Wednesday 22 September 2021 05:36 PM IST : By സ്വന്തം ലേഖകൻ

ക്ഷീണമുണ്ടെങ്കിൽ കിടത്താം, സിപിആർ നൽകാം; ഹൃദ്രോഗവിദഗ്ധരുള്ള ആശുപത്രിയിൽ തന്നെ എത്തിക്കാം: ഹൃദയാഘാതം വന്നാൽ ഉടൻ ചെയ്യേണ്ടത്

attackaid44

ഹൃദയാഘാതമാണെന്നു സംശയം വന്നാൽ വ്യക്തി സ്വയം ചെയ്യേണ്ടത് എന്തെല്ലാമെന്നു മനസ്സിലാക്കാം. ഉടനെ ഇരുന്നോ കിടന്നോ വിശ്രമിക്കാൻ ശ്രമിക്കണം. വീട്ടിൽ ആസ്പിരിൻ, സോർബിട്രേറ്റ് ഗുളികകൾ, GTN സ്പ്രേ (ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്) ഉണ്ടെങ്കിൽ കഴിക്കുക. (ആസ്പിരിൻ 75mg വെള്ളത്തോടുകൂടെയും സോർബിട്രേറ്റ് മുതലായവ നാക്കിനടിയിലും GTN സ്പ്രേ ആയി വായിലടിക്കാനും) സഹായിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ആവരോടു ഹൃദയമിടിപ്പ്, പറ്റുമെങ്കിൽ രക്തസമ്മർദ്ദം (Electronic BP apparatus) അളക്കുവാൻ പറയുക.

ശ്വാസം മുട്ടുണ്ടെങ്കിൽ കസേരയിൽ മുന്നോട്ട് ചാഞ്ഞിരിക്കുക. ക്ഷീണം വരികയാണെങ്കിൽ കിടക്കുകയും വേണം. സമയം വൈകാതെ ആംബുലൻസിലോ കാറിലോ ഹൃദയ ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിൽ പോവുക. ശ്വാസതടസ്സമുണ്ടെങ്കിൽ കാറിൽ ഇരിക്കാൻ ശ്രമിക്കുക. ആംബുലൻസിലാണെങ്കിൽ ഓക്സിജൻ എടുക്കണം. ഹൃദയാഘാതം വന്ന വ്യക്തി തനിയെ ഡ്രൈവ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ശരീരം നന്നായി തളർന്നിരിക്കുന്ന അവസ്ഥയിൽ ഡ്രൈവ് ചെയ്യുന്നത് ഹൃദയത്തിനു പിന്നെയും പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കലാണ്.

ഹൃദയാഘാതം വന്ന വൃക്തിയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് വീട്ടുകാരും അറിഞ്ഞിരിക്കണം. രോഗിക്കു ശ്വാസതടസ്സമുണ്ടെങ്കിൽ മുന്നോട്ട് ആഞ്ഞ് ഇരുത്തണം. ക്ഷീണമാണെങ്കിൽ കിടത്തുക. ഛർദ്ദിക്കുകയാണെങ്കിൽ തല ഒരു വശത്തു ചരിച്ചു പിടിക്കുക. ഹൃദയമിടിപ്പ് ശ്രദ്ധിക്കണം. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസും നിലയ്ക്കുകയാണെങ്കിൽ സിപിആർ ചെയ്യാൻ തുടങ്ങുക. തുടർന്ന് രോഗിയെ എത്രയും പെട്ടെന്ന് ഹൃദയാഘാതത്തിനു നല്ല ചികിത്സ നൽകുന്ന ആശുപത്രിയിൽ ആംബുലൻസിലോ, കാറിലോ എത്തിക്കുക.

ഏത് ആശുപത്രിയിൽ?

ഹൃദയാഘാതം വന്നാൽ 10 ശതമാനം മരണസാധ്യതയുണ്ട്. ഹൃദയാഘാത മരണം ഒഴിവാക്കാൻ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്രയും വേഗം എത്തിക്കുകയാണ് ഏറ്റവും പ്രധാനം. ഹൃദയരോഗ വിദഗ്ദ്ധരോ, കാത്ത് ലാബ് സൗകര്യങ്ങളോ ഉള്ള അടുത്തുള്ള ആശുപത്രി തിരഞ്ഞെടുക്കണം. നെഞ്ചുവേദന വന്ന് ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിയാലാണ് ചികിത്സ ഏറ്റവും ഫലപ്രദമാകുക. ഹൃദയാഘാത ചികിത്സ കിട്ടാനിടയില്ലാത്ത ആശുപത്രികളിൽ പോയി സമയം കളയുന്നത് ഒഴിവാക്കണം.

ഹൃദയാഘാതത്തെ തുടർന്നുള്ള ആദ്യത്തെ ഒരു മണിക്കൂറിനെയാണ് ‘ഗോൾഡൻ അവർ’ എന്നു പറയുന്നത്. ഈ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ശരിയായ ചികിത്സ നൽകിയാൽ ഒട്ടും നാശം സംഭവിക്കാതെ ഹൃദയത്തെ സംരക്ഷിക്കാം. ഈ സമയം മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്