കഥയിൽ കഥയുണ്ടാകണം എന്നു നിർബന്ധമുള്ള കഥാകൃത്താണ് സുസ്മേഷ് ചന്ത്രോത്ത്. ഭാഷ ഉപയോഗിച്ചുള്ള കളിയല്ല സാഹിത്യമെന്നും വായനക്കാരനെ വൈകാരികമായി തൊടുന്ന ആത്മാവുണ്ടാകണം ഓരോ രചനയിലെന്നും സുസ്മേഷിന്റെ കൃതികൾ തെളിയിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ഭരതേട്ടന്‍ വായനക്കാർക്കു സമ്മാനിക്കുന്നതും മറ്റൊന്നല്ല. പക്ഷേ, ഈ സമാഹാരത്തിലെ കഥകളിലൂടെ തന്റെ എഴുത്തിനെ ആഖ്യാനത്തിലും ശൈലിയിലും രൂപഘടനയിലും പുതുക്കുവാനുള്ള ഒരു ശ്രമം കൂടി സുസ്മേഷ് പരീക്ഷിക്കുന്നു. ‘മലയാള മനോരമ ഹോർത്തൂസ് സ്പെഷ്യൽ എഡിഷൻ’ ആയി പ്രസിദ്ധീകരിച്ച ‘ഭരതേട്ടൻ’ ഇതിനോടകം ആസ്വാദക ശ്രദ്ധയിലേക്കെത്തിക്കഴിഞ്ഞു.
മലയാള സിനിമയിലെ വിഖ്യാത സംവിധായകന്‍ ഭരതനെ കേന്ദ്രീകരിച്ചാണ് ഭരതേട്ടൻ എന്ന ടൈറ്റിൽ കഥ വികസിക്കുന്നത്. ആ കഥയുടെ പിറവിക്കു പിന്നിലെ വിശേഷങ്ങളും ‘ഭരതേട്ടൻ’ സമാഹാരത്തെക്കുറിച്ചും ‘വനിത ഓൺലൈനിൽ’ സുസ്മേഷ് ചന്ത്രോത്ത് എഴുതുന്നു –
ഞാനറിയാതെ എഴുതിപ്പോയ കഥയാണ് ‘ഭരതേട്ടൻ’: സുസ്മേഷ് ചന്ത്രോത്ത് എഴുതുന്നു –
ചലച്ചിത്രകാരൻ ഭരതൻ ഏതൊരു മലയാളിക്കും എങ്ങനെയാണോ പ്രിയപ്പെട്ടതായിരിക്കുന്നത് അതിനെക്കാളും അദ്ദേഹം എനിക്ക് പ്രിയപ്പെട്ടവനാണ്. ആവർത്തിച്ചു കാണാനിഷ്ടപ്പെടുന്ന ഭരതൻ സിനിമകൾ താഴ്‌വാരവും വൈശാലിയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവുമാണ്. അങ്ങനെ പത്മരാജനെക്കുറിച്ചും ഭരതനെക്കുറിച്ചും വിചാരിച്ചുകൊണ്ടിരുന്ന ഏതോ സമയത്ത് എന്റെയുള്ളിലേക്ക് പാലക്കാടൻ ഭൂപ്രകൃതിയും മനുഷ്യരും മിന്നിക്കടന്നുപോയി. ഓണാട്ടുകരയിലെ ഗ്രാമജീവിതത്തെക്കുറിച്ച് പത്മരാജൻ എഴുതുന്നതുപോലെ, തന്റെ പല സിനിമകളിലൂടെയും ഭരതൻ വടക്കാഞ്ചേരിയെ ആവിഷ്‌കരിച്ചിട്ടുണ്ട്. പെട്ടെന്നാണ് മുല്ലയെന്ന മുസ്ലീം യുവതിയും അവൾക്ക് ഇഷ്ടം തോന്നിയ കുഞ്ഞു എന്ന ദളിത് യുവാവും ഉണങ്ങി മഞ്ഞച്ചു കിടക്കുന്ന നെൽപ്പാടങ്ങളും ഉത്രാളിക്കാവും എന്റെ മനസ്സിലേക്ക് വന്നത്. പിന്നെ ഞാനറിയാതെ എഴുതിപ്പോയ കഥയാണ് ‘ഭരതേട്ടൻ’. ആ കഥ മുന്നേറുമ്പോൾ അതിലൊരു കഥാപാത്രമായി ചലച്ചിത്രകാരൻ ഭരതൻ വന്നു കയറുകയായിരുന്നു. ജീവിച്ചിരിക്കുന്നവരെയോ മരിച്ചുപോയവരെയോ കഥാപാത്രങ്ങളാക്കി വളരെ കുറച്ചേ ഞാനെഴുതിയിട്ടുള്ളൂ. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ഭരതേട്ടൻ എന്ന കഥ.
എന്റെ എഴുത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്ന പത്ത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ആഖ്യാനത്തിലും ശൈലിയിലും രൂപഘടനയിലും പുതുമ പരീക്ഷിച്ചുകൊണ്ട് എഴുതിയിട്ടുള്ളതാണ് പല കഥകളും. ഹിന്ദുസ്ഥാൻ, ജോണി, പുലവൃത്തം, നീ പ്രതിയോഗി എന്നീ കഥകളൊക്കെ അങ്ങനെ എഴുതിയിട്ടുള്ളതാണ്. സ്ത്രീകളുടെ അകവും പുറവും മനസ്സും പ്രവർത്തികളും അന്വേഷിക്കുന്ന ഏതാനും കഥകളും ഈ സമാഹാരത്തിലുണ്ട്. കല്ല് കോഴി മനുഷ്യർ, മാധവി മങ്കയാർകരശി മിതാലി, ഈശ്വരിയും കൃഷ്ണനും...എഴുതിവന്നപ്പോൾ പ്രിയപ്പെട്ടതായി മാറിയ മറ്റൊരു കഥയാണ് ആമത് ഖാൻ. അച്ചടിച്ചുവന്നപ്പോൾ വായനക്കാരിൽനിന്നും മികച്ച പ്രതികരണങ്ങൾ നേടിത്തന്നവയാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും എന്ന പ്രത്യേകതയും ‘ഭരതേട്ടൻ’ എന്ന സമാഹാരത്തെ എനിക്ക് പ്രിയപ്പെട്ടതാക്കിത്തീർക്കുന്നു.