കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് സർജറി വിഭാഗം പ്രൊഫസറും മേധാവിയുമാണ് ഡോ. ടി. കെ. ജയകുമാർ. കോട്ടയത്തെ കിടങ്ങൂരിലെ ഒരു സാധാരണ കർഷക കുടുംബാംഗം. അധ്യാപകനായിരുന്ന കൃഷ്ണൻ നായരുടേയും രാജമ്മയുടേയും മൂന്നു മക്കളിൽ രണ്ടാമൻ. എംബിബിഎസും എംഎസും നേടിയത് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്. ഇതുവരെ ജോലി ചെയ്തതും കോട്ടയം മെഡിക്കൽ കോളജിൽ മാത്രം. ശസ്ത്രക്രിയയിലെ സൂപ്പർ സ്പെഷ്യൽറ്റി ബിരുദമായ എംസിഎച്ച് നേടാൻ പോണ്ടിച്ചേരിയിൽ രണ്ടു വർഷം മാറി നിന്നതൊഴികെ പൂർണ സമയവും ഒരു കോട്ടയംകാരൻ...
ഇനി ഈ ഡോക്ടറെക്കുറിച്ച് രോഗികളും നാട്ടുകാരും പറയുന്നത്:
രോഗികളോട് നല്ല പെരുമാറ്റം, നല്ല ആത്മാർത്ഥത, കൈക്കൂലി വാങ്ങില്ല. പാവപ്പെട്ടവർക്ക് സഹായങ്ങൾ തേടിപ്പിടിച്ച് എത്തിക്കും. പിന്നെ നല്ല കൈപ്പുണ്യം, ഏതു സമയത്തും പ്രതീക്ഷയോടെ കയറിച്ചെല്ലാം...
അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വിദ്യാർഥികളും പറയുന്നത്:
24 മണിക്കൂറും ജോലി ചെയ്യാൻ മടിയില്ലാത്ത ഡോക്ടർ, സങ്കീർണമായ ശസ്ത്രക്രിയകളിൽ അതിവിദഗ്ധൻ, കുടുംബാംഗത്തെപ്പോലുള്ള പെരുമാറ്റം, ഒരു ഗുരുകുലത്തിലെന്ന പോലെ ശസ്ത്രക്രിയയും നല്ല ശീലങ്ങളും കൈപിടിച്ചു പഠിപ്പിക്കുന്ന ഗുരുനാഥൻ.
ചില വിമർശകർ പറയുന്നത്: ഇങ്ങനെ ജോലി ചെയ്യുന്നതിനു പിന്നിൽ എന്തെങ്കിലും അജണ്ട കാണും.
ഇതിനൊക്കെ മറുപടി ഇനി ഡോക്ടർ പറയട്ടെ..
ഏതൊരു എംബിബിഎസ് വിദ്യാർഥിക്കും പഠിക്കുന്ന കോളജിനോട് വല്ലാത്ത ഒരിഷ്ടം തോന്നും; എനിക്കും തോന്നി. എംഎസ് കഴിഞ്ഞപ്പോഴേക്കും കോട്ടയം മെഡിക്കൽ കോളേജിനോടുള്ള ഇഷ്ടം ഒരു പ്രണയം തന്നെയായിക്കഴിഞ്ഞിരുന്നു. ആ പ്രണയം ജീവിതസഖിയായും കടന്നു വന്നു. ഡോ. ലക്ഷ്മി, മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജനാണ്.
നഷ്ടപ്പെടലും ലക്ഷ്യബോധവും
ജീവിതത്തിൽ പലർക്കും ഒരു ലക്ഷ്യം കണ്ടെത്താൻ കഴിയാതെ വരാറുണ്ട്. പക്ഷേ, എന്നെ ഒരു ലക്ഷ്യത്തിൽ ഉറപ്പിച്ചു നിർത്തിയത് ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവമാണ്. 1997 ഞങ്ങളുടെ വിവാഹം കഴിഞ്ഞു. 98–ൽ കുഞ്ഞു ജനിച്ചു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ലക്ഷ്മിയുടെ പ്രസവം. കുഞ്ഞിന്റെ ശ്വാസഗതിയിൽ സാധാരണമല്ലാത്ത ഒരു വ്യത്യാസം –നിയോനാറ്റൽ റസ്പിറേറ്ററി ഡിസ്ട്രസ് എന്ന ശ്വാസതടസ്സമുണ്ടാക്കുന്ന രോഗാവസ്ഥയാണ്. എത്രയും വേഗം വെന്റിലേറ്ററിലാക്കണം. അന്ന് നവജാതശിശുക്കളെ വെന്റിലേറ്റു ചെയ്യാനുള്ള സംവിധാനം കോട്ടയത്ത് എങ്ങുമില്ല, എറണാകുളത്തേയുള്ളൂ. ഒടുവിൽ ആ വിധിയെ ഞങ്ങൾ സ്വീകരിച്ചു – 48 മണിക്കൂറിനുള്ളിൽ കുഞ്ഞു മരിച്ചു.
പഠനം കഴിഞ്ഞപ്പോൾ അമേരിക്കയിലോ മറ്റ് വിദേശരാജ്യങ്ങളിലോ പോയി നല്ല കരിയർ. വളരെ ഉയർന്ന വരുമാനമൊക്കെ നേടാമായിരുന്നു. പക്ഷേ, അതല്ല എന്റെ ലക്ഷ്യമെന്ന്, എനിക്ക് ഉറപ്പായത് ആ സംഭവത്തോടെയായിരുന്നു. നാട്ടിലെ ഒരുപാടുപേർക്ക് പ്രയോജനപ്പെടും വിധം ഇവിടെ ചികിത്സാസൗകര്യം മെച്ചപ്പെടണം, എന്നെക്കൊണ്ട് ഈ നാടിനു പ്രയോജനം വേണം. അതാണ് എന്റെ ലക്ഷ്യം. തീരുമാനം തെറ്റായിരുന്നില്ലെന്ന് അച്ഛനെ ഗുരുതരമായ ഹൃദ്രോഗാവസ്ഥയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞതുൾപ്പെടെ ഒരുപാട് അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
എന്റെ ചങ്ങാതിക്കൂട്ടം
രാവിലെ എട്ടുമണി മുതൽ രാത്രി 9–10 മണി വരെ പ്രധാന ഓപ്പറേഷൻ തീയറ്റർ തന്നെ പ്രവർത്തിക്കും. എമർജൻസി കേസുകൾ വന്ന് രാത്രി വീട്ടിൽ പോകാൻ ഒരു മണിയും രണ്ടുമണിയുമൊക്കെ ആകുന്നതും അപൂർവമല്ല. ദിവസവും ബൈപാസും സങ്കീർണമായ അയോർട്ടിക് അന്യൂറിസം സർജറിയുമുൾപ്പെടെ 5–8 മേജർ ശസ്ത്രക്രിയകൾ കാണും. സഹപ്രവർത്തകരിൽ നിന്നു കിട്ടുന്നത് മികച്ച സപ്പോർട്ടാണ്. നാട്ടിൻ പുറത്ത് ഒരുമിച്ചു കളിക്കാൻ പോകുന്നതും ആറ്റിൽ കുളിക്കാൻ പോകുന്നതു പോലുള്ള സ്നഹത്തിൽ കുതിർന്ന ഒരുതരം കൂട്ടായ്മയില്ലേ, അതുപോലയാ ഞങ്ങൾ ഒറ്റക്കെട്ടായി ആശുപത്രിയിലും.
ഒന്നും രണ്ടും ആഴ്ച പരസ്പരം കാണാതിരിക്കുമ്പോൾ ഭാര്യ പരിഭവം പറയും, ‘നിങ്ങളുടെ ആദ്യഭാര്യ ചികിത്സാ. അതുകഴിഞ്ഞേ ഞാനുള്ളൂവെന്ന്...’ എട്ടാം ക്ലാസിൽ പഠിക്കുന്ന മൂത്തമകൻ ചിന്മയ്ന് എന്റെ തിരക്കുകൾ അറിയാം. അവൻ ഇടയ്ക്ക് ഇങ്ങ് ആശുപത്രിയിൽ പോരും. ഇവിടെ വരുമ്പോഴോ അവനുമായി സംസാരിക്കാൻ സമയം കിട്ടുന്നത്. ഇളയമകൻ ചിദാനന്ദ് രണ്ടാംക്ലാസിലേ ആയിട്ടൂള്ളൂ.
വളരെ സാധാരണക്കാരായവരാണ് മെഡിക്കൽ കോളജിൽ വരുന്നവരിൽ ഭൂരിഭാഗവും. പലരും പാവങ്ങൾ. ഒരിക്കൽ ഒരു പേഷ്യന്റ് വന്നു. 55 വയസ്സുണ്ട്. ബൈപാസ് ചെയ്യണം. സർജറിക്കുള്ള ഗ്രാഫ്റ്റിനും മറ്റുമായി ചെലവാകുന്ന തുകയെക്കുറിച്ച് പറഞ്ഞപ്പോൾ, ശസ്ത്രക്രിയ വേണ്ട എന്നു പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. ആ അവസ്ഥയിൽ അദ്ദേഹം വീട്ടിലെത്തുമോ എന്നും പോലും ഉറപ്പില്ല. അതുകൊണ്ട് നിർബന്ധിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ആകെയുള്ള സമ്പാദ്യം മകളുടെ വിവാഹത്തിനായി കരുതിവെച്ചിരിക്കുന്ന ഒരു ഫിക്സഡ് ഡിപ്പോസിറ്റാണ്, മരിച്ചാലും അതു ഞാൻ തൊടില്ല.’ ഈ അച്ഛന്റെ കുടുംബത്തോടുള്ള കരുതലിനു മുന്നിൽ നമ്മൾ എത്ര നിസ്സാരരാണ്.
ഇത്തരം സന്ദർഭങ്ങളിൽ ഞാൻ ആദ്യം സഹായമഭ്യർഥിക്കുന്നത് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ ഹാർട്ട് കെയർ ഫൗണ്ടേഷനോടാണ്. പിന്നെ റോട്ടറി, ലയൺസ് ക്ലബ്, മനോരമ, ചില സുഹൃത്തുക്കൾ. ഉടനടി പണം റെഡി. അദ്ദേഹമിന്നും സുഖമായി ജീവിക്കുന്നു.
തീരുമാനിച്ചിട്ട് മുടങ്ങിപ്പോയ യാത്രകൾ നിരവധിയാണ്. കോട്ടയത്തു നിന്നും മാറി നിൽക്കുക പ്രയാസമാണിന്ന്. യാത്രയ്ക്കൊരുങ്ങുമ്പോൾ ഒഴിവാക്കാനാകാത്ത ഒരു കേസ് വരും. അതുകൊണ്ട് ‘പോയിട്ട് പോയി എന്നു പറയാം’ എന്നാണ് ഭാര്യ പറയാറ്. 2008–ൽ ലക്ഷ്മിയുടെ അമ്മ സ്പോൺസർ ചെയ്ത് ഒരു ഹിമാലയ യാത്രയ്ക്കു തയാറെടുക്കുകയാണ്. എറണാകളത്തു നിന്നും വിമാനത്തിലാണ് യാത്ര. സാധനങ്ങൾ കാറിൽ വെയ്ക്കുന്നതിനിടയിൽ ഒരു കുഞ്ഞിനേയും തോളത്തിട്ട് അച്ഛനും അമ്മയും ധൃതിയിൽ കയറി വന്നു. തൊണ്ടയിൽ കടല പോയതാ. ശ്വാസം കിട്ടുന്നില്ല. മെഡിക്കൽ കോളജിൽ പോയപ്പോൾ ഡോക്ടർ പോയെന്നറിഞ്ഞ് ഓടി വന്നതാ.
ഞാൻ എന്റെ നിസ്സഹായത പറഞ്ഞു, വിമാനം കിട്ടാൻ ഇപ്പോൾ തന്നെ വൈകി. യാത്ര മുടങ്ങും. ഇതൊക്കെ കേട്ടപ്പോൾ അവരുടെ പുറകിൽ നിന്ന കുട്ടിയുടെ അമ്മൂമ്മ നിറ കണ്ണുകളോടെ തൊഴുതുകൊണ്ട് പറഞ്ഞു, ഡോക്ടറേ... എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കണം’ എന്ന്.
ഈ കണ്ണീരു കാണാതെ ഏതു ഹിമാലയത്തിൽ പോയാലാണ് എനിക്കു മനസ്സമാധാനം കിട്ടുക. പിന്നെ വൈകിയില്ല. ഭാര്യയേയും അമ്മയേയും കൂട്ടി നേരെ മെഡിക്കൽ കോളജിലേക്ക്. പോകുന്ന വഴിക്കു തന്നെ ഫോണിലൂടെ തീയറ്ററും അനസ്തീഷ്യസ്റ്റിനേയുമൊക്കെ റെഡിയാക്കി. ഒരു നിമിഷം വൈകിക്കാതെ എൻഡോസ്കോപ്പി ചെയ്തു കടല പുറത്തെടുത്തു. മറ്റു കാര്യങ്ങൾ സഹപ്രവർത്തകരെ ഏൽപ്പിച്ച് യാത്ര തുടർന്നു. അവരുടെ പ്രാർഥന കൊണ്ടു കൂടിയായിരിക്കണം ആ യാത്ര മുടങ്ങിയില്ല.
ഒരു കാർഡിയോ തൊറാസിക് സർജൻ എപ്പോഴും സഞ്ചരിക്കുന്നത് നൂൽപാലത്തിലൂടെയാണ്. അതുകൊണ്ടു തന്നെ നല്ല സംയമനം വേണം. പൊതുവേ ഞാൻ ആരോടും ദേഷ്യപ്പെടാറില്ല. അടുത്തിടെ ദേഷ്യപ്പെട്ട ഒരു സംഭവമുണ്ടായി. ഒരു ചെറുപ്പക്കാരനെ ബോധരഹിതനായാണ് എത്തിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ വിക്കിയതാണ്. ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ശ്വാസം കിട്ടാതെ ബോധരഹിതനായി. അവർ ഒന്നും ചെയ്യാതെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലേക്ക് അയച്ചു. അവിടെ നിന്നും ഞങ്ങളുടെ അടുത്തേക്കു വിട്ടു. ബോധമില്ല. സ്ട്രൈഡർ എന്ന പ്രത്യേകതരം ശബ്ദവുമുണ്ട്. തൊണ്ട പരിശോധിക്കുമ്പോൾ ഒരു ഇറച്ചിക്കഷണം തൊണ്ടയിൽ കുടുങ്ങിയതാണ്. അത് നീക്കിയതോടെ മരണത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന രോഗി രക്ഷപ്പെട്ടു. നിസ്സാരമായി. ‘ചോക്കിങ് വിത്ത് സ്ട്രൈഡർ ലുക്ക് ഇന്റു ദ എയർവേ’– എന്ന ഫസ്റ്റ് എയ്ഡ് സൂത്രവാക്യം ബേസിക് ലൈഫ് സപ്പോർട്ടു കോഴ്സു മുതൽ പഠിപ്പിക്കുന്നതാണ്. അതിനു ശ്രമിക്കാതിരുന്നവരോട് എങ്ങനെ ദേഷ്യം തോന്നാതിരിക്കും.... ഇപ്പോഴത്തെ പഠനരീതിയിൽ വിഷമവും തോന്നി.
ശസ്ത്രക്രിയയിലെ മികവിനെക്കുറിച്ചു ചോദിച്ചാൽ ഡോക്ടർക്ക് സൗമ്യവും രസകരവുമായ ഒരു മറുപടിയുണ്ട്. കുട്ടിക്കാലത്തുതന്നെ വയലിൽ ഉഴാനും ഞാറു നടാനുമൊക്കെ പോകും. ചെയ്യുന്നതു നന്നായി ചെയ്യാനുള്ള ഒരു താൽപര്യം അന്നേ ഉണ്ടായിരുന്നു എന്ന്.
ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി വന്നാൽ നിയമാവലികളേയും മാനദണ്ഡങ്ങളേയും സാമ്പത്തിക പരിമിതികളേയും സൗമ്യമായി അതിജീവിക്കാൻ ഡോ. ജയകുമാറിന് ഒരു മടിയുമില്ല. അതിന്റെ പേരിൽ ഒച്ചപ്പാടുകളും അവകാശവാദങ്ങളുമില്ല. അതുകൊണ്ടൊക്കെയായിരിക്കാം തങ്ങളുടെയൊക്കെ ഹൃദയത്തിനു കരുതലായി പൊതുജനങ്ങളും രാഷ്ട്രീയ ഭേദം കൂടാതെ ജനപ്രതിനിധികളും അദ്ദഹത്തെ കോട്ടയത്തു തന്നെ പിടിച്ചു നിർത്തുന്നത്.