ചില വിജയങ്ങൾ ആവർത്തിക്കുന്നത് ആളുകളുടെ മനസ്സിലാണ്. അത്തരത്തിൽ ആവർത്തിക്കുന്ന ഒരു വിജയമാണ് ‘കഥ പറയുമ്പോൾ’ എന്ന സിനിമ. ശ്രീനിവാസൻ കഥയും തിരക്കഥയുമെഴുതി എം. മോഹനൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമ. സൗഹൃദങ്ങളുടെ വലിപ്പചെറുപ്പമില്ലാത്ത കൃഷ്ണ –കുചേല കഥാസാഗരമാണത്. സൗഹൃദത്തിന്റെ ആഴങ്ങൾ പ്രേക്ഷകമനസ്സിൽ പതിപ്പിച്ച സിനിമ. ഇപ്പോൾ വീടുകളിലെ തിയേറ്ററുകളിൽ റിലീസായ ‘ഹോം’ എന്ന സിനിമയുടെ ചില സാമാനതകൾ ‘കഥ പറയുമ്പോൾ’ എന്ന സിനിമയെ വീണ്ടും സംസാരവിഷയമാക്കി. എന്നാൽ അതൊരു സാമ്യമമല്ലെന്നും രണ്ടും രണ്ടുസിനിമയാണെന്നും പറയുകയാണ് സംവിധായകൻ എം. മോഹനൻ. കഥ പറയുമ്പോൾ എന്ന സിനിമയുടെ വിജയഘടകം ആ സിനിമയിൽ മമ്മൂട്ടി അഭിനയിക്കാൻ തയ്യാറായി എന്നതാണ്’ മോഹനൻ ഓർക്കുന്നു. ‘മമ്മൂക്കയുമായുള്ള ആദ്യസിനിമ മധുരമൊട്ടും ചോരാതെയുള്ള അവൽപ്പൊതിയാണെനിക്കെന്നും....’ മമ്മൂട്ടി എഴുപതാം ജന്മദിനം ആഘോഷിക്കുമ്പോൾ ആ സിനിമയുടെ ഓർമ്മകളിലേക്ക് കടക്കുകയാണ് എം. മോഹനൻ.
‘തിയേറ്റർ ഹിറ്റുകൾക്ക് അപ്പുറം ഒന്നര പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ബാർബർ ബാലന്റെ പ്രിയപ്പെട്ട ചങ്ങാതി അശോകന്റെ പ്രസംഗം ഇന്നും നമ്മളെ ആഴത്തിൽ നൊമ്പരപ്പെടുത്തുന്നുണ്ട്. ഒരു ഗസ്റ്റ് റോളിൽ വരുന്നതിൽ അന്ന് മമ്മൂക്ക പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും സംഭവിക്കില്ലായിരുന്ന സിനിമയായിരുന്നു ‘കഥ പറയുമ്പോൾ.’ ഈ സമൂഹത്തിനുമുന്നിൽ സൗഹൃദത്തിന്റെ പാഠപുസ്തകം തുറന്നുവച്ച അശോക്‌രാജിന് ജീവൻ നല്കിയ മമ്മൂക്ക ജീവിതത്തിലും ഇതുപോലെയൊക്കത്തന്നെയാണ്. ശ്രീനിയേട്ടനും മമ്മൂക്കയുമായുള്ള സൗഹൃദം അഗാധവും ഗാഢവുമാണ്. അത് എനിക്ക് നേരിട്ട് അറിയാവുന്നതാണ്.’ മോഹനൻ പറയുന്നു.
‘‘ശ്രീനിയേട്ടൻ എന്നോട് ആദ്യം ഫോണിൽ ഒരു ത്രെഡാണു പറഞ്ഞത്. ശ്രീനിയേട്ടൻ ചെയ്ത ബാർബർ ബാലന്റെ കഥാപാത്രത്തിനു പകരം അന്നൊരു അധ്യാപകനായിരുന്നു. ഈ കഥയിൽ ഒരു ഗസ്റ്റ് റോളുണ്ട് അത് മമ്മൂട്ടി തന്നെ ചെയ്യണം. പക്ഷേ മമ്മൂട്ടിയോടു പറയാൻ മാത്രം കഥ വികസിപ്പിച്ചിട്ടില്ല. എനിക്കപ്പോൾ സന്തോഷമായി. ശ്രീനിയേട്ടനും മമ്മൂക്കയും തമ്മിലുള്ള സൗഹൃദം നോക്കുമ്പോൾ മമ്മൂക്ക സമ്മതിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായി. ഭാർഗ്ഗവചരിതം മൂന്നാംഖണ്ഡം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ശ്രീനിയേട്ടൻ മമ്മൂക്കയോടു കഥ പറയുന്നത്. ബാർബർ ബാലനും കുടുംബത്തിന്റെ ദാരിദ്ര്യവും വന്നതോടെ കഥ പെട്ടെന്ന് വികസിച്ചു. എന്റെ മുന്നിൽ അശോക്‌രാജ് എന്ന കഥാപാത്രം ആകാശത്തോളം വളർന്നു നിന്നു. അതിനുകാരണമുണ്ട്. കഥ പറയുമ്പോൾ സിനിമയുെട ക്ലൈമാക്സ് കണ്ട് കരഞ്ഞവർ ഒരുപാടുണ്ട്. എന്നാൽ സിനിമയ്ക്കു ഒരുപാടു കണ്ണുനീർ വീണിട്ടുണ്ട്. ഒരുദാഹരണം പറയാം. ശ്രീനിയേട്ടൻ ഒരിക്കൽ ദുബായ്‌യിലെ ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അപ്പോഴൊരു മലയാളി കുടുംബം ശ്രീനിയേട്ടനെ കാണാനെത്തി. ഭാര്യയും ഭർത്താവും മക്കളും. ഭാര്യ വീട്ടിൽ പറഞ്ഞിട്ടുണ്ടത്രേ ശ്രീനിവാസൻ തന്റെ സഹപാഠിയായിരുന്നവെന്ന്. പക്ഷേ ഭർത്താവും മക്കളും വിശ്വസിക്കുന്നില്ല. അപ്പോഴാണ് ശ്രീനിയേട്ടൻ മുന്നിൽ നിൽക്കുന്നത്. ആ സ്ത്രീ വലിയ വിഷമത്തിലായിരുന്നു. കാരണം ശ്രീനിയേട്ടന് അവരെ ഓർമ്മയില്ല എന്നു പറഞ്ഞാൽ ഭർത്താവിന്റെയും മക്കളുടെയും മുന്നിൽ അവർ നാണം കെടും. പിന്നെ അതിന്റെ പേരിലുള്ള കളിയാക്കലുകൾ. ശ്രീനിയേട്ടൻ അവരുടെ മുഖത്തു സൂക്ഷിച്ചു നോക്കി. എന്നിട്ട് അവരുടെ പേരു വിളിച്ചു. അതുകേട്ടപ്പോൾ അവർ നിന്നു കരഞ്ഞു. ‘കഥ പറയുമ്പോൾ’ എഴുതിക്കൊണ്ടിരുന്നപ്പോൾ ഇതൊക്കെ ശ്രീനിയേട്ടൻ ഓർത്തിട്ടുണ്ടാവണം.
‘കഥ പറയുമ്പോൾ സിനിമയുടെ ഷൂട്ടിങ് തൊടുപുഴയ്്ക്ക് അടുത്ത് മേലുകാവിലായിരുന്നു. അന്നൊന്നും തൊടുപുഴയിൽ സിനിമാക്കാരുടെ ഒഴുക്ക് തുടങ്ങിയിട്ടില്ല. കോടമഞ്ഞു വീഴുന്ന മനോഹരമായ പ്രഭാതങ്ങളൊക്കെയുള്ള മേലുകാവിലായിരുന്നു മുഴുവൻ സീനും ചിത്രീകരിച്ചത്. ഇന്നത്തെപ്പോലെ ഹോട്ടൽ സൗകര്യങ്ങളും കുറവ്. ബാർബർ ബാലന്റെ വീട്ടിൽ അശോക്‌രാജ് വരുന്നതായിരുന്നു അവസാനം ഷൂട്ട് ചെയ്ത മമ്മൂക്കയുടെ സീൻ. േവഷം മാറി പോകാൻ നേരം മമ്മൂക്ക എന്നെ വിളിച്ച് തലയിൽ കൈവച്ച് ‘നീ നന്നായി വരും’ എന്നുപറഞ്ഞ് അനുഗ്രഹിച്ചു. ആ വിരൽസ്പർശത്തിന്റെ ചൂട് പിന്നീട് ഓരോ സിനിമ ചെയ്യുമ്പോഴും ഞാനനുഭവിക്കാറുണ്ട്. ഇത്രും വിശേഷപ്പെട്ട ഒരു സമ്മാനം പിന്നീടെനിക്ക് ആരും തന്നിട്ടില്ല.
ലോകത്തെ വിസ്മയിപ്പിച്ച് ഓരോ വർഷവും കടന്നുപോകുമ്പോഴും ആ മഹാമനുഷ്യന് ആരോഗ്യവും ആയുസ്സും വാരിക്കോരി നൽകണേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരുപക്ഷേ അശോക്‌രാജിന്റെ വലിയ മനസ്സ് പല സിനിമകളിലൂടെ അറിഞ്ഞതുകൊണ്ടായിരിക്കാം മമ്മൂക്കയെ ഓർക്കുമ്പോൾ മനസ്സിലൂടെ കടന്നുപോകുന്നത് അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ മാത്രമല്ല മമ്മൂട്ടി എന്ന മമ്മൂക്ക തന്നെയാണ്.’ മോഹനൻ പറഞ്ഞുനിർത്തി.