Wednesday 13 November 2024 02:41 PM IST : By സ്വന്തം ലേഖകൻ

സക്കറിയ എന്ന ‘രാഷ്ട്രീയസാന്നിധ്യം’, ആഴമേറും നിരീക്ഷണങ്ങളുമായി രണ്ടു പുസ്തകങ്ങൾ

zacharia-1

താൻ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും തികഞ്ഞ പ്രതിബന്ധതയോടെ ഇടപഴകുന്നു എന്നതാണ് മലയാളത്തിന്റെ പ്രിയ കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയുടെ പ്രസക്തി. രാഷ്ട്രീയം എന്നത് സാഹിത്യത്തിന്റെ മറുവശമാണെന്നു മലയാളിയെ ബോധ്യപ്പെടുത്തിയ പ്രതിഭകളുടെ നിരയിലാണ് അദ്ദേഹമുള്ളതും.

സാഹിത്യരചനകൾക്കപ്പുറം, കോളങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമൊക്കെ തന്റെ അഭിപ്രായങ്ങൾ പക്ഷം ചേരാതെ പ്രകടിപ്പിക്കുന്നയാളാണ് സക്കറിയ. മനുഷ്യത്വവും നീതി ബോധവും രാഷ്ട്രീയ ശരികളുമാണ് അദ്ദേഹത്തെ എപ്പോഴും നയിച്ചിട്ടുള്ളത്. തന്റെ ലേഖനങ്ങളെ സക്കറിയ എക്കാലവും ഉപയോഗിച്ചിട്ടുള്ളതും ആ ബോധ്യങ്ങളെ വായനക്കാരിലേക്കു പകരുന്നതിനായാണ്.

ഇപ്പോഴിതാ, സക്കറിയയുടെ രണ്ടു മികച്ച ലേഖനസമാഹാരങ്ങൾ കൂടി വായനക്കാരെ തേടിയെത്തിയിരിക്കുന്നു – ‘മലയാള മനോരമ ഹോർത്തൂസ് സ്പെഷ്യൽ എഡിഷന്‍’ആയി പ്രസിദ്ധീകരിച്ച ‘ആ ഇന്ത്യ മരിച്ചിട്ടില്ല’, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘ഒരെഴുത്തുകാരന്റെ കമ്യൂണിസവും മറ്റു കുറിപ്പുകളും’.

നിലപാടുകളായും അഭിപ്രായങ്ങളായും ഓർമകളായും കാലത്തോടു സംവദിച്ച്, സമീപകാലത്ത് പത്രങ്ങളിലും മാഗസിനുകളിലുമായി സക്കറിയ എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകങ്ങളുടെ ഉള്ളടക്കം.

zacharia-2

മലയാള മനോരമ ദിനപത്രത്തിൽ 2023 മാർച്ച് മുതൽ സക്കറിയ എഴുതിവരുന്ന ദ്വൈവാര പംക്തി ‘പെൻ ഡ്രൈവി’ൽ നിന്നു തിരഞ്ഞെടുത്ത 31 കുറിപ്പുകളാണ് ‘ആ ഇന്ത്യ മരിച്ചിട്ടില്ല’യിലുള്ളത്. ‘ഇവയെല്ലാം എഴുതപ്പെട്ട കാലത്തെ കേരളത്തിലെ – ഇന്ത്യയിലെയും – സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഒരു പൗരന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും മനുഷ്യസ്വാതന്ത്ര്യങ്ങൾക്കും വേണ്ടിയുള്ള നിലപാടുകൾ മാത്രമാണ് ഇവ’ എന്ന് പുസ്തകത്തിനെഴുതിയ ആമുഖത്തിൽ സക്കറിയ പറയുന്നതിലുണ്ട് ഈ ലേഖനങ്ങളുടെ പ്രസക്തി. സമകാല ഇന്ത്യൻ രാഷ്ട്രീയ – സാമൂഹിക നിലകളെ വേറിട്ട നോട്ടത്തിലൂടെ പരിശോധിച്ച്, ലളിതവും ഹ്രസ്വവുമായ ആഖ്യാനത്തിലൂടെ ഗൗരവസ്വഭാവമുള്ള വ്യാഖ്യാനങ്ങളിലേക്കാണ് അദ്ദേഹം ചെന്നെത്തുന്നത്.

zacharia-3

പല കാലങ്ങളിൽ, വിവിധ പ്രസിദ്ധീകരണങ്ങളിലായി സക്കറിയ എഴുതിയ കുറിപ്പുകളും പ്രസംഗങ്ങളുമാണ് ‘ഒരെഴുത്തുകാരന്റെ കമ്യൂണിസവും മറ്റു കുറിപ്പുകളും’ എന്ന പുസ്തകത്തിൽ. ഇതിൽ പ്രതികരണങ്ങളും വ്യക്തി ചിത്രങ്ങളും ഓർയെഴുത്തുകളുമുണ്ട്.

‘മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ, കഥയോടൊപ്പം തന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരിൽ നിന്നും വ്യത്യസ്‌തനാകുന്നത് തന്റെ ഉറച്ച നിലപാടുകളിലൂടെയാണ്. ജാതീയതയും അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും മലയാളിയുടെ ജീവിതപരിസരങ്ങളെ ആപൽക്കരമായ അവസ്ഥയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സക്കറിയയുടെ ചിന്തകൾക്ക് പ്രസക്തിയേറെയാണ്. ഏതൊരു വായനക്കാരനെയും ഒരു പുനഃവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം’ എന്നു പുസ്തകത്തിന്റെ പിൻകുറിപ്പിൽ പ്രസാധകർ രേഖപ്പെടുത്തിയിട്ടുള്ളത് ഒരു വെറും പരസ്യവാചകം മാത്രമല്ലെന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോൾ വായനക്കാർക്ക് ബോധ്യപ്പെടും.

മനോഹരമായ നിർമിതിയിലൂടെ പ്രസാധകർ ഈ പുസ്തകങ്ങളെ കാഴ്ചയിലും മനോഹരമാക്കിയിട്ടുണ്ട്. ‘ഒരെഴുത്തുകാരന്റെ കമ്യൂണിസവും മറ്റു കുറിപ്പുകളും’ എന്ന പുസ്തകത്തിന് രാജേഷ് ചാലോടും ‘ആ ഇന്ത്യ മരിച്ചിട്ടില്ല’യ്ക്ക് അഭിലാഷ് ചാക്കോയും രൂപകൽപ്പന ചെയ്ത പുറംചട്ടകൾ പുസ്തകങ്ങളുടെ ഉള്ളടക്കത്തെ കൃത്യമായി സംവേദനം ചെയ്യുന്നവയാണ്. ചുരുക്കത്തിൽ, ഗൗരവവായനയെ ഇഷ്ടപ്പെടുന്നവർക്ക് നിസ്സംശയം തിരഞ്ഞെടുക്കാവുന്ന പുസ്തകങ്ങളാണ് രണ്ടും, തർക്കമില്ല!