകരെ നേടിത്തരികയും ചെയ്ത പുസ്തകം. രണ്ടാമത്തെ പുസ്തകം ‘കടൽ രേഖകള്‍’ ആണ്. കടലറിവുകൾ നിറഞ്ഞ ഈ ഗ്രന്ഥം മസ്യത്തൊഴിലാളികളുടെ കടലനുഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ്. ആഴക്കടലിന്റെയും കടൽത്തീരത്തിന്റെയും മനുഷ്യാവസ്ഥകളെ സൂക്ഷ്മമായി വിവരിക്കുന്ന ഈ പുസ്തകത്തിൽ കടൽമീനുകൾ, കടൽ കാലാവസ്ഥകൾ, കടൽ ജീവികൾ, പ്രവാഹങ്ങൾ, മീൻപിടുത്ത രീതികൾ - അങ്ങനെയുള്ള കാര്യങ്ങളുയായി ബന്ധപ്പെട്ട അസംഖ്യം വിസ്മയം നിറഞ്ഞ അനുഭവവുമായി ആവിഷ്ക്കരിക്കാനുള്ള സഫല ശ്രമം എന്ന് ഈ പുസ്തകം വിലയിരുത്തപ്പെട്ടു.

soman-katalur-4

എഴുതിയാലും എഴുതിയാലും തീരാത്ത കടൽ എന്ന പ്രകൃതി സത്യത്തെ അങ്ങനെ വീണ്ടും ഞാൻ എഴുതിയപ്പോൾ ‘കടലോർമ്മകൾ’ എന്ന മറ്റൊരു പുസ്തകമായി. തീരം തേടിയെത്തുന്ന തിരണ്ടികൾ, കരകാണാക്കടലലമേലേ, കല്ലുമ്മക്കായ പെരുമ, ഞെണ്ട് കറിയുണ്ടെങ്കിൽ രണ്ട് കറി വേണ്ട, മീൻ ചാപ്പകൾ, മത്തിയുടെ പുരാവൃത്തങ്ങൾ തുടങ്ങിയ അധ്യായങ്ങൾ ഈ പുസ്തകത്തിലുണ്ട്. നാലാമത്തെ പുസ്തകം ‘പുള്ളിയൻ’ എന്ന നോവലാണ്. 26 അധ്യായമുള്ള നോവൽ എഴുതിക്കഴിഞ്ഞു. പ്രസിദ്ധീകരിച്ചിട്ടില്ല.

ചിരുകണ്ടൻ എന്ന തിരണ്ടി വേട്ടക്കാരന്റെ കഥയാണ് ‘പുള്ളിയൻ’. ആഴക്കടൽ അനുഭവം മലയാള നോവലിൽ അത്രമേൽ പരിചിതമല്ല. കടലിന്റെ സകല ഭാവരാശികളും ഭാഷയിൽ കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൽ നടത്തിയിരിക്കുന്നത്. അനേകം കഥാപാത്രങ്ങളും അപൂർവമായ കടലനുഭവങ്ങളും നിറഞ്ഞ ഈ നോവലിന്റെ അവസാന മിനുക്കുപണിയിലാണ്. കവിതയിൽ ആരംഭിച്ച് നോവലിൽ എത്തി നിൽക്കുന്ന കടൽ രചന എന്റെ തന്നെ ആത്മകഥയുടെ ഭാഗമായാണ് കാണുന്നത്’’. – സോമൻ ‘ബുക്ക് സ്റ്റോറി’യോട് പറയുന്നു.

soman-katalur-2

കടല്‍ കണ്ടു വളർന്ന ഞാൻ

കോഴിക്കോട് ജില്ലയിൽ തിക്കോടി കടലൂർ കടപ്പുറത്തെ ഒരു സാധാരണ അപ്പർ പ്രൈമറി സ്കൂളിലാണ് ഞാൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൻമുകം കോടിക്കൽ എ.എം.യു.പി.സ്കൂൾ. എന്റെ സഹപാഠികളിൽ ഏതാണ്ട് എല്ലാവരും തന്നെ മത്സ്യത്തൊഴിലാളികളുടെ മക്കളായിരുന്നു. സ്കൂളിൽ നിന്ന് നോക്കിയാൽ കടൽ കാണാം. കടൽക്കാറ്റും കടലിരമ്പവും ക്ലാസിലെത്തും. മീൻ ധാരാളമുണ്ടാകുന്ന ദിവസം കടലിൽ തോണിക്ക് മുകളിലായി പരുന്തുകളുടെ വിളയാട്ടം ജനലിലൂടെ ഞങ്ങൾ നോക്കി നിൽക്കും. ആ ദിവസങ്ങളിൽ ചിലർ ഉച്ചയ്ക്ക് ശേഷം സ്കൂളിൽ നിന്ന് മുങ്ങും. വീട്ടിൽ പോയി കൊട്ടയെടുത്ത് കടപ്പുറത്തു പോയി മീൻ ശേഖരിക്കും. തോണിയിൽ നിന്ന് താഴെ വീഴുന്ന മീനെടുക്കാം. മീൻ കൊട്ട തലയിൽ ചുമക്കുന്നവരുടെ കൊട്ടയിൽ നിന്ന് വീഴുന്ന മീനും കുട്ടികൾക്ക് പെറുക്കിയെടുക്കാം. വെള്ളി ശനി ദിവസങ്ങളിൽ ഞാനും കൂട്ടുകാരും കടപ്പുറത്ത് മീൻ പെറുക്കാൻ പോയിട്ടുണ്ട്. മീൻ ചാകരയുണ്ടാക്കുന്ന കാലത്ത് കടലോരത്തിലെ സകല മനുഷ്യർക്കൊപ്പം ഞങ്ങൾ കുട്ടികൾക്കും ഉത്സാഹമാണ്, ഉത്സവമാണ്.

soman-katalur-3

കടലുമായി കെട്ടുപിണഞ്ഞ്

ഞങ്ങളുടെ കളിസ്ഥലം കടലോരമായിരുന്നു. ഫുഡ്ബോളും ബോളിബോളും പിന്നെ അനേകം നാടോടിക്കളികളും കടലുമായി ചേർന്നായിരുന്നു കളിച്ചിരുന്നത്. കടലിൽ കുളിക്കുന്നതും കടലിൽ മീൻ പിടിക്കുന്നതും ഞങ്ങളുടെ വിനോദം തന്നെയായിരുന്നു. കടലിൽ കുളിക്കുന്ന കാലത്ത് തലമുടി ചെമ്പിച്ചതാകും. അങ്ങനെ എന്റെ ജീവിതവും ജീവനും കടലുമായി അഗാധമായി കെട്ടുപിണഞ്ഞു കിടന്നു. സ്വാഭാവികമായും എഴുതിയാലും വരച്ചാലും കടൽ എന്ന അനുഭവമണ്ഡലം അലയടിക്കും. എന്റെ എഴുത്തിന്റെ ആന്തരിക പ്രവാഹത്തെ സ്വാധീനിക്കുന്നത് കടലിന്റെ ഭാവരാശിയാണ്. കടലനുഭവത്തിന്റെ സങ്കീർണ്ണതകളും സൗന്ദര്യവുമെല്ലാം ഞാൻ പിന്നീട് തിരിച്ചറിഞ്ഞത് ഞങ്ങളുടെ ദേശത്തെ മുതിർന്ന മത്സ്യത്തൊഴിലാളികളുടെ ഓർമ്മകളിലൂടെയാണ്. മണിക്കൂറുകൾ ഇവരോടൊപ്പം ചെലവഴിച്ച്, അവരുടെ സംഭാഷണങ്ങൾ കേട്ട് കണ്ടെത്തിയ യാഥാർത്ഥ്യങ്ങളാണ് പല രീതിയിൽ എന്റെ ഈ നാല് പുസ്തകത്തിലും ആവിഷ്ക്കരിച്ചത്.