Monday 20 September 2021 05:10 PM IST : By സ്വന്തം ലേഖകൻ

ഹൃദയാഘാതത്തിനു ശേഷം: ഭക്ഷണം, വ്യായാമം, പതിവുജോലികൾ എന്നിവയിൽ ശ്രദ്ധിക്കേണ്ടതെന്ത്?

afteattack453

ഒരു ഹൃദയാഘാതം ഒക്കെ കഴിഞ്ഞയാളാണ്...സൂക്ഷിക്കണം എന്നു നമ്മൾ കേട്ടുപരിചയിച്ച മുന്നറിയിപ്പാണ്. ഹൃദയാഘാത ചികിത്സയ്ക്കു ശേഷം എപ്പോൾ വീട്ടിൽ പോകാം? ഒരിക്കൽ ഹൃദയാഘാതം വന്നവർ വീണ്ടും വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? എല്ലാ ഭക്ഷണവും കഴിക്കാമോ? ഏതൊക്കെ ഒഴിവാക്കണം? എപ്പോൾ വ്യായാമം തുടങ്ങാം– വിശദമായി അറിയാം. 

ഹൃദയാഘാതത്തിനു പ്രധാനമായും മൂന്നു ചികിത്സകളാണ് ഉള്ളത്. ∙ത്രോംബോലിസിസ് (Thrombolysis) അഥവാ മരുന്ന് ഉപയോഗിച്ചു ധമനിയിൽ കട്ടപിടിച്ച രക്തത്തിനെ അലിയിക്കുക. ∙പ്രൈമറി ആൻജിയോപ്ലാസ്റ്റി (Primary Angioplasty) ∙അടിയന്തിര ബൈപ്പാസ് സർജറി (Emergency Bypass Surgery)

പെട്ടെന്നുണ്ടാകാനുള്ള ഹൃദയഘാതത്തിനു കാരണം ഹൃദയധമനികളിൽ പെട്ടെന്നു രക്തം കട്ടപിടിക്കുന്നതാണ്. ത്രോംബോകൈനയ്സ്, യൂറോകൈനയ്സ് മുതലായ ചില മരുന്നുകൾ ഇൻജക്ഷൻ വഴി നൽകി രക്തധമനികളിലെ രക്തക്കട്ടകളെ അലിയിക്കാൻ കഴിയും. ഈ രീതിയാണ് ത്രോംബോലിസിസ്. ഹൃദയാഘാതം വന്ന് ആറു മണിക്കൂറിനുള്ളിൽ ഈ മരുന്നു നൽകണം. ഏറ്റവും ഗുണം ലഭിക്കുന്നത് ഒരു മണിക്കൂറനുള്ളിൽ നൽകിയാലാണ്.

ത്രോംബോലിസിസിനെക്കാളും കൂടുതൽ ഫലപ്രദമായ ചികിത്സയാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി. ഈ ചികിത്സയിൽ കാത്ത് ലാബിലേക്കു രോഗിയെ മാറ്റുന്നു. കയ്യിലേയോ കാലിലേയോ രക്തക്കുഴൽ വഴി ഹൃദയധമനിയിലേക്കു വയർ കയറ്റി ആൻജിയോഗ്രാം എടുക്കുന്നു. ഇതിലൂടെ ഹൃദയാഘാതമുണ്ടാക്കിയ തടസ്സം കാണാൻ സാധിക്കും. ഈ തടസ്സങ്ങളെ ബലൂൺ വച്ചു വികസിപ്പിച്ച് സ്െറ്റന്റ് ഇട്ട് ബ്ലോക്ക് മാറ്റാൻ കഴിയും. രക്തക്കട്ടകളുണ്ടെങ്കിൽ വലിച്ചെടുക്കുവാനും കഴിയും.

എപ്പോഴാണ് ബൈപാസ്?

ഹൃദയാഘാത സമയത്തു സാധാരണ ബൈപാസ്സ് ശസ്ത്രക്രിയ ഒഴിവാക്കുകയാണ് പതിവ്. എങ്കിലും ചിലപ്പോൾ ബ്ലോക്കുകൾ ആൻജിയോപ്ലാസ്റ്റി വഴി നീക്കാൻ കഴിയാതെ വരുകയും ഉടനെ തന്നെ രണ്ടാമതൊരു ഹൃദയാഘാതത്തിന് സാധ്യത കാണുകയും ഹൃദയത്തിന്റെ സുഷിരമോ വാൽവിനു ലീക്കോ വരികയും ആണെങ്കിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ബൈപ്പാസ് സർജറി ആവശ്യമായി വരും.

ഹൃദയാഘാത ചികിത്സ ത്രോംബോലിസിസ് ആൻജിയോപ്ലാസ്റ്റി മുതലായവ വഴിയാണെങ്കിൽ മൂന്നോ നാലോ ദിവസം ഐസിയുവിൽ കഴിയേണ്ടിവരും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നെഞ്ചുവേദനയും ശ്വാസതടസ്സവും നിയന്ത്രണവിധേയമായാൽ മരുന്നുകളൊക്കെ കുറച്ചു ക്രമേണ ഇരിക്കാനും നടക്കാനും തുടങ്ങും. ഇതിനെ റീഹാബിലിറ്റേഷൻ (Rehabilitation) എന്നു പറയുന്നു. നടക്കാനായാൽ മുറിയിലേക്ക് മാറ്റും.

മുറിയിൽ ചെന്നാൽ

ഹൃദയത്തിന്റെ അവസ്ഥ നിരീക്ഷിച്ച ശേഷമാണു മുറിയിലേക്കു മാറ്റുന്നത്. വീണ്ടും നെഞ്ചുവേദനയോ, ശ്വാസം മുട്ടലോ, മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ക്രമേണ നടക്കാനും ബാത്‌റൂമിൽ പോകാനും ശ്രമിക്കണം. ലഘുവായ ആഹാരങ്ങൾ കഴിക്കുക. പകൽ സമയം ഉറങ്ങുകയോ കൂടുതൽ വേവലാതിപ്പെടുകയോ ചെയ്യുകയാണെങ്കിൽ രാത്രിയിൽ ഉറക്കക്കുറവ് ഉണ്ടാകും. മലബന്ധമുണ്ടാകാതിരിക്കാനായി പഴവർഗങ്ങളും സാലഡുകളും കഴിക്കണം. വാർഡിൽ വന്ന് ഒന്നുരണ്ടു ദിവസങ്ങൾക്കകം കുളിക്കാൻ സാധിക്കും. ആൻജിയോപ്ലാസ്റ്റി ചെയ്ത മുറിവുകൾ നഴ്സിന്റെയോ ഡോക്ടറുടെയോ നിർദ്ദേശപ്രകാരം ശ്രദ്ധിക്കുക. വീട്ടിലേക്കു പോകുന്നതിനു മുൻപ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കോണികൾ കയറി പരിശീലിക്കാവുന്നതാണ്.

വീട്ടിൽ പോകുന്നതിനു മുൻപ്

വീട്ടിൽ പോകുന്നതിനു മുൻപ് ചില കാര്യങ്ങൾ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണം. എത്ര ബ്ലോക്കുകൾ ഉണ്ട്. എത്രയെണ്ണം മാറ്റി, ഹൃദയത്തിന് എത്രമാത്രം നാശം സംഭവിച്ചു. ഹൃദത്തിന്റെ പ്രവർത്തനശേഷി എത്രത്തോളം. ഇനിയുള്ള ബ്ലോക്കുകൾ അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യതയുണ്ടോ, രക്തസമ്മർദ്ദം, പ്രമേഹം മുതലായവയുണ്ടോ, വൃക്ക, കരൾ എന്നിവയുടെ സ്ഥിതി എന്താണ് ഏതെല്ലാം മരുന്നുകൾ എത്രനാൾ കഴിക്കണം. ഓരോ മരുന്നും എന്തിനാണ് കഴിക്കുന്നത്. മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്താണ് എന്നിവ മനസ്സിലാക്കണം.

ഭക്ഷണം, വ്യായാമം എങ്ങനെ?

ആദ്യത്തെ ആഴ്ചകളിൽ എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണം ഉപയോഗിക്കുക. മുരന്നുകളുടെ പാർശ്വഫലങ്ങൾ കാരണം ഭക്ഷണത്തോട് വിരക്തി ഉണ്ടായേക്കാം. മലബന്ധം ഉണ്ടാകാതിരിക്കാൻ ഫലങ്ങളും സാലഡുകളും ഉപയോഗിക്കുക. വറുത്ത മത്സ്യമാംസങ്ങൾ, ബേക്കറി പലഹാരങ്ങൾ, ചുവന്ന മാംസം, തൊണ്ടുള്ള മത്സ്യങ്ങൾ (ചെമ്മീൻ), കക്ക, ഞണ്ട്). മുട്ടയുടെ മഞ്ഞ, അധികം എണ്ണ ബിരിയാണി, നെയ്ച്ചോറ് എന്നിവ ഉപേക്ഷിക്കുക. പകരം ധാരാളം പഴവർഗങ്ങൾ, സാലഡുകൾ, മത്സ്യങ്ങൾ, പയറുവർഗങ്ങൾ, ബദാം, വാൽനട്ട്, പിസ്ത മതുലായവ ഉപയോഗിക്കുക.

ഹൃദയാഘാതം വന്നവർ കൃത്യമായി വ്യായാമം ചെയ്യുകയാണെങ്കിൽ വീണ്ടും ഹൃദയാഘാതം വരാനുള്ള സാധ്യത കുറയും. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാവൂ. അധിക ഭാരം ഉയർത്തരുത്. നടത്തം നല്ല വ്യായാമം ആണ്. തുടക്കത്തിൽ വീട്ടുമുറ്റത്തോ മറ്റോ പത്ത് മിനിറ്റ് നടക്കാം. ഓരോ ആഴ്ചയിലും അഞ്ച് മിനിറ്റ് കൂട്ടി ഒരു മാസമാകുമ്പോൾ വ്യായാമം ചെയ്യുന്ന സമയം 30 മിനിറ്റ് ആക്കാം.

വീണ്ടും വരാതിരിക്കാൻ

ഒരു ഹൃദയാഘാതം കഴിഞ്ഞാൽ ഹൃദയത്തിനു വിശ്രമം കൊടുക്കുക. ഹൃദയത്തിനു കൂടുതൽ ക്ഷീണം വരാതെ നോക്കുക. രണ്ടാമതൊരു ഹൃദയാഘാതം ഒഴിവാക്കുക മുതലായവയാണ് പ്രധാനം. ഹൃദയത്തിന്റെ ക്ഷതം ഉണങ്ങാൻ ഏകദേശം ഒന്നര മാസം എടുക്കും. ക്രമേണ ജീവിതത്തിലേക്കു മടങ്ങി വരാൻ റീഹാബിലിറ്റേഷൻ ഉപകരിക്കും. വീട്ടിൽവച്ചു ഹൃദയമിടിപ്പ് രക്തസമ്മർദ്ദം രക്തത്തിൽ പഞ്ചസാരയുടെ അളവ് മുതലായവ ക്രമീകരിക്കണം.

ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതുപോലെ സ്ഥിരമായ ചെക്കപ്പുകളും മരുന്നുകളും ആവശ്യമാണ്. മാനസിക ബുദ്ധിമുട്ടുകളും സ്ട്രെസ്സുമാണ് ഹൃദയത്തിനു പ്രധാന പ്രശ്നം എന്നിരിക്കെ യോഗ, മെഡിറ്റേഷൻ പ്രാർഥനകൾ മുതലായവ വഴി മനസ്സിനെ ശാന്തമായി വയ്ക്കാൻ ശ്രമിക്കണം. ദിനം പ്രതി ലഘുവ്യായാമത്തിൽ ഏർപ്പെടണം. രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കൊഴുപ്പിന്റെ അളവും നോർമൽ ആക്കുക. ശരീരഭാരം നിയന്ത്രിക്കുക.

ചീത്ത കൊഴുപ്പുകൾ കുറഞ്ഞ പഴങ്ങളും സാലഡുകളുമടങ്ങുന്ന ആഹാരരീതി പരിശീലിക്കുക. അമിത വണ്ണമുണ്ടെങ്കിൽ അന്നജം കൂടുതലടങ്ങിയ ചോറ്. ചപ്പാത്തി, ഉരുളക്കിഴങ്ങ്, നേന്ത്രപ്പഴം മുതലായവ കുറയ്ക്കാൻ ശ്രമിക്കുക.

Tags:
  • Manorama Arogyam
  • Health Tips